മുഖ്യമന്ത്രിയുടെ 'ചായകുടി' പ്രസ്താവന; അലനും താഹയ്ക്കും ഒപ്പം ചായയും പരിപ്പുവടയും കഴിച്ച് പ്രതിഷേധം

മുഖ്യമന്ത്രിയുടെ 'ചായകുടി' പ്രസ്താവന; അലനും താഹയ്ക്കും ഒപ്പം ചായയും പരിപ്പുവടയും കഴിച്ച് പ്രതിഷേധം

ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ അലനും താഹയ്ക്കും ഒപ്പം ചായ കുടിച്ച് പ്രതിഷേധം. യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങള്‍ക്കെതിരെ കൂടിയായിരുന്നു പ്രതിഷേധം നടന്നത്. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിലായിരുന്നു ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

യു.എ.പി.എ കേസില്‍ ജയില്‍ മോചിതരായ അലനും താഹയ്ക്കും ചായയും ചായ നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.വാസു പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാത്തിനും നമ്പര്‍ വണ്ണാണെന്ന് പറയുന്ന കേരളം മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് അലന്‍ ഷുഹൈബ് പറഞ്ഞു. അന്ന് രഹസ്യപ്രവര്‍ത്തനം നടത്തിയെന്നു പറഞ്ഞാണ് കേസെടുത്തത്. ഇപ്പോള്‍ ജനാധിപത്യപരമായ ഒരു പരിപാടിയില്‍ പങ്കെടുത്തതിന് അകത്തിടുമെന്ന് പറയുമ്പോള്‍ ജനാധിപത്യത്തിന് എന്താണ് പ്രസക്തിയെന്ന ചോദ്യമുയരുകയാണെന്നും അലന്‍ പറഞ്ഞു.

അസാധാരണ സാഹചര്യം പറഞ്ഞ് ജയിലില്‍ പുസ്തകവും പത്രവും പോലും നിഷേധിക്കപ്പെട്ടുവെന്ന് താഹ ഫസല്‍ പ്രതികരിച്ചു. കോടതി ഇടപെട്ടതുകൊണ്ടാണ്. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും പത്രം കിട്ടിയത്. കാക്കനാട് ജയിലിലെ മോശം അനുഭവത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കള്ളക്കേസെടുത്തു. അലനും താഹയും ജാമ്യത്തിലിറങ്ങിയാല്‍ കഴിയുന്നതല്ല പന്തീരാങ്കാവ് യു.എ.പി.എ കേസ്. രണ്ടുപേര്‍ ഇനിയും ജയിലിലുണ്ട്. നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അസ്വസ്ഥരാവുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ യു.എ. പി. എ. പോലുള്ള കരിനിയമങ്ങള്‍ ചുമത്തുമ്പോള്‍ അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. എല്ലാവരും സ്റ്റാന്‍സാമിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന സ്റ്റാന്‍ സാമിമാര്‍ക്കുവേണ്ടി ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോയെന്നും താഹ ചോദിച്ചു.

The Cue
www.thecue.in