സുരേഷ് ഗോപിക്ക് മാത്രമായി സല്യൂട്ട് നിഷേധിക്കേണ്ടതില്ല, നിര്‍ബന്ധിച്ച് സല്യൂട്ടടിപ്പിച്ചത് പിന്തുണച്ച് ഗണേഷ് കുമാര്‍

സുരേഷ് ഗോപിക്ക് മാത്രമായി സല്യൂട്ട് നിഷേധിക്കേണ്ടതില്ല, നിര്‍ബന്ധിച്ച് സല്യൂട്ടടിപ്പിച്ചത് പിന്തുണച്ച് ഗണേഷ് കുമാര്‍

എസ്.ഐയെകൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് എം.എല്‍.എ ഗണേഷ് കുമാര്‍. സുരേഷ് ഗോപിക്ക് മാത്രമായി സല്യൂട്ട് നിഷേധിക്കേണ്ടതില്ല എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. ഉദ്യോഗസ്ഥര്‍ ഈഗോ ഉപേക്ഷിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സുരേഷ് ഗോപി നിര്‍ബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിക്കുന്ന വീഡിയോ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാര്‍ മുന്നോട്ട് വന്നത്.

നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തെ സുരേഷ് ഗോപി വ്യാഴാഴ്ച ന്യായീകരിച്ചിരുന്നു.

സല്യൂട്ട് വിവാദമാക്കിയത് മാധ്യമങ്ങളാണ്. പ്രശ്നത്തില്‍ ഉദ്യോഗസ്ഥന് പരാതിയുണ്ടോ എന്നായിരുന്നു സുരേഷ് ഗോപി ചോദിച്ചത്. പൊലീസ് അസോസിയേഷന്‍ വിഷയത്തില്‍ പ്രശ്നം ഉന്നയിച്ചിട്ടുണ്ട് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊലീസ് അസോസിയേഷന്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമല്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

''പൊലീസ് അസോസിയേഷനൊന്നും ജനാധിപത്യ രീതിയുടെ ഭാഗമല്ല. അങ്ങനെയവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ വന്ന് പരാതി പറയട്ടെ. പൊലീസ് അസോസിയേഷനെയൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ പറ്റില്ല. അതെല്ലാം അവര്‍ക്ക് വേണ്ടി മാത്രമാണ്. അതുവെച്ച് രാഷ്ട്രീം കളിക്കരുത്. കാണാം നമുക്ക്,'' സുരേഷ് ഗോപി പറഞ്ഞു.

''എം.പിയെയും എം.എല്‍.എ മാരെയുമൊന്നും സല്യൂട്ട് ചെയ്യണ്ട എന്ന് ആരാണ് പറഞ്ഞത്. ഇന്ത്യയിലൊരു സംവിധാനം ഉണ്ട്. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഞാന്‍ പറയുന്നത് സല്യൂട്ട് എന്ന സംവിധാനമേ ഉപേക്ഷിക്കണം. ആരെയും സല്യൂട്ട് ചെയ്യണ്ട. പക്ഷേ അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം ഉണ്ടാകുന്നത് സഹിക്കില്ല,'' സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

Related Stories

No stories found.
logo
The Cue
www.thecue.in