റോഡിലും ആകാശത്തും സഞ്ചരിക്കാം; പറക്കും കാറുകള്‍ ഇന്ത്യയിലേക്ക് 

റോഡിലും ആകാശത്തും സഞ്ചരിക്കാം; പറക്കും കാറുകള്‍ ഇന്ത്യയിലേക്ക് 

നെതര്‍ലന്‍ഡ്സിലെ പറക്കും കാര്‍ നിര്‍മാതാക്കളായ പാല്‍-വി അഥവാ പേര്‍സണ്‍ എയര്‍ ലാന്‍ഡ് വെഹിക്കിള്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. ഗുജറാത്ത് ആസ്ഥാനമായി നിര്‍മാണ ശാല ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി പാല്‍-വി കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞു. 2021 ഓടുകൂടി കാറുകളുടെ നിര്‍മാണം തുടരാനാണ് പദ്ധതി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, മികച്ച രീതിയിലുള്ള തുറമുഖം, ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് കമ്പനി നിര്‍മാണശാലയ്ക്കായി ഗുജറാത്ത് തെരഞ്ഞെടുത്തതെന്ന് പാല്‍-വി വൈസ് പ്രസിഡന്റ് കാര്‍ലോ മാസ്ബൊമ്മല്‍ പറഞ്ഞു. ഗുജറാത്തില്‍ നിര്‍മിക്കുന്ന കാറുകള്‍ അമേരിക്കയും യൂറോപും ഉള്‍പ്പടെയുള്ളയിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും.

ഹെലികോപ്റ്ററിനെ ആധാരമാക്കി നിര്‍മിച്ച ഈ മുചക്ര വാഹനത്തില്‍ ഒരെ സമയം രണ്ടു പേര്‍ക്ക് സഞ്ചരിക്കാം. റോഡിലൂടെ മണിക്കൂറില്‍ 170 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കാനും മണിക്കൂറില്‍ 180 കിലോമീറ്റര്‍വരെ വേഗത്തില്‍ പറക്കാനും പാല്‍-വി പറക്കും കാറിന് സാധിക്കും. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ 500 കിലോമീറ്റര്‍ ദൂരംവരെ സഞ്ചരിക്കാന്‍ കഴിയും. നിരത്തിലോടുമ്പോള്‍ 99 ബിഎച്ച്പി കരുത്തും പറന്നുയരുമ്പോള്‍ പരമാവധി 197 ബിഎച്ച്പി കരുത്തും എഞ്ചിന്‍ നല്‍കും.

നിരത്തില്‍ ഓടുകയും വാനില്‍ പറക്കുകയും ചെയ്യുന്ന പഴ്‌സനല്‍ ലാന്‍ഡ് ആന്‍ഡ് എയര്‍ വെഹിക്കിളിനു കമ്പനി നേരത്തെ തന്നെ ഇന്ത്യയില്‍ പേറ്റന്റ് സ്വന്തമാക്കിയിരുന്നു. ഓട്ടോ ജൈറോ അഥവാ ജൈറോകോപ്ടര്‍ വിഭാഗത്തിലാണു പിഎഎല്‍-വി വണ്‍ ഇടംപിടിക്കുന്നത്. യൂറോപ്പിനു പുറമെ യു എസ് അടക്കമുള്ള പ്രമുഖ രാജ്യങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാവും പിഎഎല്‍-വി വണ്‍ നിര്‍മാണം.

പിന്നില്‍ ഘടിപ്പിച്ചിട്ടുള്ള പ്രൊപ്പല്ലറും രണ്ട് എന്‍ജിനുകളുമാണ് ഇതിനെ പറക്കും കാറാക്കുന്നത്. കാറിന് സ്ഥിരത നല്‍കാന്‍ മുകളില്‍ റോട്ടറുമുണ്ട്. നിലത്തിറങ്ങിക്കഴിഞ്ഞാല്‍ പ്രൊപ്പല്ലറും റോട്ടറുമെല്ലാം മടക്കിവച്ച് കാറാക്കിമാറ്റാം. വീണ്ടും ഒരു പറക്കലിന് തയ്യാറാവാന്‍ ഇതിന് പത്തു മിനിറ്റ് മാത്രം മതിയെന്നാണ് കമ്പനിയുടെ അവകാശവാദം.

അഞ്ചു വര്‍ഷം നീണ്ട ഗവേഷങ്ങള്‍ക്കൊടുവില്‍ നിരവധി പരീക്ഷണ ഓട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചാണ് പാല്‍-വി ഇന്ത്യയിലേയ്ക്ക് എത്തുന്നത്. പാല്‍-വി വാങ്ങുന്നവര്‍ക്ക് വാഹനം പറപ്പിക്കാനുള്ള സര്‍ട്ടിഫിക്കേഷന്‍ നേടാനും കമ്പനി അവസരമൊരുക്കും. ലിബര്‍ട്ടി പൈനിയര്‍, ലിബര്‍ട്ടി സ്‌പോര്‍ട്ട് എന്നീ രണ്ട് മോഡലുകളായിരിക്കും വാഹനം ഇന്ത്യയിലെത്തുകയെന്നാണ് സൂചന. പിഎഎല്‍-വി ലിബര്‍ട്ടി പൈനിയര്‍ എഡിഷന് 3.5 കോടി രൂപയും ലിബര്‍ട്ടി സ്‌പോര്‍ട്ടിന് 2.1 കോടി രൂപയുമായിരിക്കും വിലയെന്നും വിവരമുണ്ട്. നിലവില്‍ 110 ബുക്കിങ്ങുകള്‍ പറക്കും കാറിന് ലഭിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in