കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നുവെന്ന് കുടുംബം; വവ്വാലുകള്‍ വരുന്ന ഇടമാണോ എന്ന് കേന്ദ്ര സംഘം പരിശോധിക്കും

കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നുവെന്ന് കുടുംബം; വവ്വാലുകള്‍ വരുന്ന ഇടമാണോ എന്ന് കേന്ദ്ര സംഘം പരിശോധിക്കും

നിപ സ്ഥിരീകരിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ വീട് കേന്ദ്ര സംഘം സന്ദര്‍ശിച്ചു. കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ കേന്ദ്ര സംഘത്തെ അറിയിച്ചു. ഉച്ചയോടെയാണ് കേന്ദ്ര സംഘം മുന്നൂരിലെ വീട്ടില്‍ എത്തിയത്. വവ്വാലുകള്‍ എത്തുന്ന ഇടത്തു നിന്നാണോ കുട്ടി റമ്പൂട്ടാന്‍ കഴിച്ചതെന്ന് കേന്ദ്ര സംഘം പരിശോധിക്കും.

വൈറസ് ബാധിച്ച് പന്ത്രണ്ടുകാരന്‍ മരിച്ചതിന് പിന്നാലെ രണ്ട് പേര്‍ക്കു കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തി. മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ലക്ഷണമുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണ് ഉള്ളത്. ഇതില്‍ 20 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളതാണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.

കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഒരു വാര്‍ഡ് നിപ വാര്‍ഡ് ആക്കി മാറ്റിയിട്ടുണ്ട്.

നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ പരിശോധന നടത്തി. നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12കാരന്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

കുട്ടിയുടെ മൂന്ന് സാമ്പിളും പോസിറ്റീവ് ആയിരുന്നു. മസ്തിഷ്‌കജ്വരവും ഛര്‍ദിയും ബാധിച്ചാണ് കുട്ടിയെ ഒന്നാം തിയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Stories

No stories found.
The Cue
www.thecue.in