ചട്ടമ്പി ശാസ്ത്രം: മലയാള നോവൽ സാഹിത്യത്തിൻറെ സങ്കീർണ്ണ വഴികൾ

ചട്ടമ്പി ശാസ്ത്രം: മലയാള നോവൽ സാഹിത്യത്തിൻറെ സങ്കീർണ്ണ വഴികൾ
Summary

ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാന ശക്തി പ്രകാശിപ്പിക്കുന്ന ചട്ടമ്പിശാസ്ത്രം എന്ന ഈ നോവൽ,സാവധാനത്തിൽ ഉള്ള വായനയിലൂടെ പല അടരുകളിലേയ്ക്ക് ആസ്വാദനത്തെ വികസിപ്പിക്കാനുള്ള അവസരം ഒരുക്കുന്നു.

കിംഗ് ജോൺസ് എഴുതിയ നോവൽ ആണ് 'ചട്ടമ്പി ശാസ്ത്രം'. ഡി സി ബുക്സ് ഖസാക്കിന്റെ ഇതിഹാസത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു നടത്തിയ നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ നോവൽ കൂടിയാണിത്. ഡി സി യുടെ നാല്പത്തിയേഴാം വാർഷികത്തോടനുബന്ധിച്ചു പ്രകാശം കണ്ടെത്തിയ നോവലുകളിൽ ചട്ടമ്പി ശാസ്ത്രം ഒന്നാകുന്നതിന് എല്ലാ കാരണങ്ങളും ഉണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി മലയാള നോവലിന്റെ ആഖ്യാന ഘടന അപ്പാടെ മാറി വരികയായിരുന്നു. ടി ഡി രാമകൃഷ്ണൻ തന്റെ ഫ്രാൻസിസ് ഇട്ടിക്കോരയിലും ആണ്ടാൾ എന്ന സുഗന്ധ നായകിയിലും മാമാ ആഫ്രിക്കയിലും ഒക്കെ പരീക്ഷിച്ചു വിജയിപ്പിച്ച സങ്കീർണ്ണമായ രചനാ ശൈലിയും ജി ആർ ഇന്ദുഗോപൻ പുനരുജ്ജീവിപ്പിച്ച പരിണാമഗുപ്തിയെ പല ചില്ലറയായി അവതരിപ്പിച്ചു വായനക്കാരനെ മുരിക്കിൻ മരത്തിലേറ്റുന്ന ശൈലിയും (അതിനൊരു പ്രത്യേക സുഖമാണ് വായനയുടെ സന്ദർഭത്തിൽ വരുമ്പോൾ) ചേർന്ന് ഇപ്പോഴുള്ള രചയിതാക്കളെയൊക്കെ അത്തരമൊരു പരീക്ഷണത്തിന് പ്രേരിപ്പിക്കുന്നുണ്ട്.

ചട്ടമ്പി ശാസ്ത്രമെഴുതിയ കിംഗ് ജോൺസ് ഈ ജനുസ്സിൽപ്പെടുന്ന ഒരു എഴുത്തുകാരനാണ്. ചട്ടമ്പി ശാസ്ത്രമെന്നാണ് നോവലിന്റെ പേരെങ്കിലും നോവലിനുള്ളിൽ ആദ്യമേ നമ്മൾ കാണുന്നത് 'ഉഗ്രനരസിംഹം എന്ന ഉരു' എന്ന മറ്റൊരു നോവലാണ്. ആനറാഞ്ചി പബ്ലിക്കേഷൻസ് പ്രസാധനം ചെയ്ത ഈ നോവൽ രചിച്ചിരിക്കുന്നത് ഡൽഹി ഫൈൻ ആർട്ട്സ് കോളേജിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടിയ പിന്റോ ഗീവർഗീസ് എന്ന ഒരു യുവാവാണ്. ഭയം എങ്ങനെ ആൾക്കൂട്ടത്തെ സൃഷ്ടിക്കുന്നു എന്നും ആ ആൾക്കൂട്ടം എങ്ങനെ തങ്ങളുടെ മർദ്ദകർ ആകാവുന്ന നേതാക്കളെ വാർത്തെടുക്കുന്നു എന്നും പ്രഖ്യാപിക്കുന്ന നോവലാണിത്.

കുട്ടനാട്ടിൽ നടക്കുന്ന കഥയാണ്. കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകൾ സജീവമായിക്കൊണ്ടിരിക്കുന്ന കാലം. സഖാവ് പി കൃഷ്ണപിള്ളയൊക്കെ ആലുവയിലും പരിസരത്തും ഉണ്ട്. ചങ്ങനാശ്ശേരി ചന്തയിൽ വർത്തകരായ മുസ്‌ലിം പ്രമാണിമാരും നാണ്യവിള കച്ചവടക്കാരായ നസ്രാണികളും മാടമ്പിത്തരവും തൊഴിലാളി ചൂഷണവും കൊണ്ട് നായർ പ്രമാണിമാരും അരങ്ങു വാഴുന്ന കാലത്താണ് അസീസ് എന്നൊരു ചട്ടമ്പി അവിടെ വന്നു ചേരുന്നത്. പട്ടാണിയായ അസീസ് ചട്ടമ്പിത്തരം കാട്ടാതെ തന്നെ ഒരു ജനതയുടെ മനസ്സിൽ ചട്ടമ്പിയായി വളരുന്നു.

പിന്റോ ഗീവർഗീസിന്റെ പിന്നിൽ മറഞ്ഞിരുന്നു കൊണ്ട് കിംഗ് ജോൺസ്‌ പട്ടാണി അസീസ് ബഹുമാന്യ അസീസ് ഖാൻ സാഹിബ് ആയി വളരുന്നതിന്റെ കഥ പറയുന്നു. കഥയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് പുലയ യുവാവായ കുമാരൻ. അവന്റെ കൂടി നേതാവായ സഖാവ് രാഘവന്റെ മകളാണ് സുഭദ്ര. ഇവരൊക്കെ അടങ്ങുന്ന ആ കഥയിൽ യഥാർത്ഥത്തിൽ അവതീർണ്ണമാകുന്നത് ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജന്മി-കൂടിയാൻ ബന്ധങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ പ്രാരംഭ നാളുകളിൽത്തന്നെ നിലനിന്നിരുന്ന വർഗ്ഗ-ജാതി സംഘർഷങ്ങളും ആയിരുന്നു. ഏകലോചനം എന്ന അഭിനയം വായനക്കാർക്ക് അനുഭവപ്പെടും പിന്റോ വർഗീസിന്റെ പിന്നിലിരുന്ന് കൊണ്ട് കിംഗ് ജോൺസ്‌ ആ കാലത്തിന്റെ ചതിക്കുഴികൾ അടയാളപ്പെടുത്തുമ്പോൾ; ഒരു കണ്ണിൽ വിഷാദത്തിന്റെ കരിമേഘങ്ങൾ നിറയുമ്പോൾ മറു കണ്ണിൽ നർമ്മം കലർന്ന ജീവിതാസക്തിയുടെ നറുനിലാവ് തെളിയും.

അസീസും കുമാരനും സുഭദ്രയും തമ്മിലുള്ള ബന്ധം ഒരു കാലഘട്ടത്തിലെ ജാതി-രാഷ്ട്രീയ-സാമൂഹിക-മാനുഷിക-വൈകാരിക ബന്ധങ്ങളുടെ സൂക്ഷ്മലോകങ്ങളെ അവതരിപ്പിക്കുന്നു. ഒരു ദുരന്തത്തിൽ കഥ അവസാനിക്കുകയാണ്. മഹാഭാരതം പോലെ, എല്ലാവരും പടകുടീരങ്ങളിൽ എരിഞ്ഞൊടുങ്ങുന്ന ഒരു കഥ. എന്നാൽ പിന്റോയുടെ നോവൽ തീരുമ്പോഴേയ്ക്കും കിംഗ് ജോൺസ്‌ വായനക്കാരെ പിന്റോയുടെ ജീവിതത്തിലേയ്ക്ക് കൊണ്ട് പോകുന്നു. അവിടെ പിന്റോ പരീക്ഷണോന്മുഖനായ ഒരു ചിത്രകാരനാണ്. വിദ്യാർത്ഥി ജീവിതത്തിൽത്താനെന് ല്യൂഷൻ ഫ്രോയിഡ്-ന്റെ ശൈലിയിൽ തന്റെ ലാൻഡ് ലേഡിമാരുടെ നഗ്നചിത്രങ്ങൾ വരച്ചു പ്രശസ്തനായവൻ. പിന്നെ തെരേസയെന്ന പത്രപ്രവർത്തകയുമൊത്ത് ഒരു ജീവിതം തുടങ്ങുന്ന പിന്റോ ചിത്രരചന ഉപേക്ഷിച്ചു നോവൽ രചനയിൽ ഏർപ്പെടുകയാണ്. തെരേസ പിന്റോയുടെ പൂർവ ചരിത്രം അറിയുവാൻ, നോവലിലെ കഥാപാത്രങ്ങളെ കണ്ടെത്താൻ, പിന്റോയെ അവന്റെ അന്തർസംഘര്ഷങ്ങളിൽ നിന്ന് മോചിപ്പിക്കാൻ കേരളത്തിലേയ്ക്ക് തിരിച്ചു വരികയാണ്.

പുസ്തകം വാങ്ങി വായിക്കണം എന്നതാണ് ലക്ഷ്യമെന്നതിനാൽ ഇനി കഥയുടെ പരിണാമത്തിലേയ്ക്ക് കടക്കുന്നില്ല. മൂന്നാം ഭാഗത്തിൽ കിംഗ് ജോൺസ്‌ കടന്നു വരികയും പിന്റോയുടെ നോവലിലും തെരേസയുടെ അന്വേഷണത്തിലും ഒക്കെ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ മുൻകൈ എടുക്കുകയും ചെയ്യുന്നു. പാവകൾക്കുള്ളിൽ മറ്റൊരു പാവയിരിക്കുന്നത് പോലുള്ള റഷ്യൻ പാവകളെയോ, ഒരു കണ്ണാടിക്ക് സമാന്തരമായി വെച്ച മറ്റൊരു കണ്ണാടിയിൽ പ്രതിബിംബങ്ങൾ അനന്തമായി ബിംബിക്കുന്നത് പോലെയോ ഓരോ കഥാപാത്രവും മറ്റൊരു യാഥാർഥ്യത്തെ പ്രതിഫലിപ്പിച്ചു കൊണ്ട് അനന്തതയിലേക്ക് നീളുകയാണ്. അതിലൂടെ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവും അതിൽ കമ്മ്യൂണിസ്റ്റ്-ദളിത് സംഘർഷങ്ങൾ എങ്ങനെ പ്രവർത്തിച്ചുവെന്നും അംബേദ്‌കറിന്റെ ജാതി ഉന്മൂലന സിദ്ധാന്തം എങ്ങനെ ഒരു കുടുംബം നടപ്പാക്കാൻ ശ്രമിച്ചുവെന്നും, എങ്ങനെ സ്വയം പരാജയപ്പെടുത്തിയ പ്രസ്ഥാനങ്ങളായി ഇവ നീങ്ങിയെന്നും ഒക്കെ മനുഷ്യകഥയിലൂടെ കിംഗ് ജോൺസ്‌ വെളിപ്പെടുത്തുന്നു. തകഴിയുടെ കുട്ടനാട്ടിൽ തകഴി കാണാതെ വെച്ച വർഗ-ജാതി സമരങ്ങളിലേയ്ക്ക് ചില കൊള്ളിമീനുകൾ വന്നു വീഴുന്നുണ്ട്.

ഒരു ദളിത് യുവാവായ കുമാരൻ തന്റെ പഠനത്തിലൂടെയും പദ്ധതികളിലൂടെയും എങ്ങനെ ഒരു സമൂഹത്തിനെ താൻ വിഭാവനം ചെയ്ത ഭാവിയിലേക്ക് കൊണ്ട് വരുന്നു എന്ന് കിംഗ് ജോൺസ്‌ പറയുമ്പോൾ കാളകളെയും കഴുതകളെയും ഒരേ നുകത്തിൽ കെട്ടാൻ കഴിയില്ലെന്ന് പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നമ്മൾ സഹതാപത്തോടെ ഓർക്കും. നോവലിനുള്ളിലെ നോവലും, ആ നോവലിസ്റ്റ് രചിച്ച ചിത്രങ്ങളും, ക്രിസ്തുദാസൻ മാളിയേക്കൽ സ്കറിയ അഥവാ കറിയാച്ചൻ ഉണ്ടാക്കിയ കാമാക്ഷി കാൽക്കുരിശ് ശാസനവും, ചാറ്റ് സ്‌ക്രീൻ ഷോട്ടുകളും ഒക്കെ ചേർന്ന് നോവലിനെ പല മാധ്യമങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് കിംഗ് ജോൺസ്‌.

ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാന ശക്തി പ്രകാശിപ്പിക്കുന്ന ചട്ടമ്പിശാസ്ത്രം എന്ന ഈ നോവൽ,സാവധാനത്തിൽ ഉള്ള വായനയിലൂടെ പല അടരുകളിലേയ്ക്ക് ആസ്വാദനത്തെ വികസിപ്പിക്കാനുള്ള അവസരം ഒരുക്കുന്നു. നോവലിന്റെ ഫോമിൽ നോവലിസ്റ്റ് കാണിച്ചിരിക്കുന്ന ശ്രദ്ധ, വിഷയങ്ങളെ ഫോക്കസ് കൈവിടാതെ പിന്തുടരാനുള്ള ശേഷി, ആഖ്യാനത്തിലെ മാനുഷികത ഒക്കെ ചേർന്ന്, ഇത് വർത്തമാനകാലത്ത് ഇറങ്ങിയ നോവലുകളിൽ മുൻപന്തിയിൽ നിൽക്കുന്നു. ഇതൊരു രാഷ്ട്രീയ നോവൽ എന്ന നിലയിൽ വായിക്കാം. എന്നാൽ രാഷ്ട്രീയത്തെ കുത്തിച്ചെലുത്താതെ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യാൻ വി വി വിനുവിന്റെ ശില്പങ്ങളിലെന്ന പോലെ കിംഗ് ജോൺസിന് കഴിഞ്ഞിരിക്കുന്നു. പി കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ഒരു പക്ഷെ ഈ നോവലിൽ നിന്ന് ഇറങ്ങിപ്പോയതാണെങ്കിലോ?

Related Stories

No stories found.
logo
The Cue
www.thecue.in