അമേരിക്കക്കാരുടെ മരണത്തിൽ ട്രംപ് കുറ്റക്കാരനാണ്: നോം ചോംസ്‌കി

അമേരിക്കക്കാരുടെ മരണത്തിൽ ട്രംപ് കുറ്റക്കാരനാണ്: നോം ചോംസ്‌കി
Summary

കൊറോണ വൈറസ് മഹാമാരിയെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ തൻ്റെ വിജയസാധ്യതകൾ വർദ്ധിപ്പിക്കാനും, വൻകിട കോർപ്പറേറ്റ് മുതലാളിമാരുടെ കീശയിൽ പണം നിറയ്ക്കാനും ഉപയോഗിച്ച ഡൊണാൾഡ് ട്രംപ് ആയിരകണക്കിന് അമേരിക്കക്കാരുടെ മരണത്തിൽ കുറ്റക്കാരനാണ്. കുറഞ്ഞത് കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ എങ്കിലും അത്യന്തം രൂക്ഷമായ ആരോഗ്യ പ്രതിസന്ധിയുടെ ഘട്ടത്തിൽ ശരാശരി അമേരിക്കക്കാരുടെ പിന്നിൽ നിന്ന് കുത്തിയിട്ടു താനാണ് ഈ രാജ്യത്തിന്റെ രക്ഷകൻ എന്ന് നടിക്കുക്കയാണ് യു.എസ്. പ്രസിഡന്റ്.പ്രൊഫസർ നോം ചോംസ്‌കി ദി ഗാർഡിയൻ -ന്റെ ലേഖകനായ റിച്ചാർഡ് പാർട്ടിങ്‌ടൺ -നു നൽകിയ അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാഷ . പരിഭാഷ: ഗോകുല്‍.കെ.എസ്‌

"ഈ വർഷാവസാനത്തോടെ രണ്ടാമതായി വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ഡൊണാൾഡ് ട്രംപ്, കോർപ്പറേറ്റ് സമ്പന്നരുടെ താൽപര്യങ്ങൾക്ക് അനുകൂലമായി ആരോഗ്യസേവന മേഖലയിലേക്കും സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനുമുള്ള ഗവൺമെന്റ് ധനസഹായം വെട്ടികുറച്ചിരിക്കുകയാണ്," പ്രൊഫസർ ചോംസ്‌കി പറയുന്നു.

"ഈ കഴിഞ്ഞ ഫെബ്രുവരിയിൽ അടുത്ത വർഷത്തേക്കുള്ള ബജറ്റ് പ്രസ്‌താവന പുറത്തു വന്നിരുന്നു. അപ്പോൾ മഹാവ്യാധി പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അന്ന് ട്രംപ് അതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് പറഞ്ഞത് 'അത് കേവലം ജ്വരം മാത്രമാണെന്നാണ്'. പക്ഷേ പ്രത്യക്ഷത്തിൽ പകർച്ചവ്യാധി വ്യാപിക്കുകയായിരുന്നു. ആയിരകണക്കിന് ആളുകൾ മരിക്കുന്നു. ചില മേഖലകളിൽ ധനവിനിയോഗം വെട്ടിച്ചുരുക്കാനും, മറ്റു ചില മേഖലകളിൽ ചിലവ് വർദ്ധിപ്പിക്കാനുമുള്ള നിർദേശങ്ങൾ അടങ്ങുന്ന ഒരു ബജറ്റ് പ്രസ്‌താവനയുമായി ഫെബ്രുവരി 10 -നു ട്രംപ് വരുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിന്റെയും ചിലവ് വെട്ടികുറയ്ക്കുക. രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രവർത്തിക്കുന്ന 'ഡിസീസ് കണ്ട്രോൾ സെന്ററുകൾ' -ക്കുള്ള ധനസഹായം കുറയ്ക്കുക. ഈ ധനസഹായം വെട്ടിച്ചുരുക്കുന്നത് ട്രംപ് അദ്ദേഹത്തിന്റെ ഭരണ കാലത്ത് എല്ലാ വർഷവും ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യമാണ്. അത് ഈ വർഷവും തുടരുന്നു."

"ജനങ്ങളെ എത്രത്തോളം നിസ്സഹായരാക്കാൻ കഴിയുമോ അത്രത്തോളം അത് ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക, എന്നാൽ മാത്രമേ അവർക്ക് പരമാവധി കഷ്ടപ്പാടുകൾ അനുഭവപ്പെടുകയുള്ളു. പക്ഷേ കോർപ്പറേറ്റ് ശക്തിയിലും സമ്പത്തിലും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്ന പ്രാഥമിക സമ്മതിദായകരുടെ ലാഭം തീർച്ചയായും വർദ്ധിക്കുക തന്നെ വേണം."

ഇത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്, ഇതൊരു വലിയ അപരാധമാണ്, കുറ്റകൃത്യമാണ് എല്ലാം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിലെ വിജയസാധ്യത കൂട്ടാൻ മാത്രമാണ് ചെയ്യുന്നത്

"ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളുടെ രക്ഷകനാണ്, എന്നെ വിശ്വസിക്കുക, ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യും - എന്നെല്ലാം ഒരു വശത്ത് നിന്ന് ജനങ്ങളോട് പറഞ്ഞിട്ട്, മറുവശത്തു അവരുടെ പിന്നില്‍ നിന്നു കുത്തുകയാണ് ട്രംപ് ചെയ്യുന്നത്. ഒരുപാട് ആളുകളെ കൊല്ലാനുള്ള മികച്ച തന്ത്രമാണ് ഇത്, മാത്രമല്ല തിരഞ്ഞെടുപ്പിലെ വിജയ സാധ്യതകൾ കൂട്ടുകയും ചെയ്യാം."

പാർട്ടിങ്‌ടൺ: പ്രൊഫസർ ,അപ്പോൾ താങ്കൾ പറയുന്നത് കോറോണവൈറസ് മഹാവ്യാധിയിൽ അമേരിക്കക്കാരുടെ മരണത്തിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരനാണ് എന്നാണോ?

"അതെ. പക്ഷേ ഇത് അതിനേക്കാൾ മോശമാണ്, വളരെ ഗുരുതരവുമാണ്. അന്താരാഷ്ട്ര തലത്തിൽ നോക്കുക, അമേരിക്കൻ ജനതയ്‌ക്കെതിരെ ഈ കാലമത്രയും ചെയ്തുകൊണ്ടിരിക്കുന്ന ക്രിമിനൽ ആക്രമണങ്ങൾ മൂടിവെക്കാൻ അദ്ദേഹം ബലിയാടുകളെ കണ്ടെത്താൻ ശ്രമിക്കുകയാണ്. ലോകാരോഗ്യ സംഘടനയാണ് (WHO) ഏറ്റുമുട്ടാൻ കണ്ടെത്തിയ ഒരു ബലിയാട്."

"അപ്പോൾ എങ്ങനെയാണ് നിങ്ങൾ ലോകാരോഗ്യ സംഘടനയെ ശിക്ഷിക്കുക? ധനസഹായം അങ്ങ് പിൻവലിക്കുക. അങ്ങനെ അവരെ തകർത്തുകളയുകയാണ് ലക്ഷ്യം എന്ന് വ്യക്‌തമാക്കുക. അതുവഴി ലോകാരോഗ്യ സംഘടനയെ ഇല്ലാതാക്കുക. അതുപോലെ അമേരിക്കക്കാരെ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങളെയും പദ്ധതികളെയും തകർക്കുക. ലോകത്തു പലയിടത്തായി, പ്രത്യേകിച്ച് ചൈനയിൽ, കൊറോണവൈറസുകളെ കണ്ടെത്താനായി ഗവൺമെൻറ്റുകൾ ചിലവ് വഹിക്കുന്ന അതിന്റേതായ പ്രാധാന്യമുള്ള ഒരുപാട് ഗവേഷണ പദ്ധതികൾ നടക്കുന്നുണ്ട്. അതെല്ലാം പിൻവലിക്കുക, എന്നിട്ട് എന്തു തന്നെ സംഭവിച്ചാലും ഏറ്റവും നിസ്സഹായരും ദുരിതമനുഭവിക്കുന്നവരുമായി അമേരിക്കക്കാരെ മാറ്റുക. കാരണം തിരഞ്ഞെടുപ്പിന് വേണ്ടി ട്രംപ് അണിനിരത്താൻ ഉദ്ദേശിക്കുന്ന ജനക്കൂട്ടത്തിന്റെ സംഘടിപ്പിക്കാൻ കാര്യങ്ങൾ എളുപ്പമാകുമല്ലോ."

"ഇത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്, ഇതൊരു വലിയ അപരാധമാണ്, കുറ്റകൃത്യമാണ് എല്ലാം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിലെ വിജയസാധ്യത കൂട്ടാൻ മാത്രമാണ് ചെയ്യുന്നത്."

Related Stories

No stories found.
logo
The Cue
www.thecue.in