'കൈവെട്ടുകാര്‍ കാണാതിരിക്കട്ടെ'യെന്ന് ഭീഷണി, നോവലിനെതിരെ വിശ്വാസികളെ പ്രകോപിപ്പിക്കാന്‍ ശ്രമമെന്ന പരാതിയില്‍ പൊലീസ് കേസ്

'കൈവെട്ടുകാര്‍ കാണാതിരിക്കട്ടെ'യെന്ന് ഭീഷണി, നോവലിനെതിരെ
വിശ്വാസികളെ പ്രകോപിപ്പിക്കാന്‍ ശ്രമമെന്ന പരാതിയില്‍ പൊലീസ് കേസ്

എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമായ ഡോ. എന്‍.വി മുഹമ്മദ് റാഫിയുടെ ' ഒരു ദേശം ഓനെ വരക്കുന്നു' എന്ന നോവലിനെതിരെ മതവിദ്വേഷമിളക്കിവിടാന്‍ ശ്രമമെന്ന് പൊലീസില്‍ പരാതി. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ നോവലിനെതിരെയും നോവലിസ്റ്റിനെതിരെയും മതവികാരം ഇളക്കി നാട്ടില്‍ കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ വാട്‌സപ്പില്‍ പ്രചാരണം നടത്തുന്നതായി നോവലിസ്റ്റ് എന്‍.വി മുഹമ്മദ് റാഫിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശായിലെ അധ്യാപകനും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ജേതാവുമാണ് ഡോ. റാഫി.

ഇസ്സാമിക പദാവലികള്‍ പുസ്തകത്തില്‍ തെറ്റിച്ചെഴുതിയെന്നും, കൈവെട്ട് വീരന്‍മാര്‍ പുസ്തകം കാണാതിരിക്കട്ടെയെന്നും വി. അബ്ദുള്‍ ലത്തീഫ് എന്നയാള്‍ വാട്‌സ് ആപ്പിലൂടെ കുറിപ്പ് രൂപത്തില്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് മുഹമ്മദ് റാഫി പരാതി നല്‍കിയിരിക്കുന്നത്. എത്ര ഹൃദയമുരുകി എഴുതിയാലും ഒരു നോവലിനെ അടപടലം വിമര്‍ശിക്കാനും കീറി മുറിക്കാനുമൊക്കെയുള്ള സ്വാതന്ത്രം വായനക്കാര്‍ക്കും നിരൂപകര്‍ക്കും ഉണ്ട്. എന്നാല്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മഷിക്കുപ്പിയില്‍ കൈ വിരല്‍ മുക്കി മൊബൈല്‍ പ്രതലത്തില്‍ അത് നിര്‍വഹിക്കുമ്പോള്‍ എഴുത്തുകാരനായാലും വായനക്കാരനായാലും നിരൂപകനായാലും കുറെ കൂടി കരുതലും ജാഗ്രതയും പരസ്പരം പുലര്‍ത്തേണ്ടതുണ്ടെന്ന് മുഹമ്മദ് റാഫി ദ ക്യു'വിനോട് പ്രതികരിച്ചു. കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലാണ് നോവലിസ്റ്റ് പരാതി നല്‍കിയത്.

മുഹമ്മദ് റാഫിയുടെ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍

ഏതാനും ദിവസങ്ങളായി എനിക്കെതിരെ മതവികാരം ഇളക്കി നാട്ടില്‍ കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയും ചിന്തയോടും കൂടെ ഒരു സംഘം വാട്‌സപ്പില്‍ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍ പെടുകയുണ്ടായി. പ്രസ്തുത പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കോഴിക്കോട് ചെലവൂര്‍ ചെമ്പരത്തി വീട്ടില്‍ താമസിക്കുന്ന വി അബ്ദുല്‍ ലത്തീഫ് എന്ന വ്യക്തി എഴുതി തയ്യാറാക്കിയ ഒരു കുറിപ്പാണ് ആയതിന് പിന്നിലെന്ന് അറിയാന്‍ കഴിഞ്ഞിട്ടുള്ളതാണ്. എനിക്കെതിരെ മതവികാരം ഉയര്‍ത്തി വിടുക എന്ന ഉദ്ദേശ്യത്തോടെയും അത് വഴി സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും മതസൗഹാര്‍ദ്ദ അന്തരീക്ഷവും സാമുദായിക ഐക്യവും തകര്‍ക്കുവാനുമുള്ള ശ്രമമാണ് ശ്രി. വി അബ്ദുല്‍ ലത്തീഫ് എന്നവരുടെ ഭാഗത്ത് നിന്നുണ്ടായത്. മേല്‍ പ്രസ്താവിച്ച നോവലില്‍ ഞാന്‍ ഇസ്ലാം മതത്തെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്നും പ്രസ്തുത തെറ്റുകള്‍ ക്ഷമിക്കാന്‍ പറ്റാത്തതും അപകടകരവുമാണ് എന്നും ശ്രി. അബ്ദുല്‍ ലത്തീഫ് എന്നവര്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. എനിക്കെതിരെ അക്രമം അഴിച്ചു വിടാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ്, ഇസ്ലാം മതത്തോട് ഞാന്‍ അപകടകരമായ പാതകം ചെയ്തു എന്ന സന്ദേശം നല്‍കുന്ന ആ കുറിപ്പ് എഴുതി തയ്യാറാക്കിയിട്ടുള്ളത്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കി എന്ന ആരോപണം ഉന്നയിച്ചു മതതീവ്രവാദികള്‍ പ്രൊഫസര്‍ ടി.ജെ ജോസഫ് മാഷിന്റെ കയ്യ് വെട്ടിമാറ്റിയ സംഭവം കുറിപ്പില്‍ മനഃപൂര്‍വം പരാമര്‍ശിക്കുകയും പ്രൊഫസര്‍ ജോസഫിന്റെ അതേ വിധി ഞാനും അര്‍ഹിക്കുന്നുണ്ട് എന്ന ആശയം വായനക്കാരന് കൈമാറും വിധം ''കൈവെട്ട് വീരന്മാരൊന്നും ഈ പുസ്തകം കാണാതിരിക്കട്ടെ'' എന്ന് കുറിപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ശ്രി. വി. അബ്ദുല്‍ ലത്തീഫ് എന്നവര്‍ എഴുതിയ കുറിപ്പ് ഇസ്ലാം മതവിശ്വാസികളെ എനിക്കെതിരെ ഇളക്കി വിടുന്നതും എനിക്കെതിരെ അക്രമം അഴിച്ചു വിടാന്‍ പ്രേരിപ്പിക്കുന്നതും സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വെറുപ്പും ഉണ്ടാക്കാന്‍ ഉതകുന്നതും സമുദായങ്ങള്‍ തമ്മിലുള്ള സാഹോദര്യം നശിപ്പിക്കാന്‍ കാരണമാകുന്നതുമാണ്. ശ്രി വി അബ്ദുല്‍ ലത്തീഫ് എന്നവരുടെ പ്രസ്തുത കുറിപ്പിനാല്‍ പ്രകോപിതരായവര്‍ എനിക്കെതിരെ പ്രൊഫസര്‍ ടി.ജെ ജോസഫിനെതിരെ ഉണ്ടായത് പോലുള്ള അക്രമങ്ങള്‍ അഴിച്ചു വിടുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

മുഹമ്മദ് റാഫി ദ ക്യുവിനോട് പ്രതികരിച്ചത്

എത്ര ഹൃദയമുരുകി എഴുതിയാലും ഒരു നോവലിനെ അടപടലം വിമര്‍ശിക്കാനും കീറി മുറിക്കാനുമൊക്കെയുള്ള സ്വാതന്ത്രം വായനക്കാര്‍ക്കും നിരൂപകര്‍ക്കും ഉണ്ട്. എന്നാല്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മഷിക്കുപ്പിയില്‍ കൈ വിരല്‍ മുക്കി മൊബൈല്‍ പ്രതലത്തില്‍ അത് നിര്‍വഹിക്കുമ്പോള്‍ എഴുത്തുകാരനായാലും വായനക്കാരനായാലും നിരൂപകനായാലും കുറെ കൂടി കരുതലും ജാഗ്രതയും പരസ്പരം പുലര്‍ത്തേണ്ടതുണ്ട്. ആ കരുതലിന്റെ സ്വരമാണ് വി. അബ്ദുള്‍ ലത്തീഫ് ചെമ്പരത്തിയുടെ ഒരു ദേശം ഓനെ വരയ്ക്കുന്നു എന്ന നോവല്‍ വിമര്‍ശനത്തില്‍ ഇല്ലാതെ പോയത്. നിഷ്‌കളങ്കരായ മതവിശ്വാസികളെ പ്രകോപിപ്പിച്ച് നോവലിസ്റ്റിനും നോവലിനും പ്രസാധക സ്ഥാപനത്തിനും എതിരെ തിരിച്ചുവിടാനുള്ള ശ്രമത്തെ ചെറുതായി കാണാന്‍ പറ്റാത്തതുകൊണ്ടാണ് ഞാന്‍ ഇന്ന് പോലീസില്‍ പരാതി സമര്‍പ്പിച്ചത്. ഈ പരാതി വി. അബ്ദുള്‍ ലത്തീഫ് നിര്‍വഹിച്ച നോവല്‍ പഠനത്തോടുള്ള എഴുത്തുകാരന്റെ അസഹിഷ്ണുതയല്ല. തീര്‍ച്ചയായും അഭിനന്ദനീയവും വായനക്കാരും നോവലിസ്റ്റുമെല്ലാം ചര്‍ച്ചക്കെടുക്കേണ്ട സംഗതിയുമാണത്. എന്നാല്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച ആ പോസ്റ്റിലെ ഹേയ്റ്റ് സ്പീച്ചിനെതിരെയാണ് പരാതി. 'കൈവെട്ടുകാര്‍ ഈ നോവല്‍ കാണാതിരിക്കട്ടെ ' ' മതത്തെ സംബന്ധിച്ച് അപകടകരമാണ് ഈ നോവല്‍ ' തുടങ്ങിയ ആഹ്വാനങ്ങള്‍ ഒരു വ്യക്തി ചെയ്യുമ്പോള്‍ അത് എത്രമാത്രം നിരുത്തരവാദിത്തപരമായ പ്രസ്താവനയാണ് ? എന്ത് മാത്രം കരുതലില്ലായ്മയാണ്? ഇത്തരം ഒരു പോസ്റ്റ് പ്രചരിച്ചു തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നാം നാളായി. ആ പോസ്റ്റില്‍ ലൈക് അടിച്ച കോളേജ് അധ്യാപകരടക്കമുള്ള എട്ടോളം പേരെ വോയിസ് മെസേജ് വഴിയും മറ്റും മേല്‍ സൂചിപ്പിച്ച വിവരം ശ്രദ്ധയില്‍ പെടുത്തി. അവര്‍ അടക്കം ആരും അദ്ദേഹത്തെ തിരുത്താനോ ഇത് സംബന്ധമായി അഭിപ്രായപ്രകടനം നടത്താനോ ശ്രമിച്ചില്ല. ആ ഗതികേടില്‍ നിന്നു കൂടിയാണ് മൂന്നു ദിവസമായി കിടന്നിട്ട് ഉറക്കം കിട്ടാത്ത ഞാന്‍ പരാതി സമര്‍പ്പിച്ചത്. തന്റെ പോസ്റ്റ് ബഹു: വി. ലത്തീഫ് ഒരു സുഹൃത്ത് വഴി മാതൃഭൂമിയില്‍ എത്തിക്കുകയും പുസ്തക വില്ലന നിര്‍ത്തിവെക്കണമെന്ന സൂചന നല്‍കുകയും ചെയ്തതിനെയും ആ സുഹൃത്തിനോട് വി. അബ്ദുള്‍ ലത്തീഫിന്റെ പോസ്റ്റിലെ ഹേറ്റ് സ്പീച്ച് ശ്രദ്ധയില്‍ പെടുത്തിയിട്ടും തിരുത്താതിരിക്കുകയും വീണ്ടും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അത്ര നിഷ്‌കളങ്കമല്ലല്ലോ ? മുസ്ലിങ്ങളെ എനിക്കു നേരെ തിരിച്ചു വിടാനുള്ള ശ്രമം നടത്തിയതു കൊണ്ട് ശ്രീ ലത്തീഫിനോട് ചില കണക്കുകള്‍ ചോദിക്കാനുണ്ട്.

നിങ്ങള്‍ ഈ സമുദായത്തിനു വേണ്ടി എന്തനുഭവിച്ചു ഇത്ര നാളത്തെ സുരക്ഷിത ജീവിതത്തിനിടയില്‍ ? ഞാനനുഭവിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തോട് ചെയ്ത ദ്രോഹം മുഖത്ത് നോക്കി ചോദിച്ചതിന് അക്രമണ ഭീഷണിയുമായി മണിക്കൂറുകളോളം ചുറ്റും വളയപ്പെട്ട മനുഷ്യര്‍ക്കിടയില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഒളിവില്‍ പോവേണ്ടി വന്നിട്ടുണ്ട്. വീടിനു ചുറ്റും പ്രകടനം വന്നപ്പോള്‍ മുസ്ലിമായ എന്റെ എട്ടാം ക്‌ളാസുകാരന്‍ മകന്‍ പേടിച്ചു പോയിട്ടുണ്ട്. കണക്കു പുസ്തകത്തില്‍ വരവ് ചിലവ് കണക്കുകള്‍ ഇനിയുമുണ്ട്. നിങ്ങളുടെത് പറയു ,, നിങ്ങള്‍ ഈ സമുദായത്തിനു വേണ്ടി ഇവിടെ നിലനില്‍ക്കേണ്ട സെക്കുലര്‍ സ്ഥലം മരിച്ചു പോവാതിരിക്കാന്‍ അതിന്റെ കൈ വെട്ടപ്പെടാതിരിക്കാന്‍ എന്തു ചെയ്തു ? ഒരു സുന്നി മുസ്ലിം പാരമ്പര്യത്തില്‍ നിന്നു വരുന്ന എനിക്ക് മുസ്ലിം വിരുദ്ധനാവാന്‍ സാധിക്കില്ല. ആരാണ് ആ സമുദായത്തിന് ദ്രോഹം ചെയ്യുന്നത് എന്ന് കണ്ണാടി നോക്കു പ്രിയ വി.അബ്ദുള്‍ ലത്തീഫ് ചെമ്പരത്തി. !

നിങ്ങള്‍ക്ക് എന്താണ് ഞാന്‍ തരേണ്ടത് ?

എന്റെ കൈയോ തലയോ ?

ഒരു നോവല്‍ എഴുതിപ്പോയതിന് നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങിനെ കൂട്ടം ചേര്‍ന്ന് കല്ലെറിയുന്നത് ? ഊരിയ വാള്‍ ഉറയില്‍ തന്നെ വെച്ച് ഭയപ്പെടുത്തുന്നത്?

'കൈവെട്ടുകാര്‍ കാണാതിരിക്കട്ടെ'യെന്ന് ഭീഷണി, നോവലിനെതിരെ
വിശ്വാസികളെ പ്രകോപിപ്പിക്കാന്‍ ശ്രമമെന്ന പരാതിയില്‍ പൊലീസ് കേസ്
'അത് പുരസ്‌കാരം കിട്ടിയ ആ നടന്മാരെ അപമാനിക്കലാണ്', മന്ത്രിയുടേത് അപഹാസ്യവും പരിഹാസ്യവുമായ അവകാശവാദം

ചിന്തകനും എഴുത്തുകാരനുമായ ഡോ.കെ.ഇ.എന്‍ കുഞ്ഞഹമ്മദാണ് ഒരു ദേശം ഓനെ വരക്കുന്നു പ്രകാശനം ചെയ്തത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കൈവെട്ടുകാര്‍ കാണാതിരിക്കട്ടെ'യെന്ന് ഭീഷണി, നോവലിനെതിരെ
വിശ്വാസികളെ പ്രകോപിപ്പിക്കാന്‍ ശ്രമമെന്ന പരാതിയില്‍ പൊലീസ് കേസ്
'മിണ്ടാതിരുന്നാല്‍ വെറും ഷമ്മിമാരായിപ്പോകും', ഇടവേള ബാബുവിന്റെ അധിക്ഷേപത്തില്‍ മൗനം പാലിക്കുന്നവരോട് അഞ്ജലി മേനോന്‍

Related Stories

The Cue
www.thecue.in