'പൗരന്റെ ആത്മാഭിമാനത്തിന് വിലയിടുന്ന പൊലീസുകാര്‍ ഉള്ളിടത്തോളം സര്‍ക്കാര്‍ ചെയ്യുന്നതൊക്കെ വെള്ളത്തില്‍ വരച്ച വരയാണ്'

'പൗരന്റെ ആത്മാഭിമാനത്തിന് വിലയിടുന്ന പൊലീസുകാര്‍ ഉള്ളിടത്തോളം സര്‍ക്കാര്‍ ചെയ്യുന്നതൊക്കെ വെള്ളത്തില്‍ വരച്ച വരയാണ്'
Summary

അതുകൊണ്ടു അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അധികാരത്തില്‍ തിരിച്ചുവന്നാല്‍ ഇതേ പൊലീസ് നയമാണോ പിന്തുടരുക എന്ന കാര്യത്തില്‍ സി.പി.എമ്മും എല്‍.ഡി.എഫും ഒരു തീരുമാനം എടുക്കണം

മക്കളുടെ മുന്‍പില്‍ വച്ച് അച്ഛനെ മര്‍ദ്ദിക്കരുത് എന്ന് പൊലീസിന് നിര്‍ദേശം കൊടുത്ത ഒരു പൊലീസ് മേധാവി കേരളത്തിലുണ്ടായിരുന്നു: ജേക്കബ് പുന്നൂസ്. മനുഷ്യരുടെ ആത്മാഭിമാനം എന്നത്, അവര്‍ ഇനി പ്രതികളോ കുറ്റവാളികള്‍ തന്നെയോ ആണെങ്കില്‍ പോലും, അവരുടെയൊക്കെ നിലനില്‍പ്പിനു തന്നെ ആധാരമാണ് എന്ന തിരിച്ചറില്‍ നിന്നാണ് തന്റെ സേനാംഗംങ്ങള്‍ക്കു അദ്ദേഹം ആ നിര്‍ദ്ദേശം കൊടുത്തത്. അതുകൊണ്ടു പൊലീസിന്റെ ആത്മവീര്യം ചോര്‍ന്നുപോയതായി ആരും പറഞ്ഞു കേട്ടിട്ടില്ല. അദ്ദേഹം പോയി, ആ സര്‍ക്കാരും പോയി; അതോടെ നിര്‍ദേശത്തിനു എന്ത് സംഭവിച്ചു എന്നറിയില്ല

കഴിഞ്ഞ നാലരവര്‍ഷം ഈ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും സര്‍ക്കാര്‍ സ്പര്‍ശിച്ചിട്ടുണ്ട്. പുതുതായി ഒരു മെഷീനറി കൊണ്ടുവന്നല്ല ഈ സര്‍ക്കാര്‍ അത് സാധിച്ചത്; ഉള്ളതിനെ പുതുക്കിയും മെച്ചപ്പെടുത്തിയുമാണ് സര്‍ക്കാര്‍ അതിന്റെ നയം നടപ്പാക്കിയത്. വഷളായത് എന്ന് നിസംശയം പറയാവുന്നത് ആഭ്യന്തര വകുപ്പാണ്, പൊലീസുകാരാണ്.

കേരളത്തില്‍ ജനങ്ങളും പൊലീസുകാരും ബഹുമാനിച്ചിരുന്നു ധാരാളം പൊലീസ് മേധാവിമാര്‍ ഉണ്ടായിരുന്നിട്ടുണ്ട്; എന്‍ ചന്ദ്രശേഖരന്‍ നായര്‍ മുതല്‍ എം കെ ജോസഫും ഹോര്‍മിസ് തരകനും കെജെ ജോസഫും ശ്രീ പുന്നൂസും ഉള്‍പ്പെടെ. അവരില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പുമുണ്ട്. അവരുടെയൊക്കെ തലയ്ക്കുമീതെ ഒരു രമന്‍ ശ്രീവാസ്തവയെ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപദേഷ്ടാവായി പ്രതിഷ്ഠിച്ചത് എന്തിനാണ് എന്ന് ആര്‍ക്കെങ്കിലും അറിവുള്ളതായി കേട്ടിട്ടില്ല. ഒരു കാര്യം ഉറപ്പാണ്: പൊലീസിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ കണ്ണടയ്ക്കലാണ് അവരുടെ ആത്മവീര്യം ഉയര്‍ത്തുക എന്ന് അവരാരും ഉപദേശിക്കുമായിരുന്നില്ല.

ഇപ്പോള്‍ നമ്മള്‍ കാണുന്ന ഈ പൊലീസ് ഇന്‍സെന്‍സിവിറ്റി എന്നത് നേതൃത്വത്തിന്റെ പരാജയമാണ് എന്നാണ് എന്റെ ഉറച്ച ബോധ്യം. ഉന്നത വിദ്യാഭ്യാസവും കഴിവും സേവനസന്നദ്ധതയുമുള്ള എത്രയോ ചെറുപ്പക്കാര്‍ ഇപ്പോള്‍ പൊലീസില്‍ വരുന്നു; അവര്‍ ഗംഭീരമായി തങ്ങളുടെ ജോലി ചെയ്യുന്ന വാര്‍ത്തകള്‍ എത്രവേണമെങ്കിലും നമ്മുടെ നാട്ടിലുണ്ട്. കുടിയൊഴിപ്പിക്കാന്‍ ചെന്ന വീട്ടില്‍ കണ്ട അവസ്ഥ കണ്ടു അവരെ സ്വന്തം ചെലവില്‍ വീട് വാടകയ്‌ക്കെടുത്ത്‌ മാറ്റിപ്പാര്‍പ്പിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഈവീട് നിര്‍മ്മിച്ചുനല്‍കുകയും ഒരു സബ് ഇന്‍സ്പെക്ടറുടെ കഥ ഇന്ന് എവിടെയോ വായിച്ചു. പ്രളയ കാലത്തും കൊറോണ കാലത്തും ഏറ്റവും വിശ്വസിക്കവുന്ന ജനസേവകരുള്ള ഡിപ്പാര്‍ട്ട്‌മെന്റ്കളില്‍ ഒന്ന് പൊലീസായിരുന്നു.

പിന്നെങ്ങിനെ അച്ഛന്റെ കുഴിവെട്ടുന്ന ഒരു കുട്ടിയോട് ഇങ്ങിനെ പെരുമാറാന്‍ പൊലീസിന് കഴിയുന്നു?

അധികാരം ദുരുപയോഗിക്കാന്‍ വളരെയധികം സാധ്യതയുള്ള ഒരു വകുപ്പാണ് പൊലീസ്. അതുകൊണ്ടുതന്നെ കൊള്ളാവുന്ന നേതൃത്വം ഇല്ലെങ്കില്‍ അത് ദുഷിച്ചുപോകും. അതുണ്ടാകാതെ നോക്കുക എന്നത് അടിസ്ഥാനപരമായി ഐ പി എസ്സുകാരുടെയും പിന്നെ രാഷ്ട്രീയ നേതൃത്വത്തിന്റെയും പണിയാണ്. കേരളത്തില്‍ പക്ഷെ അത് നാഥനില്ലാക്കളരിയാണ്. പൊലീസുകാര്‍ എഴുതിക്കൊടുക്കുന്നത് ആഭ്യന്തരമന്ത്രി അതുപടി വായിക്കുന്നത് പണ്ട് ഞാന്‍ ഉദാഹരിച്ചിട്ടുണ്ട്: കൊവിഡ്‌ പ്രതിരോധകാര്യത്തില്‍ ജില്ലകള്‍ വായിക്കുമ്പോള്‍ റൂറലും സിറ്റിയും ഒക്കെ കടന്നുവരുന്ന കാര്യം. ഒരു മനുഷ്യനെ അടിച്ചു കൊന്ന കേസില്‍ അകത്തുപോകേണ്ട ആള്‍ ഇപ്പോള്‍ സിറ്റി പൊലീസ് കംമീഷണറാണ്; മറ്റൊരു പൊലീസ് മേധാവിയുടെ മകള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്റെ തലയടിച്ചു പൊട്ടിച്ചിട്ടു ഇപ്പോഴും കൂളായി നടക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെയും മുന്നണിയുടെയും നയത്തിന് കടകവിരുദ്ധമായി രണ്ടു കരിനിയമത്തില്‍പ്പെടുത്തി ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തു ഒരുകൊല്ലത്തോളം ജയിലിലാക്കിയ ഏമാന്മാര്‍ക്കും ഇപ്പോഴും കുഴപ്പമൊന്നുമില്ല. നിയമവിരുദ്ധമായി പൊലീസിനകത്തു ഗുണ്ടാപ്പടയുണ്ടാക്കി ഒരു ചെറുപ്പക്കാരനെ ലോക്കപ്പില്‍ ചവിട്ടിയും കുത്തിയും കൊല്ലാന്‍ കാരണമാക്കിയ പൊലീസുകാരനും ഒന്നും സംഭവിച്ചില്ല. നിന്ന് മുള്ളുന്ന ഗുരുവിന്റെ ശിഷ്യര്‍ നടന്നുമുള്ളും. അതാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്.

പൊലീസിന്റെമേല്‍ ഉന്നതാധികാരികള്‍ക്കും പൊളിറ്റിക്കല്‍ എക്‌സിക്യു്റ്റിവിനുള്ള നിയന്ത്രണാധികാരം ദുരുപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതുകൊണ്ട് വരുന്ന അപകടമാണ് ഇതൊക്കെ എന്ന് കാണാന്‍ വലിയ ബുദ്ധിമുട്ടില്ല.

ഇതൊക്കെ പലപ്പോഴും എഴുതിയിട്ടുള്ളതാണ്. പക്ഷെ ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. ഒരിടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ട പല കാര്യങ്ങളും ഈ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പക്ഷെ പൗരന്റെ ആത്മാഭിമാനത്തിനു തങ്ങളുടേതായ വിലയിടുന്ന പൊലീസുകാര്‍ ഉള്ളിടത്തോളം വെള്ളത്തില്‍ വരച്ച വരയാണതൊക്കെ. അന്നദാതാവായ പൊന്നുതമ്പുരാന്റെ ഭരണം അവസാനിപ്പിക്കാന്‍ പുന്നപ്രയിലെയും വയലാറിലെയും മനുഷ്യര്‍ ഇറങ്ങിപ്പുറപ്പെട്ടത് അത്തരം ഏകാധിപത്യ ഭരണം വേണ്ടെന്നു വച്ചിട്ടുതന്നെയാണ്.

അതുകൊണ്ടു അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അധികാരത്തില്‍ തിരിച്ചുവന്നാല്‍ ഇതേ പൊലീസ് നയമാണോ പിന്തുടരുക എന്ന കാര്യത്തില്‍ സി.പി.എമ്മും എല്‍.ഡി.എഫും ഒരു തീരുമാനം എടുക്കണം. അത് അവരെ വിശ്വസിച്ചു ഭരണമേല്പിച്ച ജനങ്ങളോട് ചെയ്യുന്ന ഒരു മിനിമം മര്യാദയാണ്.

KJ Jacob About Kerala Police Blog

Related Stories

No stories found.
logo
The Cue
www.thecue.in