മൂടിയിട്ട ഹെലികോപ്റ്ററിന് പാര്‍ക്കിങ്ങ് ഫീസായി സര്‍ക്കാര്‍ നല്‍കിയത് 56 ലക്ഷം, ആകെ ചിലവ് 22 കോടി

മൂടിയിട്ട ഹെലികോപ്റ്ററിന് പാര്‍ക്കിങ്ങ് ഫീസായി സര്‍ക്കാര്‍ നല്‍കിയത് 56 ലക്ഷം, ആകെ ചിലവ് 22 കോടി

സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ഇതുവരെ 22.21കോടി രൂപ ചെലവാക്കിയെന്ന് വിവരാവകാശ രേഖ. വാടകയ്ക്കും അനുബന്ധ ചെലവുകള്‍ക്കുമായി 21,64,79000 രൂപയും പാര്‍ക്കിംഗ് ഫീസിനും അനുബന്ധ ചെലവിനുമായി 56 ലക്ഷത്തിലധികം (56,72,000) രൂപയും ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ട്.

കെ.പി.സി.സി സെക്രട്ടറി ഷാജി. ജെ. കോടങ്കണ്ടത്ത് വിവരാവകാശ രേഖപ്രകാരം നല്‍കിയ അപേക്ഷയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.

വാങ്ങിയതിന് ശേഷം എത്ര തവണ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്ന ചോദ്യത്തിനും മാവോയിസ്റ്റ് ഓപ്പറേഷന് ഏതെങ്കിലും തവണ ഹെലികോപ്ടര്‍ ഉപയോഗിച്ചുവോ എന്ന ചോദ്യത്തിനും പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു മറുപടി. വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും പറയുന്നു.

ഹെലികോപ്റ്ററിന്റെ കാലാവധി 13.05.2021 ന് അവസാനിച്ചുവെന്നും വിവരാവകാശ രേഖ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.

ഷാജി. ജെ. കോടങ്കണ്ടത്ത്
ഷാജി. ജെ. കോടങ്കണ്ടത്ത്

''മാവോയിസ്റ്റ് അക്രമങ്ങളുടെ പേര് പറഞ്ഞ് പവന്‍ ഹാന്‍സ് കോര്‍പ്പറേഷനുമായി കരാറില്‍ ഒപ്പിട്ടിട്ടാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്.

ഈ ഹെലികോപ്റ്റര്‍ കഴിഞ്ഞ പതിനെട്ട് മാസക്കാലം തിരുവനന്തപുരത്ത് മൂടിയിട്ടിരിക്കുകയായിരുന്നു. അങ്ങനെ മൂടിയിട്ട വകയില്‍ 56 ലക്ഷം രൂപയാണ് വാടക കൊടുത്തത്. ഈ കൊറോണ കാലത്ത് കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് പറയുന്നത്.

ആ സമയത്താണ് ഇതുപോലെയുള്ളൊരു ദൂര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഈ ദൂര്‍ത്തിന് ഉത്തരം പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഈ അഴിമതിക്കാരെ പുറത്തുകൊണ്ടുവരണം.'' ഷാജി. ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in