പി എഫ് മാത്യൂസ് അഭിമുഖം: മലയാളത്തിലെ നിരൂപകര്‍ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠരെ കൊണ്ടാടുകയാണ് എന്നും ചെയ്തിട്ടുള്ളത്

പി എഫ് മാത്യൂസ് അഭിമുഖം: മലയാളത്തിലെ നിരൂപകര്‍ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠരെ കൊണ്ടാടുകയാണ് എന്നും ചെയ്തിട്ടുള്ളത്

Q

ഹാവിയർ മരിയാസ് പറയുന്നുണ്ടല്ലോ അയാൾ ഒരു ഒഴുക്കിലാണ് എഴുതുന്നത് എന്ന്. ചില എഴുത്തുകാർ പ്ലോട്ട് മൊത്തം ഒരു ചാർട്ടുപോലെയൊക്കെ വരച്ചു വയ്ക്കും എന്ന് പറഞ്ഞിട്ടുണ്ട്. റോയി ഊണിലും ഉറക്കത്തിലും നടക്കാൻ പോകുമ്പോഴും മനസ്സിൽ എഴുതിക്കൊണ്ടിരിക്കും എന്ന് പറയുന്നു. എന്താണ് പിഎഫിന്റെ എഴുത്തു രീതി?

A

എഴുതാന്‍ മനസ്സും ശരീരവും ഒരുങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ ചുറ്റുപാടുകളുമായി ഒരകലമുണ്ടാകുന്നുണ്ട്. സഞ്ചാരം പാതിയും എഴുതുന്ന ലോകത്തിലൂടെയായിരിക്കും. അബദ്ധങ്ങളനവധി സംഭവിക്കും. ചിലപ്പോള്‍ സഹജീവികള്‍ക്കിടയില്‍ ഒരു പ്രാപ്തിയുമില്ലാത്തയാളായും മാറും. ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ അലക്കാനിടുന്ന പാന്‍റ്സിന്‍റെ കീശയില്‍ നിറയെ കുറിപ്പുകളെഴുതിയ കടലാസുകളായിരിക്കും. ഉറക്കം വരുവോളം അതും വച്ചുകൊണ്ട് എഴുതാനിരിക്കും. അതു ചിലപ്പോള്‍ പുലരുന്നതു വരെ നീണ്ടുപോയെന്നും വരും. പിറ്റേന്ന് രാവിലെ ഉറക്കം തീരാതെ ചുവന്നുകലങ്ങിയ കണ്ണുകളുമായി ജോലികള്‍ തുടങ്ങും. എല്ലാം ആവര്‍ത്തിക്കും. ഏറെക്കുറെ ഇങ്ങനെയൊക്കെയാണ് എന്‍റെ ആദ്യ വട്ട എഴുത്ത്. രണ്ടാം കരട് എഴുതുമ്പോഴും പകലുകളെല്ലാം ഇങ്ങനെയൊക്കെ തന്നെയെങ്കിലും രാത്രിയെ കൈവിട്ടുകളയില്ല. കുറച്ചുകൂടി ജാഗ്രത, കുറച്ചു കൂടി സൂക്ഷ്മത, കുറച്ചു കൂടി ഉറക്കം ഒക്കെ ഉണ്ടാകുമെന്നാണ് തോന്നുന്നത്. ഒരു കാര്യം തീര്‍ച്ച. ഒന്നും മനപ്പൂര്‍വ്വം ചിന്തിച്ചുറപ്പിച്ചല്ല എഴുതുന്നത്. എഴുത്തിനിടയിലാണ് തീര്‍ച്ചപ്പെടലുകളുണ്ടാകുന്നത്. പിറ്റേന്ന് അതെല്ലാം തിരുത്തിയെന്നും വരും.

Courtesy SIlverscreen.in
എഡിറ്റു ചെയ്ത് സംഭവങ്ങളെ ക്രമപ്പെടുത്തണമെന്ന് എന്‍റെ തലമുറയിലെ ഒരെഴുത്തുകാരന്‍ നിര്‍ദ്ദേശിച്ചു. അതോടെ എനിക്കാകെ ഭ്രാന്തു പിടിക്കുന്നതു പോലെയായി. ചില സംശയങ്ങള്‍ തീര്‍ക്കാനും ആധികാരികമായ അഭിപ്രായത്തിനുമായി ജോര്‍ജ് ജോസഫ് ആ കൈയ്യെഴുത്തു പ്രതി ഒരു മുതിര്‍ന്ന എഴുത്തുകാരനേക്കൊണ്ടു വായിപ്പിച്ചു. ആദ്യന്തം ഇരുട്ടു മാത്രമുള്ള ഈ നോവല്‍ മലയാളത്തിലാരും ശ്രദ്ധിക്കാനേ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Q

എത്ര ഡ്രാഫ്റ്റുകൾക്കു ശേഷമാണ് ചാവുനിലം ഇപ്പോഴത്തെ പോലെയായത് ? എങ്ങനെയാണ് എഴുത്തു എഡിറ്റ് ചെയ്യാറുള്ളത്? ചാവുനിലം വളരെ നന്നായി എഡിറ്റ് ചെയ്തപോലെ എനിയ്ക്കു തോന്നിയിട്ടുണ്ട്.

A

‘ചാവുനില’ത്തിന്‍റെ തുടക്കം വെറും പതിനെട്ട് പുറങ്ങളുള്ള കരടായിരുന്നു. ഒരിക്കലും പൂര്‍ത്തിയാക്കാതെ ഉപേക്ഷിക്കുന്ന കടലാസുകളുടെ ശ്മശാനത്തില്‍ കുറച്ചു കാലം അതു കിടന്നു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തെട്ട് എണ്‍പത്തൊമ്പത് കാലം. ആയിടക്ക് ഞാനൊരു വീടുമാറി. താമസം തുടങ്ങിയ പുതിയ വാടകവീട്ടിലേക്ക് ആ കടലാസു ശ്മശാനം ചുമന്നുകൊണ്ടു പോയെന്നു മാത്രമല്ല അതില്‍ നിന്നും ‘ചാവുനില’ത്തിന്‍റെ ആദ്യ രൂപം പുറത്തു ചാടുകയും ചെയ്തു.വീണ്ടും വായിച്ചു തുടങ്ങിയപ്പോള്‍ ഇനിയും ഒരുപാട് എഴുതാനുണ്ടെന്നും അതു നീട്ടി വയ്ക്കാന്‍ പാടില്ലെന്നും തോന്നി. അതു വായിക്കാനിടയായ ജോര്‍ജ് ജോസഫും അതാവര്‍ത്തിച്ചു. അങ്ങനെ ആ മഴക്കാലത്ത് പുതിയ വാടക വീട്ടിലെ കുടുസ്സു മുറിയിലിരുന്ന് എഴുത്തു തുടങ്ങി. ആദ്യം പറഞ്ഞതുപോലെ ആത്മാവിനെ വിരിച്ചിടുന്നതു പോലെ രാത്രിയാണെഴുത്തു മുഴുവന്‍. ഒരു വര്‍ഷത്തോളമെടുത്തു നോവലെന്ന് അതിനെ വിളിക്കാനാകുന്ന മട്ടിലെത്തിക്കുവാന്‍. വെളിച്ചപ്പാടിന്‍റെ അനുഷ്ഠാനങ്ങള്‍ പോലെയായിരുന്നു ആ എഴുത്ത് . തലയ്ക്കു മുകളില്‍ ഒരു വാളു തൂക്കിയിട്ടതു പോലെ ഞാനാ എഴുത്തു മേശയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ഭയന്നു. ആ രണ്ടാം ഡ്രാഫ്റ്റ് ചങ്ങാതിമാരായ ജോര്‍ജ് ജോസഫ്, ജോജോ ആന്തണി എന്നിവര്‍ക്കു കൊടുത്തു. അതിലെ കാലം നേര്‍ രേഖയിലല്ലാതെ കുറച്ചു വളഞ്ഞുതിരിഞ്ഞ് വക്രീകരിച്ചായിരുന്നു രൂപം കൊണ്ടിട്ടുള്ളതെന്ന് എനിക്കറിയാമായിരുന്നു. നോവലിലെ കാലവും ജീവിതത്തിലെ കാലവും ഒത്തു പോകുന്നില്ലെന്ന തോന്നല്‍ ചങ്ങാതിമാര്‍ പങ്കുവച്ചു. എനിക്കു മടുത്തിട്ട് ഞാനാ കരട് മാറ്റിവച്ചു. കഷ്ടത നിറഞ്ഞ എന്‍റെ അക്കാലത്തെ ജീവിതത്തിലേക്കു തിരിഞ്ഞു. അധികമങ്ങനെ ആ കടലാസു കെട്ടില്‍ നിന്നു മാറി നില്‍ക്കാനെനിക്കു കഴിഞ്ഞില്ല. ഒരു വലിയ നോട്ട് ബുക്കെടുത്ത് നോവലിലെ കാലവും അതില്‍ സംഭവിക്കുന്ന കാര്യങ്ങളും നോവലിനു പുറത്തുള്ള ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും കുറിക്കാന്‍ തുടങ്ങി. ആ ക്രീയ കഴിഞ്ഞപ്പോള്‍ എന്‍റെ കടലാസുകെട്ടിനെ തികച്ചും അന്യനെ പോലെ കാണാമെന്ന അവസ്ഥയായി. അതിന്‍റെ മൂന്നാം കരടിന്‍റെ പണി തുടങ്ങുന്നത് അങ്ങനെയാണ്. കടലാസുകള്‍ക്ക് ജീവന്‍ വയ്ക്കാന്‍ തുടങ്ങിയെന്നൊക്കെയുള്ള സ്വപ്നങ്ങളുമുണ്ടായി. രാവിലെ ഉണരുമ്പോള്‍ മേശയ്ക്കു കീഴില്‍ കടലാസു ചവറ് പെരുകി. വീണ്ടും ഒമ്പതു പത്തു മാസത്തോളം അതില്‍ കഴിച്ചു കൂട്ടി. വീണ്ടും വാടക വീടു മാറ്റം. ഇത്തവണ കാക്കനാട് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍. കിടപ്പുമുറി തന്നെയാണ് എഴുത്തുമുറി. മൂന്നാം ഡ്രാഫ്റ്റ് വായിക്കാനായി ജോജോ കാത്തിരിക്കുകയായിരുന്നു. ഓരോ താളുകളായി സൂക്ഷ്മ വായന നടത്തി അയാള്‍ ചില തിരുത്തലുകള്‍ നിര്‍ദ്ദേശിക്കും. അതിന്‍റെ മൂന്നിരട്ടി തിരുത്തലുകള്‍ ഞാന്‍ തനിയെ നടത്തിയിട്ടുണ്ടാകും. അതിനിടയില്‍ എഴുത്തു മുടങ്ങി. അപ്പച്ചന്‍ ആശുപത്രിയിലായി. രക്തസമ്മര്‍ദ്ദം ഏറി, വീണു… തലച്ചോറില്‍ രക്തസ്രാവം….അങ്ങനെ ശരീരം തളര്‍ന്നു കിടപ്പിലായി. നാലുമാസത്തെ ആശുപത്രി വാസം കഴിഞ്ഞ് മടങ്ങിയെത്തിയ ഞാന്‍ എഴുതിയവസാനിപ്പിച്ച ഭാഗങ്ങള്‍ പരിശോധിച്ചു. യോനാസച്ചന്‍ വഴിയില്‍ വീഴുകയും രക്തസമ്മര്‍ദ്ദം മൂലം കിടപ്പിലാകുകയും ചെയ്ത ഭാഗത്താണ് നാലു മാസം മുമ്പ് ഞാന്‍ നിര്‍ത്തിയിരിക്കുന്നത്. നല്ല കൗതുകം തോന്നി. കലയെ ജീവിതം അനുകരിക്കുന്നതു പോലെ. വീണ്ടും എഴുത്ത് തീവ്രമാക്കി. നീളമേറിയ വിശദാംശങ്ങള്‍ വെട്ടിച്ചുരുക്കലായിരുന്നു നാലാമെഴുത്തിലെ പ്രധാന ജോലി. ചില പേജുകള്‍ ചെറിയ വാചകങ്ങളായി ചുരുങ്ങി. നോവല്‍ തീരാറായപ്പോള്‍ പുതിയൊരു നരേറ്റര്‍ കയറി വന്നു. പതിവു നോവലുകളില്‍ നിന്നു മാറിപ്പോയ സാധനം വായിച്ചവരൊന്നും അത്ര സന്തുഷ്ടരായി തോന്നിയില്ല. ചിലരൊക്കെ തുറന്നു പറഞ്ഞു. ഒരു കഥാപാത്രത്തിന്‍റെ ജീവിതത്തെ ഒറ്റ വാചകത്തില്‍ തുടങ്ങി അവസാനിപ്പിക്കുന്നത് നന്നല്ല. കാര്യങ്ങള്‍ വായനക്കാരന് കുറച്ചു കൂടി വ്യക്തമാക്കിക്കൊടുക്കണം. മാനം മുട്ടുന്ന പോലെ വളര്‍ത്തിയ കഥാപാത്രത്തെ പെട്ടെന്നങ്ങ് അവസാനിപ്പിച്ചത് ശരിയായില്ല. എല്ലാത്തിനും ഉപരി ഇതൊരു പ്രകാശമില്ലാത്ത ശവം നാറുന്നു പുസ്തകമാണ് എന്നൊക്കെയാണ് എന്‍റെ തലമുറയിലെ സഹജീവികളായ വായനക്കാര്‍ പറഞ്ഞത്. ഏതാണ്ട് ആ സമയത്ത് ഇറങ്ങിയ എന്‍റെ ‘ഞായറാഴ്ച മഴ പെയ്യുകയായിരുന്നു’ എന്ന കഥാ സമാഹാരം വന്‍ തോല്‍വിയാണെന്ന് വായിച്ചവരെല്ലാം പറയുകയും ചെയ്തു. അപ്പോഴാണെനിക്ക് എന്‍റെ എഴുത്തു വഴി തല തിരിഞ്ഞു നില്‍ക്കുന്ന ഒന്നാണെന്നും മുകുന്ദന്‍ തുടങ്ങിയ അസ്തിത്വവാദികളെ ആഘോഷിച്ചു തീരാത്ത ആ കാലത്ത് എനിക്കു വലിയ ഭാവിയൊന്നുമില്ലെന്നും തിരിച്ചറിഞ്ഞത്.തന്നെയുമല്ല അന്നും മലയാളത്തിലെ വലിയ എഴുത്തുകാരന്‍ എംടി തന്നെയായിരുന്നു. എന്‍റെ തലമുറയിലുള്ള വായനക്കാരെ സാഹിത്യം എഴുതി രസിപ്പിക്കാന്‍ എനിക്കാവില്ലെന്നും മനസ്സിലാക്കി. ജോജോ ആന്തണിയാണെന്‍റെ നോവലിന്‍റെ അവസാനം വരേയുള്ള വായനക്കാരന്‍. അയാള്‍ക്ക് ആ നോവലില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. അങ്ങനെ അവസാനത്തെ മിനുക്കു പണികള്‍ക്കായി ഞാനിരുന്നു. അപ്പോഴും നോവല്‍ തീരുന്നില്ല എന്ന തിരിച്ചറിവ് എന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞു. ഇതു തീരാനേ പോകുന്നില്ല..ഞാന്‍ ജോജോയോടു പറഞ്ഞു. അത് എഡിറ്റു ചെയ്ത് സംഭവങ്ങളെ ക്രമപ്പെടുത്തണമെന്ന് എന്‍റെ തലമുറയിലെ ഒരെഴുത്തുകാരന്‍ നിര്‍ദ്ദേശിച്ചു. അതോടെ എനിക്കാകെ ഭ്രാന്തു പിടിക്കുന്നതു പോലെയായി. ചില സംശയങ്ങള്‍ തീര്‍ക്കാനും ആധികാരികമായ അഭിപ്രായത്തിനുമായി ജോര്‍ജ് ജോസഫ് ആ കൈയ്യെഴുത്തു പ്രതി ഒരു മുതിര്‍ന്ന എഴുത്തുകാരനേക്കൊണ്ടു വായിപ്പിച്ചു. ആദ്യന്തം ഇരുട്ടു മാത്രമുള്ള ഈ നോവല്‍ മലയാളത്തിലാരും ശ്രദ്ധിക്കാനേ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതോടെ നല്ല സമാധാനമായി. ഞാനെന്‍റെ പരിപാടികള്‍ എല്ലാം അവസാനിപ്പിച്ച് നോവല്‍ മാറ്റിയിട്ട് ‘മിഖായേലിന്‍റെ സന്തതികള്‍’ എന്ന ടെലിവിഷന്‍ പരമ്പര എഴുതാന്‍ തുടങ്ങി.

Q

ആരാണ് പ്രിയപ്പെട്ട എഴുത്തുകാരൻ, എന്തുകൊണ്ട്?

A

ഓരോ കാലഘട്ടത്തിലും ഓരോ എഴുത്തുകാരായിരുന്നു എനിക്കുണ്ടായിരുന്നത്. കോട്ടയം പുഷ്പനാഥ്, ദുര്‍ഗ്ഗാ പ്രസാദ് ഖത്രി, ബഷീര്‍, ദസ്തയേവ്സ്ക്കി, ഓ.വി. വിജയന്‍, മേതില്‍, ടിആര്‍, കഫ്ക്ക, ഡെമട്രിയൊ ആഗ്വിലേറ മാള്‍ട്ട, കവാബാത്ത, മാര്‍ക്വേസ്, കസാന്‍ ദ് സാക്കീസ്, യോസ, കുന്ദേര, പെസോവ, ചെക്കോവ് എന്നിങ്ങനെ അവര്‍ മാറിക്കൊണ്ടേയിരുന്നു. ഒരാളിലും തൃപ്തിപ്പെടാനാകാത്ത മാനസീകാവസ്ഥ എപ്പോഴുമുണ്ടായിരുന്നുവെന്നതാണ് സത്യം.

Q

ആവർത്തിച്ചു വായിയ്ക്കുന്ന നോവലുകൾ, ചെറുകഥകൾ, എഴുത്തുകാരൻ - അങ്ങനെയെന്തെങ്കിലും? ഇവ എഴുത്തിനെ എങ്ങനെയാണു സ്വാധീനിയ്ക്കുന്നത്?

A

പല കൃതികളും ആവര്‍ത്തിച്ചു വായിക്കാന്‍ ആഗ്രഹിക്കുകയും തുടങ്ങുമ്പോഴേക്കും ഇനിയതു വായിക്കേണ്ടതില്ലെന്നു മനസ്സു പറയുകയും അങ്ങനെ അതു വിട്ടു പോകുകയുമൊക്കെയാണ് പതിവ്.

Q

ഇരുപത്തഞ്ചോളം വർഷങ്ങൾ വിസ്മൃതിയിലായ ഒരു നോവലിന്റെ എഴുത്തുകാരൻ - സൃഷ്‌ടിപരമായി, എങ്ങനെയാണ് ആ വർഷങ്ങൾ കഴിച്ചു കൂട്ടിയത്? മലയാള നിരൂപണത്തിന്റെ പരാജയമായി അതിനെ കാണുന്നുണ്ടോ?

A

നോവലിനെ അന്നത്തെ നിരൂപകരും വായനക്കാരും തീര്‍ത്തും അവഗണിച്ചു എന്നത് സത്യമാണ്. അല്ലെങ്കിലും മലയാളത്തിലെ നിരൂപകര്‍ മുഖ്യധാരയിലെ ലബ്ധ പ്രതിഷ്ഠരെ കൊണ്ടാടുകയാണ് എന്നും ചെയ്തിട്ടുള്ളത്. എംടി, പത്മനാഭന്‍, വികെഎന്‍, മുകുന്ദന്‍, കാക്കനാടന്‍ തുടങ്ങിയ സ്വയം ആവര്‍ത്തിച്ചുകൊണ്ടിരുന്ന എഴുത്തുകാരേക്കുറിച്ച് നിരൂപകരും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഫ്രഞ്ച് അസ്തിത്വവാദത്തോടെയാണ് സാഹിത്യം ഉല്‍ഭവിച്ചത് എന്ന മട്ടിലായിരുന്നു കെ.പി.അപ്പനേപ്പോലെയുള്ളവര്‍ പെരുമാറിയിരുന്നത്. സെന്‍സിബിലിറ്റിയില്‍ തകരാറുകളുണ്ടായിരുന്നുവെങ്കിലും എം.കൃഷ്ണന്‍ നായരോടാണ് എനിക്കിപ്പോള്‍ കുറച്ചെങ്കിലും കൃതജ്ഞത തോന്നുന്നത്. വളരെ നിഷ്ക്കളങ്കമായി നടത്തിയ താരതമ്യ പഠനങ്ങളാണ് അദ്ദേഹത്തിന്‍റെ എഴുത്തു രീതിയെങ്കിലും അതിലെ സത്യസന്ധതയും പക്ഷപാതമില്ലായ്മയും കൗതുകകരമായി തോന്നിയിട്ടുണ്ട്.

ഈ രണ്ടു ദശാബ്ദത്തിലേറെ കാലം ഞാന്‍ സാഹിത്യം വിട്ടുകളയുക തന്നെയാണ് ചെയ്തത്. കരിങ്കല്‍ഭിത്തികളോടു സംസാരിക്കാന്‍ ആര്‍ക്കാണു കഴിയുക. ഞാന്‍ മുഴുവനായും സോപ് ഓപ്പെറ എഴുത്തിലേക്കു തിരിഞ്ഞു. അക്കാലത്തെ എന്‍റെ ചങ്ങാതിമാരായ എഴുത്തുകാരെല്ലാം ‘നീ തീര്‍ന്നടാ’ എന്ന മട്ടില്‍ പ്രതികരിച്ചതും ഓര്‍ക്കുന്നുണ്ട്. ജീവിതം മുഴുവന്‍ സാര്‍ത്ഥകമായും അര്‍ത്ഥവത്തായും ചെലവഴിച്ച ഒരാളല്ല ഞാന്‍. ധാരാളം അസംബന്ധങ്ങളിലൂടെ അറിഞ്ഞും അറിയാതേയും കടന്നു പോയിട്ടുണ്ട്. ഈ സോപ്പ് ഓപ്പെറ കാലത്തിന്‍റെ ഏറ്റവും നല്ല കാര്യമെന്താണെന്നു ചോദിച്ചാല്‍ വാടക വീടുകളില്‍ നിന്നു സ്വന്തമായ വീട്ടിലേക്കു മാറാനെനിക്കു കഴിഞ്ഞു എന്നതാണ്. ചെറുകഥയ്ക്ക് നാല്പതു രൂപ പോലും തരാന്‍ മറക്കുന്ന പത്രങ്ങളായിരുന്നു അക്കാലത്തുണ്ടായിരുന്നത് എന്നും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

മലയാളത്തിലെ നിരൂപകര്‍ മുഖ്യധാരയിലെ ലബ്ധ പ്രതിഷ്ഠരെ കൊണ്ടാടുകയാണ് എന്നും ചെയ്തിട്ടുള്ളത്. എംടി, പത്മനാഭന്‍, വികെഎന്‍, മുകുന്ദന്‍, കാക്കനാടന്‍ തുടങ്ങിയ സ്വയം ആവര്‍ത്തിച്ചുകൊണ്ടിരുന്ന എഴുത്തുകാരേക്കുറിച്ച് നിരൂപകരും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഫ്രഞ്ച് അസ്തിത്വവാദത്തോടെയാണ് സാഹിത്യം ഉല്‍ഭവിച്ചത് എന്ന മട്ടിലായിരുന്നു കെ.പി.അപ്പനേപ്പോലെയുള്ളവര്‍ പെരുമാറിയിരുന്നത്.
Q

ഇപ്പോഴുള്ള മലയാള നിരൂപകരിൽ ആരെയാണ് പി എഫ് പിന്തുടരുന്നത്? എന്തുകൊണ്ട്? സ്വന്തം കൃതികളുടെ നിരൂപണങ്ങൾ വായിയ്ക്കാറുണ്ടോ?

A

ഇപ്പോഴുള്ള അറിയപ്പെടുന്ന നിരൂപകരെ ആരേയും പിന്തുടരുവാനെനിക്കു തോന്നിയിട്ടില്ല എന്നതാണ് സത്യം. ഫിക്ഷനെഴുതുന്ന എന്‍.എസ് മാധവനേപ്പോലെയുള്ളവര്‍ സാഹിത്യലേഖനങ്ങളെഴുതുമ്പോഴുണ്ടാകുന്ന രസനീയത പോലും ഈ നിരൂപകര്‍ക്കു പകരാനാകുന്നില്ല. പുതിയ തലമുറയില്‍ നിന്ന് അര്‍ത്ഥവത്തായ നിരൂപണവും നിരൂപകരുമുണ്ടാകുന്നുവെന്നു പ്രതീക്ഷിക്കുന്നുണ്ട്. അത് അനിവാര്യവുമാണ്.

എന്നെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധയോടെ വായിക്കാറുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും പുറത്തു വന്ന എന്‍റെ കൃതികളേക്കുറിച്ച് ഏറ്റവും കൂടുതല്‍ എഴുതിയത് അഭിലാഷിന്‍റെ തലമുറയില്‍പ്പെട്ട ‘ഓണ്‍ലൈന്‍ എഴുത്തുകാര്‍’ എന്ന് ആക്ഷേപിക്കപ്പെട്ട എഴുത്തുകാര്‍ തന്നെയാണ്. അതും രണ്ടായിരത്തി ഒമ്പത്, പത്ത് കാലങ്ങളില്‍. ‘ചാവുനില’വും തുടര്‍ന്നെഴുതിയ ‘ഇരുട്ടില്‍ ഒരു പുണ്യാളനു’ം വായനക്കാരുണ്ടായത് അങ്ങനെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

Q

വിദേശ സാഹിത്യത്തിലുള്ള സംഭവഗതികൾ പിന്തുടരാറുണ്ടോ? ഇഷ്ടപ്പെട്ട ഏതെങ്കിലും സമകാലീന എഴുത്തുകാരെക്കുറിച്ചു പറയാമോ?

A

ഞാനൊരു നല്ല വായനക്കാരനായി എന്നെ കാണുന്നില്ല. ഈ നിമിഷം വായിക്കാന്‍ ശ്രമിക്കുന്നത് ഏറ്റവും പഴയ സെര്‍വാന്‍റീസിനേയാണ്. തേജു കോള്‍, ജോര്‍ജ് സോണ്ടേഴ്സ്, കസുവോ ഇഷിഗുറോ, ചിമാമന്‍റാ എന്‍ഗോസി അദീചി തുടങ്ങിയ ഏതാനും കുറച്ചു സമകാലീകരിലൂടെ കടന്നു പോയിട്ടുണ്ട്.

Q

ഇന്റെർനെറ്റിലോ, പ്രസിദ്ധീകരങ്ങളിലോ സ്ഥിരമായി വായിയ്ക്കുന്ന കോളങ്ങളോ, മറ്റോ?

A

ഇല്ല.

Q

മാജിക്കൽ റിയലിസം പൊതുവെ പി എഫിന്റെ എഴുത്തുമായി ബന്ധപ്പെടുത്തി പറയുന്നത് എപ്പോഴും കേൾക്കാറുണ്ട്. എഴുതുമ്പോൾ ഇങ്ങനെയുള്ള സങ്കേതങ്ങളെപ്പറ്റി ആലോചിയ്ക്കാറുണ്ടോ?

A

അത് കൃതിയെ വിശദീകരിക്കുന്നവരുടെ തലവേദനയാണെന്നാണ് എന്‍റെ തോന്നല്‍.

Q

മാർകേസോ, യോസയോ? എന്തുകൊണ്ടെന്ന് ചുരുക്കിപ്പറയാമോ?

A

ആദ്യം വായിച്ചത് മാര്‍ക്കേസായിരുന്നു. നോബല്‍ സമ്മാനത്തിനും മുമ്പ്. ‘റ്റ്യുസ്ഡേ സിയേസ്റ്റ’യും മറ്റും വായിച്ച് വീണുപോയി. അദ്ദേഹത്തിന് വല്ലാത്തൊരു വശീകരണ ശക്തിയുണ്ട്. ക്രോണിക്കള്‍ ഓഫ് എ ഡെത്ത് ഫൊര്‍ടോള്‍ഡ് ഒക്കെ വായിക്കുന്ന വായനക്കാരന്‍ മയക്കു മരുന്നിനെന്നതു പോലെ അടിമയാകും. അതു നല്ലതല്ല. യോസ സ്വയം ആവര്‍ത്തിക്കാന്‍ മടിക്കുന്ന എഴുത്തുകാരനാണെന്നു തോന്നിയിട്ടുണ്ട്. വേറെ വേറെ വഴികള്‍ നോക്കുന്നയാളാണ്. മാര്‍ക്കേസിനെ കൈവിട്ടപ്പോഴും യോസയെ വിട്ടില്ല.

Q

ബഷീറോ, വിജയനോ?

A

വിജയനേയും ബഷീറിനേയും താരതമ്യപ്പെടുത്തി പറയാന്‍ എനിക്കു സാധിക്കില്ല. ആദ്യ കാലഘട്ടത്തില്‍ എന്നെ സ്വാധീനിക്കുകയും വഴി നടത്തിക്കുകയും ചെയ്ത വലിയ എഴുത്തുകാരന്‍ തന്നെയാണ് ബഷീര്‍്. സാഹിത്യത്തെ മനുഷ്യന്‍റെ വ്യവഹാര ഭാഷയിലേക്ക് മാറ്റിയെഴുതിയത് മലയാളത്തേ സംബന്ധിച്ചിടത്തോളം വലിയൊരു ചാട്ടമായിരുന്നു. അതിലെ നര്‍മ്മം ആര്‍ദ്രത ഒക്കെ വളരെ ലോലവുമാണ്. എന്നിരുന്നാലും എന്‍റെ ചെറുപ്പകാലത്തെ എഴുത്തുകാരന്‍ വിജയന്‍ തന്നെ. കഥയും ആശയങ്ങളും നാടകീയമായി പറയുന്നതിനപ്പുറമാണ് എഴുത്ത് എന്നും അതെങ്ങനെ സാഹിത്യമാകുമെന്നും ഒക്കെ വിജയന്‍ എഴുതിക്കാണിച്ചു. അദ്ദേഹം സ്വയം ആവര്‍ത്തിച്ചുവെങ്കില്‍പ്പോലും കുടുംബ കഥയെഴുത്തും അനുഭവമെഴുത്തും കൊണ്ടു വശം കെട്ട മലയാളത്തില്‍ ഫിക്ഷനെഴുതാന്‍ ശ്രമിച്ചയാളാണ് വിജയന്‍. ബഷീറിനെ എനിക്കിഷ്ടമാണെങ്കില്‍പ്പോലും അദ്ദേഹത്തിന്‍റെ ജീവിതാനുഭവത്തേക്കുറിച്ചും മറ്റുമുള്ള ആവര്‍ത്തന കൃഷി കണ്ടും പറഞ്ഞ് കേട്ടും വല്ലാതെ മുഷിഞ്ഞിട്ടുണ്ട്. വിജയന്‍ മലയാളത്തില്‍ ആധുനികത കൊണ്ടുവന്നയാളാണെന്നു തന്നെ വിശ്വസിക്കുന്നു.

Q

പാറപ്പുറത്തോ, ഉറൂബോ?

A

രണ്ടു പേര്‍ക്കും ചരിത്രപരമായ പ്രസക്തിയുണ്ട്.ഘടനാപരമായി നോവല്‍ എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കുന്നതില്‍ രണ്ടു പേരും പങ്കു വഹിച്ചിട്ടുണ്ട്. ‘അരനാഴികനേരം’ എന്ന ഒരൊറ്റ കൃതി കൊണ്ടാണ് ഞാന്‍ പാറപ്പുറത്തിനെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നത്. ‘സുന്ദരികളും സുന്ദരന്മാരും,’ ‘അണിയറ’ , ‘ഉമ്മാച്ചു’ തുടങ്ങിയ കൃതികളെഴുതിയ ഉറൂബ് മലയാള സാഹിത്യത്തില്‍ തലയെടുപ്പുടെ ഇന്നും നിലനില്ക്കുന്നുണ്ട്.

Q

എംടിയോ, സേതുവോ?

A

എംടിക്കും നേരത്തേ പറഞ്ഞ ചരിത്രപരമായ പ്രസക്തിയുണ്ട്. മലയാളി വായനക്കാരന്‍റെ ഇടത്തരം അഭിരുചിയെ ഏറെ പോഷിപ്പിച്ച എഴുത്തുകാരനാണ് എംടിയെന്നു തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആഴമേറിയ വായനയും നിരീക്ഷണങ്ങളും ഫിക്ഷനില്‍ അധികം നിഴലിച്ചു കണ്ടിട്ടില്ല. രണ്ടാം വായനയില്‍ ശകലം ഓവര്‍ റേറ്റഡായി തോന്നിയെങ്കിലും ‘പാണ്ഡവപുരം’ എഴുതിയ സേതുവിനേയും ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്.

Q

വിക്ടർ ലീനസോ, സന്തോഷ് കുമാറോ?

A

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇടക്കു വച്ച് എഴുത്തു നിര്‍ത്തിക്കളഞ്ഞയാളാണ് വിക്ടര്‍ ലീനസ്. എന്നാലും വിവരണകലയില്‍ സ്വന്തം വഴി കണ്ടെത്തിയ എഴുത്തുകാരനാണയാള്‍. ഇപ്പോള്‍ വായിച്ചാലും ചെടിപ്പിക്കാത്ത മട്ടിലുള്ള എഴുത്തു തന്നെയാണ്. ഇ. സന്തോഷ്കുമാറിനേയും വിക്ടറേയും ചേര്‍ത്തു വച്ചാലോചിക്കാനെനിക്കു സാധിക്കില്ല. എങ്കില്‍പ്പോലും സന്തോഷിന്‍റെ ഇതു വരേയുള്ള കഥകള്‍ വായിക്കുമ്പോള്‍ അയാള്‍ ഇനിയും മികച്ച കഥകളെഴുതാന്‍ പ്രാപ്തിയുള്ള ഒരു എഴുത്തുകാരനായിത്തന്നെയാണ് തോന്നിയിട്ടുള്ളത്. അയാള്‍ സ്വയം എവിടേയും പ്രതിഷ്ഠിച്ചിട്ടില്ല എന്നത് ആശാവഹമാണ്. എഴുത്തിലെ അനുസ്യൂതമായ ഒഴുക്ക് നിലനിര്‍ത്തിയിട്ടുമുണ്ട്.

Q

ദേശമെഴുത്തിന്റെ ഒരു ടെംപ്ലേറ്റ് പി എഫ് സൃഷ്ടിച്ചെടുത്തതായി എനിയ്ക്കു തോന്നാറുണ്ട്. ഒരു പക്ഷെ, അതുവരെയില്ലാത്ത ഒന്ന്. അത് പിന്നീട് വന്ന പല എഴുത്തുകാരും നല്ല രീതിയിലും അല്ലാതെയും ഉപയോഗപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ ആലോച്ചിട്ടുണ്ടോ?

A

സത്യം പറഞ്ഞാല്‍ ഞാനങ്ങനെയൊന്നും ചിന്തിച്ചിട്ടില്ലന്നേ.

Q

ഈ എഴുത്തിന് കൃത്യമായ ഒരു രാഷ്ട്രീയവുമുണ്ടല്ലോ, എങ്ങനെയാണ് അതിലെത്തിയത്?

A

അതു വിശദീകരിക്കാന്‍ പ്രയാസമാണ്. എന്നാലും പറഞ്ഞു നോക്കാം. ഇടത്തരക്കാരന്‍റേയും താഴേക്കിടയിലുള്ളവരുടേയും നടുവിലാണ് ഞാന്‍ ജീവിച്ചത്. ധീവര സമുദായാംഗങ്ങള്‍ താമസിച്ചിരുന്ന ഒരു കോളനിയിലായിരുന്നു ബാല്യം. കുട്ടിക്കാലം മുതലേ തന്നെ അവിടത്തെ പൊതുമൈതാനത്തില്‍ രാഷ്ട്രീയ യോഗങ്ങള്‍ നടന്നിരുന്നു. ഇന്നേവരെ ഒരു രാഷ്ട്രീയ സംഘടനയിലും അംഗമായിട്ടില്ലെങ്കില്‍പ്പോലും തുടക്കത്തിലേ വ്യക്തമായ രാഷ്ട്രീയ ധാരണ എനിക്കുണ്ടായിരുന്നു എന്നാണെന്‍റെ വിചാരം. അനുഭവങ്ങളില്‍ നിന്നോ ചുറ്റുപാടുകളോടുള്ള പ്രതിപ്രവര്‍ത്തനത്തില്‍ നിന്നോ രൂപപ്പെടുന്നതാകാം. പള്ളിയും ക്രിസ്ത്യാനികളും നെഹ്റു കുടുംബത്തെ പിന്തുണക്കുന്ന ഒരു ചുറ്റുപാടുണ്ടായിരുന്നു. അടിയന്തിരാവസ്ഥയില്‍പ്പോലും അവരതില്‍ നിന്നു വ്യതിചലിച്ചിരുന്നില്ല എന്നത് വല്ലാതെ അതിശയിപ്പിച്ചിരുന്നു. മതത്തിലെ ഏകാധിപത്യ ചട്ടക്കൂട് കുടുംബത്തിലുമുണ്ടായിരുന്നു. പുസ്തകവായന പോലും നിഷിദ്ധമായ അന്തരീക്ഷത്തില്‍ അതിനെ മറികടക്കാന്‍ ധിക്കാരമല്ലാതെ മറ്റു വഴികളില്ല. സ്വാഭാവികമായും മതത്തിലും രാഷ്ട്രീയത്തിലുമുള്ള അതോറിറ്റേറിയനിസമാണ് നമ്മളെ ഇട്ട് തട്ടിക്കളിക്കുന്നതെന്ന ബോധ്യമുണ്ടായി. വന്‍മതിലുകളില്‍ തലയിടിച്ചു വീണു മരിക്കാനാണ് ചിന്തിക്കുന്ന മനസ്സുകളുടെ നിയോഗം. ക്രിസ്ത്യാനികളുടെ പത്തു കല്പനകളില്‍ ആദ്യത്തെ കല്‍പ്പന തന്നെ നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്നാണ്. സ്വാഭാവികമായും അടിച്ചേല്‍പ്പിക്കപ്പെട്ട ഈ കല്‍പ്പന നമ്മളെ പ്രകോപിതരാക്കും. എന്നാലത് പുറമേക്ക് പ്രകടമാക്കാനുമാകില്ല. ‘തെമ്മാടിക്കുഴി’ ‘മഹറോന്‍’ ചൊല്ലല്‍ തുടങ്ങിയ ശിക്ഷാവിധികള്‍ വഴി തെറ്റുന്നവര്‍ക്കു ഭീഷണിയായി സഭ ഉയര്‍ത്തിയിട്ടുണ്ട്. ഇതു സഭയുടെ മാത്രം വിഷയമല്ല ഇടതു തത്വശ്ശാസ്ത്രം പിന്‍പറ്റുന്ന പാര്‍ട്ടികളുടേയും തീവ്ര വലതു പക്ഷത്തുള്ള പാര്‍ട്ടികളുടേയും എല്ലാ മതസംഘടനകളുടേയും ഘടന അതു തന്നെയാണ്. അതിന്‍റെ അംഗങ്ങളെ പേടിപ്പിച്ച് കൂടെ നിര്‍ത്തുക എന്നതു തന്നെ. ‘പരാജയപ്പെട്ട ദൈവ’ത്തേക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു പോലും ഇവിടെ പ്രസക്തിയില്ലായിരുന്നു. ചാവുനിലം എഴുതിക്കൊണ്ടിരിക്കുന്ന കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവം ടിയാനെന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കൊലയാണെന്നു ഞാനോര്‍ക്കുന്നു. അക്കാലത്ത് അതേക്കുറിച്ചു സംസാരിക്കാതെ ആര്‍ക്കും മുന്നോട്ടു പോകാനാകില്ലായിരുന്നു. ജനാധിപത്യം കേറാത്ത അറകളില്‍ തന്നെയാണ് നമ്മുടെ പൊതുജീവിതം സംഭവിക്കുന്നതെന്ന വിചാരം ചെറുപ്പകാലത്ത് തന്നെ ഉള്ളില്‍ കയറിക്കൂടിയിരുന്നുവെങ്കിലും ഓരോ ദിനവും അതു കൂടുതല്‍ ശക്തി പ്രാപിക്കുകയാണുണ്ടായത്. തീര്‍ച്ചയായും ഇതെല്ലാം അനുഭവങ്ങളില്‍ നിന്നു തന്നെ രൂപപ്പെട്ടു വരുന്നതാണ്. ഇപ്പോള്‍ പോലും എഴുത്തില്‍ രാഷ്ട്രീയ ബോധ്യം പ്രകടമാക്കുന്ന പലരും സ്ഥാപനങ്ങളുടെ ഏകാധിപത്യത്തിനു വഴങ്ങിക്കൊടുക്കുന്നതു കണ്ടിട്ടുണ്ട്. വര്‍ഗ്ഗീയവാദികള്‍ക്കു വേണ്ടി എഴുത്തുകാരനേയും പത്രാധിപരേയും ഒരേപോലെ തള്ളിക്കളഞ്ഞ മാധ്യമ സ്ഥാപനത്തെ എത്ര താഴ്മയോടെയാണ് പുതിയതും പഴയതുമായ എഴുത്തുകാര്‍ താലോലിക്കുന്നത്. മാതൃഭൂമിയോടുള്ള വിധേയത്വത്തേക്കുറിച്ചു തന്നെയാണ് പറഞ്ഞത്. രാഷ്ട്രീയ ബോധ്യങ്ങളേക്കാള്‍ സാമാന്യബോധമെങ്കിലും ഉണ്ടാകണേ എന്നതാണ് ഈ നിമഷം ആഗ്രഹിച്ചു പോകുന്നത്.

Q

വിഷ്വൽ ആയി എഴുതുന്ന ആൾ എന്ന നിലയിൽ സിനിമയിലേയ്ക്കുള്ള മാറ്റം എളുപ്പമായിരുന്നോ? സിനിമയിൽ പക്ഷെ കൂട്ടായ പ്രവർത്തിയാണല്ലോ, നോവൽ എഴുതുന്നത് ഏകാന്തമായ ഒന്നും. ഈ പൊരുത്തപ്പെടൽ എങ്ങനെയാണ് സാധിയ്ക്കുന്നത്, പ്രത്യേകിച്ചും ശക്തമായ അഭിപ്രായങ്ങളുള്ള ആൾ, എന്നെനിയ്ക്കു തോന്നിയിട്ടുള്ളതുകൊണ്ട്?

A

സിനിമ മൂന്നെണ്ണമാണ് എഴുതിയിട്ടുള്ളത്. ‘കുട്ടിസ്രാങ്ക്’ ഒഴികേയുള്ള ചിത്രങ്ങളെല്ലാം എന്‍റെ നല്ലതും ചീത്തയുമായ വശങ്ങളറിയാവുന്ന ചങ്ങാതിമാരൊത്തായിരുന്നു. അവര്‍ക്കെന്നെ അറിയാം. എനിക്കവരേയും. അതുകൊണ്ടു തന്നെ ചില്ലറ സംഘര്‍ഷങ്ങളോടെ അവ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വിഷ്വല്‍ എഴുതുന്നയാള്‍ എന്നത് തികച്ചും ഉപരിപ്ളവമായ കാര്യമാണ്. സിനിമ എഴുതുമ്പോള്‍ നമ്മള്‍ കാഴ്ചപ്പാടുകളും നിലപാടുകളും തന്നെയാണ് എഴുതുന്നത് എന്നു തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് 1962 ല്‍ കെന്‍കെസി എഴുതിയ ‘വണ്‍ ഫ്ളൂ ഓവര്‍ ദ കൂക്കൂസ് നെസ്റ്റ് ‘ എന്ന നോവല്‍ അമേരിക്കയില്‍ അക്കാലത്ത് മനോരോഗാശുപത്രികളില്‍ രോഗികള്‍ക്ക് പരീക്ഷണാര്‍ത്ഥം നല്‍കിയിരുന്ന മയക്കുമരുന്നിന്‍റെ ദുരിതഫലങ്ങളേക്കുറിച്ചായിരുന്നു. സിഐഎയുടെ നിര്‍ദ്ദേശമനുസരിച്ച് നടപ്പാക്കിയ ആ പരീക്ഷണം ഒരു മുതലാളിത്ത രാജ്യം തങ്ങളുടെ പൗരന്മാരുടെ ജീവിതം കുട്ടിച്ചോറാക്കുന്നതിനേക്കുറിച്ചും അതിന്‍റെ രാഷ്ട്രീയത്തേക്കുറിച്ചുമായിരുന്നു. 1975 ല്‍ അതു സംവിധാനം ചെയ്ത മിലോസ് ഫോര്‍മാന്‍ ചെക്കസ്ലോവാക്യക്കാരനായിരുന്നു. കമ്യൂണിസ്റ്റ് ഇടപെടലിന്‍റെ ദുരിതങ്ങളെല്ലാം കണ്ടു വന്ന അദ്ദേഹം ആ സിനിമ പൂര്‍ത്തിയാക്കിയപ്പോള്‍ അത് അതോറിറ്റേറിയനിസത്തിനെ വെല്ലുവിളിക്കുന്ന ഒന്നായി മാറി. 1986 ല്‍ മലയാളിയായ പ്രിയദര്‍ശന്‍ ‘താളവട്ട’മാക്കിയപ്പോള്‍ സംഭവിച്ചതെന്താണെന്നും അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടുകളെന്താണെന്നും നമുക്കറിയാം. കാണുന്നത് വിവരിക്കുന്നവനല്ല നല്ല തിരക്കഥാകൃത്ത് എന്നു തന്നെയാണ് എന്‍റെ തോന്നല്‍. നോവലിലെ കാഴ്ചകള്‍ അതിമനോഹരമായി വര്‍ണ്ണിക്കാന്‍ ത്രാണിയുളള പലരും തിരക്കഥാ രചനയില്‍ പരാജയപ്പെടുന്നതും കണ്ടിട്ടുണ്ട്. എന്നിരുന്നാലും നോവലെഴുതുമ്പോള്‍ നമ്മള്‍ തനിയെ നമ്മുടെ തോന്ന്യാസത്തിനു സൃഷ്ടിച്ച ആ ലോകവും അവിടെ കിട്ടുന്ന പരമാധികാരവുമുണ്ടല്ലോ അത് ജീവിതത്തിലെ മറ്റൊരു മുഹൂര്‍ത്തത്തിലും കിട്ടാനിടയില്ലാത്തതു തന്നെയാണ്. അതുകൊണ്ടു തന്നെയാണ് നന്നാകാത്തതിനാല്‍ അച്ചടിക്കാതെ അലമാരയില്‍ അടച്ചു പൂട്ടി വച്ച നോവലുകളെഴുതാന്‍ ചെലവഴിച്ച കാലം നഷ്ടമായി എന്നെനിക്കു തോന്നാത്തത്.

Q

സിനിമയിലെ ജോലി, അത്തരം സാധ്യതകൾ, ഫിക്ഷൻ എഴുത്തിനെ ബാധിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ? ഉദാഹരണത്തിന്, പല എഴുത്തുകാരും ഇപ്പോൾ സിനിമ ആകാൻ വേണ്ടിയാണ് ചെറുകഥയെഴുതുന്നത് എന്ന് തോന്നിയിട്ടുണ്ട് (മേൽപ്പറഞ്ഞ ടെംപ്ളേറ്റ് അങ്ങനെ വന്നതാണോ എന്ന സംശയവും എനിയ്ക്കുണ്ട്)

A

സിനിമ എഴുതുന്ന സമയത്ത് നാലു വരി കഥ പോലും എഴുതാന്‍ പറ്റാറില്ല. സിനിമയാകാന്‍ വേണ്ടി ഇതേവരെ സാഹിത്യകൃതികളൊന്നും തന്നെ രചിച്ചിട്ടുമില്ല. ഇനിയൊട്ടു രചിക്കാനും പോകുന്നില്ല. സിനിമ എഴുതുന്നതിനേക്കാള്‍ ആയിരം ഇരട്ടി സന്തോഷം കിട്ടുന്നത് നോവലെഴുതുന്ന നേരത്തു തന്നെയാണ്. എന്തൊക്കെ അവകാശപ്പെട്ടാലും സിനിമ എഴുത്തുകാരന്‍റെ കലയേയല്ല എന്നാണെന്‍റെ വിശ്വാസം. പിന്നെന്തുകൊണ്ടു സിനിമ എഴുതുന്നു എന്നു ചോദിച്ചാല്‍ രണ്ടുത്തരമുണ്ട്. ഒന്ന്, ആ ജോലിയില്‍ നിന്നു മാത്രമാണ് എഴുത്തുകാരന് മാന്യമായ ശമ്പളം കിട്ടുന്നത്. രണ്ട്, എനിക്ക് സിനിമ വളരെ ഇഷ്ടമാണ്.

Q

കേരളത്തിലെ ഇപ്പോഴുള്ള സാഹിത്യ ചർച്ചകളെ എങ്ങനെ കാണുന്നു, പ്രത്യേകിച്ചും സാഹിത്യോത്സവങ്ങളിൽ ഒക്കെ നടക്കുന്നവ? അവ ഉദ്ദേശം നിറവേറ്റുന്നുണ്ടോ? പൊതുപണം ഇത്തരം പരിപാടികൾക്ക് വേണ്ടി ചിലവഴിയ്ക്കുന്നതിനെപ്പറ്റി എന്താണഭിപ്രായം?

A

കാഴ്ചപ്പാടും അറിവുമുള്ള സംഘാടകര്‍ നടത്തിയാല്‍ സാഹിത്യ ഉത്സവങ്ങള്‍ നല്ലതു തന്നെയാണ്. എന്നാല്‍ പലയിടത്തും അനുഷ്ഠാനം പോലെയാണ് വിഷയം സ്വീകരിക്കുന്നതും ചര്‍ച്ചയ്ക്ക് എഴുത്തുകാരെ നിയോഗിക്കുന്നതും മറ്റും. ‘ബിനാലെ’ ചലച്ചിത്രോത്സവം തുടങ്ങിയവ പോലെ തന്നെ സാഹിത്യോത്സവം നടത്തുന്നതിലും സര്‍ക്കാരിന്‍റെ സംഭാവനയുണ്ടാകുന്നതില്‍ തെറ്റില്ല. എന്തായാലുംഇപ്പോള്‍ അതിന്‍റെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നില്ല എന്നത് സത്യമാണ്. ഭാവിയില്‍ അങ്ങനെ സംഭവിച്ചേക്കാം.

Q

പുതിയ നോവൽ എന്തെങ്കിലും ആലോചനയിലുണ്ടോ? എന്താണ് പുതിയ (സാഹിത്യ/സാഹിത്യേതര) പ്രൊജക്റ്റ്?

A

ഇപ്പോള്‍ ഒരു സിനിമ എഴുതാനുള്ള തയ്യാറെടുപ്പിലാണ്

Related Stories

No stories found.
logo
The Cue
www.thecue.in