ഏഷ്യാനെറ്റ് ന്യൂസ് അവറിലെ അധിക്ഷേപ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വിനു വി. ജോണ്‍

ഏഷ്യാനെറ്റ് ന്യൂസ് അവറിലെ അധിക്ഷേപ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വിനു വി. ജോണ്‍

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ ട്വന്റിഫോര്‍ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിച്ച് വിനു.വി ജോണ്‍.

ശനിയാഴ്ചത്തെ ന്യൂസ് അവര്‍ ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പാണ് വിനു വിഷയത്തില്‍ ഖേദ പ്രകടനം നടത്തിയത്.

'ഇന്നലെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെടുത്തി ഒരു അതിഥി നടത്തിയ പരാമര്‍ശങ്ങള്‍ എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായങ്ങളോ അല്ല. ഈ അഭിപ്രായം നടത്തിയപ്പോള്‍ തന്നെ അവതാരകന്‍ എന്ന നിലയില്‍ അങ്ങനെ പറയരുതെന്ന് ഞാന്‍ തിരുത്തിയിരുന്നു. എങ്കിലും ഇങ്ങനെ ഒരു പരാമര്‍ശം ഉണ്ടായത് ഖേദകരമാണ്. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു.' എന്നായിരുന്നു വിനുവിന്റെ ഖേദപ്രകടനം.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ന്യൂസ് അവര്‍ നടത്തിയ ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യുവാണ് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെയും വിനു വി.ജോണിനെതിരെയും പരസ്യമായി ട്വന്റിഫോര്‍ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.