'ബി.ജെ.പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനാകില്ല'; ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കേ മതനിരപേക്ഷത തകരാതെ സംരക്ഷിക്കാനാകൂ എന്ന് മുഖ്യമന്ത്രി

'ബി.ജെ.പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനാകില്ല'; ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കേ മതനിരപേക്ഷത തകരാതെ സംരക്ഷിക്കാനാകൂ എന്ന് മുഖ്യമന്ത്രി

രാജ്യത്ത് ബി.ജെ.പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സി.പി.ഐ.എം പിബി യോഗത്തില്‍ ഭിന്ന സ്വരം ഉയര്‍ന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കേ മതരനിരപേക്ഷത തകരാതെ സംരക്ഷിക്കാനാകൂ എന്ന് അനുഭവത്തില്‍ നിന്ന് കേരള ജനത മനസിലാക്കിയതായും ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി പറയുന്നു.

'ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിനാകില്ല' എന്ന തലക്കെട്ടിലാണ് ലേഖനം. ഇന്ത്യന്‍ ജനാധിപത്യത്തെ പിറകോട്ടടിപ്പിക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വര്‍ഗീയതയുടെ വളര്‍ച്ച. ഭൂരിപക്ഷ വര്‍ഗീയതയോടും ന്യൂനപക്ഷ വര്‍ഗീയതയോടും ഒരുപോലെ സ്വീകരിച്ചുവരുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ ഫലമായാണ് രാജ്യത്തെ മറ്റു പലയിടങ്ങളില്‍ നിന്നും വ്യത്യസ്തമായി മതസാഹോദര്യത്തിന്റെ മാതൃകയായി വര്‍ത്തിക്കാന്‍ കേരളത്തിനു സാധിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരായുള്ള പൊതുവികാരം കേരളത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ മതേതര മനോഭാവം പുലര്‍ത്താന്‍ കേരളത്തെ പ്രാപ്തമാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത് വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന സി.പി.ഐ.എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയുമാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള നിരവധി ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായിട്ടും ഒരു വര്‍ഗീയ സംഘട്ടനം പോലും ഉണ്ടാവാതെ നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷം പ്രദര്‍ശിപ്പിച്ച ജാഗ്രതയുടെ ഫലമായാണ്. സമാധാന അന്തരീക്ഷത്തില്‍ ജീവിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയില്‍ കണ്ടത്', മുഖ്യമന്ത്രി പറയുന്നു.

എങ്ങനെയെങ്കിലും അധികാരം കൈക്കലാക്കണം എന്ന ദുഷ്ടലാക്കോടെ സങ്കുചിത വികാരങ്ങള്‍ ഉപയോഗിക്കാനും, വര്‍ഗീയതയുടെ സഹായം പറ്റാനും നോക്കിയവരാണ് യു.ഡി.എഫ് എന്നും ലേഖനത്തില്‍ പിണറായി വിജയന്‍ വിമര്‍ശിക്കുന്നുണ്ട്. യു.ഡി.എഫിനും ബി.ജെ.പിക്കും അര്‍ഹമായ തിരിച്ചടിയാണ് കേരളത്തിലെ ജനങ്ങള്‍ കൊടുത്തത്. വര്‍ഗീയത പറഞ്ഞ് കേരളം പിടിക്കാമെന്നും ഭരിക്കാമെന്നും പ്രഖ്യാപിച്ച ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ലെന്നും ലേഖനത്തില്‍ പറയുന്നു.

രൂപീകരണം മുതല്‍ക്കേ കോണ്‍ഗ്രസ്സില്‍ മതനിരപേക്ഷതയുടെ ഉള്ളടക്കമുണ്ട്, സ്വാതന്ത്ര്യസമര ഘട്ടത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ചരിത്രവും കോണ്‍ഗ്രസ്സിനുണ്ട്. അത്തരം പാരമ്പര്യം അവകാശപ്പെടാവുന്ന കോണ്‍ഗ്രസ്സ് ഇപ്പോള്‍ നശിച്ചു നാമാവശേഷമായിപ്പോകുന്നത് മതേതര ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഖേദകരമായ കാര്യമാണ്. എന്നാല്‍, സ്വയം നശിക്കാന്‍ ഉറപ്പിച്ചാല്‍ ആര്‍ക്കും തടയാന്‍ കഴിയില്ല. മതനിരപേക്ഷത സംരക്ഷിക്കുന്നതിലും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും പാര്‍ട്ടിയ്ക്ക് വലിയ വീഴ്ച ഉണ്ടാകുന്നു എന്ന് കോണ്‍ഗ്രസ്സിനകത്തുള്ളര്‍ പോലും പലരും ആരോപിക്കുന്ന കാര്യമാണ്.

കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയ നേതാക്കളെ കുറിച്ചും ലേഖനത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിക്കുന്നുണ്ട്. യു.പി. മുഖ്യമന്ത്രിയായിരുന്ന ജഗദംബികാ പാല്‍ മുതല്‍ യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ വരെ ദേശീയ നേതാക്കളുടെ വലിയ നിരയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്‍ ഡി തിവാരി, നജ്മ ഹെപ്തുള്ള, നാരായണ്‍ റാണെ, എസ്. എം.കൃഷ്ണ, ചൗധരി വീരേന്ദ്ര സിങ്, റാവു ഇന്ദ്രജിത് സിംങ്, റിത്ത ബഹുഗുണ ജോഷി, വിജയ് ബഹുഗുണ, സത്പാല്‍ മഹാരാജ്, ഹിമാന്ത ബിശ്വ ശര്‍മ്മ, ബൈറണ്‍ സിംഗ് തുടങ്ങി കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രിമാരോ കേന്ദ്ര മന്ത്രിമാരോ ഉയര്‍ന്ന ഭാരവാഹിത്വം വഹിച്ചവരോ ആയിരുന്ന നിരവധിയാളുകള്‍ ബിജെപിയില്‍ ചേക്കേറി. കര്‍ണ്ണാടകത്തില്‍ റിസോര്‍ട്ടില്‍ ഒളിപ്പിക്കേണ്ടിവന്ന പല കോണ്‍ഗ്രസ്സ് എം എല്‍ എ മാരും നിലവില്‍ ബിജെപി എംഎല്‍എ മാരാണ്. കോണ്‍ഗ്രസ്സിന്റെ 17 എംഎല്‍എ മാര്‍ ബിജെപിയിലേക്ക് പോയതുകൊണ്ടാണ് അവിടെ ഭരണം ബിജെപി പിടിച്ചതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.

'വര്‍ഗീയതയോട് ഐക്യപ്പെടാന്‍ വിമുഖതയില്ലാത്തവര്‍ ബിജെപിയിലേയ്ക്കു പോകുന്നു. മതനിരപേക്ഷ മനസ്സുള്ളവര്‍ സി.പി.ഐ.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളിലേക്കു വരുന്നു. വര്‍ഗീയശക്തികളോടു പൊരുതാനും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും ആഗ്രഹിക്കുന്നവരെ ഒപ്പം ചേര്‍ത്തുകൊണ്ട് വര്‍ഗീയതയ്‌ക്കെതിരായ രാഷ്ട്രീയ സമരം ശക്തമാക്കുക എന്നതാണ് സി.പി.ഐ.എമ്മിന്റെ നയം. കേരളം ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലമായി തുടരണമെന്നും ഇവിടെ ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും സഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ കഴിയണമെന്നുമാണ് സി.പി.ഐ.എമ്മും എല്‍.ഡി.എഫും ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് കേരളത്തിലെ പാര്‍ടിയും മുന്നണിയും നടത്തുന്നത്.

മറ്റു പല സംസ്ഥാനങ്ങളിലേയും സ്ഥിതിവിശേഷത്തില്‍ നിന്നും വിഭിന്നമായി കോണ്‍ഗ്രസ്സില്‍ നിന്ന് നേരെ വര്‍ഗീയതയുടെ പാളയത്തിലേക്ക് ചാടാന്‍ കേരളത്തിലെ മഹാഭൂരിപക്ഷം കോണ്‍ഗ്രസ്സുകാരും തയാറാകുന്നില്ല. അവര്‍ മതനിരപേക്ഷതയുടെ വഴിയാണ് തെരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ്സുമായുള്ള ബന്ധം വേര്‍പെടുത്തി സി പി ഐ എമ്മിനോടൊപ്പം നേതാക്കളും അണികളും വരുന്ന അനുഭവമാണ് കേരളത്തിലുള്ളത്. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസ്സ് മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ കെ.പി.അനില്‍ കുമാര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാറിന്റെ മനസുള്ളവരാണെന്ന് തുറന്നു പറഞ്ഞും മതനിരപേക്ഷ രാഷ്ട്രീയത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. മുന്‍ കെ.പി.സി.സി സെക്രട്ടറി പി.എസ്.പ്രശാന്ത്, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ തുടങ്ങിയ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ സി.പി.ഐ.എമ്മിലേക്ക് വന്നുകഴിഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റായിരുന്ന കെ.സി.റോസക്കുട്ടി ഇന്ന് ആ പാര്‍ടിയിലില്ല. വയനാട്ടില്‍ നിന്നുള്ള കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ പി.വി.ബാലചന്ദ്രനും രാജി വച്ചിരിക്കുന്നു.

കോണ്‍ഗ്രസ്സിന്റെ അസ്തിത്വം നഷ്ടപ്പെടുന്നതില്‍ പരിതപിച്ചുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടണം എന്നാഗ്രഹിച്ച് എന്‍സിപിയില്‍ചേര്‍ന്ന് ഇടതുപക്ഷത്തോടൊപ്പം സഹകരിക്കുന്ന പി.സി.ചാക്കോയെ പോലുള്ളവരുമുണ്ട്. ഒരുകാലത്ത് കോണ്‍ഗ്രസ്സിന്റെ ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ നിലപാടെടുത്ത് എ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും വരെ കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്നു എന്നോര്‍ക്കണം. ശരിയായ രാഷ്ട്രീയ നിലപാടുകളെയും അതുയര്‍ത്തിപ്പിടിക്കുന്നവരെയും സി.പി.ഐ.എമ്മും ഇടതുപക്ഷവും എന്നും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യും.

ഈ മാറ്റം നേതൃ തലത്തില്‍ മാത്രമാണെന്ന് ധരിക്കരുത്. കാലാകാലങ്ങളായി കോണ്‍ഗ്രസ്സിന്റെ കൊടി പിടിച്ച സാധാരണ ജനങ്ങള്‍ കൂട്ടത്തോടെ ഇടതുപക്ഷത്തേക്ക് വരികയാണ്. ഭരണത്തുടര്‍ച്ച അസംഭവ്യം എന്ന് പ്രഖ്യാപിച്ചു പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച തുടങ്ങിവെച്ചവര്‍ ഇവിടെ ഉണ്ടായിരുന്നല്ലോ. അവര്‍ക്കു തിരിച്ചടിയും നൈരാശ്യവും നല്‍കിക്കൊണ്ട് ജനങ്ങള്‍ അവരെ തിരസ്‌കരിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഇന്ന് ഇടതുപക്ഷത്തേക്ക് നേരിട്ട് വരാന്‍ തയാറാകുന്നു. കോണ്‍ഗ്രസ്സില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ബിജെപിയെയും വര്‍ഗീയ രാഷ്ട്രീയത്തെയും സഹായിക്കുന്നില്ല എന്നതാണ് കേരളത്തിന്റെ പ്രത്യേകത.

ദേശീയതലത്തിലെ നയങ്ങള്‍ കൊണ്ട് കേന്ദ്രഭരണത്തിനു തിരിച്ചടിയുണ്ടാവുമ്പോള്‍ വര്‍ഗീയതകൊണ്ടു മറ തീര്‍ത്ത് രക്ഷപ്പെടാന്‍ നോക്കുകയാണ് ബിജെപി. ജനകീയ പ്രക്ഷോഭങ്ങളെ ബലപ്രയോഗങ്ങളിലൂടെ അടിച്ചമര്‍ത്താം എന്നാണവര്‍ കരുതുന്നത്. അതിലൊന്നും തളരാതെ മുന്നോട്ടുപോകുന്ന ശക്തിയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ച് സി.പി.ഐ.എം. അതിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വരുന്നത് ജനകീയ പ്രക്ഷോഭങ്ങളെയാണ് യഥാര്‍ത്ഥത്തില്‍ ശക്തിപ്പെടുത്തുന്നത്. ബി.ജെ.പിക്കുള്ള ബദലായി കോണ്‍ഗ്രസ്സിനെയല്ല, മറിച്ച് സി.പി.ഐ.എമ്മിനെയും ഇടതുപക്ഷത്തെയുമാണ് ജനങ്ങള്‍ കാണുന്നത് എന്നതിനുള്ള തെളിവു കൂടിയാണ് ഇത്', ലേഖനത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in