ഓൺലൈൻ ഷേക്സ്പിയർ: അരങ്ങിൽ നിന്ന് അടുക്കളയിലേക്ക്

ഓൺലൈൻ ഷേക്സ്പിയർ: അരങ്ങിൽ നിന്ന് അടുക്കളയിലേക്ക്

കോവിഡ് കാലത്തെ ഓൺലൈൻ നാടകാനുഭവങ്ങൾ

കോവിഡ്-19 ലോകത്തെ എത്തിച്ചിരിക്കുന്നത് പുതിയ യാഥാർഥ്യങ്ങളിലേക്കാണ്. മനുഷ്യരാശിയുടെ ഭാവി പ്രവചനാതീതമാക്കി മാറ്റിയ ഈ മഹാമാരി ലോകത്തിന്റെ മുൻഗണനാക്രമങ്ങളെയും സമൂലം ഉടച്ചുവാർത്തിരിക്കുന്നു. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങൾക്ക് ശ്രദ്ധലഭിക്കാൻ സാധ്യതയിലാത്ത ഇക്കാലത്ത് കലാ-സാംസ്കാരിക മേഖലയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ശാരീരിക അകലം പാലിക്കാനും ലോക് ഡൗൺ നിയമങ്ങൾ അനുസരിക്കാനും പൗരന്മാരോട് എല്ലാ ഭരണകൂടങ്ങളും കർശനമായി നിർദേശിച്ചതിന്റെ ഭാഗമായി നാടക സംഘങ്ങൾ, ഒപേറ, ബാലെ, സംഗീതവിരുന്നുകൾ എന്നിവ വലിയതോതിൽ റദ്ദാക്കേണ്ടിവന്നു. ഈ മേഖലയിലെ പല കമ്പനികളും പിരിച്ചുവിടൽ മുതൽ അടച്ചുപൂട്ടൽ വരെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ആശങ്ക ഉണ്ടാവുകയും ചെയ്തു. എന്നാൽ സാങ്കേതിക മികവിന്റെ സഹായത്തോടുകൂടി ഈ സാഹചര്യത്തെ മറികടക്കുകയാണ് ലോകമെമ്പാടുമുള്ള കലാസംഘങ്ങൾ.

ലോകപ്രശസ്തമായ നാടക, ഒപേറ, ബാലെ, മ്യൂസിക്കൽ കമ്പനികൾ ഇതിനോടകംതന്നെ അവരുടെ കലാസൃഷ്ടികൾ ഓൺലൈൻ വഴി ആസ്വാദകരിലേക്ക് എത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏതൊരു നാടകപ്രേമിയുടെയും സ്വപ്നമായ ഷേക്സ്പിയേഴ്സ് ഗ്ലോബ് അവരുടെ അഞ്ചു നാടകങ്ങൾ ഏപ്രിൽ മുതൽ ജൂൺ വരെ പല ദിവസങ്ങളിലായി യൂട്യൂബിൽ സംപ്രേഷണം ചെയ്യും എന്ന വാർത്ത ലോകം വലിയ പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്തത്. ഇതിനോടകം അവർ രണ്ട് ഷേക്സ്പിയർ നാടകങ്ങൾ അവരുടെ യൂട്യൂബ് പേജിലൂടെ സൗജന്യമായി കലാസ്വാദകരിലേക്ക് എത്തിച്ചു. ലണ്ടനിലെ നാഷണൽ തിയേറ്റർ, റോയൽ ഒപേറ ഹൗസ്, റോയൽ ബാലെ തുടങ്ങിയ സംഘങ്ങളും ധനസമാഹരണത്തിനായി പ്രത്യേകം ദിവസങ്ങളിൽ ഇത്തരം പ്രദർശനങ്ങൾ നടത്തുന്നുണ്ട്.

The Shows Must Go On എന്ന പേരിൽ ആൻഡ്രൂ ലോയ്‌ഡ് വെബ്ബറുടെ ഓപെറകൾ യൂട്യൂബ് ചാനൽ വഴി പ്രദർശനം തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ദി ഫാന്റം ഓഫ് ദി ഒപേറയുടെ ഇരുപത്തഞ്ചാം വാർഷിക പതിപ്പ് ഇരുപത്തിനാലു മണിക്കൂറാണ് യൂട്യൂബ് ചാനലിൽ സൗജന്യമായി ലഭിച്ചത്.

ഏപ്രിൽ ആറു മുതലാണ് ഗ്ലോബ് പ്രൊഡക്ഷൻസിന്റെ ആറ് ഷേക്സ്പിയർ നാടകങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ യൂട്യൂബിൽ സൗജന്യമായി പ്രദർശിപ്പിക്കുന്നത്. ഇതിൽ ആദ്യത്തെ നാടകമായ ഹാംലെറ്റ് ഇതിനകം പ്രദർശിപ്പിച്ചു കഴിഞ്ഞു. ഏപ്രിൽ 20 മുതൽ മെയ് 3 വരെ റോമിയോ ആൻഡ് ജൂലിയറ്റ്, അതിനുശേഷം രണ്ടാഴ്ചത്തെ ഇടവേളകളിൽ എ മിഡ്സമ്മർ നൈറ്സ് ഡ്രീം, ദി വിന്റേഴ്‌സ് ടേൽ, ദി റ്റു നോബിൾ കിൻസ്‌മെൻ, ദി മെറി വൈഫ്‌സ് ഓഫ് വിൻഡ്സോർ എന്നിവയും പ്രദർശിപ്പിക്കും. ഈ ലോക് ഡൗൺ കാലത്ത് ഷേക്സ്പിയറിന്റെ മറ്റു നാടകങ്ങളും, കവിതകളും, വായനകളും ആസ്വാദകരിലേക്കെത്തിക്കാൻ ഗ്ലോബ് ശ്രമിക്കുന്നുണ്ട്. (https://www.shakespearesglobe.com/watch/)

ലണ്ടനിലെ നാഷണൽ തിയേറ്റർ 'നാഷണൽ തിയേറ്റർ അറ്റ് ഹോം' എന്ന പേരിൽ ലോകമെമ്പാടുമുള്ള നാടകപ്രേമികൾക്കായി അവരുടെ നാടകങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ചകളിൽ തുടങ്ങുന്ന ഓരോ നാടകങ്ങളും ഒരാഴ്ച്ചവരെ യൂട്യൂബിൽ ലഭ്യമാകും. ഏപ്രിൽ 2 മുതല് 9 വരെ റിച്ചാർഡ് ബീനിന്റെ One Man, Two Guvnors ആയിരുന്നു പ്രദർശിപ്പിച്ചിരുന്നു. കാർലോ ഗോൾഡോനിയുടെ 1743 ലെ ഇറ്റാലിയൻ നാടകമായ വൺ മാൻ ടു സെർവെന്റ്സിന്റെ ഇംഗ്ലീഷ് ആവിഷ്കാരം ആരാധകർ നല്ലരീതിയിൽ സ്വീകരിച്ചു. സാലി കൂക്സൺ നാടകരൂപത്തിൽ അവതരിപ്പിച്ച ഷാർലെറ്റ് ബ്രോണ്ടിയുടെ പ്രശസ്ത നോവൽ ജെയ്ൻ ഐർ ഏപ്രിൽ 9 മുതൽ 16 വരെ പ്രദർശിപ്പിച്ചു. ഏപ്രിൽ 17 മുതൽ 23 വരെ റോബർട്ട് ലൂയി സ്റ്റീവൻസന്നിന്റെ നോവൽ ട്രഷർ ഐലൻഡ്, ഏപ്രിൽ 23 മുതൽ 30 വരെ ഷേക്സ്പിയറിന്റെ ട്വൽത്ത് നൈറ്റ് എന്നിവയാണ് പ്രദർശിപ്പിക്കുന്നത്. (https://www.nationaltheatre.org.uk/) ഹാംസ്റ്റെഡ് തിയേറ്റർ നിനാ റെയ്‌നിന്റെ ടൈഗർ കൺട്രി ഏപ്രിൽ 20 മുതൽ 26 വരെയും ഹവാർഡ് ബ്രെന്റന്റെ #AIWW: The Arrest of Ai Weiwei എന്നീ നാടകങ്ങൾ ഓൺലൈനായി പ്രദർശിപ്പിക്കും. സ്ട്രാറ്റ്ഫോഡ് ഫെസ്റ്റിവലും ഇത്തവണ ഷേക്‌സ്‌പിയർ നാടകങ്ങൾ ഏപ്രിൽ 23 മുതൽ ഓൺലൈനായി പ്രദർശിപ്പിക്കും. ഇതിനുപുറമെ ഇന്റർനാഷണൽ ഓൺലൈൻ തിയേറ്റർ ഫെസ്റ്റിവൽ ഒട്ടനവധി നാടകങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കുന്നുണ്ട്.

ലണ്ടനിലെ റോയൽ ഒപേറ ഹൗസ് #OurHouseToYourHouse എന്ന ഹാഷ്ടാഗിൽ അവരുടെ യൂട്യൂബ് ചാനലിൽ എല്ലാ വെള്ളിയാഴ്ചകളിലും മുൻകാല ഓപെറകൾ പ്രദർശിപ്പിക്കുന്നുണ്ട്. മാർച്ച് 27 ന് മാത്യു ഹാർട്ടിന്റെ പീറ്റർ ആൻഡ് ദി വുൾഫ്, ഏപ്രിൽ 3 ന് വയ്‌നെ മെക്ഗ്രിഗറിന്റെ Acis and Galatea, ഏപ്രിൽ 10 ന് ജോനാഥൻ മില്ലർ സംവിധാനം ചെയ്ത ‘Così fan tutte’, ഏപ്രിൽ 17 ന് ആർതർ പിറ്റ സംവിധാനം ചെയ്ത കാഫ്കയുടെ ദ മെറ്റാമോർഫോസിസ്, ഏപ്രിൽ 24 ന് ബെഞ്ചമിൻ ബ്രിട്ടന്റെ ഗ്ലോറിയാന, മെയ് 1 ന് ക്രിസ്റ്റഫർ വീഡിൽടൺ സംവിധാനചെയ്ത ഷേക്സ്പിയറുടെ വിന്റേഴ്സ് ടേൽ എന്നിവയാണ് സൗജന്യമായി പ്രദർശിപ്പിക്കുന്നത്. (https://www.roh.org.uk/)

ഇംഗ്ലീഷ് നാഷണൽ ബാലെ (ENB) 'ഇ.എൻ.ബി അറ്റ് ഹോം' എന്ന പേരിൽ അവരുടെ ബാലെ ഫേസ്‌ബുക്ക് പേജിലൂടെയും യൂട്യൂബിലൂടെയും പ്രദശിപ്പിക്കുന്നുണ്ട്. ഏപ്രിൽ 22 ന് പ്രശസ്ത ചിത്രകാരി ഫ്രിഡ കാലോയുടെ ജീവിതത്തെ ആസ്പദമാക്കി അനബെൽ ലോപ്പസ് നൃത്തസംവിധാനം ചെയ്ത ബ്രോക്കൺ വിങ്‌സ് എന്ന ബാലെ 48 മണിക്കൂർ വരെ കാണാവുന്ന രീതിയിൽ ലഭ്യമാക്കും. അടുത്ത ബുധനാഴ്ച്ച ഒന്നാം ലോക മഹായുദ്ധത്തെ ആസ്പദമാക്കിയുള്ള അക്രം ഖാന്റെ ഡസ്റ്റ് പ്രദർശിപ്പിക്കും. (https://www.ballet.org.uk/)

The Shows Must Go On എന്ന പേരിൽ ആൻഡ്രൂ ലോയ്‌ഡ് വെബ്ബറുടെ ഓപെറകൾ യൂട്യൂബ് ചാനൽ വഴി പ്രദർശനം തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ദി ഫാന്റം ഓഫ് ദി ഒപേറയുടെ ഇരുപത്തഞ്ചാം വാർഷിക പതിപ്പ് ഇരുപത്തിനാലു മണിക്കൂറാണ് യൂട്യൂബ് ചാനലിൽ സൗജന്യമായി ലഭിച്ചത്. രണ്ടു ദിവസംകൊണ്ട് പതിനൊന്നു മില്യൺ ജനങ്ങൾ കാണുകയും നാല് ലക്ഷം അമേരിക്കൻ ഡോളർ സ്വരൂപിക്കുകയും ചെയ്തു. ഇതിനുശേഷം വെബ്ബറുടെതന്നെ ലൗ നെവർ ഡൈസ് ഏപ്രിൽ 24 നു സംപ്രേഷണം ചെയ്യാൻ റ്റീരുമാനിച്ചിട്ടുണ്ട്. #stayhomewithme എന്ന ഹാഷ്ടാഗിൽ വെള്ളിയാഴ്ചകളിൽ ആണ് ഓപെറകൾ കാണികളിലേക്കു എത്തുന്നത്. ഒപ്പം ജോസഫ് ആൻഡ് ദി അമേസിങ് ടെക്‌നികളർ ഡ്രീംകോട്ട്, ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ എന്നിവയും സൗജന്യമായി ലഭ്യമാണ്. മെട്രോപൊളിറ്റൻ ഓപെറേയും അതിന്റെ ഓൺലൈൻ വേദി വഴി പഴയ ഓപെറകൾ അവതരിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ വെസ്റ്റ് ഏൻഡ് പോലെയുള്ള ഒട്ടനവധി കലാസ്ഥാപനങ്ങൾ ചെറിയ സംഭാവനകൾ പിരിച്ചുകൊണ്ട് അവരുടെ കലാസൃഷ്ടികൾ ഓൺലൈൻ വഴി ആൽക്കരിലേക്കു എത്തിക്കുന്നുണ്ട്.

ഓൺലൈൻ കാണികൾ പലരും ഒരുമിച്ചിരുന്നു കാണാൻ പറ്റില്ലാത്തതിന്റെ വിഷമത്തിലാണ്. അവർക്കായി പുതിയ രീതികൾ അവലംബിക്കാനും തീയേറ്റർ കമ്പനികൾ ശ്രമിക്കുന്നുണ്ട്. അതുപോലെതന്നെ ഈ മേഖലകളിലൊക്കെ വീട്ടിലിരുന്നുള്ള കലാസ്വാദനം കുറച്ചുകൂടി മികവുറ്റതാക്കാൻ മറ്റു പരീക്ഷണങ്ങളും നടക്കുന്നുണ്ട്. എന്തായാലും ഈ കോവിഡ് കാലത്ത് സാഹിത്യാസ്വാദകർക്കു കിട്ടാവുന്ന ഏറ്റവും വലിയ ആശ്വാസങ്ങളിൽ ഒന്നായിരിക്കും ഇത്തരം ഓൺലൈൻ കലാവിപ്ലവങ്ങൾ.

Related Stories

No stories found.
logo
The Cue
www.thecue.in