‘മുന്നില്‍ നില്‍ക്കാന്‍ നിങ്ങളുണ്ടാവണം’; നസീര്‍ വാടാനപ്പള്ളിയുടെ  മടങ്ങിവരവിനായി പ്രവാസിലോകം

‘മുന്നില്‍ നില്‍ക്കാന്‍ നിങ്ങളുണ്ടാവണം’; നസീര്‍ വാടാനപ്പള്ളിയുടെ മടങ്ങിവരവിനായി പ്രവാസിലോകം

Summary

‘ഈ ഓട്ടത്തിനിടയില്‍ വൈറസ് ബാധിച്ചോ എന്നറിയില്ല’, യുഎഇയിലെ പ്രവാസികള്‍ക്കായി ആരോഗ്യം മറന്ന് ഓടിയ മലയാളി സന്നദ്ധപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി കൊവിഡ് ബാധിതനായി ആശുപത്രിയില്‍. ദുബൈയിലെ സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്‍ ഷംസീര്‍ ഷാന്‍ എഴുതുന്നു

ദുബൈയിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കിയ മലയാളി സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പളളി കോവിഡ് പോസീറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് പ്രവാസികള്‍. ചൈനക്ക് പിന്നാലെ ഇറ്റലിയും അമേരിക്കയുമൊക്കെ കോവിഡ് 19 വ്യാപനത്തിന്റെ തീക്ഷ്ണതയിലേക്ക് എടുത്തെറിയപ്പെട്ടതിനുശേഷം പതിയെ പതിയെയായിരുന്നു, ഗള്‍ഫ് രാജ്യങ്ങളും മഹാമാരിയുടെ പിടിയിലേക്കമര്‍ന്നത്. പ്രത്യേകിച്ച് മലയാളികള്‍ക്ക് ഏറെ വൈകാരിക ബന്ധമുളള നായിഫാണ് ദുബൈയിലെ പ്രഭവകേന്ദ്രമായി പെട്ടെന്ന് വാര്‍ത്തകളില്‍ നിറഞ്ഞത്. അല്‍ റാസും, ഗോള്‍ഡ് സൂഖൂം, ദേരയുമുള്‍പ്പെടുന്ന ദുബൈയുടെ വാണിജ്യസിരാകേന്ദ്രമാണ് നായിഫ് പ്രദേശം. സാധാരണക്കാരായ മലയാളികളുടെയെല്ലാം സജീവ സാന്നിധ്യമുളള തെരുവ്. തിങ്ങിനിറഞ്ഞ ഷോപ്പുകളും താമസകേന്ദ്രങ്ങളും ഈ തെരുവിന്റെ പ്രത്യേകതയാണ്. കാസര്‍കോഡ് കൊറോണ വ്യാപിക്കുമ്പോള്‍ ഒപ്പം നമ്മള്‍ കേട്ട പേരാണ് നായിഫ്. എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. തിരക്കിന്റെ ആഗോള നഗരം പൊടുന്നനെ കോവിഡ് 19 ഭീതിയിലേക്ക് നടന്നടുത്തു. പുറത്തിറങ്ങാന്‍ നിബന്ധനകള്‍ വന്നു. വിവിധ പ്രദേശങ്ങളില്‍ അണുനശീകരണം ആരംഭിച്ചു. രാത്രികാലങ്ങളില്‍ വഴികളടച്ചായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. ദുബൈയുടെ ദീര്‍ഘവീക്ഷണം നിറഞ്ഞ ഭരണനേതൃത്വം നായിഫിലെ സാഹചര്യങ്ങളെ നിയന്ത്രണവിധേയമാക്കാന്‍ സത്വര നടപടികളിലേക്ക് നീങ്ങി. തിരക്കേറിയ അല്‍ റാസ് ഏരിയ പൂര്‍ണ്ണമായും അടച്ചിട്ടായിരുന്നു പിന്നീടുളള നീക്കങ്ങള്‍. മലയാളി ബാച്ചിലേര്‍സ് ധാരാളമുളള നായിഫില്‍ ആരെയും അകത്തേക്കും പുറത്തേക്കും വിടാതെ പഴുതടച്ച പ്രതിരോധമുറകളാണ് നടപ്പിലാക്കിയത്. മലാളികളേറെയുളള പ്രദേശമായതിനാല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ക്കിടയില്‍ നിന്നുളള സന്നദ്ധപ്രവര്‍ത്തകരെ തന്നെ തേടുകയായിരുന്നു അധികൃതരും. വലിയ തിരക്കും ബഹളവുമായി സജീവമായിരുന്ന ഒരു മാര്‍ക്കറ്റ് പെട്ടെന്ന് മഹാമാരി തീര്‍ത്ത അങ്കലാപ്പിലേക്ക് വിറങ്ങലിച്ചുചേര്‍ന്നപ്പോള്‍ നസീര്‍ വാടാനപ്പളളിയെന്ന സാമൂഹ്യ പ്രവര്‍ത്തന്‍ അവിടേക്ക് ഓടിയെത്തുകയായിരുന്നു.

വെളള കന്തൂറയുമിട്ട് ചിരിതൂകി എല്ലാവര്‍ക്കും സാന്ത്വനം പകരാനെത്തുന്ന ആ മുഖം പ്രവാസി മലയാളികള്‍ക്കിടയില്‍ വര്‍ഷങ്ങളായി സുപരിചിതമാണ്. നസീര്‍ ഭായിയും ഒപ്പം കുറച്ച് യുവാക്കളായ സന്നദ്ധപ്രവര്‍ത്തരും നായിഫിന്റെ ഓരോ നാഡി ഞരമ്പുകളിലും ഓടിച്ചെന്നു. കാസര്‍കോട്ടുകാരനായ ഷബീര്‍ കിഴൂരാണ് നസീര്‍ വാടാനപ്പളളിക്കൊപ്പം സന്നദ്ധസേവകരെ ഒരുക്കി രംഗത്തിറങ്ങിയത്. കെഎംസിസി പ്രവര്‍ത്തകരും നേതാക്കളും മുന്നില്‍ നിന്ന് നയിക്കാനുണ്ടായിരുന്നു. പിന്നീട് ചിട്ടയായ പ്രവര്‍ത്തനമായിരുന്നു. കോള്‍ സെന്ററടക്കമുളള ഏകോപനങ്ങളും കൊണ്ടുവന്നു. ദുബൈ പോലീസുമായും ആരോഗ്യവകുപ്പുമായുമെല്ലാം ബന്ധപ്പെട്ട് നായിഫിന്റെ അടിയന്തിര സാഹചര്യം ബോധ്യപ്പെടുത്താന്‍ നസീര്‍ വാടാനപ്പളളിക്ക് സാധിച്ചത് വര്‍ഷങ്ങളായി ഈ വകുപ്പുകളുമായുളള ബന്ധം കാരണം കൂടിയാണ്. മെഡിക്കല്‍ ക്യാമ്പ് നടത്താനും രോഗികളെ മാറ്റിപ്പാര്‍പ്പിക്കാനും നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കാനുമെല്ലാം നസീറും സംഘവും മുന്നില്‍ നിന്നു.

കഴിഞ്ഞ രണ്ടാഴ്ചയോളമായി അഹോരാത്രം നായിഫിന്റെ തെരുവുകളില്‍ കഴിയുന്ന ആയിരങ്ങള്‍ക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കിയും, ഭക്ഷണകിറ്റുകളെത്തിച്ചും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മലയാളി സംഘം നിലകൊണ്ടു. ഇടക്കെപ്പോഴോ ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ നസീര്‍ പറഞ്ഞു. '3 മണിക്കൂറൊക്കെയാണ് ദിവസവും ഉറങ്ങുന്നത്. ഏറെ ഗൗരവം നിറഞ്ഞ സാഹചര്യമാണ്, വീണ്ടെടുക്കാന്‍ സാധിക്കും, പ്രയാസമേറിയ സമയമാണിത്, എല്ലാവരും ദയവായി വീട്ടിലിരിക്കൂ, വീട്ടിലിരിക്കൂ.... ഈ ഓട്ടത്തിനിടയില്‍ വൈറസ് ബാധ തന്നെയും ബാധിച്ചോ എന്നറിയില്ല, അതൊന്നും ചിന്തിക്കുന്നില്ല.'

ശാരീരികമായ തളര്‍ച്ചയൊന്നും വകവെക്കാതെ നിരന്തരമായ സന്നദ്ധ പ്രവര്‍ത്തനങ്ങളിലായിരുന്നു ആ മനുഷ്യന്‍. സാമൂഹ്യപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നസീര്‍ തന്നെ പങ്കുവെച്ച ഒരു വോയ്സ് ക്ലിപ്പിലൂടെയാണ് വേദന പടര്‍ത്തിയ ആ വാര്‍ത്ത പലരും ആദ്യമറിഞ്ഞത്. കോവിഡ് പരിശോധനയില്‍ പോസിറ്റീവാണ്, ആശുപത്രിയിലാണിപ്പോള്‍. എല്ലാം വേഗം ശരിയാകും. ഫോണില്‍ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തുകൊണ്ട് ഞാനുണ്ടാകും. പിന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി സുഹൃത്തുക്കളും, സാധാരണക്കാരായ പ്രവാസികളും മാധ്യമപ്രവര്‍ത്തകരുമാണ് അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നാഭ്യര്‍ത്ഥിച്ച് കുറിപ്പുകളുമായെത്തിയത്. പ്രവാസലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണിപ്പോള്‍ അദ്ദേഹം.

നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇടയാക്കിയ ഇടപെടലുകള്‍ക്ക് നേതൃത്വം കൊടുത്ത മനുഷ്യനെന്ന നിലയില്‍ ദുബൈയിലെ പ്രവാസി സമൂഹത്തിന് പരിചിതനാണ് ഈ നിസ്വാര്‍ത്ഥ സേവകന്‍. എത്രയോ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ വര്‍ഷങ്ങളായി ഓടി നടക്കുന്ന വ്യക്തിത്വമാണ് പ്രിയപ്പെട്ടവര്‍ നസീര്‍ ഭായ് എന്ന് വിളിക്കുന്ന നസീര്‍ വാടാനപ്പളളി. നായിഫിലെ സന്നദ്ധ സംഘത്തിന് നേതൃത്വം നല്‍കുമ്പോഴും ഇടക്ക് ലഭിക്കുന്ന ഇടവേളകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും തന്റെ ഫേസ്ബുക്ക് പേജിലൂടെയും വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിലെയും അന്നത്തെ കാര്യങ്ങള്‍ വിശദീകരിച്ച് ധൈര്യം നല്‍കിയും, ബോധവല്‍ക്കരണം നടത്തിയും നസീര്‍ സജീവമായിരുന്നു. സ്വന്തം ശാരീരിക അവശതകളെ ശ്രദ്ധിക്കാതെയായിരുന്നു ഈ നിസ്വാര്‍ത്ഥമായ ഇടപെടല്‍. അദ്ദേഹം കൂടുതല്‍ ഉന്മേഷവാനായി തിരികെയെത്താനുളള പ്രാര്‍ത്ഥനകളാണ് പ്രവാസികള്‍ക്കിടയിലിപ്പോള്‍. കോവിഡ് 19 രോഗികളുമായുള്ള സഹവാസത്തിലായതിനാല്‍ കുടുംബം നില്‍ക്കുന്ന വീട്ടിലേക്ക് പോകാതെ കരുതലിന്റെ ഭാഗമായി ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു നസീര്‍. ഇത്തരം കേന്ദ്രങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും സുരക്ഷ കണക്കാക്കണമെന്നുമെല്ലാം കൂടുതലും അദ്ദേഹത്തോട് പലരും കര്‍ശനമായി ഓര്‍മ്മിപ്പിച്ചിരുന്നു. നിരവധി സാമൂഹ്യ പ്രവര്‍ത്തകരും ഇതൊരു ഞെട്ടലോടെ തന്നെയാണ് കേട്ടത്. ദേര മേഖലയിലെ വിവിധ കെട്ടിടങ്ങളില്‍ നിന്ന് ധാരാളം പേരെ ആശുപത്രികളിലും നിരീക്ഷണ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് പിന്നില്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വം തന്നെയായിരുന്നു പ്രധാനം. കെ.എം.സി.സി, ഇന്‍കാസ്, അക്കാഫ് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ കൂടി വളണ്ടിയര്‍മാരായി ചേര്‍ന്നപ്പോള്‍ അധികൃതരുടെ പ്രശംസപിടിച്ചുപറ്റിയ സംഘാടന മികവായി അത് മാറുകയും ചെയ്തു.

യു.എ.ഇ യില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് കണ്ടത് അടച്ചുപൂട്ടിയ നയിഫ്, ദേര മേഖല ഉള്‍പ്പെട്ട അല്‍ റാസ് മേഖലയിലെ ഒട്ടേറെ കെട്ടിടങ്ങളില്‍ പരിശോധനകള്‍ നടന്നതിനാലാണ്. ഇതിനായി മുന്നിട്ടിറങ്ങിയ നസീര്‍ വാടാനപ്പള്ളിയുടെ പ്രവര്‍ത്തനങ്ങളെ ദുബായ് ആരോഗ്യവകുപ്പും ഏറെ അഭിനന്ദനത്തോടെയാണ് സ്വീകരിച്ചത്. നസീറിന്റെ നേതൃത്വത്തിലൂളള പ്രവര്‍ത്തനങ്ങളെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവും ആദരവോടെ രേഖപ്പെടുത്തുകയുണ്ടായി. ട്വിറ്റര്‍ സന്ദേശത്തില്‍ അവര്‍ നസീര്‍ വാടാനപ്പള്ളിയെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു. നന്ദിപറഞ്ഞു. നസീര്‍ വാടാനപ്പള്ളിക്കൊപ്പം ഉള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സേവനത്തെയും പ്രശംസിക്കുന്നതായിരുന്നു ട്വിറ്റര്‍ കുറിപ്പ്. എന്നാല്‍ നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ ഒരു തെരുവിന്റെ വീണ്ടെടുപ്പിന് പ്രയത്നിച്ച നസീറിന് കോവീഡ് പോസീറ്റീവ് ആയ അനുഭവം ഈ രംഗത്തുളള സന്നദ്ധ സേവകരുടെ സേവനമുഖത്ത് നിന്നും പിന്തിരിപ്പിക്കാന്‍ ഇടയാക്കരുതെന്നാണ് പ്രവാസ ലോകത്തിന്റെ പ്രാര്‍ത്ഥന. അതുകൊണ്ട് തന്നെ, നസീര്‍ ഭായ് തിരികെ വരും. പൂര്‍ണ്ണ ആരോഗ്യവാനായ് അദ്ദേഹം നിര്‍ദ്ദേശങ്ങളുമായി ഒപ്പമുണ്ടാവുമെന്ന് അവര്‍ പറയുന്നു. സ്നേഹത്തില്‍ പൊതിഞ്ഞ ഈ പ്രാര്‍ത്ഥനകള്‍ മതി അതിജീവിക്കാനെന്ന് ആശുപത്രിക്കിടക്കയില്‍ നിന്നും പങ്കുവെച്ച വീഡിയോയിലൂടെ നസീര്‍ പറയുന്നു. ആശുപത്രിയിലിരുന്നും ഫോണിലൂടെ ഞാന്‍ കൂടെയുണ്ടാവുമെന്ന നസീറിന്റെ പ്രതികരണം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവേശം സമ്മാനിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ഇപ്പോഴും അവര്‍ വിശ്രമിക്കുന്നില്ല. ഓരോ കേന്ദ്രങ്ങളിലായി ആ സംഘം എത്തുന്നു, പരിശോധനകള്‍ക്ക് സംവിധാനം ഒരുക്കുന്നു. നസീര്‍ വാടാനപ്പള്ളിയും സഹപ്രവര്‍ത്തകരും ആരോഗ്യത്തോടെ സാമൂഹ്യപ്രവര്‍ത്തനം തുടരണം, കൂടുതല്‍ പേര്‍ പ്രചോദിതരായി അവര്‍ക്കൊപ്പം നില്‍ക്കണം. ഈ യുദ്ധത്തില്‍ ആഗോള നഗരം അതീജിവിക്കുക തന്നെ ചെയ്യും. നസീര്‍ ഭായ് നിങ്ങള്‍ക്കൊന്നും സംഭവിക്കില്ല, നിറപുഞ്ചിരിയുമായി തിരികെ വരുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍, പല കുറിപ്പുകളിലും കണ്ടത് ഈ നിസ്വാര്‍ത്ഥ സേവകന്റെ രോഗം പെട്ടെന്ന് ഭേദമാകാനുളള ഇത്തരം പ്രാര്‍ത്ഥനകള്‍ മാത്രം. അത് എത്രയും വേഗം സംഭവിക്കട്ടെ.

‘മുന്നില്‍ നില്‍ക്കാന്‍ നിങ്ങളുണ്ടാവണം’; നസീര്‍ വാടാനപ്പള്ളിയുടെ  മടങ്ങിവരവിനായി പ്രവാസിലോകം
കൊറോണക്ക് ശേഷമുള്ള ലോകം, യുവാല്‍ നോഹ ഹരാരിയുടെ ലേഖനം സ്വതന്ത്ര പരിഭാഷ

Related Stories

No stories found.
logo
The Cue
www.thecue.in