'ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറി'; ടോണി ചമ്മിണി അടക്കമുള്ള പ്രതികള്‍ കീഴടങ്ങി

'ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറി'; ടോണി ചമ്മിണി അടക്കമുള്ള പ്രതികള്‍ കീഴടങ്ങി
Published on

കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മിണി ഉള്‍പ്പടെയുള്ള പ്രതികള്‍ കീഴടങ്ങി. ടോണി ചമ്മണിയെ കൂടാതെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സി ഐ ഷാജഹാന്‍ തുടങ്ങി അഞ്ച് നേതാക്കളാണ് മരട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രമുഖ നേതാക്കളോടൊപ്പം പ്രകടനമായി എത്തിയാണ് പ്രതികള്‍ പൊലീസിന് മുന്നില്‍ ഹാജരായത്.

പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു. കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തനിക്കെതിരായ വ്യാജ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് ടോണി ചമ്മിണി പ്രതികരിച്ചു. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അധികൃതരെയും ജനങ്ങളെയും അറിയിച്ച ശേഷമാണ് കോണ്‍ഗ്രസ് സമരം നടത്തിയതെന്നും ടോണി ചമ്മിണി അവകാശപ്പെട്ടു.

'സമരത്തെ അലങ്കോലപ്പെടുത്താനാണ് ജോജു ശ്രമിച്ചത്. ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ സമരമാണെന്ന് അറിഞ്ഞതോടെയാണ് ജോജു പ്രതികരിച്ചത്. അദ്ദേഹം സിപിഎമ്മിന്റെ ചട്ടുകമായി മാറി. ജോജുവിനെ സിപിഎം കരുവാക്കുകയായിരുന്നു. അതില്‍ ഖേദമുണ്ട്. ബി.ഉണ്ണികൃഷ്ണനും സിപിഎമ്മും ചേര്‍ന്നാണ് കേസിലെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അട്ടിമറിച്ചത്. ബി.ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. സിപിഎമ്മിന് കുഴലൂതുകയാണ് അദ്ദേഹം ചെയ്യുന്നത്', ടോണി ചമ്മിണി ആരോപിച്ചു.

കേന്ദ്രം ഇന്ധനവില കുറച്ചിട്ടും കേരളം ഇന്ധനവിലയിലെ നികുതി കുറയ്ക്കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസിന്റെ അടുത്ത സമരം സംസ്ഥാന സര്‍ക്കാരിനെതിരെയാണെന്ന് മനസ്സിലാക്കിയപ്പോള്‍ സിപിഎം ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ ഒത്തുകളിയാണിതെന്നും ടോണി ചമ്മിണി ആരോപിച്ചു. സിപിഎം ജില്ലാ സമ്മേളന റാലകളില്‍ ജനങ്ങളുടെ ഗതാഗതം തടസ്സപ്പെടുമ്പോള്‍ ജോജു എതിര്‍പ്പ് പ്രകടിപ്പിക്കുമോയെന്നും ചമ്മിണി ചോദിച്ചു. സിപിഎം റാലിക്കെതിരെ പ്രതികരിച്ചാല്‍ ജോജുവിന്റെ അനുശോചനയോഗം നടത്തേണ്ടിവരും. പരസ്യമായി എതിര്‍ക്കുന്നത് പോയിട്ട് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും ജോജുവിന് ധൈര്യമുണ്ടാകില്ലെന്നും ടോണി ചമ്മിണി പരിഹസിച്ചു.

കള്ളക്കേസിന് പകരം ചോദിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും പ്രതികരിച്ചു. കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in