ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരതയ്ക്ക് നേരെ തിരിഞ്ഞു നില്‍ക്കുന്ന കാടാണ് ഈ പോരാട്ടം

ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരതയ്ക്ക് നേരെ തിരിഞ്ഞു നില്‍ക്കുന്ന കാടാണ് ഈ പോരാട്ടം

ദീപിക പദുകോണ്‍ ജെ എന്‍ യുവില്‍ എത്തുമ്പോള്‍ അതൊരു ചെറിയ കാര്യമല്ല. അത് ദീപിക ഒരു വാണിജ്യ ചലച്ചിത്രതാരമായത് കൊണ്ട് പോരാട്ടത്തിന്റെ രാവുകള്‍ താരാങ്കിതമായി എന്നതുകൊണ്ടല്ല എന്ന് നമുക്കറിയാം. മറിച്ച് ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരത ഈ രാജ്യത്തിന്റെ പൗരസമൂഹത്തില്‍ പൂശിയ ഭയത്തിന്റെ ചായങ്ങള്‍ ഇവിടെ ഉയരുന്ന മതേതര, ജനാധിപത്യ പോരാട്ടം കഴുകിക്കളയുന്നു എന്നതുകൊണ്ടാണ്. ഏതോ ഒരു ഏമ്പ്രാന്റെ വിളക്കത്തിരുന്ന് ഏതോ ഒരു വാര്യര്‍ ആദായനികുതിയുടെയൊക്കെ വിടു വര്‍ത്തമാനം പറയുന്ന ഒരു കാലത്ത്, രാഷ്ട്രീയാഭിപ്രയവ്യത്യാസങ്ങള്‍ അതിവേഗത്തില്‍ ഭരണകൂടത്തിന്റെ പാതിരാനാടകങ്ങളിലെ ഇരയാക്കി നിങ്ങളെ മാറ്റുന്ന കാലത്ത്, വാണിജ്യസിനിമയുടെ ലാഭനഷ്ടങ്ങളില്‍ പരസ്പര സ്വാധീനം ചെലുത്തുന്ന ഒരു നടി ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കെതിരായ ഒരു സമരത്തിനോട് പരസ്യമായി സമരഭൂമിയിലേക്ക് വന്ന് ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുമ്പോള്‍ ഹിന്ദുത്വ ഫാഷിസം രാജ്യത്തെ പുതപ്പിച്ച ഭയത്തിന്റെ നിശാവസ്ത്രം രാജ്യം ഊരിക്കളയുന്നു എന്ന് കൂടുതല്‍ തെളിയുകയാണ്.

കടന്നുവന്ന വഴികളിലെല്ലാം കൂട്ടക്കൊലകളുടെയും ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തിന്റെയുംവെറുപ്പിന്റെയും വിത്തെറിഞ്ഞുപോന്ന ഹിന്ദുത്വ രാഷ്ട്രീയ ഭീകരത അതിന്റെ തന്ത്രപരമായ മുഖംമൂടി ഊരിക്കളഞ്ഞപ്പോള്‍, പൊടുന്നനെ മാറിയ രംഗത്തില്‍ പകച്ചുപോയെങ്കിലും ഒരു ജനത അതിന്റെ ധീരമായ രാഷ്ട്രീയ ചെറുത്തുനില്‍പ്പുകളെ ചരിത്രത്തില്‍ നിന്നും വര്‍ത്തമാനത്തിലേക്ക് എല്ലാ ഉറപ്പോടും കൂടി പുതുക്കിയെടുക്കുന്ന സമരകാലത്തെയാണ് നാം കാണുന്നത്.

photo credit:indianexpress

ഈ പോരാട്ടം സൃഷ്ടിക്കുന്ന അലകളുടെ സൂചനയാണ് സാവധാനമെങ്കിലും സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അതിനൊപ്പം അണിചേരുന്ന കാഴ്ച. ദേശദ്രോഹികളെന്നും ടുക്കടെ ടുക്കടെ ഗാങ് എന്നുമൊക്കെ ആക്ഷേപിച്ചുകൊണ്ട് ഈ ജനാധിപത്യ സമരത്തെ തകര്‍ക്കാന്‍ ഇനി എളുപ്പമാകില്ല. ഇതാണ് ദേശമെങ്കില്‍ ഈ ദേശം പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു എന്നാണ് നമ്മള്‍ പറയുന്നത്. ഇങ്ങനെയാണ് കാശ്മീരില്‍ ജനാധിപത്യം നടപ്പാക്കുന്നതെങ്കില്‍ ആ ജനാധിപത്യത്തെ സൈനികാധിനിവേശം എന്നാണ് വിളിക്കുന്നതെന്ന് നമുക്ക് ഉറക്കെ പറയാനുള്ളത്ര ജനാധിപത്യം ഈ രാജ്യത്തുണ്ടാകണമെന്നാണ് നമ്മളാവശ്യപ്പെടുന്നത്.

ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരതയ്ക്ക് നേരെ തിരിഞ്ഞു നില്‍ക്കുന്ന കാടാണ് ഈ പോരാട്ടം
ഒരിഞ്ചും പിന്നോട്ടില്ല, ഇരുമ്പുദണ്ഡിന് സംവാദമാണ് നിങ്ങള്‍ക്കുള്ള മറുപടിയെന്ന് ഓയ്ഷി ഘോഷ്‌

പക്ഷെ വരിതെറ്റാതെ നീങ്ങുന്ന, അച്ചടക്കം അടിമത്തമായി എളുപ്പം മാറുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്താല്‍ പിന്നെ അതിന്റെ ഉറക്കമരുന്നാണ് ഭയം. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിന്നും സംഘടിതരായ, ചിട്ടയുള്ള, പാതിരാത്രികളില്‍ ഭരണകൂടം വഴികാണിക്കുന്ന ഫാഷിസ്റ്റുകള്‍ തെരുവുകളിലേക്കിറങ്ങുകയും ശുദ്ധീകരണം നടപ്പാക്കുകയും ചെയ്യുന്നത് ഇനിയധികം പകലുകളില്ല എന്നാ സമൂഹത്തിനോട് പറയുന്നതാണ്. അതുകൊണ്ടാണ് നാം രാത്രികളില്‍ നിന്നും ഭയത്തിന്റെ ഇരുട്ടിനെ ഊരിക്കളയുകയും പകരം മലമുഴക്കികളെപ്പോലെ മുദ്രാവാക്യങ്ങളുമായി ആകാശങ്ങളും വനവൃക്ഷങ്ങളും വീണ്ടെടുക്കുകയും ചെയ്യേണ്ടത്.

വേട്ടക്കാരന്‍ പായുന്നത് തനിക്ക് പിന്നിലാണെന്ന് തോന്നുമ്പോഴാണ് ഇര ഓടിക്കൊണ്ടേയിരിക്കുന്നത്. അയാള്‍ കാടിനെ മുഴുവനായാണ് വേട്ടയാടുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഓട്ടം വെറും അസംബന്ധമാണെന്ന് ഇര മനസിലാക്കും. അപ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നവര്‍ക്കൊപ്പം ഒരു കാട് മുഴുവനുണ്ട്. ആ കാടാകട്ടെ വേട്ടക്കാരനെ അതിന്റെ ഇടതൂര്‍ന്ന വന്യതകൊണ്ട് ചെറുത്തുകൊണ്ടിരിക്കും. അയാള്‍ക്ക് ആയുധമൊഴിയും വരെയുള്ള സമയം മാത്രമേ പിന്നെയുള്ളു. ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരതയ്ക്ക് നേരെ തിരിഞ്ഞു നില്‍ക്കുന്ന കാടാണ് ഈ പോരാട്ടം. അതിന്റെ പക്ഷികള്‍ എല്ലാ മഹാവൃക്ഷശാഖികളിലും എത്തിത്തുടങ്ങിയിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in