ആനയോളി, ഫാഷിസ്റ്റ് ഹിംസാത്മകതയുടെ അതേ ആക്രോശം

ആനയോളി, ഫാഷിസ്റ്റ് ഹിംസാത്മകതയുടെ അതേ ആക്രോശം
Summary

ഫാഷിസ്റ്റ് ഹിംസാത്മകതയുടെ അതേ ആക്രോശമാണ് 'ആനയോളി' അധിക്ഷേപ കർഷക രക്ഷാസംഘത്തിന്റേത് എന്നതിൽ അത്ഭുതമില്ല. കാരണം ഒരേതരം രാഷ്ട്രീയത്തിന്റെ ഭാഗമാണവർ. നാമജപത്തെറിവിളികളും സ്ത്രീവിരുദ്ധ തെറിയും സംഘപരിവാർ കക്ഷികളിൽ നിന്ന് മാത്രമല്ല കേരളത്തിൽ ഉയർന്നത്.പ്രമോദ് പുഴങ്കര എഴുതിയത്

കൊല്ലപ്പെട്ട ആനയ്ക്ക് ഉമാദേവി എന്ന് പേരിട്ടതും അതിനെ മലപ്പുറം ഭീകരതയെന്ന വ്യാജനിർമ്മിതിയുടെ ഇരയാക്കി ചിത്രീകരിച്ചതുമൊക്കെ ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടയുടെ പ്രചാരണതന്ത്രങ്ങളാണ്. ഹിന്ദുക്കളായ മനുഷ്യർക്ക് മാത്രമല്ല, ഹിന്ദു ദൈവമൃഗങ്ങൾക്ക് പോലും രക്ഷയില്ലാത്ത ക്രൂര മുഹമ്മദീയരുടെയും കമ്മ്യൂണിസ്റ്റുകാരുടെയും നാടായി കേരളത്തെ ചിത്രീകരിക്കാനുള്ള ഹിന്ദുത്വ നേതൃത്വത്തിന്റെ ദീർഘകാല പ്രചാരണത്തിന്റെ ഭാഗവുമാണത്. അതിനെതിരെ നടത്തുന്ന സമരം ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ ഭാഗമാണ്. ഇതിനിടയിലൂടെ വന്യമൃഗം എന്നാൽ മനുഷ്യവിരുദ്ധ പ്രതിഭാസം എന്ന ചൂഷണ അജണ്ടയുടെ തിരുകിക്കയറ്റലിനെ വിട്ടുവീഴ്ചയില്ലാതെ എതിർക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ ആന ഒരു ഫാഷിസ്റ്റ് മൃഗമാണ് എന്ന തരത്തിൽ വരെയെത്തുന്നു പല പ്രതികരണങ്ങളും.

ആനയോളി എന്ന പുത്തൻ തെറി കൂടി വളരെ സുലഭമായി ഉപയോഗിക്കുന്നുണ്ട്. കർഷക ആത്മഹത്യക്കു വരെ ആന കണക്കു പറയണം എന്ന മട്ടിലുള്ള ആക്രോശമാണ്. വന്യ മൃഗങ്ങളും വന്യമൃഗ ആവാസകേന്ദ്രങ്ങളിലും പരിസരത്തുമായി കൃഷിയടക്കം നടത്തുന്ന മനുഷ്യരും തമ്മിലുള്ള സംഘർഷം വളരെ കുഴപ്പം പിടിച്ച സങ്കീർണ്ണമായ ഒരു പ്രശ്നമാണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾക്ക് ചുറ്റിലും ഈ പ്രശ്നമുണ്ട്. ആനയെപ്പോലെ ഓരോ ദിവസവും ധാരാളം സഞ്ചരിക്കുകയും Wasteful feeding habit (ഇതിനെ മനുഷ്യൻ ഉണ്ടാക്കുന്ന waste -മായി താരതമ്യം ചെയ്യരുത്. ഒരു ഭക്ഷണരീതിയെ സൂചിപ്പിക്കുന്ന വിശേഷണമാണിത്) എന്ന് പറയാവുന്ന ഭക്ഷണ ശീലം പുലർത്തുന്നതുമായ ഒരു മൃഗമുള്ള കാടുകളിൽ, തൊട്ടടുത്തുള്ളതും കാടുകളിലേക്ക് കയറിക്കിടക്കുന്നതുമായ കൃഷിയിടങ്ങളിലേക്ക് ആനകൾ ഇറങ്ങുന്നത് നിരന്തരമായുണ്ടാകുന്ന ഒരു കാര്യമാണ്. ഇതിനെ ആനകളെയും ഒപ്പം ഇത്തരത്തിലുള്ള വന്യമൃഗങ്ങളെയും കൊന്നുതീർത്തുകൊണ്ട് പരിഹരിക്കലല്ല വേണ്ടതെന്ന ഉറച്ച നിലപാട് ഒരു രാഷ്ട്രീയം കൂടിയാണ്. അത് പരിസ്ഥിതിയേയും മനുഷ്യന്റെ നിലനില്പിനെയും സംബന്ധിച്ച ഇടതുപക്ഷ, മാർക്സിസ്റ് രാഷ്ട്രീയമാണ്.

എത്ര അപകടകരമായ ആഴത്തിൽ ഈ വലതുപക്ഷ, മുതലാളിത്ത വികസന ഹിംസയുടെ പ്രത്യയശാസ്ത്രം കേരളീയ സമൂഹത്തിൽ വ്യാപിച്ചു എന്നതിന്റെ അശ്ലീലമായ തെളിവാണ് 'ആനയോളി' എന്ന ആക്ഷേപപദം.

കാടും മൃഗങ്ങളും മനുഷ്യവിരുദ്ധമായ ഒരു അന്യവസ്തുവാകുന്നത് മുതലാളിത്ത ചൂഷണത്തിന്റെ കാലത്താണ്. എന്നാൽ അതിനേറെ മുമ്പുതന്നെ ഭൂമിയെന്നാൽ മനുഷ്യന് കൊന്നും തിന്നും ജീവിക്കാനുള്ള ഒരിടമാണെന്നും മനുഷ്യന്റെ നിലനിൽപ്പ് മനുഷ്യനൊഴികെയുള്ള പാരിസ്ഥിതിക ഘടകങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു സ്വതന്ത്ര പ്രതിഭാസമാണെന്നുമുള്ള തരത്തിലുള്ള Anthropocentric ആയ ചിന്തകൾ പല ശാഖകളിലായി ഉരുത്തിരിഞ്ഞുതുടങ്ങിയിരുന്നു. ഇരുപതാം നൂറ്റാണ്ട് ഇതിന്റെ ഏറ്റവും ഭീഭത്സമായ ചിത്രം സൃഷ്ടിച്ചു. മുതലാളിത്തത്തിന്റെ ലാഭക്കൊതിയിൽ അധിഷ്ഠിതമായ, ചൂഷണത്തിൽ അടിയുറച്ച ഒരു വ്യവസ്ഥയുടെ മൂല്യങ്ങളെയാണ്, രാഷ്ട്രീയത്തെയാണ് ഇതിന്റെ മറവിൽ വ്യാജമായ, കർഷകസ്നേഹം എന്നൊക്കെപ്പേരിലുള്ള അസംബന്ധങ്ങളായി അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ കാര്ഷികപ്രശനം എന്നത് വനവും വന്യജീവികളുടെ ബന്ധപ്പെട്ട ഒന്നല്ല. വനങ്ങളുടേയും വന്യജീവികളുടെയും സംരക്ഷണവും കാര്ഷികപ്രശനവും കൂട്ടിവെക്കുന്നത് യഥാർത്ഥ കാർഷിക പ്രതിസന്ധിയെ മറച്ചുവെക്കുന്ന തന്ത്രമാണ്.

കേവലമായ കാർഷികാവശ്യങ്ങൾക്കുവേണ്ടിയുള്ള കയ്യേറ്റങ്ങളെക്കാളും ഖനികളാണ് ഇന്ത്യയിലെ കാടുകൾക്കും വന ഇടനാഴികൾക്കും ഏറ്റവും വലിയ ഭീഷണി.

നൂറുകണക്കിന് കൊല്ലങ്ങളായി കാട്ടിൽ ജീവിക്കുന്ന ,കാടിനോട് ചേർന്ന് ജീവിക്കുന്ന ആദിവാസികൾക്ക് ഭൂമിയില്ലാതിരിക്കുന്നതും ഉപജീവനമാർഗങ്ങൾ ഇല്ലാതിരുന്നതും പരിഹരിക്കപ്പെടാതെ പോകുന്നതും കൃഷിനാശത്തിന്റെ ആനക്കഥകൾ വളരെ വേഗം ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ ചെലവിൽ ഹിംസാത്മകമായ ആൾക്കൂട്ട വേട്ടയുടെ കാടിളക്കലാകുന്നതുമൊന്നും ഒട്ടും നിഷ്ക്കളങ്കമല്ല. വാസ്തവത്തിൽ ഹിന്ദുത്വ ഫാഷിസത്തിന്റെ നുണപ്രചാരണത്തിന്റെയും ഹിംസാത്മകതയുടെയും അതേ രാഷ്ട്രീയ, ചൂഷണ ബോധ്യങ്ങളിൽ നിന്നാണ് ആനഗർഭത്തെക്കുറിച്ചുള്ള വഷളൻ തമാശകളുടെ ആഘോഷം ഉണ്ടാകുന്നതും.

ഇന്ത്യയിലെമ്പാടും ആനകൾക്ക് മാത്രമല്ല, എല്ലാത്തരം വന്യമൃഗങ്ങൾക്കും habitat loss എന്നുള്ളത് നിലനില്പിനുള്ള ഭീഷണിയായി മാറിയിട്ട് കാലങ്ങളായി. കൃഷി നശിപ്പിക്കാതെയും വന്യമൃഗങ്ങൾ ഇല്ലാതാകും. അത് ആവാസകേന്ദ്രങ്ങൾ ഇല്ലാതാകുന്നതിലൂടെയാണ്. നഷ്ടപ്പെട്ട മരങ്ങൾ പക്ഷികളെയും ഇല്ലാതാകുന്ന പക്ഷികൾ മരങ്ങളെയും അപ്രത്യക്ഷമാക്കുന്ന പോലെ. 19, 20 നൂറ്റാണ്ടുകളിൽ നാട്ടുരാജാക്കന്മാരും ബ്രിട്ടീഷുകാരും വേട്ടയാടി നശിപ്പിച്ചതാണ് ഇന്ത്യയിലെ വലിയ എണ്ണം കടുവകളെ. കൊളോണിയൽ യജമാനമാരെ സന്തോഷിപ്പിക്കാൻ ഇന്ത്യൻ നാട്ടുരാജാക്കന്മാർ കടുവ വേട്ടയാണ് ഒരുക്കിയത്. ആയിരക്കണക്കിന് കടുവകളെയാണ് ഇങ്ങനെ കൊന്നൊടുക്കിയത്. ആവാസകേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടതുകൂടിയായപ്പോൾ ഇന്ത്യയിൽ കടുവകൾ 2000-ത്തോളം മാത്രമായി. തുരുത്തുകളായി മാറിയ സംരക്ഷണ കേന്ദ്രങ്ങളിൽ നിന്നാണ് മിക്കപ്പോഴും മൃഗങ്ങൾ പുറത്തിറങ്ങുന്നത്. ഇത് പരിഹരിക്കാനുള്ള നടപടിയിലൊന്ന് കർഷകർക്ക് നഷ്ടപരിഹാരം നൽകുകയും ഒപ്പം തന്നെ വനാതിർത്തികളിൽ നിന്നും മനുഷ്യ കയ്യേറ്റങ്ങളും കുടിയേറ്റങ്ങളും ഒഴിവാക്കുകയുമാണ്.

കേവലമായ കാർഷികാവശ്യങ്ങൾക്കുവേണ്ടിയുള്ള കയ്യേറ്റങ്ങളെക്കാളും ഖനികളാണ് ഇന്ത്യയിലെ കാടുകൾക്കും വന ഇടനാഴികൾക്കും ഏറ്റവും വലിയ ഭീഷണി. ഛത്തീസ്ഗഡിലും ജാർഖണ്ഡിലും മധ്യപ്രദേശിലും ഒഡിഷയിലും വടക്കുകിഴക്കൻ ഇന്ത്യയിലും ഈ പ്രശ്നം അതീവഗുരുതരമാണ്. വനത്തിലൂടെയുള്ള വ ൻ പാതകളടക്കമുള്ള നിർമ്മാണപ്രവർത്തനങ്ങൾ, പാരിസ്ഥിതിക ആഘാതം വകവെക്കാതെയുള്ള അനുമതികൾ എന്നിവയെല്ലാം നിർബാധം നടക്കുകയാണ്. ഇതൊന്നും സാധാരണ മനുഷ്യന് എന്തെങ്കിലും ഗുണമുണ്ടാക്കുന്നതല്ല. എന്നാൽ തങ്ങൾക്ക് ഒരു കാര്യവുമില്ലാത്ത ഈ മുതലാളിത്ത ലാഭക്കൊതിയുടെ വികസനമാതൃകയ്ക്കായി തൊണ്ടകീറുന്നത് അതിന്റെ ഇരകളായ മനുഷ്യരാണ് എന്നത് കൃത്യമായ സൂക്ഷ്മരാഷ്ട്രീയ പ്രയോഗത്തിന്റെ ഫലമാണ്.

ആനയെ കൊന്നത് ഒരു നിസ്സാരകാര്യമായി അവതരിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. എന്തുകൊണ്ട് കാട്ടുപന്നികളെ കൊല്ലുന്നതിൽ വേദനിക്കുന്നില്ല എന്ന ചോദ്യവും. കാട്ടുപന്നിയുടെ നിറം വെച്ചുകൊണ്ടുള്ള സ്വത്വ രാഷ്ട്രീയം വരെ വന്നുകഴിഞ്ഞു. ഇന്തോനേഷ്യയിലും ബ്രസീലിലുമൊക്കെ കൃഷി എന്ന പേരിൽ നടത്തുന്ന വനനശീകരണം വലിയൊരു പ്രശ്നമാണ്. അതൊന്നും സാധാരണ കൃഷിയല്ല. വൻകിട കോർപ്പറേറ്റുകളുടെ നൂറുകണക്കിന് ഹെക്ടറുകളിൽ വ്യാപിക്കുന്ന എണ്ണക്കുരു കൃഷിയടക്കമുള്ളവയാണ്. പ്രശ്നം ഒരു രാഷ്ട്രീയ മൂല്യബോധത്തിന്റെയാണ്. നഗരത്തിലെ കാറുള്ളവന്റെ പ്രശ്നമല്ല കാടിനടുത്തുള്ള കർഷകന്റെ എന്ന ക്ഷോഭം വാസ്തവത്തിൽ നഗരത്തിലെ മധ്യവർഗക്കാരന്റെ മൂല്യബോധത്തിൽ നിന്നുതന്നെയാണ്. എന്തു തരത്തിലായിരിക്കണം ജീവിതം, വികസനം എന്നതിന് മുതലാളിത്തത്തിന്റെ ഏകശിലാത്മകമായ ഉത്തരം മാത്രമുള്ള ഒന്നാണത്.

പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടൽ എന്നത് പ്രകൃതിയെ മുച്ചൂടും മുടിപ്പിച്ചുകൊണ്ടുള്ള ലാഭം കൊയ്യലാക്കി മാറ്റിയത് മുതലാളിത്തമാണ്. ഇതിനെയും പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലിനെയും നാഗരികതകളുടെ ഉരുത്തിരിയലുകളേയും സമീകരിക്കുന്നത് മറ്റൊരു തന്ത്രമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വർഗസമരത്തിന്റെ കുന്തമുന ഭൂമിക്ക് വേണ്ടിയുള്ള സാധാരണ മനുഷ്യരുടെ സമരമാണ്. അതിനെ ആനയുടെ ഗർഭത്തെ അപഹസിക്കുന്ന ഗണപതി ട്രോളാക്കി മാറ്റുന്നത് തലതിരിഞ്ഞ രാഷ്ട്രീയബോധമാണ് അല്ലെങ്കിൽ ബോധമില്ലായ്മയാണ്.

ഫാഷിസ്റ്റ് ഹിംസാത്മകതയുടെ അതേ ആക്രോശമാണ് 'ആനയോളി' അധിക്ഷേപ കർഷക രക്ഷാസംഘത്തിന്റേത് എന്നതിൽ അത്ഭുതമില്ല. കാരണം ഒരേതരം രാഷ്ട്രീയത്തിന്റെ ഭാഗമാണവർ. നാമജപത്തെറിവിളികളും സ്ത്രീവിരുദ്ധ തെറിയും സംഘപരിവാർ കക്ഷികളിൽ നിന്ന് മാത്രമല്ല കേരളത്തിൽ ഉയർന്നത്. അതിനു കാരണം ആ മൂല്യബോധത്തിന് കക്ഷിരാഷ്ട്രീയചേരിതിരിവിനപ്പുറമുള്ള സാമൂഹ്യസ്വീകാര്യതയുണ്ടാക്കുന്ന ഒരടിത്തറ ഉണ്ടായിക്കഴിഞ്ഞു എന്നായിരുന്നു. ഇതുതന്നെയാണ് ആനയോളി ആക്ഷേപത്തിന്റെ മൂല്യബോധം.

ഏതുതരം പരിസ്ഥിസംരക്ഷണത്തെയും മുതലാളിത്തം തന്ത്രപൂർവം എതിരിടുന്നത് സാധാരണ മനുഷ്യരുടെ ഉപജീവനത്തിന്റെ പേരുപറഞ്ഞാണ്. പുഴ സംരക്ഷണം വന്നാൽ മണൽ വാരുന്ന തൊഴിലാളി, കരിങ്കൽ ഖനനമാഫിയക്കെതിരെ പറഞ്ഞാലുടൻ പാവപ്പെട്ടവന്റെ വീട്, പാടം നികത്തൽ വന്നാൽ ഉടൻ വികസനത്തിന്റെ ഭൂമി, ഇങ്ങനെ പോകുന്നു കൂലിയെഴുത്തുകാരുണ്ടാക്കുന്ന ആക്രമണങ്ങൾ. വാസ്തവത്തിൽ ഇതേ തൊഴിലാളികളും പാവപ്പെട്ടവരുൾപ്പെടുന്ന വർഗത്തിന്റെ ജീവിക്കാനുള്ള ദീർഘകാലാവകാശത്തെയും അവരുടെ ഭൂമിയെയുമാണ് മുതലാളിത്തം കൊള്ളയടിക്കുന്നത്. ഈ വൈരുധ്യം മറച്ചുപിടിക്കുന്നതിനാണ് ഇത്തരം അഞ്ചാപത്തികൾ ചാടിവീഴുന്നത്. കാലാവസ്ഥാ മാറ്റം എന്നത് വെറും തട്ടിപ്പു വർത്തമാനമാണെന്ന് പറയുന്ന ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയം ഇതുതന്നെയാണ്.

പരിസ്ഥിതി സംരക്ഷണത്തെയും വനസംരക്ഷണ വാദത്തെയുമൊക്കെ വലതുപക്ഷ, ഹിന്ദുത്വ വാദമാക്കി ചിത്രീകരിക്കുന്ന ആയുധം കൂടി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ നേരെ തിരിച്ചാണ് സംഗതി. ലോകത്തെങ്ങും, ഇന്ത്യയിലുൾപ്പെടെ തീവ്ര വലതുപക്ഷമാണ് ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ വിരുദ്ധരും മുതലാളിത്തവികസന പാതയുടെ നടത്തിപ്പുകാരും. അത് ബ്രസീലിലായാലും ഇന്ത്യയിലായാലും അമേരിക്കയിലായാലും. പരിസ്ഥിതി വിരുദ്ധതയാണ് വലതുപക്ഷ അജണ്ട. അതിന്റെ കൂട്ടാളികളാണ് മലങ്കര മലയോര കോൺഗ്രസ് മാർക്സ് ബാവ കക്ഷിക്കാരടക്കമുള്ളവർ.

എത്ര അപകടകരമായ ആഴത്തിൽ ഈ വലതുപക്ഷ, മുതലാളിത്ത വികസന ഹിംസയുടെ പ്രത്യയശാസ്ത്രം കേരളീയ സമൂഹത്തിൽ വ്യാപിച്ചു എന്നതിന്റെ അശ്ലീലമായ തെളിവാണ് 'ആനയോളി' എന്ന ആക്ഷേപപദം. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഇതിനെ എതിർക്കുക തന്നെ വേണം. അതൊരു രാഷ്ട്രീയ സമരമാണ്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ഒരു സാംസ്കാരിക സമരമായി ചുരുക്കേണ്ടതല്ല, അത് ആത്യന്തികമായി ഒരു ചൂഷണവ്യവസ്ഥക്കെതിരായ സമരമാണ്. ആ വർഗ്ഗസമരത്തിൽ ഭൂമിക്ക് വേണ്ടിയുള്ള സമരം അതിന്റെ രാഷ്ട്രീയക്കാമ്പാണ്.

Related Stories

No stories found.
logo
The Cue
www.thecue.in