'മോദിയുമായുള്ള ശിങ്കിടിബന്ധത്താല്‍ അദാനി- റിലയന്‍സ് പോലുള്ള കുത്തകകൾ ഇന്ത്യയുടെ പൊതുസ്വത്ത് തട്ടിയെടുക്കുന്നത് കാണാതെ പോകുന്നതെങ്ങനെ?'

'മോദിയുമായുള്ള ശിങ്കിടിബന്ധത്താല്‍
അദാനി- റിലയന്‍സ് പോലുള്ള കുത്തകകൾ ഇന്ത്യയുടെ പൊതുസ്വത്ത് തട്ടിയെടുക്കുന്നത് കാണാതെ പോകുന്നതെങ്ങനെ?'

ഡോ. ശശി തരൂരിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട തരൂർ,
ഇപ്പോൾ നടക്കാൻ പോകുന്ന ലോകസഭാ സമ്മേളനത്തിൽ തിരുവനന്തപുരം എയർപോർട്ട് വികസനം ചർച്ചയാക്കണമെന്നാണല്ലോ എംപിമാരുടെ സമ്മേളനത്തിൽ ധാരണയായത്. താങ്കൾ ഒരാൾക്ക് മാത്രമാണ് വ്യത്യസ്ത നിലപാടുള്ളത്. താങ്കൾ ഇതുവരെ സ്വീകരിച്ചു വന്ന നിലപാടിന്റെ തുടർച്ചയാണത് എന്ന് അംഗീകരിക്കുന്നു. തിരുവനന്തപുരം എയർപോർട്ടിന്റെ പുരോഗതിയിൽ എയർപോർട്ട് അതോറിറ്റി പുലർത്തിയ അലംഭാവമാണ് താങ്കൾ അതിനു പറയുന്ന ന്യായം.

ആ ആരോപണം ശരിയായാൽപ്പോലും വിമാനത്താവളം പോലൊരു പൊതുസ്വത്ത് അദാനിയെപ്പോലുള്ള കോർപറേറ്റുകൾക്ക് തീറെഴുതുകയല്ലല്ലോ പ്രതിവിധി. സ്ഥലം എംപിയെന്ന നിലയിൽ ഈ വിഷയത്തിൽ കേരളത്തിന് അനുകൂലമായ നിലപാട് താങ്കൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അത്തരമൊരു പുനരാലോചന നടത്തുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ കണക്കിലെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഒന്ന്) വിമാനത്താവള വികസനത്തിന് ആവശ്യമായ തുക മുതൽമുടക്കാൻ കേരള സർക്കാരിന്റെ മുൻകൈയിലുള്ള കമ്പനിയ്ക്ക് കഴിയുമോ? ഒരു പ്രയാസവുമില്ല എന്ന് ഉറപ്പു നൽകാൻ കഴിയും. ബജറ്റിലല്ല, ബജറ്റിനു പുറത്ത് പണം കണ്ടെത്താനാവും. പശ്ചാത്തല സൌകര്യവികസനത്തിനായി കേരളം ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന അത്യത്ഭുതകരവും ഭീമവുമായ മുതൽമുടക്കിനു നേരെ താങ്കൾക്ക് എങ്ങനെ കണ്ണടയ്ക്കാൻ കഴിയുന്നു?

രണ്ട്) വിമാനത്താവളം പോലൊരു സംരംഭവം കാര്യക്ഷമമായും ലാഭകരമായും നടത്താനുള്ള പ്രാപ്തി നമുക്കുണ്ടാവുമോ എന്നാണ് അടുത്ത ചോദ്യം. സിയാലിന്റെ അനുഭവം നമുക്കുണ്ട്. അവിടെ എന്തെങ്കിലും പോരായ്മയുണ്ടെന്ന് ആർക്കും ആരോപണമില്ലല്ലോ. അതിനെക്കാൾ മെച്ചപ്പെട്ട രീതിയിൽ ടിയാൽ നടത്താൻ നമുക്കു ശ്രമിക്കാം.

മൂന്ന്) വിഴിഞ്ഞം നിർമ്മിക്കാനും നടത്തിക്കാനും അദാനിയെ ഏൽപ്പിക്കാമെങ്കിൽ എന്തുകൊണ്ട് വിമാനത്താവളം അനുവദിച്ചൂകൂടാ എന്നാണ് അടുത്ത സംശയം. വിഴിഞ്ഞത്ത് ഡീപ്പ് വാട്ടർ തുറമുഖം നിർമ്മിക്കുന്നതിനോ കൊളംബോ, സിംഗപ്പൂർ, കുളച്ചൽ തുറമുഖങ്ങളുമായി മത്സരസജ്ജമാക്കുന്നതിനോ ഉള്ള പ്രാപ്തി നമുക്കില്ല. അതിൽ സംശയമൊന്നുമില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ ധാരാളം വിമർശനങ്ങൾ ഉയർത്തിയ പദ്ധതിയാണെങ്കിലും, ഒരു സർക്കാർ മുൻകൈയെടുത്ത് സാധ്യമാക്കിയ നിക്ഷേപപദ്ധതിയെന്ന നിലയിൽ, അത്തരം ഇടപെടലുകൾക്ക് തുടർച്ചയില്ലാതെ വരുന്നത് കേരളത്തിന്റെ ദീർഘകാല വികസനാവശ്യങ്ങൾക്ക് വിലങ്ങുതടിയാവുമെന്ന തിരിച്ചറിവുണ്ട്. അതുകൊണ് വിഴിഞ്ഞം പൂർത്തിയാകുമ്പോൾ അതിന്റെ നേട്ടം തിരുവനന്തപുരത്തിനും തിരുവനന്തപുരം ജില്ലയ്ക്കും ലഭിക്കുന്നതിനുവേണ്ടി ക്യാപിറ്റൽ സിറ്റി റീജിയൻ ഡെവലപ്പ്മെന്റ് പരിപാടിയ്ക്ക് രൂപം നൽകുകയാണ് ഈ സർക്കാർ ചെയ്തത്. തീരസംരക്ഷണത്തിനുള്ള ഊർജിതനടപടികൾ സ്വീകരിക്കുകയും ചെയ്യും. അതിന് പൂന്തുറ പരീക്ഷണം ഉത്തരം നൽകുമെന്നാണ് എന്റെ പ്രതീക്ഷ. അതാണ് അക്കാര്യത്തിൽ സർക്കാർ സമീപനം. അതുകൊണ്ട് വിഴിഞ്ഞത്തെ അദാനിയെ ചൂണ്ടി വിമാനത്താവളത്തിലെ അദാനിയെ തുലനം ചെയ്യാൻ ശ്രമിക്കരുത്. ആ താരതമ്യം അടിസ്ഥാനരഹിതമാണ്. വിമാനത്താവളത്തിന്റെ കാര്യത്തിൽ കക്ഷിഭേദമെന്യേ കേരളം സ്വീകരിച്ച നിലപാടിനോടൊപ്പം തിരുവനന്തപുരത്തെ ജനപ്രതിനിധിയും ഉണ്ടാകണമെന്ന അഭ്യർത്ഥന ആവർത്തിക്കട്ടെ. അതിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കരുത്.

നാല്) മോദിയുമായുള്ള ശിങ്കിടിബന്ധം ഉപയോഗപ്പെടുത്തി അദാനിയെയും റിലയൻസിനെയുംപോലുള്ള കുത്തകകൾ ഇന്ത്യയുടെ പൊതുസ്വത്ത് തട്ടിയെടുത്തുകൊണ്ടിരിക്കുന്ന സമകാലീന പ്രാകൃത മൂലധനക്കൊള്ള താങ്കൾ കാണാതെ പോകുന്നതെങ്ങനെ? സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാർ നടത്തിയ മൂലധനക്കൊള്ളയ്ക്ക് സമാനമായതല്ലേ നമ്മുടെ മുന്നിൽ അരങ്ങേറുന്നത്? സ്വകാര്യ നിക്ഷേപത്തെ തുറന്നു സ്വാഗതം ചെയ്യുന്ന സമീപനമാണ് കേരളത്തിന്റേത്. അതിന്റെ പേരിൽ പൊതുസ്വത്ത് കൊള്ളയടിക്കുന്നത് അനുവദിക്കാനാവില്ല.

അഞ്ച്) ലേലത്തിൽ പങ്കെടുത്തിട്ട് ഇപ്പോൾ നടപടിക്രമം പറഞ്ഞ് തർക്കമുണ്ടാക്കുന്നത് ശരിയല്ല എന്നാണ് താങ്കളിലെ മാന്യതാ വാദക്കാരൻ. പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടു തന്നെയാണ് ലേലത്തിൽ പങ്കെടുത്തത്. ഏറ്റവും താഴ്ന്ന ക്വാട്ടിനു തുല്യം കൊടുത്തു വാങ്ങാമെന്ന ഉറപ്പ് നിലനിർത്തിക്കൊണ്ടാണ്. അതു പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ രണ്ടുതവണ ഉറപ്പും തന്നിരുന്നു. കോടതിയിൽ കേസുണ്ട്. പാർലമെന്റിൽത്തന്നെയാണ് ഉറപ്പും ലഭിച്ചത്. അതൊക്കെ ലംഘിച്ച് ഏകപക്ഷീയമായി അദാനിയ്ക്ക് വിമാനത്താവളം വിട്ടുകൊടുത്തുകൊണ്ട് കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തുമ്പോൾ, തിരുവനന്തപുരത്തിന്റെ ജനപ്രതിനിധിയ്ക്ക് ഇത്തരം മാന്യതാവാദവുമായി രംഗത്തുവരാൻ എങ്ങനെ കഴിയും? പാർലമെന്റിൽ നൽകിയ വാഗ്ദാനം പാലിക്കേണ്ടതില്ല എന്നാണോ താങ്കൾ കരുതുന്നത്?

ആറ്) ഇതിൽ ഏറ്റവും ഗൌരവമുള്ള പ്രശ്നമെന്താണ്? നിക്ഷേപത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ കേരളം ഒരു കുതിപ്പിലെത്തിയെന്ന കാര്യവും അടുത്ത ഘട്ടത്തിൽ എന്തുവേണമെന്ന കാര്യവും താങ്കളെപ്പോലുള്ളവർ മനസിലാക്കേണ്ടതുണ്ട്. നമ്മുടെ പ്രധാനം പ്രതിബന്ധം ഭൂമിയാണ്. അപ്പോഴാണ് നാം ഒരുകാലത്ത് സൌജന്യമായി വിട്ടുകൊടുത്ത ഭൂമി കേന്ദ്രസർക്കാർ വിറ്റുതുലയ്ക്കാൻ തീരുമാനിക്കുന്നത്.

ഫാക്ടിന്റെ കാര്യം നോക്കൂ. 1000 കോടി രൂപ നൽകിയാണ് ഫാക്ടിൽ നിന്ന് നാം ഭൂമി തിരിച്ചു വാങ്ങിയത്. നാം സൌജന്യമായി കൊടുത്തതും അവർ ഉപയോഗിക്കാതെ ഇട്ടിരുന്നതുമായ ഭൂമി. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി വിൽക്കാൻ പോവുകയാണ്. എഴുനൂറിലേറെ ഏക്കർ ഭൂമിയാണ് സംസ്ഥാനം സൌജന്യമായി ഈ പൊതുമേഖലാ സ്ഥാപനത്തിന് നൽകിയത്. ആ സ്ഥാപനവും ഭൂമിയും ഇപ്പോൾ ലേലത്തിന് വെച്ചിരിക്കുന്നു. കേരള സർക്കാരും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്.

കമ്പനി കേരളത്തിനു ലഭിച്ചാൽ നാം അത് പൊതുമേഖലയിൽ നിലനിർത്തി പ്രവർത്തിപ്പിക്കും, ഒപ്പം ഒരു റബ്ബർ പാർക്കിന് ഇക്കൊല്ലം തന്നെ തറക്കല്ലിടുകയും ചെയ്യാം. ഇത്തരത്തിൽ ഏത്രയോ ആയിരക്കണക്കിന് ഏക്കർഭൂമി ഇതുപോലുള്ള സ്ഥാപനങ്ങളുടെ കൈവശമുണ്ട്. അവർ ഉപയോഗിക്കാതെ തരിശായി ഇട്ടിരിക്കുന്ന ഭൂമി, അവർ ആവശ്യപ്പെടുന്ന വില നൽകി ഏറ്റെടുത്ത് പുതിയ വ്യവസായസംരംഭങ്ങൾ പൊതുമേഖലയിൽ ആരംഭിക്കാൻ സർക്കാർ തയ്യാറാണ്.

എന്നാൽ ഇതൊക്കെ ചുളുവിലയ്ക്ക് വിറ്റുതുലയ്ക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഈ നയത്തിനെതിരെ കേരളം വലിയൊരു യുദ്ധത്തിനു തയ്യാറാകേണ്ടതാണ്. നമുക്ക് ഇതനുവദിക്കാനാവില്ല. ഇത്തരമൊരു മൌലികപ്രശ്നത്തിനുവേണ്ടിയുള്ള സമരമുന്നണിയിലാണ് ശ്രീ ശശി തരൂർ അറിഞ്ഞോ അറിയാതെയോ വെള്ളം ചേർക്കാനൊരുങ്ങുന്നത്.

നാടിന്റെ പൊതുപ്രശ്നം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിക്കേണ്ടത്. അതുകൊണ്ട് തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച ആത്മഹത്യാപരമായ നിലപാടിൽ നിന്ന് താങ്കൾ പിന്മാറണമെന്നും പാർലമെന്റിൽ കേരളത്തോടൊപ്പം നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവം
തോമസ് ഐസക്

Related Stories

No stories found.
The Cue
www.thecue.in