അര്‍ണബ് സിന്‍ഡ്രോമും മലയാളം അവതാരകരും

അര്‍ണബ് സിന്‍ഡ്രോമും മലയാളം അവതാരകരും
arnab
Summary

നിർഭാഗ്യവശാൽ മലയാളത്തിലെ ചില ടെലിവിഷൻ അവതാരകർ "അർണാബ് സിൻഡ്രോമിൻ്റെ " സ്വാധീനവലയത്തിൽ പെട്ടു പോവാറുണ്ട്.

അർണാബ് ഗോസ്വാമിയുടെ ടെലിവിഷൻ "ഷോ" കൊണ്ട് ആർക്കാണ് പ്രയോജനം ?ഏഷ്യാനെറ്റ് - സി.പി.എം വിവാദത്തിലൂടെ യഥാർത്ഥത്തിൽ ഈ ചോദ്യത്തെയാണ് കേരളം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. അതിനെ അങ്ങനെ നോക്കി കാണുമ്പോൾ മാത്രമെ അതൊരു തിരുത്തൽ സാധ്യതയായി വികാസം കൊള്ളുകയുള്ളൂ. ബഹളംവെക്കുന്നവർ വേഗം പ്രശസ്തരാവും എന്ന സ്വാഭാവിക സാധ്യതയാണ് യഥാർത്ഥത്തിൽ ഈ പ്രശ്നത്തിലെ വില്ലൻ.അർണാബ് പ്രശസ്തനാണ്. അയാൾ രാജ്ദീപിനേക്കാളും, ബർഖ ദത്തിനേക്കാളും,പ്രണോയ് റോയിയേക്കാളുമൊക്കെ അറിയപ്പെടുന്നു. ഇതിൽ നിന്നും മനസ്സിലാവുന്നത് കൂടുതൽ പ്രശസ്തനാവാൻ അർണാബ് രീതിയാണ് അഭികാമ്യം എന്നാണ്. അതിൻ്റെ അർത്ഥം അയാൾ കൂടുതൽ സ്വീകാര്യനാണ് എന്നല്ല.

ഒരു പ്രശ്നത്തിൻ്റെ / വിഷയത്തിൻ്റെ സമഗ്രചിത്രം മനസ്സിലാക്കാനായി ആരും അർണാബിൻ്റെ ഷോ കാണാനിടയില്ല. മാനസിക സമ്മർദ്ദം കൊണ്ട് തല പെരുകിയിരിക്കുന്ന ചില ദിവസങ്ങളിൽ ഞാൻ നല്ല അടിപടം കാണാനിരിക്കും. ഏത് ഭാഷയായാലും പ്രശ്നമില്ല. അടി വേണം. മൊത്തം തല്ല് ! നമുക്ക് നഷ്ടപ്പെടാനൊന്നുമില്ലല്ലോ. ആരോ ആർക്കോ വേണ്ടി ഒന്നു രണ്ടു മണിക്കൂർ തല്ല കൂടുന്നു. അത് തരുന്ന ഒരു സുഖം ഒന്നു വേറെയാണ്.

അതുപോലെയാണ് അർണാബിൻ്റെ രാത്രി കച്ചേരി. ഇംഗ്ലിഷോ ഹിന്ദിയോ അറിയാത്തൊരാൾക്കും അത് ആസ്വദിക്കാം. ആ ഒരു മൂഡ് വേണമെന്നു മാത്രം. ഒരു സമയം കൊല്ലി പരിപാടി. ചിലർ മദ്യലഹരിയിൽ അടിച്ചു പൊളിക്കാറില്ലേ ... ചില മൂഡിൽ അതും കണ്ടു കൊണ്ടിരിക്കാൻ ഒരു രസമാണ്. ഒന്നും കമ്യൂണിക്കേറ്റ് ചെയ്യാതെ വലിയ ബഹളം കൂട്ടൽ. അവിടെ എന്തുംപറയാം. എത്ര തറയാവുന്നുവോ അത്രയും നല്ലത്. നമ്മുടെ രാഹുൽ ഈശ്വറിനെയൊക്കെ അവിടെക്കാണുമ്പോൾശരിക്കും ഒരു ഒരിതല്ലേ...അവിടെയും ഇവിടെയും വ്യത്യസ്തമായി അയാൾ അഭിനയിക്കുന്നു.

നിർഭാഗ്യവശാൽ മലയാളത്തിലെ ചില ടെലിവിഷൻ അവതാരകർ "അർണാബ് സിൻഡ്രോമിൻ്റെ " സ്വാധീനവലയത്തിൽ പെട്ടു പോവാറുണ്ട്. ഇതിൽ അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എളുപ്പത്തിൽ ആൾക്കൂട്ടത്തിൻ്റെ ആരാധനാപാത്രമാവാൻ ഇതൊരു എളുപ്പവഴിയാണ്. ഇത്തരം മത്സരം വ്യത്യസ്തചാനലുകളിലെ അവതാരകർ തമ്മിലും ഒരേ ചാനലിലെ അവതാരകർ തമ്മിലുംഉണ്ടായേക്കും. അവരും മനുഷ്യരല്ലേ ... മോഹൻലാൽ രണ്ടടിപ്പടവുമായി വന്നാൽ മമ്മൂട്ടിയും അത്തരമൊരെണ്ണം നോക്കിയെന്നു വരും. ടെലിവിഷനിൽ ഈ മത്സര സാധ്യത ദിവസേനെയുണ്ട് എന്നത് ഒരു പ്രത്യേകതയാണ് . ദിവസവും ഈ കോപ്പുകൂട്ടൽ ഉണ്ടെന്നുമർത്ഥം. നല്ല വിവാദം കിട്ടിയാൽ അന്ന് കുശാലായി.

സി.പി.എം ഇങ്ങനെ കാടടച്ച് വെടി വെക്കുന്നതിനു പകരം ഇന്നയിന്ന അവതാരകരെ ബഹിഷ്ക്കരിക്കും എന്ന ഒരു നിലപാട് കൈക്കൊണ്ടിരുന്നെങ്കിൽ തിരുത്ത് സമഗ്രവും എളുപ്പവും കുറേക്കൂടി ജനാധിപത്യപരവുമായിരുന്നേനെ

പറഞ്ഞു വന്നത് ഏഷ്യാനെറ്റിൻ്റെ പ്രശ്നമാണ്. സ്വന്തം ജോലി സ്വയം മറന്ന് ആസ്വദിച്ച അവതാരകർ സൃഷ്ടിച്ച പ്രശ്നം മാത്രമാണിത്. അതിന് കടിഞ്ഞാണിടാൻ ആ മാധ്യമ സ്ഥാപനത്തിൽ ഇരുത്തം വന്ന മുതിർന്ന മാധ്യമ പ്രവർത്തകർ/എഡിറ്റർമാർ ഇല്ലാതെ പോയി എന്നു വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ. അല്ലെങ്കിൽ അതിത്ര വഷളാവാതെ നോക്കാൻ ശ്രമിക്കുമായിരുന്നു. സി.പി.എം ഇപ്പോൾ എടുത്ത നിലപാട് അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. പക്ഷേ, തെറ്റ് മനസ്സിലാക്കി തിരുത്താനുള്ള ആർജവം അവരുടെ നേതൃത്വത്തിനില്ലാതെ പോയി.

സി.പി.എം ഇങ്ങനെ കാടടച്ച് വെടി വെക്കുന്നതിനു പകരം ഇന്നയിന്ന അവതാരകരെ ബഹിഷ്ക്കരിക്കും എന്ന ഒരു നിലപാട് കൈക്കൊണ്ടിരുന്നെങ്കിൽ തിരുത്ത് സമഗ്രവും എളുപ്പവും കുറേക്കൂടി ജനാധിപത്യപരവുമായിരുന്നേനെ. അത് മറ്റ് വാർത്താ അവതാരകർക്കുമുള്ള ഒരുതാക്കീതുമായേനെ. എന്തായാലും "അർണാബ് സിൻഡ്രോം" നമ്മുടെ ജനാധിപത്യത്തിനും മാധ്യമ പ്രവർത്തനത്തിനും ഭൂഷണമായ ഒന്നല്ല. അത് മുളയിലേ നുള്ളിക്കളയുന്നതാണ് നല്ലത്

AD
No stories found.
The Cue
www.thecue.in