'ചീസ് മാത്രമുള്ളതല്ലേ നിങ്ങളുടെ ദോശ'; വടക്ക്-തെക്ക് ഇന്ത്യക്കാർ തമ്മിൽ ട്വിറ്ററിൽ രസകരമായ ദോശപ്പോര്

'ചീസ് മാത്രമുള്ളതല്ലേ നിങ്ങളുടെ ദോശ'; വടക്ക്-തെക്ക് ഇന്ത്യക്കാർ തമ്മിൽ ട്വിറ്ററിൽ രസകരമായ ദോശപ്പോര്

കാര്യഗൗരവത്തോടെയുള്ള നിരവധി വാദപ്രതിവാദങ്ങൾ നടക്കുന്നയിടമാണ് ട്വിറ്റർ. ഒട്ടനവധി പേരാണ് ട്വിറ്ററിൽ എപ്പോഴും സജീവമായി ഇടപെടാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മുടെയെല്ലാം ഇഷ്ടപ്പെട്ട ഭക്ഷണമായ ദോശയെച്ചൊല്ലിയാണ് ട്വിറ്ററിൽ പോര്. നോർത്ത് ഇന്ത്യൻ ദോശയാണോ, സൗത്ത് ഇന്ത്യൻ ദോശയാണോ നല്ലത് എന്ന പൊരിഞ്ഞ ചർച്ചയാണ് ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്നത്.

ഈ പൊരിഞ്ഞ പോരിന് തുടക്കമിട്ടത് ഒരു ചെറിയ ട്വീറ്റാണ്. 'ഖുശി' എന്ന അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വടക്കേ ഇന്ത്യൻ ദോശയാണ് മികച്ചത് എന്ന ട്വീറ്റിൽ നിന്നാണ് തുടക്കം. വടക്കേ ഇന്ത്യക്കാരുടെ ദോശമാവ് വെറും വെള്ളമാണെന്ന് 'ആർട്ട് മ്യൂസിയം ജിഎഫ്' എന്ന അക്കൗണ്ട് മറുപടി കൊടുത്തതോടെ ദോശപോലെത്തന്നെ ഒരു ചൂടേറിയ ഒരു ചർച്ച ട്വിറ്ററിൽ ആരംഭിക്കുകയായിരുന്നു.

ഇതിനിടെ മീമുകൾ ഉപയോഗിച്ചുകൊണ്ട് ചിലർ പരസ്പരം തർക്കിച്ചുകൊണ്ടിരുന്നു. ദോശ ഉണ്ടായതുതന്നെ സൗത്ത് ഇന്ത്യയിൽ ആണല്ലോ, നോർത്ത് ഇന്ത്യക്കാർ തങ്ങളുടെ റെസിപ്പി കോപ്പിയടിച്ചതല്ലേ എന്നൊക്കെ ട്വീറ്റുകൾ ഉണ്ടായി. എന്തിലും ഏതിലും ചീസ് ഇട്ടുവെക്കുന്ന വടക്കേ ഇന്ത്യക്കാരുടെ ചീസ് ഭ്രമത്തെ കളിയാക്കിക്കൊണ്ടും ചിലർ രംഗത്തെത്തി.

ഇതിനിടെ ഇന്ത്യൻ ദോശയല്ല, ബാങ്കോക് ദോശയാണ് മികച്ചത് എന്നൊക്കെ ട്വീറ്റുകൾ ഉണ്ടായി. ചിലർ ഗുജറാത്തി പൈനാപ്പിൾ ദോശയെ ഒക്കെ എടുത്ത് ചർച്ചയ്ക്ക് വലിച്ചിട്ടു. ഇടയ്ക്ക് നോർത്ത് ഇന്ത്യക്കാർ തന്നെ സൗത്ത് ഇന്ത്യൻ ദോശകളാണ് നല്ലതെന്ന് പറഞ്ഞ് രംഗത്തുവരികയും ചെയ്തു.

ഇത്തരത്തിലൊരു ദോശച്ചർച്ച നടക്കുന്നത് ശ്രദ്ധയിപ്പെട്ട നെറ്റ്ഫ്ലിക്സ് വരെ രസകരമായ ട്വീറ്റുകളുടെ രംഗത്തെത്തി. എന്തായാലും വടക്കേ ഇന്ത്യക്കാരും തെക്കേ ഇന്ത്യക്കാരും തമ്മിലുള്ള ദോശത്തർക്കം മൂത്തതോടെ 'ദോശ' എന്ന ഹാഷ്ടാഗ് ട്വിറ്ററിലാകെ ട്രെൻഡിങ് ആയി മാറി.

Related Stories

No stories found.