ജനങ്ങളുടെ നാവരിയാന്‍ ഭരണകൂടത്തിന് താല്‍പ്പര്യമേറുന്നത് ആപത് സൂചന
Blogs

ജനങ്ങളുടെ നാവരിയാന്‍ ഭരണകൂടത്തിന് താല്‍പ്പര്യമേറുന്നത് ആപത് സൂചന

ഡോ. ആസാദ്

ഡോ. ആസാദ്

ജനങ്ങളുടെ നാവരിയാന്‍ ഭരണകൂടത്തിന് താല്‍പ്പര്യമേറുന്നത് ഒരു ആപത്സൂചനയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ വ്യവസ്ഥയെ വിമര്‍ശിച്ച് അഭിപ്രായം പറഞ്ഞാല്‍ നടപടിയെടുക്കുന്നത് പതിവായിട്ടുണ്ട്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ ശിക്ഷിക്കുന്ന അനുഭവം ആദ്യമാണ്. പി എസ് സിക്ക് എതിരെ സങ്കടമോ പരാതിയോ വിമര്‍ശനമോ ഉന്നയിച്ചാല്‍ ശിക്ഷിക്കപ്പെടും.

സര്‍ക്കാര്‍ ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടുകൂടാ എന്ന് കോടതി വിധികളുണ്ട്. ഭരണഘടന പൗരന്മാര്‍ക്കു നല്‍കുന്ന മൗലികാവകാശം അവര്‍ സര്‍ക്കാര്‍ ജീവനക്കാരനാവുമ്പോള്‍ നഷ്ടപ്പെടുകയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഇവിടെയാവട്ടെ ജോലികിട്ടാതെ മനക്ലേശമനുഭവിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ പി എസ് സി ശിക്ഷിച്ചിരിക്കുന്നു. ഇല്ലാത്ത അധികാരത്തിന്റെ പ്രകടനമാണത്. ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്.

തൊഴില്‍ദാതാക്കളെ വിമര്‍ശിച്ചുകൂടാ എന്നത് പുതിയ തിട്ടൂരമാണ്. ഇനി സ്വകാര്യ മാനേജുമെന്റുകള്‍ക്കും അത്തരക്കാരെ മാറ്റി നിര്‍ത്താം. യോഗ്യതയും ശേഷിയുമല്ല മറ്റുവിധ ഉപാധികളാണ് തൊഴില്‍നല്‍കലിനു നിദാനമെന്നു വരും. സ്വന്തമായ രാഷ്ട്രീയാഭിപ്രായം ഉള്ളവര്‍ വന്‍തോതില്‍ തഴയപ്പെടും. പി എസ് സി ഇപ്പോഴുണ്ടാക്കുന്ന പുതിയ വഴക്കം നീതീകരിക്കാനാവാത്ത സങ്കുചിത താല്‍പ്പര്യങ്ങളുേതാണ്.

ഇനിയും ഉറങ്ങിക്കിടക്കുകയാണോ നമ്മുടെ യുവസിംഹങ്ങള്‍? എവിടെ അവരുടെ സംഘടിത പ്രസ്ഥാനങ്ങള്‍? പി എസ് സി ചെയര്‍മാനും അദ്ദേഹത്തിന്റെ ഉപദേശക അംഗങ്ങളും ജനാധിപത്യ സംവിധാനത്തിന്റെ ദുരുപയോഗവും അധമമായ പകപോക്കലുമാണ് നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ നിങ്ങളുടെ അടിമകളല്ല. നിങ്ങള്‍ വണങ്ങേണ്ടുന്ന തമ്പുരാക്കന്മാരുമല്ല. ഒരു യോഗ്യതയും പരിഗണിക്കാതെ പി എസ് സിപോലുള്ള ഉന്നത സ്ഥാപനങ്ങളിലെ അംഗത്വവും ചെയര്‍മാന്‍ പദവിയും ലഭിക്കുന്ന രാഷ്ട്രീയ ദുരധികാര കാലത്ത് ഇത്തരം അശ്ലീലങ്ങള്‍ അരങ്ങേറും. അവരെ നിലയ്ക്കു നിര്‍ത്തുവാന്‍ ഉത്തരവാദിത്തപ്പെട്ട ആരുമില്ലെങ്കില്‍ ജനങ്ങള്‍ മാര്‍ച്ചു ചെയ്യേണ്ടി വരും.

പി എസ് സിക്കെതിരെ പറഞ്ഞവരും പ്രതിഷേധിച്ചവരുമായ അനവധി പ്രമുഖരെ ജനങ്ങള്‍ കണ്ടിട്ടുണ്ട്. പരീക്ഷക്കു മുമ്പും ശേഷവും ഓഫീസിനു മുന്നില്‍ ധര്‍ണയും ഉപവാസവും നടത്തിയവരെ കണ്ടിട്ടുണ്ട്. അപ്പോഴൊന്നുമില്ലാത്ത ഒരു ശിക്ഷാനടപടി ഇപ്പോള്‍ നിരാശ്രയരായ ഒന്നുരണ്ടു യുവാക്കളോടു കാണിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തെറ്റാണ്. ആരെയാണ് നിങ്ങള്‍ നേരിടുന്നത്? ആരെയാണ് ഭയപ്പെടുത്തുന്നത്? പി എസ് സി ആപ്പീസിനു മുന്നില്‍ മുദ്രാവാക്യം വിളിക്കുകയും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തവരെ വിദഗ്ദ്ധരായി കൊണ്ടാടുന്നവര്‍ പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കു നേരെ അഴിഞ്ഞാടേണ്ടതില്ല.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in