'ആ നെല്ലിമരം പുല്ലാണ്', അയ്യൻ‌കാളിയുടെ പിന്മുറക്കാരിയുടെ ധീരശബ്ദം

'ആ നെല്ലിമരം പുല്ലാണ്', അയ്യൻ‌കാളിയുടെ  പിന്മുറക്കാരിയുടെ ധീരശബ്ദം
Summary

ഇത് രജനിയുടെ മാത്രം അനുഭവം അല്ല. എഴുപതുകളിൽ ജനിച്ചു വളർന്നു തൊണ്ണൂറുകൾ ആകുമ്പോഴേയ്ക്കും സ്വാഭിമാനരാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ ഏതൊരു ദളിത് യുവതിയുടെയും അനുഭവകഥ തന്നെയായിരിക്കും ഇത്

'ആ നെല്ലിമരം പുല്ലാണ്' എന്ന പുസ്തകം ഒരു ആത്മകഥയാണ്. രജനി പാലാമ്പറമ്പിൽ എന്ന വനിതയുടേതാണീ ആത്മകഥ. സ്വാഭാവികമായും ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊയ്യുന്ന വ്യക്തികളുടെ ആത്മരചനകൾക്കാണ് ആത്മകഥ എന്ന വിളിപ്പേര് കല്പിച്ചു കൊടുക്കുന്നത്. 'അവനൊരു/അവളൊരു കഥയില്ലാത്തവൻ' എന്നാണല്ലോ പരിധികളിലേയ്ക്ക് തള്ളപ്പെട്ട മനുഷ്യരെക്കുറിച്ചു പറയുന്നത്. എന്നാൽ നാമോരുത്തരും ഓരോ ആത്മകഥയാണ് എന്ന സത്യം പലപ്പോഴും ആരും തിരിച്ചറിയാറില്ല. താനൊരു കഥയാണെന്ന് തിരിച്ചറിഞ്ഞ ഒരാളെഴുതിയ ഈ പുസ്തകത്തിന്റെ പേരാണ് എന്നെ ആദ്യം ആകർഷിച്ചത്.

കുമാരനാശാന്റെ ദുരവസ്ഥയിൽ, 'നെല്ലിൻ ചുവട്ടിൽ വളരും പുല്ലല്ല സാധു പുലയൻ' എന്ന് പറയുന്നുണ്ട്. നെല്ലിന്റെ ചുവട്ടിൽ വളരുന്ന പുല്ലിന് കള എന്നാണ് പറയുന്നത്. കളകളെ പിഴുതു മാറ്റുക എന്നത് കൃഷിത്തൊഴിലാളികൾ ചെയ്യുന്ന ഒരു പ്രവൃത്തിയാണ്. ജീവിതത്തിന്റെ വയലിൽ കതിരുള്ള ചെടികൾക്കിടയിൽ വളരുന്ന പുല്ലുകളായി പുലയരെ/ദളിതരെ എണ്ണിയിരുന്ന ഒരു കാലത്തിനോടാണ് അവർ 'പുല്ലല്ല' എന്ന് ആശാൻ പറഞ്ഞത്. പുലയനെക്കൊണ്ട് കള പറിപ്പിക്കുന്നതിൽ പ്രതീകാത്മകമായ ഒരു ആത്മഹിംസ അടങ്ങിയിട്ടുണ്ട്. എന്നാൽ രജനി ഉറക്കെ പറയുകയാണ് 'ആ നെല്ലിമരം പുല്ലാണ്.'

നെല്ലിമരം ഒരു പ്രതീകമാണ്; തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്ന ആ ഒരു നെല്ലി മരം ഉലച്ചാൽ നെല്ലിക്കായ വീഴും. അതൊന്ന് ഓടിച്ചെന്നെടുത്തു കടിച്ച ശേഷം തൊടിയിലെ കിണർവെള്ളം കോരിക്കുടിച്ചാൽ എന്ത് മധുരമെന്ന് തോന്നും. ഓ എൻ വി കുറുപ്പിന് അങ്ങനെയൊക്കെ തോന്നിയിരുന്നു. രജനിയുടെ ഭാഷയിൽ നായന്മാർക്കൊക്ക പുലയക്കുട്ടികളോട് പുച്ഛമായിരുന്നു. അപ്പോൾ സ്‌കൂളിൽ നനഞ്ഞും നാറിയും വലിഞ്ഞു കയറി ചെല്ലുന്ന പുലയപ്പെൺകുട്ടിയ്ക്ക് അഥവാ വിദ്യാലയാങ്കണത്തിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നെങ്കിൽ അതൊരു നെല്ലിമരം ആകുമായിരുന്നില്ല. അത് വെറും പുല്ലാകുമായിരുന്നു. കാരണം അവൾക്ക് സ്‌കൂൾ എന്നത് വിദ്യാലയത്തോടൊപ്പം പീഡനാലയം കൂടി ആയിരുന്നു. സ്‌കൂളിലും കോളേജിലും ഒരിക്കൽപ്പോലും പേരിനാൽ വിളിക്കപ്പെടാത്ത ജന്മങ്ങളെക്കുറിച്ചു അറിയുമോ? രജനി ആ അനുഭവം എങ്ങനെ ഇരിക്കുമെന്ന് പറഞ്ഞു തരുന്നു.

കൂടാതെ 'ആ നെല്ലിമരം പുല്ലാണ്' എന്ന് പറയുമ്പോൾ അതിൽ അയ്യൻ‌കാളിയുടെ പിന്മുറക്കാരിയുടെ ധീരശബ്ദം കൂടിയുണ്ട്. ആ ശബ്ദത്തിൽ അല്പം പുച്ഛം കൂടിയുണ്ട്. മലയാളസാഹിത്യത്തിൽ നെല്ലിമരവും നീർമാതളവും അശോകപ്പൂവനങ്ങളും ചെമ്പകത്തൈകളും ഒക്കെ വിടർന്നു നിൽക്കുന്ന ഉമ്മറം നിവർന്നു കിടക്കെ അതൊക്കെ തനിയ്ക്ക് വെറും പുല്ലാണ് എന്നുള്ള ധീരമായ പ്രഖ്യാപനം രജനിയുടെ ശബ്ദത്തിൽ കേൾക്കാനാകുന്നുണ്ട്. ഒപ്പം അതൊക്കെയും ആഗ്രഹിച്ചിരുന്ന കൗമാരവും യൗവനവും തനിക്കുമുണ്ടായിരുന്നു പക്ഷെ തനിയ്ക്ക് കിട്ടിയതോ വെറും പുല്ല് മാത്രം. വേനലൊഴിവുകളിൽ നീളൻ പയർ നട്ടത് പറിയ്ക്കാൻ കയറുമ്പോൾ ശരീരമാകെ വള്ളി ഉരസി മുറിഞ്ഞു നീറുന്നതിന്റെ നീറ്റലിൽ നിന്ന് കൊണ്ട് മാത്രം പറയാൻ കഴിയുന്ന അനുഭവങ്ങളാണ് രജനി പറയുന്നത്.

ഇത് രജനിയുടെ മാത്രം അനുഭവം അല്ല. എഴുപതുകളിൽ ജനിച്ചു വളർന്നു തൊണ്ണൂറുകൾ ആകുമ്പോഴേയ്ക്കും സ്വാഭിമാനരാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ ഏതൊരു ദളിത് യുവതിയുടെയും അനുഭവകഥ തന്നെയായിരിക്കും ഇത്. ദുഃഖ ദുരിത പൂർണ്ണമായ സ്‌കൂൾ, കോളേജ് ജീവിതത്തിനു ശേഷം അകാരണമായ പ്രണയത്തിൽപ്പെട്ടു പോയ ഒരു യുവതി ജീവിതത്തെ സഹനമായി എടുക്കുകയും സംശയരോഗിയായ ഭർത്താവിനെ പ്രതികാരമെന്നോണം വൈരാഗ്യമാർന്നു പരിചരിച്ചു യാത്രയാക്കുകയും ചെയ്ത ശേഷം തന്റെ ഡിഗ്രി -ബി എഡ് വിദ്യാഭ്യാസത്തിന്റെ ബലത്തിൽ പല ജോലികളും ചെയ്തു കൊറോണാക്കാലത്തിനു മുൻപിൽ തൊഴിലില്ലാതെ രണ്ടു മക്കളുമൊത്ത് നിൽക്കുകയാണ് രജനി.

രജനി എസ് സി പ്രൊമോട്ടറുടെ ജോലി ചെയ്ത കഥ പറയുന്നുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ആ ജോലി പട്ടികജാതിക്കാരെ ഉദ്ധരിക്കാനുള്ളതാണെങ്കിലും പദ്ധതി തയ്യാറിപ്പുകളിലോ നടപ്പാക്കലുകളിലോ ഒരു പട്ടികജാതിക്കാരുടെയും പ്രാതിനിധ്യം ഇല്ലാതാക്കുന്ന ഒരു സംവിധാനമാണ് എന്ന് രജനി പറയുന്നു. ഓഫീസിൽ ഇരിക്കാനൊരു ഇടം പോലും നൽകാതെ 'ശിക്ഷിക്കുകയാണ്' സവർണ്ണർ ചെയ്യുന്നത് എന്ന് പറയുന്നു. കാലം ഇരുപത്തിയൊന്നാം നൂറ്റാണ്ട്. സ്ഥലം, സമ്പൂർണ്ണ സാക്ഷര കേരളം. സർക്കാർ ചിന്തിക്കേണ്ടതാണ്.

ഉപയോഗിച്ച വസ്ത്രങ്ങൾ ഉപയോഗിക്കണം എന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥയുടെ പ്രസ്താവനയെ ദളിത് യുവതികൾ എതിർത്തത് നമ്മൾ പുതിയ വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന് പറഞ്ഞു കൊണ്ടാണ്. എന്നാൽ അയ്യൻകാളിയുടെ എല്ലാ പഞ്ചമിമാർക്കും ഇന്നും പുത്തനുടുപ്പുകൾ വാങ്ങുവാൻ വേണ്ട തൊഴിൽ കിട്ടിയിട്ടില്ല എന്ന് കൂടി വായനക്കാരും സർക്കാരും അറിയണം.

അങ്ങനെയിരിക്കെ രണ്ടായിരത്തിയെട്ടിൽ രജനിയ്ക്ക് ഒരു ആൻഡ്രോയിഡ് ഫോൺ ലഭിച്ചു. സാമൂഹ്യമാധ്യമങ്ങളിലേയ്ക്ക് അവർ കടന്നു വന്നു. കുറിപ്പുകളും കവിതകളും പരിചിതരുടെയും അപരിചിതരുടെയും ലൈക്കുകളുടെ വെയിലും മഴയും തലോടലുമേറ്റ് വളർന്നു. അത് അവളിൽ ആത്മവിശ്വാസം വളർത്തി. ഒന്നിപ്പ് എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിൽ രജനി എഴുതിയ ആത്മകഥാപരമായ കുറിപ്പുകളാണ് ഇപ്പോൾ 'ആ നെല്ലിമരം പുല്ലാണ്' എന്ന പുസ്തകരൂപത്തിൽ വന്നിരിക്കുന്നത്. ഗൂസ്ബെറി പബ്ലിക്കേഷൻസ് ആണ് പ്രസാധനം. മാതൃഭൂമി സ്റ്റാളുകളിൽ ലഭ്യമായ ഈ പുസ്തകം ഇരുനൂറു രൂപയ്ക്ക് ലഭിക്കും. മലയാളി സമൂഹവും മലയാളി യുവതികളും യുവാക്കളും വായിച്ചിരിക്കണം ഈ പുസ്തകം. നിങ്ങളൂരിയെറിയുന്ന ഉടുപ്പുകൾ ആരൊക്കെയോ സ്‌കൂളുകളിലേക്ക് ഇട്ടുകൊണ്ട് പോകുന്നുണ്ട്. അവരോട് ചിലരിപ്പോഴും ചോദിക്കുന്നുണ്ട്, ഇതാരുടെ ഉടുപ്പുകൾ? അപ്പോൾ ആ കുട്ടികൾക്ക് അവയെ ഊറി എറിയണമെന്നു തോന്നും. രജനിയ്ക്ക് അങ്ങനെ തോന്നിയതിനെക്കുറിച്ചും ഈ പുസ്തകത്തിലുണ്ട്. ഉപയോഗിച്ച വസ്ത്രങ്ങൾ ഉപയോഗിക്കണം എന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥയുടെ പ്രസ്താവനയെ ദളിത് യുവതികൾ എതിർത്തത് നമ്മൾ പുതിയ വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന് പറഞ്ഞു കൊണ്ടാണ്. എന്നാൽ അയ്യൻകാളിയുടെ എല്ലാ പഞ്ചമിമാർക്കും ഇന്നും പുത്തനുടുപ്പുകൾ വാങ്ങുവാൻ വേണ്ട തൊഴിൽ കിട്ടിയിട്ടില്ല എന്ന് കൂടി വായനക്കാരും സർക്കാരും അറിയണം.

Related Stories

No stories found.
logo
The Cue
www.thecue.in