വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ആര്‍എസ്എസ് ട്രോജന്‍ കുതിര, ഈ പരിപ്പ് ഇവിടെ വേവില്ല

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ആര്‍എസ്എസ് ട്രോജന്‍ കുതിര, ഈ പരിപ്പ് ഇവിടെ വേവില്ല

ഇന്ത്യാ രാജ്യത്ത് വയോജനങ്ങൾക്ക് സാർവ്വത്രിക പെൻഷൻ എന്ന ആദർശം ഏതാണ്ട് സാക്ഷാത്കരിച്ച സംസ്ഥാനം കേരളം മാത്രമാണ്. കർഷക ബോർഡ് പെൻഷൻകൂടി നടപ്പാകുന്നതോടെ നാം ആ ലക്ഷ്യത്തിനു വളരെ അടുത്ത് എത്തിയിരിക്കും. കേരളത്തിൽ ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ് ഈ നേട്ടം. 1400 രൂപ പ്രതിമാസം പെൻഷൻ നൽകുന്നതിൽ 1250 രൂപയും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്. ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് 600 രൂപ പെൻഷൻ 1400 രൂപയായി വർദ്ധിപ്പിച്ചതാണ്. ഇതിനുള്ള ജനകീയ അംഗീകാരം സർക്കാരിനുണ്ട്. ഇത് എങ്ങനെ തകർക്കാം എന്നതിന് ആർഎസ്എസ് കേന്ദ്രങ്ങൾ കണ്ടുപിടിച്ച ഒരു തന്ത്രമാണ് വൺ ഇന്ത്യ വൺ പെൻഷൻ കാമ്പയിൻ.

1400 രൂപ എന്ത്, 10000 രൂപയെങ്കിലും പെൻഷൻ വേണ്ടേ എന്നാണ് ചോദ്യം. രാഷ്ട്രീയമൊന്നും ഇല്ല. നല്ലൊരു കാര്യത്തിന് എല്ലാവരെയും യോജിപ്പിക്കുക എന്നതാണ് ലക്ഷ്യം. സ്വയം അവരോധിത നേതാക്കളും വക്താക്കളും ഉണ്ടായിട്ടുണ്ട്. ഫെയ്സ്ബുക്ക് കൂട്ടായ്മകളും കൺവെൻഷനുകളും ഒക്കെ നടന്നുവരുന്ന വേളയിലാണ് കർട്ടനു പിന്നിൽ ചരടു വലിക്കുന്നത് ആരെണെന്നു കൂടുതൽ വ്യക്തമായത്. ഡൽഹിലെ അണ്ണാ ഹസാരെ സമരം പോലെ ആർഎസ്എസ് ട്രോജൻ കുതിരയാണ് പുതിയ പ്രസ്ഥാനം.

ഇനിയും പ്രചാരണവുമായി മുന്നോട്ടു പോകുംമുമ്പ് നിങ്ങൾ നാട്ടിലെ 60 വയസ്സു കഴിഞ്ഞ എല്ലാ പാവങ്ങൾക്കും 10000 രൂപ വീതം പെൻഷൻ നൽകാൻ ആകെ എത്ര തുക വേണമെന്നു പറയുക. ഇന്നിപ്പോൾ വയോജനങ്ങളുടെ എണ്ണം ഏതാണ്ട് 14.3 കോടി വരും. ഇതിൽ ആദായനികുതി നൽകുന്നവർ, സർക്കാർ പെൻഷനും മറ്റും വാങ്ങുന്നവരെ മാറ്റിയാൽ 12 കോടി പേർക്ക് 10000 രൂപവച്ച് പെൻഷൻ നൽകണമെന്നിരിക്കട്ടെ. മൊത്തം 14.4 ലക്ഷം കോടി രൂപ ചെലവുവരും. ഈ തുക എങ്ങനെ ഉണ്ടാക്കും?

ഇതിന് വൺ ഇന്ത്യ വൺ പെൻഷൻകാരൻ കണ്ടുപിടിച്ചുള്ള മാർഗ്ഗം – ഇന്നു പെൻഷൻ വാങ്ങുന്നവരുടെയെല്ലാം പെൻഷൻ 10000 രൂപയായി കുറയ്ക്കുക. മിച്ചംവരുന്ന പണം ഉപയോഗിച്ച് പെൻഷനേ ഇല്ലാത്തവർക്ക് 10000 രൂപ വീതം നൽകുക. മണ്ടത്തരം വിളിച്ചുപറയുന്നതിന് ഒരു മര്യാദ വേണം. ഇന്ത്യയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെല്ലാംകൂടി നൽകുന്ന പെൻഷൻ തുക ഇന്ന് 3.5 - 4 ലക്ഷം കോടി രൂപയേ വരൂ. ഇതിൽ നിന്നും മിച്ചംവച്ച് എല്ലാവർക്കും 10000 രൂപ വീതം പെൻഷൻ നൽകാമെന്ന് ആരെ പറഞ്ഞാണ് പറ്റിക്കുന്നത്? യഥാർത്ഥത്തിൽ നിങ്ങളുടെ ഉന്നം എത്രയോ ദശാബ്ദമായി സമരവും പ്രക്ഷോഭവുമെല്ലാം നടത്തി തങ്ങളുടെ സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുകയും, ന്യായമായ പെൻഷൻ വിലപേശി നേടാൻ കഴിഞ്ഞവരെ മുഴുവൻ ജനശത്രുക്കളാക്കി ചിത്രീകരിക്കലാണ്.

എല്ലാവർക്കും 10000 രൂപ വീതം പെൻഷൻ കൊടുക്കാൻ ഇന്ത്യയിലെ അതിസമ്പന്നൻമാരിൽ നിന്നും നികുതി പിരിച്ച് സാർവ്വത്രിക പെൻഷൻ ഏർപ്പെടുത്തുകയാണ് വേണ്ടത്. മാസശമ്പളവും പെൻഷനും വാങ്ങുന്നവരെയല്ല, ഇന്ത്യയിലെ ഒരു ശതമാനം വരുന്ന ശതകോടീശ്വരൻമാരെ പിടികൂടണമെന്നു പറയാൻ തയ്യാറുണ്ടോ?

പ്രൊഫ. പ്രഭാത് പട്നായികിന്റെ നേതൃത്വത്തിൽ ഒരു സംഘം വിദഗ്ധൻമാർ ഇതുസംബന്ധിച്ച് കണക്ക് കൂട്ടിയിട്ടുണ്ട്. ശതകോടീശ്വരൻമാർക്കുമേൽ ഒരു ശതമാനം സ്വത്ത് നികുതി ഏർപ്പെടുത്തിയാൽ 6 ലക്ഷം കോടി രൂപ വരുമാനമുണ്ടാകും. ഇവരുടെ സ്വത്തിൽ 5 ശതമാനം എല്ലാ വർഷവും പിന്തുടർച്ചാവകാശമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. ഇതിനുമേൽ Inheritance Tax ചുമത്തിയാൽ 9.3 ലക്ഷം കോടി കിട്ടും. ഈ 15 ലക്ഷം കോടി വച്ച് നമുക്ക് എല്ലാവർക്കും 10000 രൂപ പെൻഷൻ ഇന്ത്യയിൽ ആരംഭിക്കാം. എന്താ പറയാൻ തയ്യാറുണ്ടോ? സമരം ചെയ്യാൻ തയ്യാറുണ്ടോ? നാട്ടിലെ ശമ്പളക്കാരുടെയും പെൻഷൻകാരുടെയും മേൽ കുതിരകയറുവാൻ എളുപ്പമാണ്. പക്ഷെ, ഇന്ത്യയിലെ ശതകോടീശ്വരൻമാർക്കു നേരെ വാളുവീശുക എളുപ്പമല്ല.

ക്ഷേമ രാഷ്ട്രത്തിലേയ്ക്ക് എളുപ്പവഴി ഇല്ല. കേരളത്തിൽ ഭൂപരിഷ്കരത്തിലൂടെയും കൂട്ടായ വിലപേശലിലൂടെയും സർക്കാരിന്റെ കരുതൽ നടപടികളിലൂടെയും ഇടതുപക്ഷം നടപ്പാക്കിയ വലിയ തോതിലുള്ള പുനർവിതരണം, അതുമാത്രമാണ് മാർഗ്ഗം.

പിന്നെ ഒന്നുകൂടിയുണ്ട്. കൂലിയും ശമ്പളവും കഴിഞ്ഞിട്ടല്ലേ പെൻഷൻ വരുന്നത്. എന്നാൽ പുതിയ പ്രസ്ഥാനക്കാർക്ക് രാജ്യത്തെ മിനിമം കൂലിയെക്കുറിച്ചോ, ഇന്ന് കേന്ദ്രസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ നിയമങ്ങളെക്കുറിച്ചോ ഒന്നും പറയാനില്ല. മാസം 4000 – 5000 രൂപ മാത്രം കൂലിയും ശമ്പളവും കിട്ടുന്ന ഇന്ത്യയിലെ മഹാഭൂരിപക്ഷം പണിയെടുക്കുന്നവരുടെ വേതനം മിനിമം 18000 രൂപയായി ഉയർത്തണമെന്നാണ് പറയുന്നത്. ഏയ് അതൊക്കെ പഴയുപോലെ തന്നെ. പെൻഷനാണ് വർദ്ധിപ്പിക്കേണ്ടത് എന്നാണ് പുതിയ വൺ ഇന്ത്യ വൺ പെൻഷൻകാരുടെ മനോഗതി.

ഈ പരിപ്പ് ഇവിടെ വേവില്ല. വേറെവല്ലതും പറഞ്ഞ് മാറ്റിപ്പിടിക്ക്.

Related Stories

No stories found.
logo
The Cue
www.thecue.in