പെയ്തുകോരി പച്ചനിറച്ച എത്രയോ തുലാവർഷക്കാലങ്ങളുടെ ഓർമ്മ

പെയ്തുകോരി പച്ചനിറച്ച എത്രയോ തുലാവർഷക്കാലങ്ങളുടെ ഓർമ്മ

സുഗത കുമാരി , അടിമുടി മലയാളത്തിന്റെ കവിയായിരുന്നു. ആധുനികതയുടേയും സ്വതന്ത്ര ഇന്ത്യയുടെയും ഭാവുകത്വ പരിണാമങ്ങളിലാണ് സുഗത കുമാരി കവിതയെഴുതാൻ തുടങ്ങിയ കാലം. സ്നേഹത്തേയും ജീവിതത്തെയും പ്രകൃതിയേയും സ്വപ്നങ്ങളുടെ നഷ്ടത്തെയും കുറിച്ചെല്ലാം തന്റെ സമകാലികരെപ്പോലെത്തന്നെ 1960-കൾ മുതൽക്കുള്ള ദീർഘകാവ്യജീവിതത്തിൽ അവർ എഴുതിക്കൊണ്ടേയിരുന്നു. ഏകാകിയായ ഒരു മഴച്ചാറ്റൽ പോലെ താൻ പാടിക്കൊണ്ടേയിരിക്കുന്നുവെന്ന് നിരന്തരമെഴുതിയതായിരുന്നു ടീച്ചറുടെ കവിതകൾ. കേരളം വികസനത്തിന്റെയും ജീവിതബോധ്യങ്ങളുടെയും പുതിയ മാതൃകയായി മുതലാളിത്ത വികസന മാതൃകകളെ വരിച്ചുതുടങ്ങിയ കാലത്ത് പരിസ്ഥിതിയുടെ മേലുള്ള അതിന്റെ വിനാശകരമായ ആഘാതം എത്രമാത്രമാണെന്ന് ആദ്യം പറഞ്ഞ കവിയായിരുന്നു സുഗത കുമാരി. ഏതാണ്ടൊറ്റയ്ക്കായ, പൊതു സമൂഹത്തിന്റെ അപഹാസവും പൊതുബോധത്തിന്റെ വെറുപ്പും മാത്രം കൂടെയുണ്ടായിരുന്ന സമരസംഘമായിരുന്നു സൈലന്റ് വാലി സമരക്കാലം തൊട്ടുള്ള മിക്ക പാരിസ്ഥിതിക സമരങ്ങളും. സിംഹവാലന്മാരുടെ തോഴരായി പരിസ്ഥിതി പ്രവർത്തകർ അവഹേളിക്കപ്പെട്ട കാലം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വർഗസമരം പരിസ്ഥിതിക്കും ഭൂമിക്കും വേണ്ടിയുള്ള, മുതലാളിത്തത്തിന്റെ അത്യാർത്തിയും നിലനിൽപ്പും ഈ പാരിസ്ഥിതിക ചൂഷണം കൂടിയാണ് എന്ന് തിരിച്ചറിയുന്ന ഇന്നിപ്പോൾ നാല് പതിറ്റാണ്ടിലേറെയാകുന്ന ആ പാരിസ്ഥിതിക രാഷ്ട്രീയ സമരത്തിന്റെ ചരിത്രപ്രാധാന്യം ഒട്ടും ചെറുതല്ല.

സ്ത്രീകളുടെയും മാനസിക അസ്വാസ്ഥ്യങ്ങൾ നേരിടുന്നവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയുമെല്ലാം പ്രശ്നങ്ങളിൽ സജീവമായി തന്റെ പൊതുജീവിതത്തെ സുഗത കുമാരി മുന്നോട്ടുകൊണ്ടുപോയി. മനോരോഗ ചികിത്സാകേന്ദ്രങ്ങളിൽ അന്തേവാസികളായ സ്ത്രീകളെ വൈകുന്നേരങ്ങളിൽ ലൈംഗികപീഡനത്തിന് ഉപയോഗിക്കുന്ന ഒരു സമാന്തരസംവിധാനം പോലും കേരളത്തിലുണ്ടായിരുന്നു എന്ന ഓർമ്മയിൽ നിന്നുകൂടി വേണം അത്തരം ഇടപെടലുകളുടെ പ്രസക്തി മനസിലാക്കാൻ.

കാവ്യജീവിതത്തിൽ ലോകത്തുള്ള മറ്റെല്ലാ കവികളെയും പോലെ മികച്ചതും അല്ലാത്തതുമായ കവിതകൾ സുഗതകുമാരി എഴുതിയിട്ടുണ്ട്. അവരുടെ മികച്ച കവിതകൾ മലയാള കാവ്യലോകത്തിലെ മാത്രമല്ല, ഇന്ത്യൻ കവിതകളിലെത്തന്നെ ഏറ്റവും അകക്കാമ്പുള്ള കവിതകളുടെ ഗണത്തിൽപ്പെടുന്നവയാണ്. ഒരു ജനതയുടെ സാംസ്കാരിക ബിംബകല്പനകളിലേക് അവരുടെ ജീവിതത്തിന്റെ സാമൂഹ്യപശ്ചാത്തലത്തിനോട് അടുത്തുനിൽക്കുന്ന ഐത്യഹ്യങ്ങളും മതബിംബങ്ങളും കടന്നുവരിക സ്വാഭാവികമാണ്. സുഗതകുമാരിയുടെ കവിതകളിലെ കൃഷ്ണസങ്കല്പവും പ്രകൃതിയുടെ ദൈവീകവത്കരണവുമെല്ലാം ഇതിന്റെകൂടി ഭാഗമായിരുന്നു. അത് കേവലഭക്തിയുടെ പ്രകടനമായിരുന്നില്ല. കേവലഭക്തിയിൽ നിന്നും ഭിന്നമായ ഒരാത്മീയത ഉണ്ടെന്നും അത് പ്രകൃതിയുടെ നാനാഭാവങ്ങളിലാണെന്നും കരുതുന്ന ഒരു ധാരയായിരുന്നു അത്. അത്തരത്തിലും പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ അതിന്റെ political economy-യിൽ നിന്നും വേർപ്പെടുത്തുന്നതിൽ അഭിപ്രായവ്യത്യാസമുണ്ടാകാമെങ്കിലും ആസന്നമായൊരു പ്രതിസന്ധിയോട് പല രീതികളിലായിരിക്കും ഒരു സമൂഹം ചെറുത്തുനില്പിനുള്ള വഴികൾ കണ്ടെത്തുക എന്നതൊരു രാഷ്ട്രീയ പാഠം കൂടിയാണ്.

സ്ത്രീകളുടെയും മാനസിക അസ്വാസ്ഥ്യങ്ങൾ നേരിടുന്നവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയുമെല്ലാം പ്രശ്നങ്ങളിൽ സജീവമായി തന്റെ പൊതുജീവിതത്തെ സുഗത കുമാരി മുന്നോട്ടുകൊണ്ടുപോയി. മനോരോഗ ചികിത്സാകേന്ദ്രങ്ങളിൽ അന്തേവാസികളായ സ്ത്രീകളെ വൈകുന്നേരങ്ങളിൽ ലൈംഗികപീഡനത്തിന് ഉപയോഗിക്കുന്ന ഒരു സമാന്തരസംവിധാനം പോലും കേരളത്തിലുണ്ടായിരുന്നു എന്ന ഓർമ്മയിൽ നിന്നുകൂടി വേണം അത്തരം ഇടപെടലുകളുടെ പ്രസക്തി മനസിലാക്കാൻ.

സുഗതകുമാരിയുടെ രാഷ്ട്രീയ നിലപാടുകൾ ഗാന്ധിയൻ സങ്കൽപ്പങ്ങളിൽ നിന്നും ഭാരതീയതയുടെ സങ്കുചിത വ്യാഖ്യാനങ്ങളുമായി ഒത്തുതീർപ്പിലെത്തുന്ന കാഴ്ച നാം കണ്ടു. അത് തീവ്രമായ വിമർശനങ്ങൾ അർഹിക്കുന്നതുമായിരുന്നു. പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ കേവല പരിസ്ഥിതിവാദത്തിലേക്ക് ചുരുക്കുമ്പോൾ നേരിടുന്ന ഒളിക്കെണികൾ കൂടിയാണവ. സാമൂഹ്യജീവിതത്തെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയുമൊക്കെ തന്റെ ആദ്യകാലത്തിൽ നിന്നും മുന്നോട്ടു പോകുന്നതിനു പകരം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന യാഥാസ്ഥിതികത്വത്തിലേക്ക് പിന്മടങ്ങുന്ന നിലപാടുകളും ടീച്ചർ കൈക്കൊണ്ടിരുന്നു.

പക്ഷെ സുഗത കുമാരിയെ മലയാളം അടയാളപ്പെടുത്തുന്നത് അതിന്റെ പേരിലായിരിക്കല്ല എന്നതാണ് സുഗത കുമാരി എന്ന കവിയുടെയും പൊതുപ്രവർത്തകയുടെയും ജീവിതം ബാക്കിയാക്കിയത്. കേരളത്തിന്റെ മണ്ണിൽ ചവിട്ടിനിന്നുകൊണ്ടുതന്നെ, ഒട്ടും മടികൂടാതെ തന്റെ കാലത്തോട് അതിസുഭഗമായ മലയാളത്തിൽ തന്റെ കവിതയെന്ന് തിരിച്ചറിയുകയും വരികൾ പാടുകയും ചെയ്ത പൊതുലാവണ്യബോധവും അതിന്റെ രചനധാരയും രൂപപ്പെടുത്തിയ കാവ്യസങ്കേതങ്ങളിലൂടെ അടിമുടി മലയാളിയായിരുന്ന കവിയും കവിതയുമായിരുന്നു സുഗതകുമാരി. ചിലപ്പോളൊക്കെ പ്രതീക്ഷതെറ്റിച്ചുകൊണ്ട് പെയ്യാതെപ്പോയ തുലാമഴയെന്നതിനേക്കാൾ പെയ്തുകോരി പച്ചനിറച്ച എത്രയോ തുലാവർഷക്കാലങ്ങളുടെ ഓർമ്മയാണ് മലയാളത്തിന് സുഗതകുമാരി.

The Cue
www.thecue.in