'മോദി പറഞ്ഞ 15 ലക്ഷത്തിന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ്', തെറ്റായി അക്കൗണ്ടിലെത്തിയ പണം തിരികെ നല്‍കാതെ ബിഹാര്‍ സ്വദേശി

'മോദി പറഞ്ഞ 15 ലക്ഷത്തിന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ്', തെറ്റായി അക്കൗണ്ടിലെത്തിയ പണം തിരികെ നല്‍കാതെ ബിഹാര്‍ സ്വദേശി

അബദ്ധത്തില്‍ അക്കൗണ്ടില്‍ എത്തിയ 5.5 ലക്ഷം രൂപ തിരികെ നല്‍കാന്‍ വിസമ്മതിച്ച് ബിഹാര്‍ സ്വദേശി. അധികാരത്തിലെത്തുന്നതിന് മുമ്പ് നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയുടെ ആദ്യ ഇന്‍സ്റ്റാള്‍മെന്റാണ് ഇതെന്നാണ് താന്‍ കരുതിയതെന്ന് ബിഹാറിലെ ഗാഗറിയ സ്വദേശിയായ രഞ്ജിത് ദാസ് പറഞ്ഞു.

ഗാഗറിയയിലെ ഗ്രാമീണ്‍ ബാങ്ക് അധികൃതരാണ് അബദ്ധത്തില്‍ പണം രഞ്ജിത് ദാസിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. പണം തിരികെ നല്‍കാനാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ പലതവണ രഞ്ജിത് ദാസിനെ സമീപിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഇതേതുടര്‍ന്ന് രഞ്ജിത് ദാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പണം മുഴുവന്‍ ചെലവാക്കിയെന്നും തിരികെ നല്‍കാന്‍ കഴിയില്ലെന്നുമാണ് ഇയാള്‍ പൊലീസിനോടും പറഞ്ഞത്. 'ഈ വര്‍ഷം മാര്‍ച്ചില്‍ അക്കൗണ്ടില്‍ പണം എത്തിയപ്പോള്‍ ഞാന്‍ വളരെയധികം സന്തോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വരുമെന്ന് പറഞ്ഞിരുന്നല്ലോ, അതിന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് ആകും ഇതെന്നാണ് ഞാന്‍ കരുതിയത്. എല്ലാ പണവും അപ്പോള്‍ തന്നെ ഞാന്‍ ചെലവാക്കി. ഇപ്പോള്‍ എന്റെ ബാങ്ക്അക്കൗണ്ടില്‍ പണം ഒന്നും ബാക്കിയില്ല', രഞ്ജിത് പൊലീസിനോട് പറഞ്ഞു.

ബാങ്ക് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ രഞ്ജിത് ദാസിനെ അറസ്റ്റ് ചെയ്തതെന്നും, അന്വേഷണം നടക്കുകയാണെന്നും മന്‍സി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദീപക് കുമാര്‍ പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in