കൊറോണക്ക് ശേഷമുള്ള ലോകം, യുവാല്‍ നോഹ ഹരാരിയുടെ ലേഖനം സ്വതന്ത്ര പരിഭാഷ

കൊറോണക്ക് ശേഷമുള്ള ലോകം, യുവാല്‍ നോഹ ഹരാരിയുടെ ലേഖനം സ്വതന്ത്ര പരിഭാഷ

Summary

കൊറോണക്ക് ശേഷമുള്ള ലോകം എന്ന തലക്കെട്ടില്‍ പ്രശസ്ത ചരിത്രകാരനും ചിന്തകനുമായ യുവാല്‍ നോഹ ഹരാരി ഫിനാന്‍ഷ്യല്‍ ടൈംസില്‍ ലേഖനത്തിന് ആദര്‍ശ് ഓണാട്ടിന്റെസ്വതന്ത്ര പരിഭാഷ

ഈ കൊടുങ്കാറ്റും കടന്നുപോകും. എന്നാല്‍ നമ്മള്‍ ഇപ്പോള്‍ എടുക്കുന്ന തീരുമാനങ്ങളാകും വരും കാലത്ത് നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുക.

മാനവരാശി ഇന്ന് ഒരു ആഗോള പ്രതിസന്ധി നേരിടുകയാണ്. ഒരുപക്ഷെ, നമ്മുടെ തലമുറ നേരിടേണ്ടി വന്നതില്‍ വെച്ച് ഏറ്റവും വലിയ പ്രതിസന്ധി. അടുത്ത കുറച്ച് ആഴ്ചകളില്‍ മനുഷ്യരും ഭരണകൂടങ്ങളും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഒരുപക്ഷേ വരും വര്‍ഷങ്ങളില്‍ നമ്മുടെ ലോകത്തെ തന്നെ രൂപപ്പെടുത്താന്‍ പോന്നതാണ്. അവ നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ മാത്രമല്ല, സമ്പദ്വ്യവസ്ഥ, രാഷ്ട്രീയം, സംസ്‌കാരം എന്നിവയെല്ലാം രൂപപ്പെടുത്തും. നാം വേഗത്തിലും നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമ്മള്‍ ഈ പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളും കണക്കിലെടുക്കണം. ബദല്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍, പെട്ടെന്നുള്ള ഭീഷണിയെ എങ്ങനെ മറികടക്കാമെന്ന് മാത്രമല്ല, ഈ കൊടുങ്കാറ്റ് ശമിക്കുമ്പോള്‍ നാം ഏതുതരം ലോകത്ത് ജീവിക്കുമെന്നും സ്വയം ചോദിക്കണം. അതെ, ഈ കൊടുങ്കാറ്റ് കടന്നുപോകുക തന്നെ ചെയ്യും, മനുഷ്യവര്‍ഗം നിലനില്‍ക്കും. നമ്മളില്‍ മിക്കവരും ജീവിക്കും. പക്ഷേ അത് ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായ ഒരു ലോകമായിരിക്കും.

ഹ്രസ്വകാലത്തേക്കെന്ന് കരുതി നമ്മള്‍ എടുത്ത പല അടിയന്തര നടപടികളും ജീവിതത്തിന്റെ തന്നെ ഭാഗമായി മാറും. അടിയന്തരാവസ്ഥയുടെ സ്വഭാവം അതാണ്. ചരിത്രപരമായ പ്രക്രിയകളെ അത് അതിവേഗം മുന്നോട്ട് കൊണ്ടുപോകും. സാധാരണയായി വര്‍ഷങ്ങള്‍ ആലോചിച്ചേടുത്തേക്കാവുന്ന തീരുമാനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പാക്കപ്പെടും. പൂര്‍ണ്ണതയില്ലാത്തതും അപകടകരവുമായ സാങ്കേതികവിദ്യകള്‍ പോലും പല സേവനങ്ങള്‍ക്ക് നമ്മുക്ക് ഉപയോഗിക്കേണ്ടി വരും. അതെന്തെന്നാല്‍ ഒന്നും ചെയ്യാതിരുന്നാല്‍ അത് അപകടസാധ്യതകള്‍ വലുതാക്കും. വലിയ തോതിലുള്ള സാമൂഹിക പരീക്ഷണങ്ങളില്‍ ലോകത്തെ മുഴുവന്‍ രാജ്യങ്ങളും ഗിനി പന്നികളായി തീരും. എല്ലാവരും വീട്ടില്‍ നിന്ന് ജോലിചെയ്യുകയും അകലം പാലിച്ച് ആശയവിനിമയം നടത്തുകയും ചെയ്യുമ്പോള്‍ എന്തുസംഭവിക്കും? മുഴുവന്‍ സ്‌കൂളുകളും സര്‍വ്വകലാശാലകളും ഓണ്‍ലൈനില്‍ പോകുമ്പോള്‍ എന്തുസംഭവിക്കും? സാധാരണ സമയങ്ങളില്‍, ഗവണ്‍മെന്റുകളും ബിസിനസ്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ വിസ്സമ്മതിക്കും. എന്നാല്‍ ഇത് അത്തരം ഒരു സാധാരണ സമയമേയല്ല.

ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തില്‍, പ്രത്യേകിച്ച് രണ്ട് പ്രധാന തിരഞ്ഞെടുപ്പിനെ നമ്മള്‍ക്ക് അഭിമുഖീകരിക്കേണ്ടതായി വരുന്നു. ഒന്നാമത്തേത് ഏകാധിപത്യ സ്വഭാവത്തിലുള്ള നിരീക്ഷണവും പൗരന്മാരുടെ ശാക്തീകരണവും തമ്മിലാണ്. അതിര്‍ത്തികള്‍ അടച്ചു ഒറ്റപ്പെട്ട് നില്‍ക്കുന്ന രാജ്യങ്ങളും ആഗോളസഹോദര്യവും തമ്മിലുള്ളതാണ് രണ്ടാമത്തെ വഴി.

അസ്വസ്ഥമാക്കുന്ന നിരീക്ഷണം

പകര്‍ച്ചവ്യാധി തടയുന്നതിന്, മുഴുവന്‍ ജനങ്ങളും ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇത് നടപ്പിലാക്കുന്നതിന് രണ്ട് പ്രധാന വഴികളുണ്ട്. ആളുകളെ നിരീക്ഷിക്കുക, നിയമങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുക എന്നിവയാണ് ഒരു രീതി. ഇന്ന്, ചരിത്രത്തില്‍ ആദ്യമായി, സാങ്കേതികവിദ്യയുടെ സഹായത്തോടെ എല്ലാവരേയും എല്ലായ്‌പ്പോഴും നിരീക്ഷിക്കാന്‍ കഴിയും. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സോവിയറ്റ് റഷ്യയിലെ രഹസ്യ പോലീസ് ആയ കെജിബിയ്ക്ക് 24 മണിക്കൂറില്‍ 240 മില്യണ്‍ സോവിയറ്റ് പൗരന്മാരെ നീരിക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശേഖരിച്ച എല്ലാ വിവരങ്ങളും ഫലപ്രദമായി പരിശോധിക്കാനും അവര്‍ക്കു ആയില്ല. കെജിബി മനുഷ്യ ഏജന്റുമാരെയും വിശകലന വിദഗ്ധരെയും ആശ്രയിച്ചിരുന്നുവെങ്കിലും ഓരോ പൗരനെയും പിന്തുടരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരുകള്‍ക്ക് ഓരോ പൗരനേയും നിരീക്ഷിക്കാന്‍ ചാരന്മാര്‍ക്കു പകരം സര്‍വ്വവ്യാപികളായ സെന്‍സറുകളും ശക്തമായ അല്‍ഗോരിതങ്ങളും കൊണ്ട് കഴിയുന്നു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ നിരവധി ഭരണകൂടങ്ങള്‍ ഇതിനകം തന്നെ പുതിയ നിരീക്ഷണ ഉപകരണങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായത് ചൈനയയുടേതാണ്. ആളുകളുടെ സ്മാര്‍ട്ട്ഫോണുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെയും, ദശലക്ഷക്കണക്കിന് മുഖം തിരിച്ചറിയുന്ന ക്യാമറകള്‍ ഉപയോഗിക്കുന്നതിലൂടെയും, ഓരോരുത്തരുടെയും ശരീര താപനിലയും വൈദ്യാവസ്ഥ പരിശോധിക്കാനും റിപ്പോര്‍ട്ടുചെയ്യാനും ആളുകളെ നിര്‍ബന്ധിക്കുന്നതിലൂടെ, ചൈനീസ് അധികാരികള്‍ക്ക് സംശയാസ്പദമായ കൊറോണ വൈറസ് വാഹകരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന് മാത്രമല്ല, ഓരോരുത്തരുടെയും ചലനങ്ങള്‍ ട്രാക്കുചെയ്യാനും കഴിയുന്നു. അവര്‍ ആരെല്ലാമായി ഇടപെടുന്നുവെന്ന് അറിയാന്‍ സാധിക്കുന്നു. രോഗബാധിതരുടെ സാമീപ്യത്തെക്കുറിച്ച് നിരവധി മൊബൈല്‍ അപ്ലിക്കേഷനുകള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം കിഴക്കന്‍ ഏഷ്യയില്‍ മാത്രമായി ഒതുങ്ങുന്നില്ല. കൊറോണ വൈറസ് രോഗികളെ കണ്ടെത്തുന്നതിന് സാധാരണയായി തീവ്രവാദികളോട് പോരാടുന്നതിന് കരുതിവച്ചിരിക്കുന്ന നിരീക്ഷണ സാങ്കേതികവിദ്യ വിന്യസിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തിടെ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയെ അധികാരപ്പെടുത്തിയിരുന്നു. ബന്ധപ്പെട്ട പാര്‍ലമെന്ററി ഉപസമിതി ഈ നടപടികള്‍ക്ക് അംഗീകാരം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍, നെതന്യാഹു ''അടിയന്തര ഉത്തരവ്'' ഇറക്കി അത് മറികടന്നു.

ഇതത്ര പുതിയതല്ല എന്നുവേണമെങ്കില്‍ നിങ്ങള്‍ക്ക് വാദിക്കാം. അടുത്ത കാലത്തായി സര്‍ക്കാരുകളും കോര്‍പ്പറേറ്റുകളും ആളുകളെ പിന്തുടരാനും നിരീക്ഷിക്കാനും കൃത്രിമമായി അവരെ ഉപയോഗിക്കാനും ഇത്തരം നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. എന്നിട്ടും നാം ഇതിനെ ജാഗ്രതയോടെ കാണുന്നില്ലെങ്കില്‍ , നിരീക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന ഘട്ടത്തെയാകും ഈ പകര്‍ച്ചവ്യാധി അടയാളപ്പെടുത്തുക. നാളിതുവരെ നിരീക്ഷണ ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ വിസമ്മതം കാട്ടിയ രാജ്യങ്ങളില്‍ പോലും ഈ ബഹുജന നിരീക്ഷണ സംവിധാനങ്ങള്‍ സാധാരണ ഉപകരണങ്ങളാകുമെന്നത് മാത്രമല്ല, അതിലും ഉപരിയായി 'ചര്‍മ്മത്തിന് മുകളില്‍' നിന്ന് 'ചര്‍മ്മത്തിന് ഉള്ളിലേക്കുള്ള' നിരീക്ഷണത്തിലേക്കുള്ള മാറ്റത്തിന് ഇത് വഴി വെക്കും.

നിങ്ങളുടെ വിരല്‍ത്തുമ്പ് തട്ടി സ്മാര്‍ട്ട്ഫോണിന്റെ സ്‌ക്രീനില്‍ നിന്ന് ഒരു ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുമ്പോള്‍, നിങ്ങളുടെ വിരല്‍ കൃത്യമായി എന്താണ് ക്ലിക്കുചെയ്തത് എന്ന് അറിയാന്‍ നിങ്ങളുടെ ഭരണകൂടത്തിന് താല്‍പ്പര്യമുണ്ട്. കൊറോണ വൈറസിന്റെ വരവോടെ ആ താല്‍പ്പര്യത്തില്‍ ചില്ലറ മാറ്റം വരുന്നു എന്ന് മാത്രം. നിങ്ങളുടെ വിരലിന്റെ താപനിലയും രക്തസമ്മര്‍ദ്ദതോതുമാണ് ഇപ്പോള്‍ അവര്‍ക്കു വേണ്ടത്.

അടിയന്തരാവസ്ഥയിലെ പുഡ്ഡിങ്

ഭരണകൂട നീരീക്ഷണത്തെക്കുറിച്ചു നമ്മള്‍ ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് എന്ന് ചിന്തിച്ചാല്‍. നമ്മള്‍ നേരിടാവുന്ന ചോദ്യങ്ങള്‍ നമ്മള്‍ എങ്ങനെയൊക്കെയാണ് നിരീക്ഷിക്കപെടുന്നത് എന്നാണ്. വരും നാളുകളില്‍ അത് എങ്ങനയായിരിക്കുമെന്നും നമ്മളില്‍ ആര്‍ക്കും ഒരു നിശ്ചയമില്ല. നിരീക്ഷണ സംബന്ധിയായ സാങ്കേതികവിദ്യ ലക്കും ലഗാനുമിലാതെ, അതിവേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. 10 വര്‍ഷം മുമ്പ് സയന്‍സ് ഫിക്ഷന്‍ എന്ന് തോന്നിയത് പലതും ഇന്ന് പഴഞ്ചനായിരിക്കുന്നു. ഒരു പരീക്ഷണമെന്ന നിലയില്‍, ഓരോ പൗരനും ശരീര താപനിലയും ഹൃദയമിടിപ്പും 24 മണിക്കൂറും അളക്കാന്‍ കഴിയുന്ന ഒരു ബയോമെട്രിക് ബ്രേസ്ലെറ്റ് ധരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു സര്‍ക്കാരിനെ സങ്കല്പിച്ചു നോക്കൂ. തുടര്‍ന്ന് ലഭ്യമാകുന്ന ഡാറ്റ ഭരണകൂട അല്‍ഗോരിതം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ക്കറിയുന്നതിനുമുമ്പു തന്നെ നിങ്ങള്‍ക്ക് അസുഖമുണ്ടെന്ന് അല്‍ഗോരിതത്തിന് അറിയാം, മാത്രമല്ല നിങ്ങള്‍ എവിടെയായിരുന്നുവെന്നും ആരെയാണ് കണ്ടതുമെന്നൊക്കെ അവര്‍ അറിഞ്ഞിരിക്കും. അങ്ങനെ അണുവ്യാപനത്തെ ഗണ്യമായി ചെറുതാക്കാം, മാത്രമല്ല മൊത്തത്തില്‍ ആ ചങ്ങലയെ മുറിക്കുകയും ചെയ്യാം. അത്തരമൊരു സംവിധാനത്തിന് പകര്‍ച്ചവ്യാധിയെ ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ പഥത്തില്‍ തടയാന്‍ കഴിയും. അത്ഭുതകരമായി തോന്നുന്നു, അല്ലേ?

എന്നാല്‍ അതിന്റെ മറുവശം എന്തെന്നാല്‍ ഇത് ഒരു ഭയാനകമായ ഒരു പുതിയ നിരീക്ഷണ സംവിധാനത്തിന് നിയമസാധുത നല്‍കുമെന്നതാണ്. ഉദാഹരണത്തിന്, ഞാന്‍ സിഎന്‍എന്‍ ലിങ്കിന് പകരമായി ഫോക്‌സ് ന്യൂസ് ലിങ്കില്‍ ക്ലിക്കു ചെയ്തുവെന്ന് ഇരിക്കട്ടെ അത് എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചും ഒരുപക്ഷേ എന്റെ വ്യക്തിത്വത്തെക്കുറിച്ചും നിങ്ങള്‍ക്ക് പറഞ്ഞു തരും. ഞാന്‍ ഒരു വീഡിയോ ക്ലിപ്പ് കാണുമ്പോള്‍ എന്റെ ശരീര താപനില, രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് എന്നിവയ്ക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് നിരീക്ഷിക്കാന്‍ കഴിയും. എന്നെ ചിരിപ്പിക്കുന്നതും എന്നെ കരയിപ്പിക്കുന്നതും എന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നതും എന്തൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.

കോപം, സന്തോഷം, വിരസത, സ്‌നേഹം എന്നിവ പനിയും ചുമയും പോലെ തന്നെ ജൈവിക പ്രതിഭാസങ്ങളാണ്. ചുമയെ തിരിച്ചറിയുന്ന അതേ സാങ്കേതികവിദ്യയ്ക്ക് ചിരികളെയും തിരിച്ചറിയാന്‍ കഴിയും. കോര്‍പ്പറേറ്റുകളും സര്‍ക്കാരുകളും നമ്മുടെ ബയോമെട്രിക് ഡാറ്റ കൂട്ടത്തോടെ വിളവെടുക്കാന്‍ തുടങ്ങിയാല്‍, അവര്‍ക്ക് നമ്മളെ നമുക്ക് അറിയുന്നതിനേക്കാള്‍ നന്നായി അറിയാന്‍ സാധിക്കും. അവര്‍ക്ക് നമ്മുടെ വികാരങ്ങള്‍ പ്രവചിക്കാന്‍ മാത്രമല്ല, നമ്മുടെ വികാരങ്ങള്‍ കൈകാര്യം ചെയ്യാനും അവര്‍ക്ക് ആവശ്യമുള്ളതെന്തും അങ്ങനെ വില്‍ക്കാനും കഴിയും. അത് എന്ത് തന്നെയായാലും- ഒരു ഉല്‍പ്പന്നമോ ഒരു രാഷ്ട്രീയ നേതാവോ ആകട്ടെ. ഈ ബയോമെട്രിക് നിരീക്ഷണം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഡാറ്റ ഹാക്കിംഗ് തന്ത്രങ്ങള്‍ കാലഹരണപെട്ടതാക്കും . ഓരോ പൗരനും 24 മണിക്കൂറും ബയോമെട്രിക് ബ്രേസ്ലെറ്റ് ധരിക്കേണ്ടിവരുന്ന 2030 ലെ ഉത്തര കൊറിയയെ ഒന്ന് സങ്കല്‍പ്പിക്കുക. മഹാനായ നേതാവിന്റെ ഒരു പ്രസംഗം നിങ്ങള്‍ ശ്രദ്ധിക്കുകയും നിങ്ങള്‍ക്കുണ്ടാകുന്ന ദേഷ്യം നിങ്ങളുടെ ശരീരത്തിലെ ബയോമെട്രിക് ഉപകരണം പിടിച്ചെടുത്താല്‍, അതോടെ നിങ്ങളുടെ കഥ തീര്‍ന്നു.

അടിയന്തരമായൊരു സാഹചര്യത്തെ നേരിടുന്നതിനായി ഭരണകൂടം കൈക്കൊണ്ട ഒരു താല്‍ക്കാലിക നടപടിയായി ബയോമെട്രിക് നിരീക്ഷണത്തിനെ കാണാവുന്നതാണ്. അടിയന്തരാവസ്ഥ കഴിഞ്ഞാല്‍ അത് ഇല്ലാതാകേണ്ടതാണ്. എന്നാല്‍ ഇത്തരം താല്‍ക്കാലിക നടപടികള്‍ അടിയന്തര സാഹചര്യങ്ങളെ മറികടന്ന് സ്ഥിരസംവിധാനമായി മാറുന്ന ഒരു മോശം അവസ്ഥയുണ്ട്. പ്രത്യേകിച്ചും തരം കാത്ത് പതുങ്ങിയിരിക്കുന്ന ചില അടിയന്തര സാഹചര്യങ്ങള്‍ക്കാകും അത്തിന്റെ പ്രയോജനം ഉണ്ടാകുക. ഉദാഹരണത്തിന്, എന്റെ ജന്മനാടായ ഇസ്രായേല്‍ 1948 ല്‍ സ്വാതന്ത്ര്യയുദ്ധത്തിനോട് അനുബന്ധിച്ചു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രസ് സെന്‍സര്‍ഷിപ്പ്, ഭൂമി കണ്ടുകെട്ടല്‍ എന്നിവയില്‍ നിന്ന് പുഡ്ഡിംഗ് പലഹാരം ഉണ്ടാക്കുന്നതിനെ വരെ നിയന്ത്രിക്കുന്ന (ഞാന്‍ കളിയായി പറയുന്നതല്ല) താല്‍ക്കാലിക നടപടികളായാണ് അവതരിപ്പിച്ചത്. ഇസ്രായേല്‍ സ്വാതന്ത്ര്യയുദ്ധം വിജയിച്ചുവെങ്കിലും അന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചില്ല. 1948 ല്‍ ഏര്‍പ്പെടുത്തിയ പല ''താല്‍ക്കാലിക'' നടപടികളും നിര്‍ത്തലാക്കുന്നതില്‍ ഭരണകൂടം ഒഴിഞ്ഞു നിന്ന്. (അടിയന്തരാവസ്ഥ കാലത്ത് ഏര്‍പ്പെടുത്തിയ ആ പുഡ്ഡിംഗ് ഉത്തരവ് പോലും 2011 ല്‍ മാത്രമാണ് അവര്‍ നിര്‍ത്തലാക്കിയത് ).

കൊറോണ വൈറസ് വ്യാപനം പൂജ്യമായി കുറയുമ്പോഴും, ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങള്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് ചില ഡാറ്റാ തീനികളായ സര്‍ക്കാരുകള്‍ വാദിക്കാം. അതിന് കാരണമായി അവര്‍ പറയുക കൊറോണ വൈറസിന്റെ രണ്ടാമതൊരു തരംഗത്തെ ഭയപ്പെടുന്നു എന്നോ , അല്ലെങ്കില്‍ മദ്ധ്യാഫ്രിക്കയില്‍ ഒരു പുതിയ എബോള വൈറസ് വികസിക്കുന്നുവെന്നോ , അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ പറയും. . . . ഒരു പക്ഷേ അത് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകുമല്ലോ? നമ്മളുടെ സ്വകാര്യതയെച്ചൊല്ലി അടുത്ത കാലത്തായി ഒരു വലിയ യുദ്ധത്തിന് ലോകത്താകമാനം കോപ്പ് കുട്ടുന്നുണ്ട്. ഈ കൊറോണ വൈറസ് പ്രതിസന്ധി ഒരു പക്ഷെ ആ യുദ്ധത്തിന്റെ നിര്‍ണായക സന്ധിയിലാകാം. സ്വകാര്യതയോ ആരോഗ്യമോ എന്ന തിരഞ്ഞെടുപ്പ് വരുമ്പോള്‍, ആളുകള്‍ സ്വാഭാവികമായും ആരോഗ്യം തിരഞ്ഞെടുക്കും.

ഒരു നിരീക്ഷണ ഭരണം കെട്ടിപ്പെടുക്കുന്നതിനുപകരം, ശാസ്ത്രത്തിലും പൊതു അധികാരികളിലും മാധ്യമങ്ങളിലും ആളുകളുടെ വിശ്വാസം പുനര്‍നിര്‍മ്മിക്കണം. നാം തീര്‍ച്ചയായും പുതിയ സാങ്കേതികവിദ്യകളുടെ പ്രയോജനം ഉപയോഗപ്പെടുത്തണം, പക്ഷേ ഈ സാങ്കേതികവിദ്യകള്‍ പൗരന്മാരെ ശാക്തീകരിക്കുന്നതായിരിക്കണം.

സോപ്പ് പോലീസ്

ആളുകളോട് സ്വകാര്യതയാണോ ആരോഗ്യമാണോ വേണ്ടത് എന്ന് ചോദിക്കുന്നത് തന്നെ തെറ്റാണ്. സ്വകാര്യതയും ആരോഗ്യവും നമുക്ക് ഒരേ പോലെ അനുഭവിക്കാന്‍ കഴിയണം. നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും കൊറോണ വൈറസ് പകര്‍ച്ചവ്യാധി തടയാനും നമുക്ക് ചില തീരുമാനങ്ങള്‍ കൈക്കൊള്ളാം. പക്ഷേ അത് ഭരണകൂടങ്ങള്‍ഏകാധിപത്യ നിരീക്ഷണ സ്ഥാപിക്കുന്നതിലൂടെയാകരുത്, മറിച്ച് പൗരന്മാരെ ശാക്തീകരിച്ചാകണം. കഴിഞ്ഞ ആഴ്ചകളില്‍, കൊറോണ വൈറസ് പകര്‍ച്ചവ്യാധി തടയാനുള്ള ഏറ്റവും വിജയകരമായ ചില ശ്രമങ്ങള്‍ നടത്തിയ രാജ്യങ്ങളാണ് ദക്ഷിണ കൊറിയ, തായ്വാന്‍, സിംഗപ്പൂര്‍ എന്നിവ. ഈ രാജ്യങ്ങള്‍ ട്രാക്കിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും, വിപുലമായ പരിശോധന, സത്യസന്ധമായ റിപ്പോര്‍ട്ടിംഗ്, പൊതുജനങ്ങളുടെ സഹകരണം എന്നിവ ഉപയോഗപ്പെടുത്തിയാണ് അത്തരം ശ്രമങ്ങളെ വിജയിപ്പിച്ചത്. ആളുകളെ കൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിപ്പിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം കേന്ദ്രീകൃത നിരീക്ഷണവും കഠിനമായ ശിക്ഷണ രീതികളും അല്ല. മറിച്ച് ആളുകളോട് ശാസ്ത്ര വസ്തുതകള്‍ പറയുമ്പോള്‍, ഈ വസ്തുതകള്‍ പറഞ്ഞു തരുന്ന പൊതു അധികാരികളെ അവര്‍ വിശ്വസിക്കുമ്പോള്‍, ഒരു ബിഗ് ബ്രദറിന്റെ മേല്‍നോട്ടമില്ലാതെ തന്നെ പൗരന്മാര്‍ക്ക് ശരിയായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയും. പോലീസിനാല്‍ നിയന്ത്രിക്കപ്പെട്ട, അജ്ഞരായ ജനസമൂഹത്തെക്കാള്‍ സ്വയം പ്രചോദിതവും വിജ്ഞാനമുള്ളവരുമായ ഒരു സമൂഹത്തിന് ഇത്തരം വൈറസ് വ്യാപനത്തെ ശക്തവും ഫലപ്രദവുമായി നേരിടാന്‍ കഴിയും.

ഉദാഹരണത്തിന്, സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് മനുഷ്യ ശുചിത്വത്തിലെ എക്കാലത്തെയും വലിയ മുന്നേറ്റമാണ്. ഈ ലളിതമായ പ്രവര്‍ത്തനം ദശലക്ഷക്കണക്കിന് ജീവനുകളെയാണ് പ്രതിവര്‍ഷം രക്ഷിക്കുന്നത്. 19-ആം നൂറ്റാണ്ടിലാണ് ശാസ്ത്രജ്ഞര്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിന്റെ പ്രാധാന്യം കണ്ടെത്തിയത്. അതിനു മുന്‍പ് , ഡോക്ടര്‍മാരോ നഴ്‌സുമാരോ ഒരു ശസ്ത്രക്രിയയില്‍ നിന്ന് മറ്റൊന്നിലേക്ക് കൈ കഴുകാതെയാണ് ഏര്‍പ്പെട്ടിരുന്നത്. ഇന്ന് കോടിക്കണക്കിന് ആളുകള്‍ കൈകഴുകുന്നത് സോപ്പ് പോലീസിനെ ഭയപ്പെടുന്നതു കൊണ്ടല്ല, മറിച്ച് വസ്തുതകള്‍ മനസ്സിലാക്കുന്നതിനാലാണ്. വൈറസുകളെയും ബാക്ടീരിയകളെയും കുറിച്ച് കേട്ടിട്ടുള്ളതിനാല്‍ ഞാന്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നു, ഈ ചെറിയ ജീവികള്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു, സോപ്പിന് അവ നീക്കംചെയ്യാന്‍ കഴിയുമെന്നും എനിക്കറിയാം.

എന്നാല്‍ അത്തരം അനുസരണയും സഹകരണവും നേടാന്‍ പൊതുജനങ്ങളുടെ വിശ്വാസം ആവശ്യമാണ്. ആളുകള്‍ ശാസ്ത്രത്തെ വിശ്വസിക്കണം, പൊതു അധികാരികളെ വിശ്വസിക്കണം, മാധ്യമങ്ങളെ വിശ്വസിക്കണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, രാഷ്ട്രീയക്കാര്‍ മനപൂര്‍വ്വം ശാസ്ത്രത്തിലും പൊതുഅധികാരികളിലും മാധ്യമങ്ങളിലും ഉള്ള പൊതുജനത്തിന്റെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തി. ഇപ്പോള്‍ ഈ രാഷ്ട്രീയക്കാര്‍ തന്നെ ഭരണകൂടത്തെ സ്വേച്ഛാധിപത്യത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണ്. അതിന് അവര്‍ പറയുന്ന ന്യായം കാര്യനിര്‍വഹണം ശരിയായ നടത്താന്‍ പൊതുജനങ്ങളെ വിശ്വസത്തില്‍ എടുത്തു കൊണ്ട് കഴിയില്ലെന്നതാണ്.

സാധാരണഗതിയില്‍ വര്‍ഷങ്ങള്‍ കൊണ്ട് താറുമാറായ വിശ്വാസം പൊതു ജനങ്ങളില്‍ ഒറ്റരാത്രികൊണ്ട് പുനര്‍നിര്‍മിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ കടന്നു പോകുന്നത് സാധാരണ സമയമല്ല. പ്രതിസന്ധിയുടെ നിമിഷത്തില്‍, മനുഷ്യമനസ്സും വേഗത്തില്‍ മാറിക്കൊണ്ടിരിക്കും. നിങ്ങളുടെ സഹോദരങ്ങളുമായി നിങ്ങള്‍ക്ക്വര്‍ഷങ്ങളായി കടുത്ത തര്‍ക്കങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ചില അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍, നിങ്ങള്‍ പെട്ടെന്ന് വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും മറഞ്ഞിരിക്കുന്ന ഒരു സംഭരണി കണ്ടെത്തുന്നു. നിങ്ങള്‍ പരസ്പരം സഹായിക്കാന്‍ തിരക്കുകൂട്ടുന്നു. ഒരു നിരീക്ഷണ ഭരണം കെട്ടിപ്പെടുക്കുന്നതിനുപകരം, ശാസ്ത്രത്തിലും പൊതു അധികാരികളിലും മാധ്യമങ്ങളിലും ആളുകളുടെ വിശ്വാസം പുനര്‍നിര്‍മ്മിക്കണം. നാം തീര്‍ച്ചയായും പുതിയ സാങ്കേതികവിദ്യകളുടെ പ്രയോജനം ഉപയോഗപ്പെടുത്തണം, പക്ഷേ ഈ സാങ്കേതികവിദ്യകള്‍ പൗരന്മാരെ ശാക്തീകരിക്കുന്നതായിരിക്കണം. എന്റെ ശരീര താപനിലയും രക്തസമ്മര്‍ദ്ദവും നിരീക്ഷിക്കുന്നതിന് ഞാന്‍ അനുകൂലമാണ്, പക്ഷേ ഒരു മേധാവിത്വ ഗവണ്‍മെന്റിനെ സൃഷ്ടിക്കാന്‍ വേണ്ടി ആ ഡാറ്റ ഉപയോഗിക്കരുത്. മറിച്ച്, മെച്ചപ്പെട്ട വ്യക്തിഗത തീരുമാനങ്ങള്‍ കൈക്കൊള്ളാനും അവരവരുടെ സര്‍ക്കാരുകളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റാനുമാകണം ആ ഡാറ്റ ഉപയോഗിക്കേണ്ടത്.

എന്റെ സ്വന്തം ആരോഗ്യസ്ഥിതി 24 മണിക്കൂറും ട്രാക്ക് ചെയ്യുന്നത് വഴി, ഞാന്‍ മറ്റുള്ളവരുടെ ആരോഗ്യത്തെ ഹനിക്കുന്നുണ്ടോ എന്നും, എന്റെ ഏതൊക്കെ ശീലങ്ങളാണ് ആരോഗ്യത്തെ ബാധിക്കുന്നതെന്ന് അറിയാന്‍ കഴിയും. കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകള്‍ എനിക്ക് ലഭിക്കുകയും അത് വിശകലനം ചെയ്യാന്‍ കഴിയുമെങ്കില്‍, സര്‍ക്കാര്‍ എന്നോട് സത്യം പറയുന്നുണ്ടോ എന്നും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ശരിയായ നയങ്ങള്‍ അവര്‍ സ്വീകരിക്കുന്നുണ്ടോ എന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിയും.നിരീക്ഷണത്തെക്കുറിച്ച് വാചാലരാകുമ്പോള്‍ നമ്മള്‍ ഒന്ന് മനസിലാക്കുക , ഇതേ നിരീക്ഷണ സാങ്കേതികവിദ്യ കൊണ്ട് സര്‍ക്കാരുകളെ നിരീക്ഷിക്കാന്‍ വ്യക്തികള്‍ക്കും കഴിയുമെന്ന്.

നിലവിലെ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഒരു വലിയ പരീക്ഷണമാണ് ഓരോ പൗരന്മാര്‍ക്കും. അടിസ്ഥാനരഹിതമായ ഗൂഢാലോചന സിദ്ധാന്തങ്ങളെയും സ്വന്തം കാര്യം മാത്രം നോക്കുന്ന രാഷ്ട്രീയക്കാരെയും ഒഴിവാക്കി വരും നാളുകളില്‍, ശാസ്ത്രീയ ഡാറ്റയെയും ആരോഗ്യ വിദഗ്ധരെയും വിശ്വസിക്കാന്‍ നാം ഓരോരുത്തരും തയ്യാറാകണം. ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍, നമ്മുടെ വിലയേറിയ പല സ്വാതന്ത്ര്യങ്ങളും നമ്മുടെ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടി നമ്മള്‍ തീറെഴുതി കൊടുക്കേണ്ടി വരും.

നമ്മുക്ക് വേണ്ടത് ഒരു ആഗോള പദ്ധതിയാണ്

നമ്മള്‍ നേരിടുന്ന രണ്ടാമത്തെ സുപ്രധാന തിരഞ്ഞെടുപ്പ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന സ്വയം ഒറ്റപ്പെടലും അതിനെ തുടര്‍ന്ന് ഉണ്ടാകേണ്ട ആഗോള സഹകരണവും തമ്മില്‍ ഉള്ളതാണ്. പകര്‍ച്ചവ്യാധിയും അതിന്റെ ഫലമായുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയും ആഗോള പ്രശ്നങ്ങള്‍ തന്നെയാണ്. ആഗോള സഹകരണത്തിലൂടെ മാത്രമേ അവ ഫലപ്രദമായി പരിഹരിക്കാന്‍ കഴിയൂ.ഒന്നാമതായി, വൈറസിനെ പരാജയപ്പെടുത്തുന്നതിന് ആഗോളതലത്തില്‍ വിവര കൈമാറ്റം ഉണ്ടാകേണ്ടതുണ്ട്. മനുഷ്യര്‍ക്ക് വൈറസുകളുടെമേല്‍ ഉള്ള അനുകൂല ഘടകം അത് മാത്രമാണ്. ചൈനയിലെ ഒരു കൊറോണ വൈറസിനും യുഎസിലെ ഒരു കൊറോണ വൈറസിനും മനുഷ്യരെ എങ്ങനെ ബാധിക്കാം എന്നതിനെക്കുറിച്ചുള്ള നുറുങ്ങു വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ കഴിയില്ല. കൊറോണ വൈറസിനെക്കുറിച്ചും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും വിലപ്പെട്ട നിരവധി പാഠങ്ങള്‍ ചൈനക്ക് പക്ഷേ അമേരിക്കക്ക് കൈമാറാന്‍ കഴിയും. ഒരു ഇറ്റാലിയന്‍ ഡോക്ടര്‍ അതിരാവിലെ മിലാനില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വൈകുന്നേരത്തോടെ ടെഹ്റാനിലെ നിരവധി ജീവനുകള്‍ രക്ഷിച്ചേക്കാം. ഇത്തരം ഒരു പ്രതിസന്ധിയില്‍ പല നയങ്ങളും അടിയന്തിരമായി നടപ്പാക്കാന്‍ യുകെ സര്‍ക്കാര്‍ മടിച്ചു നില്‍കുമ്പോള്‍ , ഒരു മാസം മുമ്പ് സമാനമായ പ്രതിസന്ധി നേരിട്ട കൊറിയക്കാരില്‍ നിന്ന് ഇതിനുള്ള ഉപദേശം തേടാവുന്നതാണ്. ഇങ്ങനെയൊക്കെ സംഭവിക്കണമെങ്കില്‍, നമ്മള്‍ക്ക് ആഗോള സഹകരണത്തിന്റെയും വിശ്വാസത്തിന്റേതുമായ ഒരു മനോഭാവം അത്യാവശ്യമാണ്.

രാജ്യങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ പങ്ക് വെക്കുകയും ഉപദേശങ്ങള്‍ സ്വീകരിക്കാനും തയ്യാറാകണം. കൂടാതെ ഡാറ്റയെയും അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന അറിവുകളേയും വിശ്വസിക്കാന്‍ കഴിയണം. മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമുള്ള ഒരു ആഗോള ശ്രമവും നമ്മള്‍ക്ക് ആവശ്യമാണ്, പ്രത്യേകിച്ച് പരിശോധനാ കിറ്റുകളും ശ്വസനയന്ത്രങ്ങളും. ഓരോ രാജ്യവും പ്രാദേശികമായി അത് ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനു പകരം, ഏകോപനത്തിലൂടെയുള്ള ഒരു ആഗോള ശ്രമം ഉല്‍പാദനത്തെ വളരെയധികം ത്വരിതപ്പെടുത്തുകയും അത് വഴി ജീവന്‍ രക്ഷിക്കാനുള്ള ഉപകരണങ്ങള്‍ കൂടുതല്‍ ന്യായമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുവാനും കഴിയും. ഒരു യുദ്ധസമയത്ത് രാജ്യങ്ങള്‍ പ്രധാന വ്യവസായങ്ങളെ ദേശസാല്‍ക്കരിക്കുന്നതുപോലെ, കൊറോണ വൈറസിനെതിരായ മനുഷ്യയുദ്ധത്തില്‍ നിര്‍ണായകമായ ഉല്‍പാദന ലൈനുകളെ ''മനുഷ്യവല്‍ക്കരിക്കാന്‍'' ആവശ്യപ്പെടാം. നിലവില്‍ കുറവ് കൊറോണ വൈറസ് കേസുകളുള്ള ഒരു സമ്പന്ന രാജ്യം നിരവധി കേസുകളുള്ള ഒരു ദരിദ്ര രാജ്യത്തേക്ക് വിലയേറിയ ഉപകരണങ്ങള്‍ അയയ്ക്കാന്‍ തയ്യാറാകണം, അവര്‍ക്ക് പിന്നീട് സഹായം വരുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ അവരുടെ സഹായത്തിന് എത്തുമെന്ന് വിശ്വസിക്കുകയും വേണം.മെഡിക്കല്‍ ഉദ്യോഗസ്ഥരെ ലഭ്യമാക്കുന്നതിന് സമാനമായ ആഗോള ശ്രമം നമ്മള്‍ പരിഗണിക്കണം. നിലവില്‍ വൈറസ് ബാധ കുറവുള്ള രാജ്യങ്ങള്‍ മെഡിക്കല്‍ സ്റ്റാഫുകളെ ലോകത്തിലെ ഏറ്റവും മോശം പ്രദേശങ്ങളിലേക്ക് അയയ്ക്കാന്‍ കഴിയണം. ഇത് ഒരേ സമയം അവരെ സഹായിക്കുന്നതിനും തങ്ങള്‍ക്ക് വിലയേറിയ അനുഭവം നേടുന്നതിനും സഹായകമാകും. പകര്‍ച്ചവ്യാധിയില്‍ നിന്ന് മുക്തമാകുന്നതോടെ, സഹായം വിപരീത ദിശയിലേക്ക് ഒഴുകിയെത്തും.

സാമ്പത്തിക രംഗത്തും ആഗോള സഹകരണം വളരെ പ്രധാനമാണ്. സമ്പദ്വ്യവസ്ഥയുടെയും വിതരണ ശൃംഖലയുടെയും ആഗോള സ്വഭാവം കണക്കിലെടുക്കുമ്പോള്‍, ഓരോ സര്‍ക്കാരും മറ്റുള്ളവരെ പൂര്‍ണമായും അവഗണിച്ച് സ്വന്തം കാര്യം ചെയ്താല്‍, ഫലം കുഴപ്പവും കഠിനമായ പ്രതിസന്ധിയും ആയിരിക്കും. നമ്മള്‍ക്ക് ഒരു ആഗോള പ്രവര്‍ത്തന പദ്ധതിയാണ് വേണ്ടത്. അത് വളരെ വേഗം വേണം താനും.

യാത്രകളുമായി ബന്ധപ്പെട്ട ഒരു ആഗോള കരാറിലെത്തുകയാണ് മറ്റൊരു ആവശ്യം. എല്ലാ അന്താരാഷ്ട്ര യാത്രകളും മാസങ്ങളോളം നിര്‍ത്തിവയ്ക്കുന്നത് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും കൊറോണ വൈറസിനെതിരായ യുദ്ധത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. എണ്ണത്തില്‍ ചെറുതായ അവശ്യയാത്രക്കാര്‍ക്ക് അതിര്‍ത്തി കടന്നു പോകാന്‍ അനുവദിക്കുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ സഹകരിക്കേണ്ടതുണ്ട്: ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍ എന്നിവരാണ് ആ യാത്രക്കാര്‍. ഈ യാത്രക്കാരെ അവരുടെ സ്വന്തം രാജ്യം പ്രീ-സ്‌ക്രീനിംഗ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കണം. ഒരു ആഗോള കരാറിലെത്തിക്കൊണ്ട് ഇത് സാധിക്കും. ശ്രദ്ധാപൂര്‍വ്വം സ്‌ക്രീനിംഗ് ചെയ്ത യാത്രക്കാരെ മാത്രമേ വിമാനത്തില്‍ അനുവദിച്ചിട്ടുള്ളൂവെന്ന് മനസിലാക്കുമ്പോള്‍ അവരെ സ്വീകരിക്കാന്‍ മറ്റു രാജ്യങ്ങള്‍ തയ്യാറാകും.

നിര്‍ഭാഗ്യവശാല്‍, നിലവില്‍ നമ്മള്‍ ഇവയൊന്നും ചെയ്യുന്നില്ല. ഒരു കൂട്ടായ പക്ഷാഘാതം പിടിപെട്ടപോലെയാണ് അന്താരാഷ്ട്ര സമൂഹം പെരുമാറുന്നത്. അനുഭവപരിചയമുള്ള രാഷ്ട്രത്തലവന്മാരുടെ അഭാവമാണ് ഇത് കാണിക്കുന്നത്. പൊതുവായ ഒരു പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കുന്നതിന് ആഗോള നേതാക്കളുടെ അടിയന്തര യോഗം ഇതിനകം നടക്കേണ്ടതായിരുന്നു. അത് ആളുകള്‍ പ്രതീക്ഷിച്ചിട്ടുണ്ട് താനും.. ജി 7 നേതാക്കള്‍ക്ക് ഒരു വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ കഴിഞ്ഞുവന്നതാണ് അതിലെ പുരോഗതി. എന്നാല്‍ അത് പ്രത്യേകിച്ച് എന്തെങ്കിലും പദ്ധതിക്കോ തീരുമാനത്തിനോ കാരണമായുമില്ല.

2008-ലെ സാമ്പത്തിക പ്രതിസന്ധിയില്‍, 2014 എബോള പകര്‍ച്ചവ്യാധിയുടെസമയത്തു അങ്ങനെ പല ആഗോള പ്രതിസന്ധി ഘട്ടങ്ങളില്‍ യുഎസ് നെടുനായകത്വം ഏറ്റെടുത്തിരുന്നു. എന്നാല്‍ നിലവിലെ യുഎസ് ഭരണകൂടം അത്തരമൊരു നിര്‍ണായക നായക പ്രാധാന്യത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതായാണ് കാണുന്നത്. മനുഷ്യരാശിയുടെ ഭാവിയെക്കാള്‍ അമേരിക്കയുടെ മഹത്വത്തെക്കുറിച്ചാണ് അവര്‍ ഇപ്പോള്‍ കരുതുന്നതെന്ന് ഇത്തരമൊരു പെരുമാറ്റം കാട്ടിത്തരുന്നു.

നിലവിലെ യു എസ് ഭരണം അതിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളെ പോലും ഈ പ്രതിസന്ധി ഘട്ടത്തില്‍ കൈവിട്ടിരിക്കുകയാണ്. ഒരു മുന്നറിയിപ്പ് പോലും നല്‍കാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള എല്ലാ യാത്രകളും അമേരിക്ക നിരോധിച്ചു. അത്തരമൊരു കടുത്ത തീരുമാനത്തെക്കുറിച്ചു യൂറോപ്യന്‍ യൂണിയനുമായി അവര്‍ ആലോചിക്കുക പോലും ഉണ്ടായില്ല. പുതിയ കോവിഡ് -19 വാക്‌സിന് കുത്തകാവകാശം വാങ്ങുന്നതിന് ഒരു ജര്‍മ്മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് 1 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തുകൊണ്ട് ജര്‍മ്മനിയെ അവര്‍ അപമാനിച്ചു. നിലവിലെ അമേരിക്കന്‍ ഭരണകൂടം ഒടുവില്‍ തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തുകയും ഒരു ആഗോള പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിച്ചു മുന്നോട്ടു വരികയും ചെയ്താല്‍ പോലും ഉത്തരവാദിത്തം ഏറ്റെടുക്കാത്ത, തെറ്റുകള്‍ സമ്മതിക്കാത്ത, എല്ലാ ന്യൂനതയും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയും എന്നാല്‍ എല്ലാ ക്രെഡിറ്റും സ്വയം ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു നേതാവിനെ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ പിന്തുടരാന്‍ കഴിയുകയുള്ളൂ.

യുഎസ് അവശേഷിപ്പിച്ച ശൂന്യത മറ്റ് രാജ്യങ്ങളില്‍ നികത്തിയില്ലയെങ്കില്‍, നിലവിലെ പകര്‍ച്ചവ്യാധി തടയുന്നത് വളരെ ബുദ്ധിമുട്ടാകും. മാത്രമല്ല, അത് വരും കാലത്ത് അന്താരാഷ്ട്ര ബന്ധങ്ങളെ വഷളാക്കുകയും വിഷലിപ്തമാക്കുകയും ചെയ്യും. എന്നിരുന്നാലും എല്ലാ പ്രതിസന്ധികളും ഒരു അവസരം തുറന്ന് തരുന്നു. ആഗോള അനൈക്യം മൂലം ഉണ്ടാകുന്ന കടുത്ത അപകടം മനസ്സിലാക്കാന്‍ നിലവിലെ പകര്‍ച്ചവ്യാധി മനുഷ്യരാശിയെ സഹായിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

മാനവികത ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. നാം അനൈക്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമോ അതോ ആഗോള ഐക്യദാര്‍ഢ്യത്തിന്റെ പാത സ്വീകരിക്കുമോ എന്നതാണ് അത്. നമ്മള്‍ അനൈക്യം തിരഞ്ഞെടുക്കുകയാണെങ്കില്‍, അത് പ്രതിസന്ധി നീട്ടുക മാത്രമല്ല, ഭാവിയില്‍ ഇതിലും മോശമായ ദുരന്തങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. ആഗോള ഐക്യദാര്‍ഢ്യംനമ്മള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, അത് കൊറോണ വൈറസിനെതിരെ മാത്രമല്ല, 21-ാം നൂറ്റാണ്ടില്‍ മനുഷ്യരാശിയെ ബാധിച്ചേക്കാവുന്ന ഭാവിയിലെ എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും പ്രതിസന്ധികള്‍ക്കും എതിരായിട്ടുള്ള വിജയമായിരിക്കും.

കൊറോണക്ക് ശേഷമുള്ള ലോകം, യുവാല്‍ നോഹ ഹരാരിയുടെ ലേഖനം ഇവിടെ വായിക്കാം

Related Stories

No stories found.
logo
The Cue
www.thecue.in