ഈ ആപ്പിളിലെ വിത്തെത്ര?

ഈ ആപ്പിളിലെ വിത്തെത്ര?
Summary

ടെക്സ്റ്റ് ബുക്കുകള്‍ അതുപോലെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഒന്നുംമനസ്സിലാകാതെ വാപിളര്‍ന്നിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികളെ വഴി നടത്തേണ്ട രക്ഷിതാക്കള്‍ക്കുമുള്ള ഒരു കൈപ്പുസ്തകമാണ് ഒരുവിത്തില്‍ എത്ര ആപ്പിളുണ്ട് എന്ന പുസ്തകം.

വര്‍ഷം 1999

പയ്യന്നൂര്‍ നാഷണല്‍ കോളേജില്‍ മൂന്നാംവര്‍ഷ ഡിഗ്രിക്ക് പഠിക്കുകയാണ് ഞാന്‍.

ക്ലാസെടുപ്പിനേക്കാളും നോട്ടെഴുതിപ്പിക്കലില്‍ ശ്രദ്ധ പതിപ്പിക്കുന്ന സുമിത്രന്‍ മാഷിന്റെ ക്ലാസ്.

ഉണ്ണിയച്ചീചരിതത്തിന്റെ നോട്ടാണ് വളരെ വേഗത്തില്‍ പറഞ്ഞുതരുന്നത്. നമ്മള്‍ രാജധാനിയുടെ സ്പീഡില്‍ എഴുതിക്കൊണ്ടിരിക്കുന്നു.

മാഷ് പറഞ്ഞു

'' അപ്പോള്‍ അതിലൂടെ ഒരു വയസ്സായ സ്ത്രീ നടന്നുപോവുകയായിരുന്നു''

മാഷ് പറഞ്ഞുനിര്‍ത്തിയതും തൊട്ടടുത്ത ബെഞ്ചിലിരുന്ന സേതു പറഞ്ഞു

'' മാഷേ ഒരുസംശയം''

സേതുവിന് സംശയമോ. ക്ലാസൊന്നടങ്കം സേതുവിന്റെ മുഖത്തേക്ക് തിരിഞ്ഞു.

'' എന്താ''

'' മാഷേ ഒരു വയസ്സായവരെ സ്ത്രീ എന്നുവിളിക്കുമോ''

ഒരു നിമിഷത്തെ മൗനത്തിന് ശേഷം. ക്ലാസിനെ വിറപ്പിച്ചുകൊണ്ട് ഒരു കൂട്ടപ്പൊട്ടിച്ചിരിയുയര്‍ന്നു.

സുമിത്രന്‍ മാഷ് ദേഷ്യത്തോടെ

''പറഞ്ഞതെഴുതിയാ മതി. '' എന്ന് പറഞ്ഞുനോട്ടിലേക്ക് തിരിഞ്ഞു. ചിരിയുടെ അലയടങ്ങാതെ ക്ലാസ് വീണ്ടും നോട്ടെഴുത്ത് പുനരാരംഭിച്ചു.

യാന്ത്രികമായി എഴുത്തു തുടര്‍ന്നപ്പോഴും എന്റെ മനസ്സില്‍ സേതുവിന്റെ ചോദ്യമായിരുന്നു. ശരിയാണല്ലോ. ഒരു വയസ്സാണെങ്കില്‍ സ്ത്രീയെന്ന് വിളിക്കില്ലല്ലോ. കുഞ്ഞ് എന്നല്ലേ പറയുക. ആ ചോദ്യവും ഉത്തരവും ഒരു തമാശയാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ സേതുവിന്റെ ചോദ്യത്തില്‍ നിന്ന് മറ്റുചില സംശയങ്ങളിലേക്കാണ് ഞാനെത്തിയത്. ആ വാചകത്തില്‍ എന്തിനാണ് സ്ത്രീയെന്ന് പറയുമ്പോള്‍ ഒരു എന്നുപയോഗിച്ചത്. സ്ത്രീയെന്ന് പറഞ്ഞാല്‍ ഒരാളാണല്ലോ. ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ സ്ത്രീകള്‍ എന്നു പറയും. അല്ലെങ്കില്‍ എണ്ണം പറയും. കുറച്ചുകാലത്തേക്ക് മനസ്സിലാ സംശയം ഉറച്ചുനിന്നു. പിന്നീട് ഭാഷ വിശദമായി പഠിക്കുന്നതുവരെ ഇംഗ്ലീഷ് ആധിപത്യത്തിന്റെ അവശേഷിപ്പായി 'എ' യുടെ വിവര്‍ത്തനമായി മലയാളത്തില്‍ ഒരൊഴിയാ ബാധപോലെ കയറിക്കൂടിയ അനവസരത്തിലുള്ള 'ഒരു' വിന്റെ പ്രയോഗസവിശേഷത എനിക്കറിയുമായിരുന്നില്ല.

ഇപ്പോഴെന്തിനാണിതെല്ലാം പറയുന്നത് എന്ന് വായിക്കുമ്പോള്‍ തോന്നിയേക്കും. ഒരു പക്ഷേ സുമിത്രന്‍ മാഷ് അന്ന് വിചാരിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആ അറിവ് അന്നേ ലഭിക്കുമായിരുന്നു. അധ്യാപകരുടെ ഇടപെടലുകളിലെ ഔചിത്യവും അനൗചിത്യവും കാലാകാലങ്ങളായി പലരും ചര്‍ച്ച ചെയ്യുമ്പോള്‍ ഈ കഥ ഞാനോര്‍മിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ഇപ്പോഴെങ്കിലും രക്ഷപ്പെട്ടോ. രക്ഷപ്പെടാത്തവര്‍ക്കായി ചില ചിന്തകള്‍ എഴുതിവച്ചിരിക്കുകയാണ് ജോര്‍ജ്ജ് പുളിക്കന്‍ എഴുതിയ ഒരുവിത്തില്‍ എത്ര ആപ്പിളുണ്ട് എന്ന പുസ്തകത്തില്‍.

ടെക്സ്റ്റ് ബുക്കുകള്‍ അതുപോലെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഒന്നുംമനസ്സിലാകാതെ വാപിളര്‍ന്നിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികളെ വഴി നടത്തേണ്ട രക്ഷിതാക്കള്‍ക്കുമുള്ള ഒരു കൈപ്പുസ്തകമാണ് ഒരുവിത്തില്‍ എത്ര ആപ്പിളുണ്ട് എന്ന പുസ്തകം. പ്രചോദനാത്മകമായ ലോകോത്തര ചിന്തകള്‍ക്കൊപ്പം സമകാലികമായ വിദ്യാഭ്യാസസാഹചര്യത്തെ വിലയിരുത്തുകയും പഠനരീതികളിലും അധ്യാപനരീതികളിലും കടന്നുകൂടിയ വികലചിന്തകള്‍ക്കൊരു മുന്നറിയിപ്പ് ആകുകയും ചെയ്യുകയാണ് ഒരുവിത്തില്‍ എത്ര ആപ്പിളുണ്ട് എന്ന പുസ്തകം.

പാറ്റയുടെ കേള്‍വിശക്തി

'' പണ്ടൊരു ഗവേഷകന്റെ ഗവേഷണവിഷയം പാറ്റയായിരുന്നു. അയാള്‍ പരീക്ഷണം തുടങ്ങി. ഒരുപാറ്റയെ പിടിച്ച് മേശപ്പുറത്തിട്ട് ഓടെടാ പാറ്റേ എന്നുപറഞ്ഞു. അത് ഓടി. അയാള്‍ പാറ്റയെ പിടിച്ച് രണ്ടുകാലുകളും മുറിച്ചു മാറ്റി. വീണ്ടും ഓടാന്‍ പറഞ്ഞു. പാറ്റ ശേഷിച്ച കാലില്‍ ഇഴഞ്ഞുനീങ്ങി. അയാള്‍ ശേഷിച്ച കാലുകള്‍ കൂടി മുറിച്ചുമാറ്റി. ഓടാന്‍ പറഞ്ഞു. പാറ്റ ഓടാനാകാതെ കിടന്നു. ഒടുവില്‍ അയാള്‍ തന്റെ ഗവേഷണപ്രബന്ധം സമര്‍പ്പിച്ചു. കണ്ടെത്തലിങ്ങനെ

' കാലുകളെല്ലാം മുറിച്ചുമാറ്റിയാല്‍ പാറ്റയുടെ കേള്‍വിശക്തി നഷ്ടപ്പെടും''

നയിക്കപ്പെടുന്നവര്‍ക്ക് മുന്നില്‍ ലഭ്യമായ മാതൃകകളെയാണ് അവര്‍ പിന്തുടരുക. സാമൂഹ്യചുറ്റുപാടുകള്‍ വികലാനുഭവങ്ങളുടേതാണെങ്കില്‍ പിന്നെ പറയാനുമില്ല. വ്യക്തിയുടെകാഴ്ചപ്പാടും വഴികളും രൂപപ്പെടുത്തുന്നതില്‍ ശരിയായ മാതൃകകളുടെയും ചിന്തകളുടെയും പ്രസക്തി ചൂണ്ടിക്കാണിക്കുന്ന ഈ കഥയിലൂടെ ജോര്‍ജ്ജ്പുളിക്കന്‍ മനോഹരമായി എളുപ്പത്തില്‍ ഗ്രാഹ്യമായ രീതിയില്‍ ആ ചിന്ത പങ്കുവയ്ക്കുന്നു. പഠനരീതികളിലെ വൈകല്യങ്ങളും ശരിയായ പഠനാനുഭവങ്ങളുടെ കുറവും ഒരു വ്യക്തിയെ എത്രമാത്രം തലതിരിഞ്ഞവഴികളിലൂടെ നടത്താം എന്നതിന് ലോകത്തിലൊരുപാടുദാഹരണങ്ങളുണ്ട്. ശരിയായി വഴി നടത്തേണ്ടത് എങ്ങനെ എന്നതിനപ്പുറത്ത് എങ്ങനെയാണ് നടന്നുകൂടാത്തത് എന്ന അറിവും പ്രധാനമാണ്. സോക്രട്ടീസ് അവകാശപ്പെടുന്നതുപോലെ തനിക്ക് തന്നെ സംബന്ധിച്ച് ആകെ അറിയാവുന്നത് തനിക്കൊന്നുമറിയില്ല എന്ന കാര്യമാണെന്ന കാഴ്ചപ്പാടില്‍ നിന്ന് വേണം ഓരോ അധ്യാപകനും തുടങ്ങാന്‍.

ഇതൊരു മല്‍സരയോട്ടമല്ല

വിദ്യാഭ്യാസം ഒരു മല്‍സരയോട്ടമല്ല. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസം അങ്ങനെയായിത്തീര്‍ന്നതോടെയാണ് തോറ്റകുട്ടികള്‍ ദുരന്തനായകരായി മാറിയത്. തോല്‍വിയും ജയമാണ് എന്ന് പഠിപ്പിക്കാനും തോറ്റവരും നമ്മെ നയിക്കും എന്ന് മനസ്സിലാക്കിക്കൊടുക്കാനുമായിരിക്കണം വിദ്യാഭ്യാസം. വിജയപരാജയങ്ങളുടെ അളവുകോലുകള്‍ കുറേ വ്യത്യസ്തമായിരിക്കണം എന്ന് പുളിക്കന്‍ ഒരധ്യായത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞ ആമയുടെയും മുയലിന്റെയും കഥാനന്തരമുളള ജീവിതം പറഞ്ഞുകൊണ്ട് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ആമയുടെ വിജയാനന്തരം കാട്ടിലുണ്ടായ ഒരു തീപിടിത്തത്തില്‍ മൃഗസമൂഹമൊന്നാകെ വിറങ്ങലിച്ചുനിന്നു. തീ പടര്‍ന്ന് മൃഗങ്ങള്‍ വെന്തുചാകും മുമ്പ് എല്ലായിടത്തും ഓടിയെത്തി വിവരമറിയിക്കാന്‍ കെല്‍പ്പുള്ളതാര്‍ക്കാണ് എന്ന് മൃഗക്കൂട്ടം ആലോചിച്ചു. ഓട്ടമല്‍സരത്തില്‍ വിജയിച്ച ആമയല്ലാതെ മറ്റാരാണ്. മുയലിന്റെ കാര്യമേ ആരും ഓര്‍ത്തില്ല. അങ്ങനെ ആ ഉത്തരവാദിത്തമേല്‍പ്പിക്കപ്പെട്ട ആമ കാടുനീളെ ഓടുകയാണ്. ഓരോരുത്തരോടും പറയാന്‍. എന്നാല്‍ ആമ ഇഴഞ്ഞെത്തുമ്പോഴേക്കും കാട്ടുതീ പടര്‍ന്ന് പിടിച്ച മൃഗങ്ങളെല്ലാം ചത്തൊടുങ്ങി. ഇത് നമ്മുടെ സാമൂഹ്യകാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന കഥയാണ്. മല്‍സരപരീക്ഷയിലുള്ള വിജയങ്ങളുടെ അടിസ്ഥാനത്തില്‍ നയിക്കാന്‍ ഏല്‍പ്പിക്കപ്പെടുന്നവര്‍ നമ്മെ നയിക്കുന്നത് ശരിയായ ദിശയിലേക്കാകുമോ എന്ന ചോദ്യം. നമ്മള്‍ നിശ്ചയിച്ച മല്‍സരരീതികള്‍ ശരിയാണോ എന്ന ചോദ്യം ഒക്കെ ഈ പുസ്തകം ഉന്നയിക്കുന്നു.

കാക്കയ്ക്ക് പകരം പശു കാഷ്ഠിച്ചാലോ

ചുറ്റുപാടുകള്‍ തിരിച്ചറിയുക എന്നതായിരിക്കണം മികച്ചവ്യക്തിത്വത്തിന്റെ ഒരു പ്രധാന ഗുണം. മുകളിലേക്ക് മാത്രം നോക്കി നടക്കരുത് എന്ന് ചിലര്‍ പറയും. നമ്മള്‍ നമ്മുടെ സമൂഹത്തിനൊപ്പം സഞ്ചരിക്കുകയും നമ്മോടൊപ്പം സമൂഹത്തെയും ഉയര്‍ത്തുകയും ചെയ്യുക എന്ന ദൗത്യമാണേറ്റെടുക്കേണ്ടത്. അതിന് തലമുറകളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. ചുറ്റുമുള്ള കണ്ണീരുകള്‍ കാണണം. സാമൂഹ്യനില അയറിയണം. സാമ്പത്തിക ചിന്തകള്‍ രൂപപ്പെടുത്തണം. അതിന് ലോകോത്തരമായ വിഷയവിദഗ്ദരുടെ പുസ്തകങ്ങളിലൂടെയും ചിന്തകളിലൂടെയുമൊന്നും എടുത്താല്‍ പൊങ്ങാത്ത ഭാരമേറ്റി നടന്നാല്‍ മാത്രം കഴിയില്ല. ചുറ്റുപാടുകളിലേക്കൊന്ന് കണ്ണുതുറന്ന് നോക്കിയാല്‍ മാത്രം മതി. അതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നത് അധ്യാപകരുടെ കടമയാണ്. മുന്നിലിരിക്കുന്ന ഒരു കുട്ടിയുടെ പ്രശ്‌നം കാണാന്‍ പ്രാപ്തമാക്കുന്ന മനസ്സുണ്ടാകുക. നമുക്കുണ്ടാകുന്ന അനുഭവങ്ങളെ തിരിച്ചടികളായി മാത്രം കാണാതിരിക്കുക. തിക്താനുഭവങ്ങളെ അതിജീവനശേഷിക്കുള്ള കാരണമായി തിരിച്ചറിയുക. അങ്ങനെയൊരു കാഴ്ചപ്പാടിനുള്ള രസകരമായ ഉദാഹരണം ജോര്‍ജ്ജ് പുളിക്കന്‍ എഴുതുന്നുണ്ട്

ഒരാള്‍ നിരത്തിലൂടെ നടന്നുപോകുകയായിരുന്നു. അയാളുടെ വസ്ത്രത്തില്‍ കാക്ക കാഷ്ഠിച്ചു. അയാള്‍ ചമ്മിയില്ല. വിഷമിച്ചില്ല. പകരം ആകാശത്തേക്ക് നോക്കി പറഞ്ഞുവത്രെ. ഭാഗ്യം പശുക്കള്‍ക്ക് പറക്കാനാകില്ലല്ലോ - എന്ന്

കഥക്കൂമ്പാരം

മാധ്യമപ്രവര്‍ത്തകന്‍, സറ്റയറിസ്റ്റ് എന്നതിനപ്പുറം മുപ്പത് വര്‍ഷത്തെ അധ്യാപന പരിചയവും കൂടിയുളളതുകൊണ്ട് ഒരുവിത്തില്‍ എത്ര ആപ്പിളുണ്ട് എന്ന ഈ പുസ്തകം രസകരമായ കഥകളുടെ ഒരു പുസ്തകമാക്കി മാറ്റാന്‍ ജോര്‍ജ്ജ്പുളിക്കന് കഴിഞ്ഞിട്ടുണ്ട്. അധ്യാപക വിദ്യാര്‍ത്ഥി ജീവിതത്തെ വഴിനടത്തുവാന്‍ കഥകളേക്കാള്‍ വലിയ ആയുധമില്ല. ഓരോ ചിന്തയും കഥകളോട് ചേര്‍ത്ത് വച്ച് രസകരമായ രീതിയിലാണ് ജോര്‍ജ്ജ് പുളിക്കന്‍ അവതരിപ്പിക്കുന്നത്. പത്ത് പാഠങ്ങളില്‍ നിറയെ കഥകളാണ്. മാത്രമല്ല ലോകോത്തരരായ മഹാചിന്തകരുടെ ചിന്തകളെയും നമ്മളറിയാതെ വായനയിലൂടെ നമ്മുടെ മനസ്സിലേക്ക് ഈ പുസ്തകം തിരുകിക്കയറ്റും. വിനോഭാവേയും സിഗ്മണ്ട് ഫ്രോയ്ഡും മുതല്‍ ജിദ്ദുകൃഷ്ണമൂര്‍ത്തി വരെ കടന്നുവരുന്നുണ്ട്.

അയ്യപ്പപ്പണിക്കരും കുഞ്ഞുണ്ണിമാഷും മുതല്‍ പികെ പാറക്കടവ് വരെയുള്ള എഴുത്തുകാരുണ്ട്. സുകുമാര്‍ അഴീക്കോട് മുതല്‍ എംഎന്‍ വിജയനും കെപി അപ്പനും വരെയുള്ള വിമര്‍ശകരുടെ അനുഭവങ്ങളുണ്ട്. എന്തിന് നമ്മുടെ ബാലചന്ദ്രമേനോന്‍ വരെ അണി നിരക്കുന്നുണ്ട് ഈ ആപ്പിളിനകത്ത്. അവരുടെയൊക്കെ അനുഭവങ്ങളില്‍ നിന്ന് നാമെത്തുന്നത് ഒരേയൊരു നിഗമനത്തിലേക്കാകും. അധ്യാപകര്‍ സിലബസ്സുകളുടെ പാഠ്യഭാഗങ്ങളുടെ വായനാ ബഹളത്താല്‍ ശബ്ദായമാനമായ വെറും ക്ലാസ റൂമെന്ന ലോകത്തില്‍ വിദ്യാര്‍ത്ഥിയെ തളച്ചിടരുത്. വിദ്യാര്‍ത്ഥികളെ നയിക്കേണ്ടത് തുറന്നിട്ട വിശാലമായ ലോകത്തേക്കാണ്. അങ്ങനെ വന്നാല്‍ ഓരോരുത്തരും നടന്ന് നീങ്ങുന്നത് അവരുടെ മാത്രമല്ല, സമൂഹത്തിന്റെയാകെ നല്ലഭാവിയിലേക്കാകും.

കോവര്‍ കഴുത

അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞാണ് ഈ കുറിപ്പ് ആരംഭിച്ചത്. വിത്തില്‍ എത്ര ആപ്പിളുണ്ട് എന്ന പുസ്തകത്തിന്റെ അത്യന്തികമായ സന്ദേശവും അത് തന്നെയാണ്. പെട്ടെന്നുള്ള പ്രതികരണങ്ങള്‍ക്കപ്പുറത്ത് സ്വന്തം വിദ്യാര്‍ത്ഥികളില്‍ കാണുന്ന ലക്ഷണങ്ങളിലൂടെ ആ വിദ്യാര്‍ത്ഥിയുടെ കാഴ്ചപ്പാടുകള്‍ തിരിച്ചറിയാനും അതിലൂടെ അവനെ| അവളെ വഴിനടത്താനും കഴിയുക എന്നത് അധ്യാപകരുടെ മഹത്തായ ഗുണമാണ്. അത്തരം അധ്യാപകര്‍ ഒരുപാടുണ്ടാകണമെന്നില്ല. എന്നാല്‍ ഉള്ളവരുടെ അനുഭവങ്ങള്‍ ബാക്കിയുള്ളവര്‍ക്ക് ധാരാളം മതി. കേള്‍ക്കാനും പഠിക്കാനും. പിന്തുടരാനും. പാരമ്പര്യരീതിയിലുള്ള കഠിനമായ പെരുമാറ്റങ്ങളിലൂടെയുള്ള ശിക്ഷണത്തിന്റെ തുടര്‍ച്ചയാണ് അധ്യാപകര്‍ക്ക് മുരടത്വമുള്ള ഒരു പൊതു ഇമേജ് സൃഷ്ടിക്കാന്‍ കാരണമായത്. അല്ലാതെ പെരുമാറുകയും ചരിത്രത്തിലിടം പിടിക്കുകയും ചെയ്ത നിരവധി അധ്യാകര്‍ വേറെയുമുണ്ട്. അത്തരം ചില അധ്യാപകരുടെ അനുഭവങ്ങളിലൂടെയാണ് പുളിക്കന്‍ അനിവാര്യമായ അധ്യാപന രീതിയെ വരച്ചുകാണിക്കുന്നത്. ഒരു ഉദാഹരണം എന്‍ വി കൃഷ്ണവാരിയരിലൂടെയാണ് എഴുത്തുകാരന്‍ പറയുന്നത്. ആ കഥ കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം.

തൃശൂര്‍ കേരള വര്‍മ കോളേജില്‍ അധ്യാപകരനായിരുന്ന എന്‍വി കൃഷ്ണവാര്യര്‍ ക്ലാസെടുക്കുകയാണ്.

ഒരു വിദ്യാര്‍ത്ഥിയുടെ സംശയം

ഗര്‍ദഭം എന്നാലെന്താണ്

കഴുത എന്ന് എന്‍വിയുടെ മറുപടി

വിദ്യാര്‍ത്ഥി: കോവര്‍ കഴുത എന്ന് അര്‍ത്ഥം വരില്ലേ?

എന്‍വി: ഇല്ല. തന്റെ വര്‍ഗ്ഗത്തില്‍ പെട്ടതല്ല, ഇരുന്നോളൂ

വിദ്യാര്‍ത്ഥി: അപ്പോള്‍ വര്‍ഗ്ഗം വര്‍ഗ്ഗത്തെ തിരിച്ചറിയും. അല്ലേ മാഷേ

എന്‍വി ഇത് കേട്ട് പൊട്ടിച്ചിരിക്കുകയും ആ വിദ്യാര്‍ത്ഥിയെ അഭിനന്ദിക്കുകയും ചെയ്തുവത്രെ. വിദ്യാര്‍ത്ഥിയുടെ നര്‍മബോധത്തെ തിരിച്ചറിഞ്ഞ എന്‍വിയെ പോലെയായിരുന്നു ഈ നാട്ടിലെ അധ്യാപകരെല്ലാമെങ്കില്‍ വിദ്യാലയങ്ങള്‍ സ്വര്‍ഗ്ഗമാകും. ഒരുവിത്തില്‍ എത്ര ആപ്പിളുണ്ട് എന്ന ഈ പുസ്തകം ആ സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരു ചെറിയ വണ്ടിയാണ്.

Related Stories

No stories found.