സാധാരണ ദിവസത്തില്‍ നിന്ന് എല്ലാം തകര്‍ന്ന നിമിഷം; അഫ്ഗാന്‍ പലായനം സിനിമയാക്കാന്‍ സഹ്‌റാ കരിമി

സാധാരണ ദിവസത്തില്‍ നിന്ന് എല്ലാം തകര്‍ന്ന നിമിഷം; അഫ്ഗാന്‍ പലായനം സിനിമയാക്കാന്‍ സഹ്‌റാ കരിമി

അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ ജീവന് വേണ്ടി മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ടി വന്ന താനുള്‍പ്പടെയുള്ള ആയിരങ്ങളുടെ കഥ സിനിമയാക്കാന്‍ അഫ്ഗാന്‍ സംവിധായിക സഹ്‌റാ കരിമി. ഒരാഴ്ച മുമ്പാണ് സംവിധായിക യൂറോപ്പിലെത്തിയത്.

'ഫ്‌ളൈറ്റ് ഫ്രം കാബൂള്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആഗസ്റ്റ് 15ന് കാബൂള്‍ നഗരം ഉള്‍പ്പടെ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷമുള്ള 40 മണിക്കൂറിലെ സംഭവമാകും ചിത്രത്തില്‍ വിവരിക്കുക. 'അതൊരു സാധാരണ ദിവസമായിരുന്നു, എല്ലാം സാധാരണ പോലെ പോയ ഒരു ദിവസം. പിന്നെ എങ്ങനെയാണ് എല്ലാം തകര്‍ന്നതെന്ന് എനിക്ക് ലോകത്തെ കാണിക്കണം', സംവിധായിക പറഞ്ഞു.

'ജനക്കൂട്ടങ്ങളുടെ വലിയ കഥ മാത്രമാണ് വാര്‍ത്തകളില്‍ ആളുകള്‍ കണ്ടത്. പക്ഷേ, ആ 40 മണിക്കൂറിനുള്ളില്‍ ധാരാളം ആളുകളുടെ കഥകള്‍ പറയാനുണ്ട്. ഞാന്‍ കണ്ടതും ഞാന്‍ അനുഭവിച്ചതുമായ കഥകള്‍', സഹ്‌റാ കരിമി ദ ഹോളിവുഡ് റിപ്പോര്‍ട്ടറോട് പറഞ്ഞു.

'ആ നിമിഷങ്ങള്‍ ഓര്‍മ്മിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. കഴിഞ്ഞ ആഴ്ച കണ്ണാടിയില്‍ നോക്കി ഞാന്‍ എന്നോട് തന്നെ ചോദിച്ചു 'സഹ്‌റാ നീ ജീവിതം മുഴുവന്‍ ഇങ്ങനെ വിഷമിച്ചിരിക്കാന്‍ പോവുകയാണോ?' എന്ന്. ഇതാണ് യാഥാര്‍ത്ഥ്യം, ഈ ആഘാതം മറന്നുപോകാനുള്ള ഒരേയൊരു മാര്‍ഗം അത് എഴുതുകയും സിനിമയാക്കുകയും ചെയ്യുക എന്നതാണ്.' തന്റെ ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവായ കതയൂണ്‍ ഷഹാബിയും, വാണ്ട ആദമിക് ഹ്രികോവയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും സഹ്‌റാ കരിമി.

നേരത്തെ അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ ലോകത്തോട് സഹായം അഭ്യര്‍ത്ഥിച്ച് സഹ്‌റ കരിമി പങ്കുവെച്ച കത്ത് വലിയ ചര്‍ച്ചയായിരുന്നു. 1968ല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ രൂപീകൃതമായ 'അഫ്ഘാനി ഫിലിമിന്റെ' ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ ആണ് കരിമി. 2019 മുതല്‍ ഇവര്‍ ഈ സ്ഥാനത്ത് തുടരുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in