ചാരിറ്റിയുടെ മതവും രാഷ്ട്രീയവും

ചാരിറ്റിയുടെ മതവും രാഷ്ട്രീയവും

ഒരു വ്യവസ്ഥിതിയുടെ പരാജയത്തിൽ നിന്ന് ഉടലെടുക്കുന്നതും ഫലത്തിൽ അതേ പരാജയത്തിന് ഉത്തരവാദികളായവരെ ശക്തിപ്പെടുത്തുന്നതുമാണ് ചാരിറ്റി അഥവാ ജീവകാരുണ്യ പ്രവർത്തനങ്ങൾ. സർക്കാർ സംവിധാനങ്ങളുടെ സമഗ്ര പരാജയം എന്ന രാഷ്ട്രീയ പ്രശ്നത്തിന്റെ ഏറ്റവും അരാഷ്ട്രീയമായ പരിഹാരം കൂടിയാണത്. പരിമിതമായ ഈ 'പരിഹാരം' പോലും ഇരകളെ കൂടുതൽ അപമാനിതരാക്കുന്നതാണ് അധികവും. ഇതിനർത്ഥം ചാരിറ്റി നൽകുന്നവരും അതിന് മുന്നിട്ടിറങ്ങുന്നവരുമെല്ലാം മോശമാണെന്നല്ല, വളരെ നിസ്വാർത്ഥരും സാമൂഹിക പ്രതിബദ്ധതയുടെ ആൾ രൂപമായവരുമുണ്ട് കൂട്ടത്തിൽ. പക്ഷേ ഇത്രയധികം (രാഷ്ട്രീയ) അപകട സാധ്യത ഉള്ള ഒന്നാണ് ചാരിറ്റി. അതിൽ നിസ്വാർത്ഥരായ വ്യക്തികളുടെ സഹാനുഭൂതിയും വിശാല മനസ്കതയും വരെ സമർത്ഥമായി ഉപയോഗപ്പെടുത്തുന്നുവെന്നേ ഉള്ളൂ.

ചാരിറ്റിയുടെ അപകടകരമായ ഈ രാഷ്ട്രീയ മാനങ്ങൾ കാണണമെങ്കിൽ മലബാർ മേഖലയിൽ നോക്കിയാൽ മതി. സർക്കാർ സംവിധാനങ്ങളുടെ പരാജയം, ഗൾഫ് മലയാളികൾ എന്ന എളുപ്പത്തിൽ പറ്റിക്കപ്പെടാവുന്ന വിഭാഗത്തിന്റെ ശക്തമായ സാന്നിധ്യം, വലിയ തോതിലുള്ള പ്രകൃതി ചൂഷണവും നിയമ ലംഘനങ്ങളും വഴി പണം സമ്പാദിക്കുന്ന ഒരു വിഭാഗത്തിന്റെ പി ആർ മുഖം മൂടി, ചാരിറ്റി വിശ്വാസത്തിന്റെ ഭാഗമായി കാണുന്ന മുസ്ലിങ്ങൾ തുടങ്ങിയ ഒരു പാട് ഘടകങ്ങളുടെ ആകെത്തുകയാണ് മലബാർ മേഖലയിലെ ചാരിറ്റി. വലിയൊരു വിഭാഗം ആളുകൾക്ക് ആശ്വാസമാവുന്നതോടൊപ്പം തന്നെ വ്യവസ്ഥാപിതമായ തട്ടിപ്പിന്റെ മറുവശവും സ്വാഭാവികമായി വളരുന്നു. സ്ഥായിയായ രാഷ്ട്രീയ പരിഹാരത്തിന് പകരം ഒരു വിഭാഗത്തിന്റെ ആത്മ വിശ്വാസവും അഭിമാനവും ഇല്ലാതാക്കുന്ന താൽക്കാലിക മാർഗങ്ങൾ സ്വീകാര്യത നേടുന്നു.

ചാരിറ്റിയുടെ മതവും രാഷ്ട്രീയവും
‘നന്മ മരങ്ങള്‍ ഭിക്ഷാടന മാഫിയ പോലെ’; ചികിത്സാചെലവ്‌ കൂട്ടി പറഞ്ഞ് കണക്കില്ലാതെ പണം തട്ടുകയാണെന്ന് സാമൂഹിക സുരക്ഷാ മിഷന്‍

മലബാറിൽ ഇന്ന് ഭരണ നേതൃത്വത്തിന്റെ പരാജയത്തെ മൂടിവെക്കാൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കുറുക്കു വഴികളിലൂടെ പണം സമ്പാദിക്കുന്ന വിഭാഗവും ചേർന്ന് വളരെ തന്ത്രപരമായി ചാരിറ്റി ഉപയോഗപ്പെടുത്തുകയാണ്. പൊതു സ്വത്തായ റോഡ്, തോട്, സ്കൂൾ, ആശുപത്രി തുടങ്ങിയവക്ക് ജനങ്ങളിൽ നിന്ന് പിരിവെടുത്ത് അത് വികസന വിപ്ലവമായി ആഘോഷിക്കപ്പെടുകയാണ്. ഇങ്ങനെ ചാരിറ്റിയിൽ മുൻ പന്തിയിൽ നിൽക്കുന്നവർ തന്നെ കയ്യേറ്റത്തിലും നിയമ ലംഘനങ്ങളിലും മുന്നിലെത്തുന്നത് യാദൃശ്ചികമല്ല. ഈ അരാഷ്ട്രീയ, ചാരിറ്റി അധിഷ്ഠിത 'വികസനത്തിന്റെ' നിരവധി ഉദാഹരണങ്ങളാണ് മലബാർ മേഖലയിൽ വന്നു കൊണ്ടിരിക്കുന്നത്. സ്കൂൾ കുട്ടികളിൽ നിന്നടക്കം പിരിവ് നടത്തി കോടികൾ സമാഹരിച്ച് 'സ്ഥാപിച്ച' മഞ്ചേരി മെഡിക്കൽ കോളേജ് ഒരുദാഹരണം മാത്രം. ഭേദപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്ന ജില്ലാ ആശുപത്രിയെ പിരിവ് വഴി പണം സ്വരൂപിച്ച് ജനറൽ ആശുപത്രിയാക്കുകയും പിന്നീട് വലിയ മാറ്റമില്ലാതെ മെഡിക്കൽ കോളേജാക്കി 'ഉയർത്തുകയും' ചെയ്തു. ഫലത്തിൽ നികുതിയടക്കുന്ന ജനങ്ങൾക്ക് വീണ്ടും പിരിവായി പണം നൽകേണ്ടി വന്നതല്ലാതെ എന്തെങ്കിലും നേട്ടമില്ലാതായി. ജനറൽ ആശുപത്രി നഷടപ്പെടുകയും പൂർണാർത്ഥത്തിലുള്ള മെഡിക്കൽ കോളേജ് ആവാതെ പോവുകയും ചെയ്തു.

മറ്റെന്തിനെക്കാളുമധികം ഇസ്ലാമിക വിശ്വാസമാണ് ചാരിറ്റി ഫ്രോഡുകൾ ചൂഷണ വിധേയമാക്കുന്നത്. സമ്പത്ത് കുന്നുകൂട്ടുന്നതിനെ ഇസ്ലാം ശക്തമായി നിരുൽസാഹപ്പെടുത്തുകയും അതിനായി അധാർമിക മാർഗങ്ങൾ അവലംബിക്കുന്നതിനെ കർശനമായി വിലക്കുകയും ചെയ്യുന്നതാണ് ചാരിറ്റി മുസ്ലിം സമൂഹത്തിൽ ശക്തമായി വേരുപിടിക്കാനുള്ള പശ്ചാത്തലം. ഖുർആൻ പറയുന്നത് നോക്കുക,

ചാരിറ്റിയുടെ മതവും രാഷ്ട്രീയവും
‘സര്‍ക്കാര്‍ കടമ നിറവേറ്റിയാല്‍ കേരളത്തില്‍ നന്മമരങ്ങള്‍ ഉണ്ടാകില്ല’; ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ച് ഫിറോസ് കുന്നംപറമ്പില്‍

*സ്വർണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷ വാർത്ത അറിയിക്കുക (ഖുർആൻ 9: 34)*

സമാന രീതിയിലുള്ള നിരവധി സൂക്തങ്ങൾ ഖുർആനിലുടനീളം കാണാനാവും. അധാർമിക മാർഗങ്ങളിലൂടെയുള്ള ധന സമ്പാദനത്തെ നിശിതമായി വിമർശിക്കുന്ന ഖുർആൻ സാമ്പത്തിക അസമത്വത്തെ നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു. നിർബന്ധിത 'നികുതി' ആയ സകാത്തിനെ കൂടാതെ വലിയ തോതിൽ പ്രോൽസാഹിക്കപ്പെട്ട ദാന ധർമങ്ങളുടെ വ്യവസ്ഥാപിത രൂപമായിരുന്നു 'വഖഫ് '. പൊതു നന്മക്കായി ഇങ്ങനെ വിശ്വാസികൾ ചിലവഴിച്ച പണമാണ് ഇസ്ലാമിക ക്ഷേമ രാജ്യങ്ങളുടെ ആണിക്കല്ലായി മാറിയ വഖഫ് / ഔഖാഫ് സംവിധാനങ്ങൾ. ആധുനിക ക്ഷേമരാഷ്ട്രങ്ങൾ നടത്തി വരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പോലുള്ള പലതും ഇസ്ലാമിക സമൂഹങ്ങളിൽ ചെയ്ത് പോന്നത് ഇപ്പറഞ്ഞ ഔഖാഫ് വിഭാഗമായിരുന്നുവെന്നതാണ് സത്യം. 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒരു കണക്കനുസരിച്ച് ഒട്ടോമൻ തുർക്കിയിലെ മൂന്നിൽ ഒരു ഭാഗം കൃഷി ഭൂമിയും ഔഖാഫ് വകയായിരുന്നു. ഇതേ സമയത്ത് തന്നെ ഈജിപ്റ്റിൽ നാലിൽ ഒരു ഭാഗം ഒഖാഫ് ഭൂമി ആയിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇങ്ങനെ നടത്തിയ ക്ഷേമ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഫലമായാണ് ശാസ്ത്ര, സങ്കേതിക, സാമൂഹിക മേഖലകളിൽ നിർണായകമായ സംഭാവനകളർപ്പിക്കാൻ മുസ്ലിം ലോകത്തിന് കഴിഞ്ഞതും.

ചാരിറ്റിയുടെ മതവും രാഷ്ട്രീയവും
ബാബ്‌റി മസ്ജിദ് കേസ് : സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍, രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെടുന്ന ഭൂപടം കീറിയെറിഞ്ഞ് രാജീവ് ധവാന്‍ 

ഇവിടെ രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്. ഒന്ന്, ചാരിറ്റിയുടെ ഗുണഭോക്താക്കളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതോ അപകർഷതാ ബോധത്തിനടിമപ്പെടുത്തുന്നതോ ആയതെല്ലാം ഇസ്ലാമിക പ്രമാണ വിരുദ്ധവും അതിന്റെ ചരിത്രത്തിൽ വളരെ വൈകി ഇടം പിടിച്ചതുമാണ്. രണ്ട്, ഈ കാരണങ്ങളാൽ തന്നെ സകാത്തും വഖഫുമെല്ലാം വ്യവസ്ഥാപിത സംവിധാനങ്ങളായിരുന്നു. അതിൽ 'ഉദാരമനസ്കനായ' പണക്കാരൻ, 'ഔദാര്യം പറ്റുന്ന' പാവപ്പെട്ടവൻ എന്ന ഫ്യൂഡൽ ദ്വന്ദം ഇല്ലായിരുന്നു. വ്യക്തി കേന്ദ്രീകൃത രീതിക്ക് പകരം ആധുനിക ക്ഷേമ രാഷ്ട്ര സങ്കൽപങ്ങളോടടുത്ത് നിൽക്കുന്ന കൃത്യമായ സംവിധാനങ്ങളായിരുന്നു. അത് കൊണ്ട് തന്നെ ഒരു കാലയളവിനുള്ളിൽ ഇതിന്റെ ഗുണഭോക്താക്കൾ അവരുടെ ഗതികേടിൽ നിന്ന് മോചിതരാവാനുള്ള സാധ്യത നൽകുന്നുണ്ട്. മറിച്ചുള്ള ഫ്യൂഡൽ രീതി ഈ അസമത്വത്തിന്റെയും അതിന്റെ ഭാഗമായ അപമാനത്തിന്റെയും തുടർച്ച ഉറപ്പു വരുത്തുന്നതാണ്. അഥവാ സകാത്തിലൂടെയും വഖഫിലൂടെ ഇസ്ലാമിക വീക്ഷണവും ശരി വെക്കുന്നത് ഈ രാഷ്ട്രീയമാണ്.

ഇന്ന് വഖഫ് സംവിധാനം വെറും നോക്കുകുത്തിയാണ്. അതിന് ചാലക ശക്തിയാവേണ്ട മഹല്ല് സംവിധാനങ്ങൾ ആത്മാവ് നഷ്ടപ്പെട്ട യാന്ത്രിക രൂപങ്ങൾ മാത്രമാണ്. അതിന്റെ എല്ലാ പ്രശ്നങ്ങളും മുസ്ലിം സമൂഹങ്ങളിൽ പ്രകടമാണ്. ചാരിറ്റി എന്ന ലേബലിൽ പല മാതിരി തട്ടിപ്പുകൾ വ്യാപകമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. പ്രകൃതി ചൂഷണവും അഴിമതിയും വഴി സമ്പത്ത് കുന്നു കൂട്ടുന്നവർ അതിലെ ചെറിയൊരു വിഹിതം ചാരിറ്റിക്ക് നൽകി പൊതു ബോധത്തെ വിലക്കെടുക്കുന്നു. ഏതെങ്കിലും ഒരു പെണ്ണിന്റെ തലമുടി കണ്ടാൽ ഉറഞ്ഞു തുള്ളുന്ന മത പണ്ഡിതൻമാർ ഈ ചാരിറ്റി മറയാക്കി അഴിമതിയും നിയമ ലംഘനങ്ങളുടെ പരമ്പരയും നടത്തുന്നവർക്കെതിരെ മിണ്ടുന്നില്ലെന്ന് മാത്രമല്ല, അവരെ മഹത്വ വൽക്കരിക്കാനും മുന്നിട്ടിറങ്ങുന്നു. നാട്ടിൻ പുറത്ത് റോഡ് കയ്യേറി കെട്ടിടം നിർമിക്കുന്നവനും തോട് കയ്യേറി ഷോപിംഗ് മാൾ പണിയുന്നവനുമൊക്കെ പയറ്റുന്നത് ഇതേ തന്ത്രമാണ്. ഇന്ന് പള്ളി മിമ്പറുകളിലോ സമുദായ പ്രസിദ്ധീകരണങ്ങളിലോ അഴിമതിയും കയ്യേറ്റവുമൊന്നും ഒരു വിഷയമല്ല.

ചാരിറ്റിയുടെ മതവും രാഷ്ട്രീയവും
‘ബാബ്‌റി മസ്ജിദ് തകര്‍ത്ത തിയ്യതിയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും’; പ്രകോപന പരാമര്‍ശവുമായി ബിജെപി എം.പി സാക്ഷി മഹാരാജ് 

ഈ തട്ടിപ്പിന്റെ ഏറ്റവും പുതിയ സാധ്യതകളാണ് സോഷ്യൽ മീഡിയ വഴി ചിലർ നടപ്പിലാക്കുന്നത്. വ്യവസ്ഥാപിത സംവിധാനങ്ങൾക്ക് പകരം വ്യക്തി കേന്ദ്രീകൃത ഏർപ്പാടുകളാക്കി മാറ്റുന്നതോടെ തട്ടിപ്പിന് കളമൊരുക്കുകയാണ്. അതിൽ വലിയൊരു വിഭാഗം നിയമ വിരുദ്ധവും മത വിരുദ്ധവും മനുഷ്യത്ത വിരുദ്ധവുമാണ്. ഏറ്റവും നിസ്സഹായരും ദുർബലരുമായ ഇരകളെയും നിസ്വാർത്ഥരായ ചില ശുദ്ധാത്മകളുടെ മതബോധത്തേയും ഒരേ പോലെ ചൂഷണം ചെയ്താണ് ഇവർ തട്ടിപ്പു നടത്തുന്നത്. അവർ മുന്നോട്ട് വെക്കുന്ന (അ) രാഷ്ട്രീയവും മതവും അപകടകരമാണ്. ഇത് തിരിച്ച് പിടിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തകരുടെയും മത വിശ്വാസികളുടേയും ബാധ്യത കൂടിയാണ്. തങ്ങളുടെ രാഷ്ട്രീയവും മത വിശ്വാസവും കൃത്യമായി അവതരിപ്പിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലുമുള്ള രണ്ട് കൂട്ടരുടെയും പരാജയമാണ് ഈ ഭീകര തട്ടിപ്പിന് വളമൊരുക്കുന്നത്. അത് ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളിലായി ഒതുങ്ങുന്നതല്ല, കേരളീയ പൊതു സമൂഹത്തെ, പ്രത്യേകിച്ചും മുസ്ലിം സമുദായത്തെ, സമഗ്രമായി ബാധിച്ച ഒരു വ്യവസ്ഥാപിത തട്ടിപ്പായി മാറിക്കഴിഞ്ഞു എന്നതാണ് സത്യം. വിമർശനങ്ങളോടും ഓഡിറ്റിങ്ങിനോടുമുള്ള അവരുടെ ഹിംസാത്മക പ്രതികരണങ്ങളും അതിന് കിട്ടുന്ന പിന്തുണയും പ്രശ്നത്തിന്റെ ആഴത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

ചാരിറ്റിയുടെ മതവും രാഷ്ട്രീയവും
‘അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’, വേശ്യാ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in