'ചാണകവും, യേശുദാസിന്റെയും ചിത്രയുടെയും പാട്ടും മതി, തെങ്ങ് തഴച്ച് വളരും'; സുരേഷ് ഗോപി

'ചാണകവും, യേശുദാസിന്റെയും ചിത്രയുടെയും പാട്ടും മതി, തെങ്ങ് തഴച്ച് വളരും'; സുരേഷ് ഗോപി

ചാണകവും, കൂടെ യേശുദാസിന്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കില്‍ തെങ്ങ് തഴച്ച് വളരുമെന്ന് സുരേഷ് ഗോപി എം.പി. 'ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ' എന്ന കേന്ദ്രപദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ തിരുവില്വാമലയില്‍ നിര്‍വഹിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

കേരളത്തിലുടനീളം തെങ്ങിന്‍ തൈകള്‍ വെച്ച് പിടിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. അന്തരിച്ച സാഹിത്യകാരന്‍ വികെഎന്നിന്റെ വീട്ടുവളപ്പിലായിരുന്നു ആദ്യ തൈ വെച്ചത്. ആദ്യഘട്ടത്തില്‍ പല വീടുകളിലായി സുരേഷ് ഗോപി നേരിട്ടെത്തി തെങ്ങിന്‍ തൈ നട്ടു. അടുത്ത ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിന്‍ തൈകള്‍ നടുമെന്ന് കേന്ദ്രനാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞു.

ജനിതക മാറ്റം വരുത്തിയ പലതരം തെങ്ങിന്‍ തൈകളും വിത്തിനങ്ങളുമുണ്ടെന്നും അതിലൊന്നും താന്‍ കൈവയ്ക്കില്ലെന്നും പശുവിനെ വളര്‍ത്താനുള്ള ശീലമുണ്ടാവണമെന്നും അപ്പോള്‍ വളമായി ചാണകമിട്ട് നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒന്ന് തെങ്ങിനെ തഴുകാം. അല്‍പം സ്നേഹമാവാം. പരിലാളന വേണം തെങ്ങിന്. പണ്ട് മൈക്ക് കെട്ടിവെച്ചു പാട്ടൊക്കെ വെച്ചു കൊടുക്കുമായിരുന്നു തെങ്ങിന് കായ്ഫലം കൂടാനായി. യേശുദാസും ചിത്രയും വിചാരിച്ചാല്‍ തെങ്ങിന്റെ കായ്ഫലം കൂട്ടാന്‍ പറ്റും. എല്ലാ മലയാളി കുടുംബങ്ങളും ഒരു തെങ്ങ് നടാന്‍ തയ്യാറായാല്‍ തന്നെ ഇവിടെ ഒരു കോടി തെങ്ങിന്‍ തൈകള്‍ നടാനാവും. തേങ്ങയും അതിന്റെ ഉല്‍പാദനവും കയറ്റുമതി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പദ്ധതി വികസിപ്പിക്കാന്‍ സാധിക്കും', സുരേഷ് ഗോപി എം.പി. പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in