തീണ്ടാരിച്ചെമ്പിലെ താക്കോൽ സുഷിരങ്ങൾ

തീണ്ടാരിച്ചെമ്പിലെ താക്കോൽ സുഷിരങ്ങൾ

"ജലം നഷ്ടപ്പെട്ട മത്സ്യങ്ങൾ ഓരോ തുടിപ്പിലും തേടുക ഒഴുക്കിലേക്കുള്ള വഴികളാണ്. കരയുമായി പൊരുതി കടലിടം കണ്ടെത്തി നിങ്ങളിലേക്ക് നീന്തിയെത്തുന്ന മത്സ്യങ്ങളാണ് എന്റെ കഥകൾ' എന്ന ആമുഖത്തോടെയാണ് ഡിസി ബുക്‌സ്‌ പുറത്തിറക്കിയ മിഥുൻ കൃഷ്ണയുടെ പുതിയ കഥാസമാഹാരം "തീണ്ടാരിച്ചെമ്പ്' തുടങ്ങുന്നത്.

കാടും പാറക്കൂട്ടങ്ങളും നിറഞ്ഞ, കാടിളക്കുന്ന കുറുക്കന്മാരും കിളികളും മൂർഖനുമുള്ള കുന്നിൻമുകളിലെ വീട്ടിൽനിന്ന് ജീവിതം നോക്കിക്കണ്ടവൻ കഥ പറയുമ്പോൾ പച്ചജീവിതത്തിന്റെ തുടിപ്പുകൾ പങ്കിടാൻ മനുഷ്യന്മാർക്കൊപ്പം മൃഗങ്ങളുമെത്തുന്നുണ്ട്‌.

ഒരുപക്ഷേ ആദ്യമായിട്ടാവും ഒരു കുറുക്കന്റെ നോട്ടം കണ്ണുനനയിക്കുന്നത്‌! ബാലമാസികകളിലെ കൗശലക്കാരനായ, വക്രബുദ്ധിക്കാരനായ കുറുക്കനെ വായിച്ചവർക്ക് "മാമസിത' എന്ന കഥയിൽ ആശുപത്രി ജനാലയ്‌ക്ക്‌ പുറത്ത്‌ ലൂയിസിനെ കാത്തിരിക്കുന്ന പാവം കുറുക്കന്റെ കാഴ്‌ച അപരിചിതമായിരിക്കും. എറിഞ്ഞോടിച്ചിട്ടും കനിവോടെ കാത്തുനിൽക്കുന്ന, കോടതിയിലേക്കുള്ള യാത്രക്കിടെ ലൂയിസ്‌ കയറിയ ഓട്ടോയെ വിടാതെ പിന്തുടരുന്ന, ആത്മഹത്യയുടെ മുനമ്പിൽനിന്നും ലൂയിസിനെ കടിച്ചുവലിച്ച്‌ പുറത്തെത്തിക്കുന്ന ഒരു അസാധാരണ കുറുക്കൻ. വാഷിങ്ങ്‌ടണിൽനിന്നും ബാലിയിലേക്ക്‌ എലിസബത്തിനൊപ്പം വിമാനത്തിൽ യാത്രചെയ്യുന്ന ബുലൻ എന്ന പൂവൻകോഴിയെ "പുപ്പൂത്താനി'ൽ കാണാം. ബേർഡ്‌ ക്യാരിയറിൽ തലതാഴ്‌ത്തി കൂനിക്കൂടിയിരിക്കുന്ന ബുലൻ ചിറകുവിടർത്തി ഒറ്റക്കാലിൽ ഉറക്കെ കൂവുമ്പോൾ എലിസബത്തിനൊപ്പം വായനക്കാരനും ആശ്വാസത്തിന്റെ റൺവേയിലെത്തും. ലാലേച്ചി എടുത്തുകൊണ്ടുവരുന്ന ചെമ്പിലെ ജലപ്പരപ്പിൽ നീന്തിത്തുടിക്കുന്ന പരൽമീനുകളിലും നെറ്റിയാപ്പൊട്ടനിലുമാണ്‌ "തീണ്ടാരിച്ചെമ്പ്‌' എന്ന കഥ അവസാനിക്കുന്നത്‌. ജീവനുള്ള സർവജാലങ്ങളിലും ജീവനില്ലാത്ത ഒരു കാതൻ ചെമ്പും വരെ എന്റെ കഥയിതാ എന്ന്‌ പറഞ്ഞ്‌ വരുന്നുണ്ട്‌ ഈ സമാഹാരത്തിൽ.

ജനിതകഭൂപട'ത്തിലെ മനേകാമ്മയും നീരുവും താഴ്വാരത്തിലെ അവരുടെ ചായക്കടയും പശ്ചാത്തലത്തിലെ മുഹമ്മദ് റാഫിയുടെ ഗാനവും ഏതോ കാലത്ത് നിശ്ചലമായ ഒരു ഭൂമിയിലെ മങ്ങിത്തുടങ്ങിയ ചിത്രംപോലെയാണ് വായിച്ചുതുടങ്ങുന്നത്

11 കഥകളുള്ള പുസ്‌തകത്തിൽ ഇടയ്‌ക്കിടെ കടന്നുവരുന്ന ഉശിരൻ പെണ്ണുങ്ങളാണ്‌ ഹൈലൈറ്റ്‌. "ജനിതകഭൂപടം' കഥയിൽ നക്‌സലുകളും വർഗീയ തീവ്രവാദികളും റോന്തുചുറ്റുന്ന ഗീഥിലേക്കുള്ള യാത്രക്കിടെ അനായാസമായി കൈത്തോക്കിൽ തിര നിറയ്‌ക്കുന്ന നീരു, മരിച്ചുകിടക്കുന്ന സഹോദരന്റെ മൃതദേഹത്തിനടുത്തുനിന്ന്‌ "ഇവനെ എപ്പളാ എടുക്ക്വാ.. എനിക്കു പയിക്കുന്നുണ്ട്‌' എന്ന ഒറ്റ വാചകത്തിൽ സർവധാർഷ്‌ട്യത്തോടെയും കഥയിലേക്ക്‌ കയറിവരുന്ന "തീണ്ടാരിച്ചെമ്പി'ലെ ലാലേച്ചി, പാതാളക്കരണ്ടിയും കയറുമായി കിണറിന്റെ ആഴങ്ങളിൽനിന്ന്‌ ജീവനറ്റ ശരീരങ്ങളെ പുറത്തെത്തിക്കുന്ന പുള്ളിച്ചി, സ്വന്തം അഭിപ്രായങ്ങളെ കാക്കാൻ പ്രിയതമനോട്‌ കലഹിച്ച്‌ പൂത്ത പറങ്കിമാവും തേടിയിറങ്ങുന്ന "നിന്റെ നാമത്തെ പ്രതി'യിലെ ഇള... ഇങ്ങനെ കരുത്തും കാതലുമുള്ള ഒരുപാടുപേർ.

"ജനിതകഭൂപട'ത്തിലെ മനേകാമ്മയും നീരുവും താഴ്വാരത്തിലെ അവരുടെ ചായക്കടയും പശ്ചാത്തലത്തിലെ മുഹമ്മദ് റാഫിയുടെ ഗാനവും ഏതോ കാലത്ത് നിശ്ചലമായ ഒരു ഭൂമിയിലെ മങ്ങിത്തുടങ്ങിയ ചിത്രംപോലെയാണ് വായിച്ചുതുടങ്ങുന്നത്. മനേകാമ്മയുടെ ഓരോ വിളിയിലും പ്രതീക്ഷയോടെ താഴ്വരയിലേക്ക് ഓടിച്ചെല്ലുന്ന നീരു. കൊടുംനോവുള്ള കാത്തിരിപ്പാണ് അവൾക്ക് ജീവിതം. ചുണ്ടിൽ ബീഡി പുകച്ച് തെന്തുപത്ത ഇലകൊണ്ട് ബീഡി തെറുക്കുന്ന മനേകാമ്മയും കാത്തിരിപ്പിന്റെ പീള കെട്ടിയ കണ്ണുമായി അവനവനോടുതന്നെ കലഹിച്ച് ഒരായുസ്സ് ജീവിക്കുന്നു.

നാടോടിക്കഥകളിൽനിന്നിറങ്ങി വന്ന്‌ കാലംതെറ്റി നങ്കൂരമിട്ട രണ്ടുപേരാണെന്ന്‌ തോന്നും പുള്ളിച്ചി എന്ന കഥയിലെ പുള്ളിച്ചിയും "തീണ്ടാരിച്ചെമ്പി'ലെ ലാലേച്ചിയും. ഇതെന്ത്‌ മനുഷ്യരെന്ന്‌ അന്തംവിട്ടുപോവുന്ന പാത്രസൃഷ്‌ടി. എഴുപതിലും ക്ഷയിക്കാത്ത പേശീബലത്തിൽ വരിഞ്ഞുകെട്ടിയ മുതലയെയും വലിച്ച്‌ കൊണ്ടുവരുന്ന പുള്ളിച്ചിയും കാതൻചെമ്പ്‌ തലയിലേന്തി ഓളപ്പരപ്പിനെ കീറിമുറിക്കുന്ന ലാലേച്ചിയും കൈക്കരുത്തിൽ കീഴടക്കിയത്‌ പെൺകഥാപാത്രങ്ങളുടെ പതിവു വാർപ്പുമാതൃകകളെക്കൂടിയാണ്‌. ആദ്യമായി ആർത്തവമുണ്ടായപ്പോൾ "പുറത്തായ' ലാലേച്ചി ഓലപ്പുരയിൽ ഒരു ചെമ്പിനകത്തിരുന്നാണ്‌ രാത്രിയെ അതിജീവിക്കുന്നത്‌. വസൂരി വന്ന്‌ അച്ഛനും അമ്മയും മരിച്ചപ്പോൾ കഞ്ചാവിട്ട ചായ കൊടുത്തുമയക്കി നാട്ടുകാർ കിണറ്റിൽ കൊണ്ടിട്ട പുള്ളിച്ചിയും ഒരു കമ്പിക്കഷണത്തിൽ കൊരുത്ത്‌ ജീവിതത്തിലേക്ക്‌ കയറിവന്നവളാണ്‌. ഇരുവരുടെയും പങ്കാളികളായ ചോയ്യാച്ചനും കുട്ടാപ്പുവും സമാനതകൾ പങ്കുവയ്‌ക്കുന്നവരാണ്‌. "ഓനതില്ലെന്ന്' ബോധ്യംവന്ന ലാലേച്ചി ആദ്യവിവാഹത്തിൽനിന്ന് ഒറ്റദിവസംകൊണ്ടുതന്നെ ഇറങ്ങിവരുന്നുണ്ട്. രണ്ടാംവിവാഹത്തിലെ ഭർത്താവ് കുട്ടാപ്പുവിനെയും തൂക്കൽ കിട്ടിയ പൂവൻകോഴിയെപ്പോലെ തന്റെ മെയ്ക്കരുത്തിൽ വിധേയനാക്കി നിർത്തുകയാണ് ലാലേച്ചി. എന്നും ലാലേച്ചിയുടെ നിഴൽപറ്റുകയാണ് അഞ്ചടി പൊക്കമുള്ള ആ ഇരുണ്ട ശരീരം. സമാനമായി തന്റെ ലോകം പുള്ളിച്ചിയിലെ ഭൂഖണ്ഡചിത്രങ്ങളിൽ ഒതുക്കിയയാളാണ് ചോയ്യാച്ചനും. പാറക്കൂട്ടങ്ങളുള്ള വസൂരിപ്പറമ്പിൽ പുള്ളിച്ചിക്കായി കിണർ കുത്താനും മൊബെെൽ ടവർ വരാതിരിക്കാൻ പറങ്ക്യാക്കൊമ്പിൽ കെട്ടിത്തൂങ്ങിച്ചാവാനും തയ്യാറാണയാൾ. ബലിഷ്ഠമായ പുരുഷശരീരങ്ങളിൽ വിധേയത്വത്തിന്റെ അപനിർമിതിയാണ് കുട്ടാപ്പുവും ചോയ്യാച്ചനും നടത്തുന്നത്.

മിഥുൻ കൃഷ്ണ
മിഥുൻ കൃഷ്ണ
ശൂന്യമായ ഒരിടം ബാക്കി വയ്‌ക്കുന്നുണ്ട്‌ മിക്ക കഥാന്ത്യങ്ങളും. അത്‌ വായനക്കാരനുള്ളതാണ്‌. "ജനിതകഭൂപടത്തി'ലെ നീരുവിന്‌ അവളുടെ അച്ഛനെ കണ്ടെത്താനായോ. അറിയില്ല. ഗീഥിലെ രക്തച്ചൊരിച്ചിലിനൊടുവിൽ തുകൽസഞ്ചിയിൽ നിറച്ച പണം നീലക്കുപ്പായമിട്ട്‌ കപ്പടാമീശ പിരിച്ചുനിൽക്കുന്ന മനുഷ്യന്റെയടുത്ത്‌ നീരുവിനെ എത്തിക്കുമോയെന്ന്‌ കഥാകാരൻ ഉറപ്പുതരുന്നില്ല.

പുതിയ കാലത്തെ ദാമ്പത്യങ്ങളുടെ പറച്ചിലാണ് "നിന്റെ നാമത്തെ പ്രതി', "ദാമ്പത്യത്തിൽ മുടിക്കുള്ള പ്രാധാന്യം' എന്നീ കഥകൾ. പ്രണയത്തിന്റെ വെെകാരിക കെട്ടുപാടുകൾക്കിടയിലും ആത്മബോധത്തിനേറ്റ മുറിവിൽ പകച്ചുനിൽക്കാതെ ലൂക്കോസിൽനിന്ന് തിരിച്ചിറങ്ങുന്ന ഇളയെന്ന പെൺകുട്ടിയെ "നിന്റെ നാമത്തെ പ്രതി'യിൽ കാണാം. പറങ്കിപ്പൂമണം ചുരത്തുന്ന കാറ്റിനോട് പരിഭവം പറഞ്ഞ് അവനവനിടത്തിലെ വിശാലമായ സ്വാതന്ത്ര്യത്തിന്റെ അരികുപറ്റുകയാണ് ഇള. അന്യപുരുഷൻ തൊട്ട മുടി മുറിച്ചുകളയുന്ന "ദാമ്പത്യത്തിൽ മുടിക്കുള്ള പ്രാധാന്യം' കഥയിലെ റീജയും ഉമ്മറത്തെ കതകുതുറക്കാൻ കോരപ്പേട്ടന്റെ വിളിയും കാത്ത് കിടക്കുന്ന "കുറുക്കത്തിക്കല്ലി'ലെ ചിരുതേടത്തിയും പാതിവ്രത്യത്തിന്റെ പരിണാമവഴികളിൽ ഏറെ ദൂരമൊന്നും സഞ്ചരിച്ചിട്ടില്ലാത്തവരാണ്.

തലതാഴ്‌ത്തിനിൽക്കുന്ന പിടക്കോഴിയുടെ ചിത്രംപോലെ നീലക്കടൽപ്പരപ്പിന്‌ മുകളിലെ ബാലിയും കടുകുമണിച്ചെടികളും സൂര്യകാന്തിത്തോട്ടവും മാവോയിസ്‌റ്റുകളും നിറഞ്ഞ ദണ്ഡകാരണ്യവനമേഖലയും കഥപറച്ചിലിൽ അനായാസം പശ്ചാത്തലങ്ങളാവുന്നുണ്ട്‌.

"എങ്ങുമനുഷ്യനു ചങ്ങല കെെകളിലങ്ങെൻ കെെയുകൾ നൊന്തിടുകയാ'ണെന്ന് എൻ വി കൃഷ‍്ണവാര്യർ പറഞ്ഞതുപോലെ മാനവികതയുടെ കഥകൾ എവിടെയും ഒറ്റ അച്ചിലാണ്. ഒരേ വേദന, ഒരേ പ്രതിരോധം, ഒരേ അതീജീവനം. പശ്ചാത്തലം മാത്രമാണ് മാറുന്നത്.

അച്ഛനുവേണ്ടി ഭഗവതിയുടെ തിരുമുടിയേറ്റി ചോര വാർക്കേണ്ടിവന്ന "ഉമ്മച്ചിത്തെയ്യം' കഥയിലെ ആയിഷയും ശത്രുരാജ്യക്കാരിക്ക് അഭയം നൽകി തോക്കിൻകുഴലിൽ ഒടുങ്ങിയ "പുപ്പൂത്താനി'ലെ ആയുവും കൊളംബോയിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരിയായ "മാമസിത'യെ തേടുന്ന ലൂയിസും അചഞ്ചലമായ മാനവികതയുടെ, തെളിനീരുപോലള്ള നന്മയുടെ വിശ്വപ്രകാശം തെളിയിക്കുന്നവരാണ്.

ശൂന്യമായ ഒരിടം ബാക്കി വയ്‌ക്കുന്നുണ്ട്‌ മിക്ക കഥാന്ത്യങ്ങളും. അത്‌ വായനക്കാരനുള്ളതാണ്‌. "ജനിതകഭൂപടത്തി'ലെ നീരുവിന്‌ അവളുടെ അച്ഛനെ കണ്ടെത്താനായോ. അറിയില്ല. ഗീഥിലെ രക്തച്ചൊരിച്ചിലിനൊടുവിൽ തുകൽസഞ്ചിയിൽ നിറച്ച പണം നീലക്കുപ്പായമിട്ട്‌ കപ്പടാമീശ പിരിച്ചുനിൽക്കുന്ന മനുഷ്യന്റെയടുത്ത്‌ നീരുവിനെ എത്തിക്കുമോയെന്ന്‌ കഥാകാരൻ ഉറപ്പുതരുന്നില്ല. വലിയൊരു ലക്ഷ്യവുമായി കിലോമീറ്ററുകൾ താണ്ടി എലിസബത്തിനൊപ്പം ബാലിയിലെത്തിയതാണ്‌ "പുപ്പൂത്താനി'ലെ ബുലൻ എന്ന കോഴി. അങ്കക്കോഴികൾ നിരന്ന പോർക്കളത്തിൽ ചിറകുവിരിച്ച്‌ കൂവി പറന്നിറങ്ങുന്ന ബുലനിലാണ്‌ ആ കഥയവസാനിക്കുന്നത്‌. തിരുമുടി നിവർത്തി ആട്ടം തുടങ്ങിയ "ഉമ്മച്ചിത്തെയ്യത്തി'ലെ ആയിഷയും അവസാനവരിയിൽ ഒരു പൊള്ളലായി വീണുകിടക്കുകയാണ്‌. തീക്ഷ്‌ണവും വൈകാരികവുമായി പറഞ്ഞ സങ്കടക്കഥകളെയും ആകുലതകളെയും വേണമെങ്കിൽ ശുഭപര്യവസായിയായി സങ്കൽപിക്കാം. അല്ലെങ്കിൽ അത്‌ ബാക്കിവെക്കുന്ന നീറ്റൽ ഏറ്റുവാങ്ങാം.

കഥാകാരന്റെ ഭാഷയിൽ "തുരുമ്പിച്ച മൂർച്ചയിലേക്ക്‌ ചെന്നെത്തുന്ന ഓർമയുടെ താക്കോൽ സുഷിരങ്ങളിലൂടെ' കടന്നുവരികയാണ്‌ ഈ കഥകൾ. ഇളക്കിമാറ്റപ്പെട്ട പൊറ്റകളിൽനിന്ന്‌ കേടുചോര വമിക്കുമെന്ന മുന്നറിയിപ്പും കഥാകാരൻ തരുന്നുണ്ട്‌.

ലെസ്‌ബിയൻ പ്രണയവും ട്രാൻസ്‌ജെൻഡർ അതിജീവനവും അരക്ഷിതകൗമാരങ്ങളും പ്രമേയമായി വരുന്ന, മനസ്സിൽ കനംനിറയ്ക്കുന്ന കഥകൾ ഒരേസമയം പോരാട്ടവും സ്വാതന്ത്ര്യപ്രഖ്യാപനവുമാണ് തനിക്ക് എഴുത്തെന്ന കഥാകൃത്തിന്റെ വാക്കുകൾക്ക് അടിവരയിടുന്നു.

Related Stories

No stories found.
The Cue
www.thecue.in