കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളിൽ ഉദിയ്ക്കുന്ന ഭ്രാതൃനക്ഷത്രം

കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളിൽ ഉദിയ്ക്കുന്ന ഭ്രാതൃനക്ഷത്രം

ജോൺ അബ്രഹാമിന്റെ മരണത്തെ തുടർന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ എവിടെ ജോൺ എന്ന കവിതയുടെ ആമുഖമായി കവി പറയുന്നുണ്ട്: ദൈവത്തിന് പ്രിയപ്പെട്ടവനാണെന്ന കാരണത്താൽ കായേൻ സഹോദരനായ ആബേലിനെ വയലിൽ വെച്ച് കൊന്നു കളഞ്ഞു. എവിടെ നിന്റെ സഹോദരൻ എന്ന് ദൈവം ചോദിക്കവേ, ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ എന്ന് കായേൻ ഉത്തരം പറഞ്ഞു. 'എവിടെ ജോൺ' എന്ന കവിതയിലുടനീളം ആ ചോദ്യത്തിന് ഉത്തരമായി ലഭിക്കുന്നത്, 'അറിക ജോണിന്റെ കാവലാളല്ല ഞാൻ' എന്ന നിഷേധാത്മകമായ ഉത്തരമാണ്. ഭ്രാതൃഹത്യയുടെ മഹാകാവ്യങ്ങളാണ് മനുഷ്യജീവിതം എന്ന് കവി പറയുന്നു. അത് ബൈബിളിൽ തുടങ്ങുന്നതല്ലല്ലോ. മഹാഭാരതം ഭ്രാതൃഹത്യകളുടെ ഒരു ബൃഹദ്‌മ്യൂസിയം തന്നെയാണ്. ആ ഒരു പശ്ചാത്തലത്തിൽ എൻ പ്രഭാകരന്റെ ആത്മകഥയായ 'ഞാൻ മാത്രമല്ലാതെ ഞാൻ' എന്ന കൃതിയെ കാണേണ്ടി വരും.

മഹാവ്യസനത്തിന്റെ മൗനബോധിയിൽ നിന്ന് തോടുപൊളിച്ചിറങ്ങാൻ ഒടുവിൽ തീരുമാനിച്ചൊരു എഴുത്തുകാരൻ തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തത്തെ എല്ലാ കോണുകളിലും നിന്ന് വിശകലനം ചെയ്യുകയും ഒടുവിൽ ഉത്തരങ്ങളില്ലാതെ എല്ലാം ഉത്തരങ്ങൾ തന്നെയാണെന്നും എല്ലാ അസാധ്യതകളും ഓരോ സാധ്യതകളാണെന്നും പറഞ്ഞു പിൻവാങ്ങും മുൻപ് ഞാൻ എന്ന കർത്തൃസ്വത്വം പല ഞാനുകൾ ചേർന്നുണ്ടാകുന്നതാണെന്നും അത് നമ്മളാണെന്നും, പല ഞാനുകളിൽ പൂർത്തീകരിക്കപ്പെടാത്തവ കർത്തൃസ്വത്വമായ ഞാനിൽ പൂർത്തീകരിക്കപ്പെടുകയാണെന്നും ഉള്ള തിരിച്ചറിവിന്റെ വിശ്രാന്തിയുടെ തീരത്ത് വന്നു നിൽക്കുകയും ചെയ്യുകയാണ് ഈ കൃതിയിൽ.

പ്രാരംഭത്തിൽ സൂചിപ്പിച്ചത് പോലെ ഈ രചനയിൽ ഉടനീളം അനുജന്റെ ആത്മഹത്യ താനറിയാതെ ചെയ്ത ഒരു ഭ്രാതൃഹത്യയാണെന്ന തോന്നൽ എൻ പ്രഭാകരൻ വെച്ച് പുലർത്തുന്നുണ്ട്. അതിനാൽത്തന്നെ തന്നെക്കാൾ പതിനാറു വയസ്സോളം ഇളയതായി ജനിച്ച പ്രദീപ്/ കുട്ടൻ എന്ന അനുജൻ തനിയ്ക്ക് ഒരേ സമയം ഭ്രാതാവും പുത്രനുമാണെന്ന് പ്രഭാകരൻ ഗാഢമായി വിശ്വസിക്കുന്നു. സ്‌കീസോഫ്രീനിയയ്ക്ക് ക്രമേണ അടിപ്പെട്ട് പോയ അനുജനെ, സമയത്ത് തിരിച്ചറിഞ്ഞെങ്കിൽ തനിയ്ക്ക് ത്രാണനം ചെയ്തെടുക്കാൻ കഴിയുമെന്ന് പ്രഭാകരൻ ഏറെ നാൾ വിശ്വസിച്ചു. ഒരുപക്ഷെ ഒരു ദീർഘ കുമ്പസാരം കൂടാതെ അതിൽ നിന്ന് കുറ്റബോധത്തിൽ നിന്ന് പുറത്തുവരാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഒരു മലയാളി ഭ്രാന്തന്റെ ഡയറി എഴുതിയത് ഈ കുറ്റബോധത്തിന്റെ മറ്റൊരു ആവിഷ്കാരം ആയിരുന്നിരിക്കണം. അനുജനിൽ പെയ്ത ഭ്രാന്തിന്റെ മഴയിൽ നനയുവാൻ അതുവഴി അവനുമായി സാത്മ്യം പ്രാപിക്കാൻ പ്രഭാകരൻ നടത്തിയൊരു ശ്രമമായിരിക്കണം അത്. പ്രഭാകരൻ എഴുതുന്നതെല്ലാം തന്റേത് മോഷ്ടിച്ചെഴുതുകയാണെന്ന് ഭ്രാന്തിന്റെ മൂർദ്ധന്യത്തിൽ സൗമ്യനായ കുട്ടൻ ക്രുദ്ധനായി ആരോപിക്കുന്നതിന്റെ പൊരുൾ അവൻ ജ്യേഷ്ഠൻ എന്ന അപരസ്വത്വത്തെ സ്വന്തം ആത്മവത്തയിൽ നിന്ന് അകാലത്തായി കണ്ടില്ല എന്നതിന് തെളിവാണെന്ന് പ്രഭാകരൻ പറയുമ്പോൾ ഞാനെന്ന അഹന്ത ശ്ലഥമാകുന്നു.

'ഞാൻ മാത്രമല്ലാത്ത ഞാൻ' എന്ന ഈ ആത്മകഥ മറ്റെല്ലാ ആത്മോദീരണങ്ങളെയും പോലെ മന്ദതാളത്തിൽ ആരംഭിക്കുന്നു. സ്വന്തം ബാല്യകാലത്തെയും അക്കാലത്ത് നടത്തിയ പ്രവർത്തനങ്ങളെയും കണ്ടു മുട്ടിയ മഹദ് വ്യക്തികളെയും നടത്തിയ വായനകളെയും രൂപീകരിച്ച കൂട്ടായ്മമകളെയും ഒക്കെ പറഞ്ഞ ശേഷം തന്നെ താനാക്കിയ എരിപുരം എന്ന ഗ്രാമത്തെയും അതിനു പശ്ചാത്തലമായി വർത്തിക്കുന്ന മാടായിപ്പാറ എന്ന വിശാലമായ വിതാനത്തേയും കുറിച്ച് പറയുന്നു. മാടായിപ്പാറയെക്കുറിച്ചു പ്രഭാകരൻ എഴുതുന്നത് വായിക്കുമ്പോൾ ഓ വി വിജയൻ എഴുതിയ ഉപേക്ഷിക്കപ്പെട്ട വിമാനത്താവളം, മുകുന്ദൻ എഴുതിയ വെള്ളിയാങ്കല്ല് തുടങ്ങിയ വിതാനങ്ങളെ ഓർമ്മവരും. എഴുത്തിൽ വിരിയുന്ന വിതാനങ്ങൾ യാഥാർഥ്യത്തിലെ പ്രകൃതിയെക്കാൾ അനുഭവസാന്ദ്രമായിരിക്കുന്നതിനാൽത്തന്നെ അവയ്ക്ക് വേറൊരു രൂപം വായനാമനസ്സുകളിൽ തെളിയുമെന്ന കാര്യത്തിൽ സംശയമില്ല. മാടായിപ്പറയുമായി ബന്ധപ്പെട്ടു നടന്ന പാരിസ്ഥിതിക പ്രക്ഷോഭങ്ങളെക്കുറിച്ചും ദീർഘമായി ഉപന്യസിക്കുന്നുണ്ട്.

ആദ്യഭാഗത്ത് ഒരു മിന്നായം പോലെ കടന്നു വരുന്നുണ്ട് പ്രദീപ് എന്ന കുട്ടനും അവന്റെ ഭഗ്നജീവിതവും. മാതാപിതാക്കളുടെ മനഃശാസ്ത്രപരമായ അറിവില്ലായ്മയ്ക്ക് മാപ്പ് കൊടുക്കുകയും ചെയ്യുന്നുണ്ട്. അരങ്ങിലേക്ക് വരാൻ അനുവാദം ലഭിച്ചിട്ടും സൈഡ് കർട്ടനു പിന്നിൽ തടഞ്ഞു നിൽക്കുന്ന വലിയൊരു വിലാപത്തിന്റെ പിടിച്ചു വെയ്പുകൾ മാത്രമാണ് ആദ്യഭാഗമെന്നു നമ്മൾ തിരിച്ചറിയുന്നു. ചുള്ളിക്കാട് പറയുന്നത് പോലെ, 'മുട്ടുകുത്തി വീഴുമ്പോൾ കുരല് ചീന്തിത്തെറിക്കുന്നു വാക്കുകൾ, അവനെ ഞാൻ അറിയുന്നില്ല ദൈവമേ, അവനു കാവലാൾ ഞാനല്ല ദൈവമേ' രണ്ടാം ഭാഗത്തിൽ പ്രഭാകരൻ മുട്ടുകുത്തി വീണു കുരൽ ചീന്തിത്തെറിക്കുന്ന വാക്കുകൾ പറയുന്നു. പക്ഷെ ഒരു വ്യത്യാസമുണ്ട്. കായേൻ നിഷേധിക്കുകയായിരുന്നുവെങ്കിൽ ഇവിടെ പ്രഭാകരൻ ഏറ്റുപറയുകയാണ്. അതെ എന്റെ സഹോദരന്റെ മരണം ഒരുപക്ഷെ എനിയ്ക്ക് ഒഴിവാക്കുകയോ ഇടപെടലിലൂടെ നീട്ടിവെയ്ക്കുകയോ ചെയ്യാമായിരുന്നു. പ്രൊഫെസ്സർ എം എൻ വിജയൻ എഴുതുന്ന ചെറിയ കത്തിൽ, ഇത് നടക്കേണ്ടിയിരുന്നതാണെന്ന സൂചനയുണ്ടായിട്ടും, പ്രഭാകരനും പ്രദീപും വിജയൻ മാഷിന്റെ മനോവിജ്ഞാനീയ പ്രതിഭയിൽ വിശ്വാസമുള്ളവരായിട്ടും രണ്ടു പേർക്കും ആശ്വാസം ഒരു മരീചികയായി.

വീണ്ടും ഞാൻ ചുള്ളിക്കാടിൽ ചെന്ന് നിൽക്കുകയാണ്. ഒരു കവിതയിൽ 'ലോറിക്കടിപ്പെട്ടരഞ്ഞ കുഞ്ഞുങ്ങൾ വന്നൂതിക്കെടുത്തുന്നു പാതവിളക്കുകൾ, മന്ത്രങ്ങളും പരേതാത്മാക്കളും ചേർന്നോരാന്ധകാരത്തിന്റെ തീവണ്ടിയെത്തുന്നു.' തീവണ്ടിക്കടിപ്പെട്ട കുട്ടന്റെ വസ്ത്രങ്ങൾ തിരിച്ചറിയുന്നതിലൂടെ മരണം നിശ്ചയമായി എന്ന് തിരിച്ചറിഞ്ഞ പ്രഭാകരനെ സംബന്ധിച്ചിടത്തോളം പിന്നീടുള്ള ജീവിതം ആ കവിതയിലെ വരികൾ പോലെ പീഡനാത്മകമായിരുന്നു. അതിൽ നിന്ന് പുറത്തുകടക്കാനൊരു കുമ്പസാരം വേണ്ടിയിരുന്നു. അതാണ് ഈ ആത്മകഥ. എല്ലാവരെയും അവരുടെ യുക്തികളിൽ മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ട്, എല്ലാറ്റിനും പിന്നിലുള്ള ജ്ഞാതാജ്ഞാതങ്ങളെ അംഗീകരിച്ചു കൊണ്ട് ഞാൻ ഇല്ല എന്നും നമ്മളേ ഉള്ളൂ എന്നും പറഞ്ഞു കൊണ്ട് പ്രഭാകരൻ ആത്മകഥ അവസാനിപ്പിക്കുമ്പോൾ ഒരു നെടുവീർപ്പ് നമ്മളിൽ നിന്ന് ഉയരാതിരിക്കാൻ നിവൃത്തിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in