നാലുകൊല്ലത്തോളമായി അവർ തൂങ്ങിനിൽക്കുകയാണ്;പതിമൂന്നും ഒമ്പതും വയസായ വാളയാറിലെ രണ്ടു പെൺകുട്ടികൾ

നാലുകൊല്ലത്തോളമായി അവർ തൂങ്ങിനിൽക്കുകയാണ്;പതിമൂന്നും ഒമ്പതും വയസായ വാളയാറിലെ രണ്ടു പെൺകുട്ടികൾ
Summary

കുറ്റവാളികളെ ശിക്ഷിക്കാനാവശ്യമായ തെളിവുകൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ലെങ്കിൽ അതിനുള്ള കാരണം പൊലീസും അവരെ ഭരിക്കാനും നടത്തിപ്പിനുമായി ചുമതലപ്പെടുത്തിയ സർക്കാരും ജനങ്ങളോട് പറയേണ്ടതുണ്ട്

നാലുകൊല്ലത്തോളമായി അവർ തൂങ്ങിനിൽക്കുകയാണ്;പതിമൂന്നും ഒമ്പതും വയസായ വാളയാറിലെ രണ്ടു പെൺകുട്ടികൾ . അവരുടെ കാലുകളിൽ തല മുട്ടാതെ കേരളം ഉറങ്ങാൻ പോവുകയും ഉറക്കമുണരുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് വീട്ടിലുള്ള കുട്ടികൾക്ക് നൽകേണ്ട കരുതലിനെക്കുറിച്ച് വാചാലരാകുന്നുണ്ട്. ഒമ്പത് വയസുള്ള കുട്ടി പരസ്പര സമ്മതത്തോടെ ലൈംഗികാനന്ദം കണ്ടെത്തിയെന്നു പറഞ്ഞ പൊലീസുകാരന് IPS നൽകാൻ ശുപാർശ ചെയ്ത് ശാസ്ത്രീയമായി അന്വേഷണം നടത്തിയ പൊലീസുകാരുടെ മനോവീര്യം ഒന്നുകൂടി ഉയർത്തുന്നുണ്ട്. എന്നിട്ടും ആ പെൺകുട്ടികളുടെ അമ്മ ഇന്ന് സമരത്തിലാണ്. അവരുടെ പേര് ഭാഗ്യവതിയെന്നത്രെ. സാമൂഹ്യ സന്തോഷ സൂചികയിൽ കേരളത്തിന് അഭിമാനിക്കാൻ ഇനിയെന്ത് വേണം, അവർ പോലും ഭാഗ്യവതി!

2017 ജനുവരി 13-നും മാർച്ച 4-നും വാളയാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു സഹോദരിമാരുടെയും ‘anal orifice appeared stretched with multiple mucosal erosions at margins with pustular areas at places’ എന്നു തുടങ്ങിയ ലൈംഗിക പീഡനത്തിന്റെ പ്രാഥമിക പരിശോധന കണ്ടെത്തൽ മൂലക്കുരുവാകാം എന്ന സംശയത്തിൽ തള്ളിക്കളയാവുന്നത്ര നിസാരമായിരുന്നു ആ ജീവിതങ്ങൾ.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനു ശേഷം ആത്മഹത്യ ചെയ്തപ്പോൾ അത് പീഡനമല്ല എന്നും ആ കുട്ടികൾ ഇഷ്ടപ്പെട്ടു ചെയ്തിരുന്നതും ആവശ്യപ്പെട്ടു ചെയ്തതാണെന്നും പറയുന്ന ഒരാൾക്ക് I P S സമ്മാനിക്കാൻ പാകത്തിൽ ഭദ്രമാണ് നമ്മുടെ പോലീസ് സംവിധാനം. വാസ്തവത്തിൽ അത് നമ്മളെ അമ്പരപ്പിക്കുന്നതേയില്ല. കാരണം അയാളെപ്പോലുള്ളവരെ ആവശ്യപ്പെടുന്ന ജനാധിപത്യാരോഗ്യമേ നമ്മുടെ സമൂഹം ആർജ്ജിച്ചെടുത്തുള്ളൂ എന്നതുകൊണ്ടാണത്. കൗമാരം പോലുമാകാത്ത രണ്ടു പെൺകുട്ടികളെ കൊന്നുകെട്ടിത്തൂക്കിയതല്ല, അവർ തൂങ്ങി മരിച്ചതാണെന്ന വിചിത്രവാദം ശരിയാണെന്നു സ്ഥാപിക്കപ്പെട്ടാൽക്കൂടി മാനസികാരോഗ്യവും നിയമവാഴ്ചയും ജനാധിപത്യ ബോധവുമുള്ള ഒരു സമൂഹത്തിനെ സംബന്ധിച്ച് അത് കൊലപാതകത്തിൽകുറഞ്ഞു മറ്റൊന്നുമല്ല. കുട്ടികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നില്ല, അവർ ലൈംഗിക ബന്ധം ആസ്വദിക്കുന്നുമില്ല, അവർ മറ്റൊരു മുതിർന്ന മനുഷ്യനോട് ലൈംഗികാസക്തി പ്രകടിപ്പിക്കുന്നില്ല, അവർ മുതിർന്ന മനുഷ്യരുമായി ലൈംഗികകേളികളിൽ ഏർപ്പെടുന്നില്ല, അവർ ലൈംഗികാക്രമണത്തിന് ഇരകളാക്കപ്പെടുക മാത്രമാണ്. അവർക്ക് നേരെ ഹീനമായ ഒരു കുറ്റകൃത്യം നടക്കുകയാണ്. തനിക്ക് നേരെ നടക്കുന്നത് ലൈംഗികമായ ആക്രമണമാണ് എന്നുപോലും തിരിച്ചറിയാൻ കഴിയാത്ത മനുഷ്യജീവികളാണ് പ്രായപൂർത്തിയാകാത്ത കുട്ടികളിൽ മിക്കവരും. എന്നിട്ടും വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾ അതാവശ്യപ്പെട്ടിരുന്നു എന്ന് പറയുന്ന ഒരു ഭരണകൂടസംവിധാനം നാം തീറ്റ കൊടുത്തു വളർത്തിയ പൊതുബോധം കൂടിയാണ്.
അതിലെ കുറ്റവാളികളെ ശിക്ഷിക്കാനാവശ്യമായ തെളിവുകൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ലെങ്കിൽ അതിനുള്ള കാരണം പൊലീസും അവരെ ഭരിക്കാനും നടത്തിപ്പിനുമായി ചുമതലപ്പെടുത്തിയ സർക്കാരും ജനങ്ങളോട് പറയേണ്ടതുണ്ട്.

നിറങ്ങൾ പോലും മുഴുവനായി കണ്ടുതീരാത്ത, ഒരു നീലക്കുറിഞ്ഞിക്കാലം പോലും കടന്നുപോകാത്ത, രണ്ടു പെൺകുട്ടികൾ. അവർ ജീവിതത്തെക്കുറിച്ചാലോചിക്കുന്നു, നിത്യവും കടന്നുപോകുന്ന അപമാനകരമായ അസ്തിത്വത്തെക്കുറിച്ചു ചിന്തിക്കുന്നു, പേരുപോലുമറിയാത്ത ശരീരഭാഗങ്ങളിൽ നീറിപ്പിടിക്കുന്ന വേദനയിൽ ഉള്ളമർത്തിക്കരയുന്നു, എന്താണ് സംഭവിക്കുന്നത് എന്നറിയാൻ കഴിയാതെ അമ്പരക്കുന്നു, മിണ്ടിയാൽ കൊന്നുകളയുമെന്ന ഭീഷണി കഴുത്തിൽ കുത്തിപ്പിടിക്കുമ്പോൾ മരണത്തെക്കുറിച്ചൊരു ശ്വാസം മുട്ടിക്കുന്ന തിരിച്ചറിവുണ്ടാകുന്നു. എന്നിട്ടൊരു ദിവസം മൂത്ത കുട്ടി തൂങ്ങി നിൽക്കുന്നു, പിന്നാലെ ഇളയ കുട്ടിയും തൂങ്ങി നിൽക്കുന്നു.

നാലുകൊല്ലത്തോളമായി അവർ തൂങ്ങിനിൽക്കുകയാണ്;പതിമൂന്നും ഒമ്പതും വയസായ വാളയാറിലെ രണ്ടു പെൺകുട്ടികൾ
'നീതി കിട്ടും വരെ പോരാടും'; സെക്രട്ടേറിയറ്റിന് മുന്നില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം
ഞങ്ങളെയോർക്കരുത്, രണ്ടു പെൺകുട്ടികളുടെ തൂങ്ങിയാടുന്ന കൊലുന്നനെയുള്ള കാലുകളിൽ തലമുട്ടാതെ നടന്നുപോവുക. ഞങ്ങളോട് ഐക്യദാർഢ്യപ്പെടരുത്.

അവരുടെ നീലിച്ചു വിറങ്ങലിച്ച ശരീരങ്ങളെ ഇറക്കിക്കിടത്തുന്നത് മലയാളിയുടെ പൊങ്ങച്ച സാമൂഹ്യബോധത്തിന്റെ നീളൻ വാഴയിലയില്ല. പിഞ്ഞിക്കീറിയ സാമൂഹ്യബോധത്തിന്റെ പനമ്പ് പായകളിലേക്കാണ്. അവർക്ക് കളിക്കാൻ മിട്ടുപ്പൂച്ചകൾ കൂട്ടില്ല. മലയാളി പൊതുബോധത്തിന്റെ വർഗമമല്ല വാളയാറിലെ കുടുംബത്തിന്റെ വർഗം. നീതിക്ക് വർഗരാഷ്ട്രീയമുണ്ട്. അത് തൂങ്ങിയാടുന്ന രണ്ടു പെൺകുഞ്ഞുങ്ങളുടെ ശരീരങ്ങൾക്കിടയിലെ പഴുതിലൂടെ കാണാതെ, കേൾക്കാതെ കടന്നുപോകും.അതിനു രാപ്പാർക്കാൻ മാളികകൾ വേറെയാണ്. സമൂഹമെന്ന നിലയിൽ നമുക്ക് നട്ടെല്ലിലൂടെ തലച്ചോറ് തരിപ്പിക്കുന്നൊരു ലജ്ജയുടെ മിന്നൽ പായുന്നില്ലേ!

പതിമൂന്നു വയസ്സുള്ളൊരു കുട്ടി ഒരു ഉത്തരത്തിലൊരു കുരുക്കിട്ട്, ബലമുറപ്പാക്കി, കെട്ടിത്തൂങ്ങി ഞാൻ മരിച്ചിരിക്കുന്നു ലോകമേ, ഇതാത്മഹത്യയാണ് എന്ന് രേഖപ്പെടുത്തൂ എന്ന് ഓലയെഴുതിവെച്ചതിനുശേഷം മലയാളിയുടെ വെള്ളമുണ്ട് നോക്കൂ, വൃത്തിയുടെ കൊടിയടയാളമല്ലേ, സംസ്കാരത്തിന്റെ ശുഭ്രനക്ഷത്രം ഇതിലല്ലേ എന്നൂറ്റം കൊള്ളുമ്പോൾ ചീർത്തു പഴുത്തൊരു പുരുഷലിംഗമായി സാമൂഹ്യബോധം തൂങ്ങിയാടി ആനന്ദിക്കുകയാണ്. ഒമ്പതുവയസ്സുള്ളൊരു പെൺകുഞ്ഞു ഒച്ചയും അനക്കവുമില്ലാതെ തൂങ്ങി നിൽക്കുമ്പോൾ ലൈംഗികാനന്ദം ചോദിച്ചു വാങ്ങിയൊരു മനുഷ്യശരീരമായിരുന്നു അതെന്ന് തോന്നിയ ഒരു അന്വേഷണ സംവിധാനത്തിന്, അത്തരത്തിലൊരു കൊലപാതകം പ്രത്യേക ശാസ്ത്രീയ അന്വേഷണമോ പോലീസ് മേധാവിയുടെ നിരന്തര വാർത്താസമ്മേളനങ്ങളോ ഇല്ലാതെ പ്രതികളെ രക്ഷിക്കാൻ പാകത്തിലൊരു വഴിപാടന്വേഷണം മതിയെന്ന ഉറപ്പുണ്ടാക്കുന്ന ഒരു സംവിധാനം സാധ്യമാകുന്നത് പിണറായി വിജയൻ മനോവീര്യ ചികിത്സ നടത്തി വിജൃംഭിച്ചു നിർത്തിയ ഒരു പോലീസ് സംവിധാനമായതുകൊണ്ടു മാത്രമല്ല, അത്തരത്തിലൊരു സംവിധാനത്തെ സാധ്യമാക്കുന്ന നീണ്ട നാളുകളായുള്ള പൊതുബോധ നിർമ്മിതിയിൽക്കൂടിയുമാണ്. തടിച്ച ചുണ്ടുകളും വായും ചില സ്ത്രീകൾക്കുള്ളത് വദനസുരതം കൊണ്ടാണ് എന്ന് പറയുമ്പോൾ അത് ശാസ്ത്രീയമാകും എന്ന് ധരിക്കുന്ന ആ ചീഞ്ഞളിഞ്ഞ പൊതുബോധമുണ്ടല്ലോ അതിന്റെ ഉത്തരത്തിലാണ് ആ കുട്ടികൾ തൂങ്ങിയാടി നിൽക്കുന്നത്.

സൂര്യനെല്ലിയിലെ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നാരോപിക്കപ്പെട്ട പി ജെ കുര്യനും കോഴിക്കോട് ഐസ്ക്രീം പാർലർ ലൈംഗിക പീഡന സംഭവങ്ങളിൽ പി കെ കുഞ്ഞാലിക്കുട്ടിയും ഒരൊറ്റ തെരഞ്ഞെടുപ്പ് തോൽവി മാത്രം പിഴയൊടുക്കി പൂർവാധികം ശക്തരായി കുര്യൻ സാറും പുലിക്കുട്ടി സാഹിബുമായി തിരികെയെത്തി. കോഴിക്കോട് പീഡനക്കേസിൽ രണ്ടു പെൺകുട്ടികൾ തീവണ്ടിക്ക് തലവെച്ച് ആത്മഹത്യ ചെയ്തു. വണ്ടി നിർത്താതെ പോയി. നമ്മളും. ആണുങ്ങളെ കണ്ടുകിട്ടാതെ, മാലാഖമാർ പീഡിപ്പിച്ച പെൺകുട്ടികൾ ലോകത്തുനിന്നും അപ്രത്യക്ഷരായി. ബലാത്സംഗക്കേസിൽ പ്രതികളായ രാഷ്ട്രീയനേതാക്കൾ, "അവൾ കിടന്നുകൊടുത്തിട്ടല്ലേ" എന്ന വഷളൻ തമാശയിൽ മഹാഭൂരിപക്ഷത്തിൽ ജയിച്ചുപോന്ന നാട്ടിൽ രണ്ടു കുഞ്ഞുപെൺകുട്ടികൾ ഉത്തരത്തിലേക്ക് ഏന്തിനിന്ന് കുരുക്കിട്ട് തൂങ്ങിമരിച്ചു എന്നും, അവർ നിരന്തരമായി ലൈംഗികപീഡനത്തിരയായി എന്ന് പിറകെയും വാർത്ത വരുമ്പോൾ നാം വിധിവരുന്ന കാലം വരെ നിശബ്ദമാകുന്നത് കൊല്ലപ്പെട്ട ശരീരങ്ങൾക്ക് ഒരു വർഗ്ഗസ്വഭാവമുള്ളതുകൊണ്ടാണ്. അവരിൽ നിങ്ങൾക്ക് നിങ്ങളെ കാണാൻ കഴിയാത്തതുകൊണ്ടാണ്. നമ്മുടെ പൊതുബോധത്തിനുള്ളിൽ പാകമാകുന്ന ഒരു സാമൂഹ്യശരീരവും ജൈവശരീരവും അവർക്കില്ലാത്തതുകൊണ്ടാണ്. വാളയാറിലെ കുട്ടികൾ തൂങ്ങിനിൽക്കുന്നത് കേരള സമൂഹത്തിലെ നീതിബോധത്തിന്റെ വർഗവൈരുധ്യത്തിന്റെ തൂക്കുകയറിലാണ്.

ആർക്കും കടന്നുകയറാൻ പാകത്തിലുള്ള അടച്ചുറപ്പില്ലാത്തൊരു വീട്ടിൽ, സാമൂഹ്യമാധ്യമങ്ങളിൽ മക്കളുടെ പിറന്നാൾചിത്രങ്ങൾ പങ്കുവെക്കാൻ മാലാഖക്കുപ്പായങ്ങളില്ലാത്ത കുട്ടികളുള്ള, കൂലിപ്പണിക്കാരായ അച്ഛനമ്മമാരുള്ള ഒരു വീട്ടിൽ, പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ തൂങ്ങിയാടിക്കളിക്കെ, ആ മരണത്തിന്റെ ഊഞ്ഞാൽപ്പാട്ടെഴുതാനുള്ള ലാവണ്യബോധമുള്ള അലസത ഒരു സമൂഹത്തിനുണ്ടാകുന്നത് ആ കുടുംബം കേരളത്തിന്റെ മധ്യവർഗ ജീവിതത്തിന്റെ പുറമ്പോക്കിൽ പോലും വരുന്നില്ല എന്നതുകൊണ്ടാണ്.

നിങ്ങളുടെ ഊഞ്ഞാൽപ്പാട്ടുകളുടെ താളത്തിലല്ല ഞങ്ങളാടുന്നത്. ഞങ്ങളെയാട്ടാൻ പരുപരുത്ത കൈകളുണ്ട്. പിറകിൽ വേദനിപ്പിക്കുന്ന പുരുഷ ലിംഗങ്ങളുണ്ട്, പകച്ച കണ്ണുകളും നിലവിളിക്കുന്ന വായും പൊത്തിപ്പിടിച്ചു ഞങ്ങളെ വേദനിപ്പിച്ചുകൊണ്ടേയിരുന്നതൊക്കെ ഞങ്ങളാനന്ദിച്ചു നടത്തിയ രതിയായിരുന്നു എന്ന് പറഞ്ഞ നിങ്ങളുടെ പൊലീസ് മേധാവികളുടെ അഭിനന്ദനങ്ങളുണ്ട്, ഒമ്പതു വയസുകാരി പെൺകുട്ടിയെ നിങ്ങൾ കണ്ടിട്ടില്ലേ, എങ്ങനെയായിരിക്കും അവൾ രതി ആസ്വദിക്കുക എന്നോർത്തിട്ടില്ലേ, ഞങ്ങളാണ് നിങ്ങളുടെ ഭാവനയുടെ കാമനകൾ, ഞങ്ങളെയോർക്കരുത്, രണ്ടു പെൺകുട്ടികളുടെ തൂങ്ങിയാടുന്ന കൊലുന്നനെയുള്ള കാലുകളിൽ തലമുട്ടാതെ നടന്നുപോവുക. ഞങ്ങളോട് ഐക്യദാർഢ്യപ്പെടരുത്.

നാലുകൊല്ലത്തോളമായി അവർ തൂങ്ങിനിൽക്കുകയാണ്;പതിമൂന്നും ഒമ്പതും വയസായ വാളയാറിലെ രണ്ടു പെൺകുട്ടികൾ
'ഫോണ്‍ ചോര്‍ത്തുന്നു,പൊലീസ് പിന്‍തുടര്‍ന്നെത്തി ഭീഷണിപ്പെടുത്തി' : വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
നാലുകൊല്ലത്തോളമായി അവർ തൂങ്ങിനിൽക്കുകയാണ്;പതിമൂന്നും ഒമ്പതും വയസായ വാളയാറിലെ രണ്ടു പെൺകുട്ടികൾ
‘അവര്‍ രണ്ട് തവണ വന്നു’ ; വാളയാര്‍ പെണ്‍കുട്ടികളുടെ സഹോദരനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍ 

Related Stories

No stories found.
logo
The Cue
www.thecue.in