കൊവിഡില്‍ കേരളത്തെ ഇകഴ്ത്തി യുപിയെ പ്രശംസിച്ച് സാബു എം. ജേക്കബ്, വ്യവസായം ആരംഭിക്കാന്‍ ക്ഷണിച്ച് ആദിത്യനാഥും

കൊവിഡില്‍ കേരളത്തെ ഇകഴ്ത്തി യുപിയെ പ്രശംസിച്ച് സാബു എം. ജേക്കബ്, വ്യവസായം ആരംഭിക്കാന്‍ ക്ഷണിച്ച് ആദിത്യനാഥും

Published on

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ ഇകഴ്ത്തിയും ഉത്തര്‍പ്രദേശിനെ പ്രശംസിച്ചും കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു.എം.ജേക്കബ്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് കൂടി പങ്കെടുത്ത പരിപാടിയിലായിരുന്നു കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് സാബു എം. ജേക്കബ് പറഞ്ഞത്.

കൊവിഡില്‍ യു.പി സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ അഭിനന്ദാര്‍ഹമാണെന്നും സാബു.എം.ജേക്കബ് പറഞ്ഞു. സമാധാനപരമായ ഒരിടത്ത് വ്യവസായം നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ സാബു എം.ജേക്കബിനെ ആദിത്യനാഥ് യു.പിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

സാബു എം. ജേക്കബ് പറഞ്ഞത്

കേരളത്തിന്റെ കൊവിഡ് നയം ശരിയല്ല. അനാവശ്യമായി സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ്. പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

വാക്‌സിന്‍ കൊണ്ട് മാത്രമാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുക എന്നിരിക്കെ കേരള സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടാണ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

സര്‍ക്കാര്‍ തല സംവിധാനങ്ങള്‍ കേരളത്തില്‍ പൂര്‍ണമായും പരാജയപ്പെട്ടു. എവിടെയൊക്കെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് പോലും അറിയില്ല.

കിറ്റക്‌സിലെ 700ല്‍ അധികം തൊഴിലാളികളും യുപിയില്‍ നിന്നുള്ളവരാണ്. ഇതില്‍ നാട്ടില്‍ പോയി മടങ്ങിയെത്തുന്ന തൊഴിലാളികളെയൊന്നു പരിശോധിക്കുമ്പോള്‍ കൊവിഡ് കണ്ടെത്താന്‍ കഴിയുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. കേരളത്തില്‍ സ്ഥിതി അങ്ങനെയല്ല. അമ്പത് പേരെ പരിശോധിച്ചാല്‍ 25 പേര്‍ക്കും കൊവിഡായിരിക്കും.

സമാധാനപരമായ ഒരു വ്യവസായ ചുറ്റുപാടാണ് അന്വേഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാണ് യു.പി . ഈ നേട്ടം വളരെ ചുരുങ്ങിയ നാളുകളിലാണ് കൈവരിക്കാന്‍ കഴിഞ്ഞതും. വൈകാതെ തന്നെ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്ത് എത്തും.

logo
The Cue
www.thecue.in