'ക്രിസ്ത്യന്‍,മുസ്ലീം സമുദായങ്ങള്‍ സംഘപരിവാറിന്റെ കെണിയില്‍ വീഴരുത്'; സര്‍ക്കാരിന്റേത് തമ്മിലടിച്ചോട്ടെ എന്ന മനോഭാവമെന്ന് വി.ഡി.സതീശന്‍

'ക്രിസ്ത്യന്‍,മുസ്ലീം സമുദായങ്ങള്‍ സംഘപരിവാറിന്റെ കെണിയില്‍ വീഴരുത്'; സര്‍ക്കാരിന്റേത് തമ്മിലടിച്ചോട്ടെ എന്ന മനോഭാവമെന്ന് വി.ഡി.സതീശന്‍

ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ സംഘപരിവാറിന്റെ കെണിയില്‍ വീഴരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രണ്ട് മതങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.

'കത്തോലിക്ക സഭ ഗൗരവമുള്ള പ്രശ്‌നങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പരിശോധിക്കണം, പൊലീസ് അന്വേഷണിക്കണം. അന്വേഷിച്ച് തെറ്റുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുകയും, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കില്‍ അത് പൊതുസമൂഹത്തെ അറിയിക്കാനുമുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.'

ഇവര്‍ തമ്മിലടിച്ചോട്ടെ എന്ന മട്ടില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. 'ഇത് ശരിയല്ല. സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒരു നയമില്ല, ഇതിന് പിന്നില്‍ ഒരു നിഗൂഢമായ അജണ്ട അവര്‍ക്കുണ്ടോ എന്ന് സംശയിക്കത്തക്ക വിധത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.'

രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ അത് വലുതാകാതിരിക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്നും വി.ഡി.സതീശന്‍. ഇത് മനപൂര്‍വ്വമുണ്ടാക്കുന്ന പ്രശ്‌നമാണ്. സംയമനത്തോട് കൂടി അതിനെ ചെറുത്ത് തോല്‍പ്പിക്കണം. സര്‍ക്കാര്‍ ഇരുവിഭാഗങ്ങളെയും വിളിച്ച് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും, ഇതില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in