ആര്യന്‍ഖാന്‍ കേസില്‍ ട്വിസ്റ്റ്; ഷാരൂഖില്‍ നിന്ന് പണം തട്ടാനായിരുന്നു ശ്രമമെന്ന് സാക്ഷി, സമീര്‍ വാങ്കഡെയ്ക്കും പങ്കെന്ന് സത്യവാങ്മൂലം

ആര്യന്‍ഖാന്‍ കേസില്‍ ട്വിസ്റ്റ്; ഷാരൂഖില്‍ നിന്ന് പണം തട്ടാനായിരുന്നു ശ്രമമെന്ന് സാക്ഷി, സമീര്‍ വാങ്കഡെയ്ക്കും പങ്കെന്ന് സത്യവാങ്മൂലം

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്‍ പ്രതിയായ ലഹരി മരുന്ന് കേസില്‍ സാക്ഷിയുടെ വന്‍ വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ, കേസിലെ സാക്ഷിയായ കെ.പി ഗോസാവി തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയുണ്ടെന്നും കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപിച്ച് സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ രംഗത്തെത്തി.

ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരണ്‍ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്റെ മാനേജരെ കണ്ടു. ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യന്‍ഖാനെ കൊണ്ട് ഫോണില്‍ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകര്‍ പുറത്ത് വിട്ടു.

എന്‍സിബി സാക്ഷിയാക്കിയ കിരണ്‍ ഗോസാവിയുടെ അംഗരക്ഷകനാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ പ്രഭാകര്‍ സെയ്ല്‍. കപ്പലില്‍ നടന്ന റെയ്ഡില്‍ താന്‍ സാക്ഷിയല്ലെന്നും എന്‍.സി.ബി ഓഫീസില്‍ വെച്ച് സമീര്‍ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളില്‍ ഒപ്പീടീപ്പിച്ചെന്നും പ്രഭാകര്‍ പറഞ്ഞു.

ഗോസാവിക്കൊപ്പം റെയ്ഡ് നടന്ന ദിവസം താന്‍ കപ്പലില്‍ പോയിരുന്നുവെന്നും എന്നാല്‍ റെയ്ഡ് നടക്കുന്നത് കണ്ടില്ലെന്നുമാണ് പ്രഭാകര്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നടന്ന 18 കോടിയുടെ ഇടപാട് സംബന്ധിച്ച് തനിക്കറിയാമെന്നും പ്രഭാകര്‍ പറയുന്നു.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കെ.പി ഗോസാവിയും സാം ഡിസൂസ എന്നയാളും തമിമില്‍ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നതിനെ സംബന്ധിച്ച് താന്‍ കേട്ടിരുന്നു. ഇതില്‍ എട്ടുകോടി രൂപ സമീര്‍ വാങ്കഡെയ്ക്ക് നല്‍കണമെന്നാണ് പറഞ്ഞിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഭാകര്‍ സെയ്ല്‍ ഞായറാഴ്ച ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് എന്‍.സി.ബിക്കെതിരായ വെളിപ്പെടുത്തലുകള്‍ വിശദീകരിച്ചിരിക്കുന്നത്. പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണെന്നാണ് വിഷയത്തില്‍ എന്‍.സി.ബിയുടെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in