'യുപിയില്‍ യോഗി വീണ്ടും അധികാരത്തിലെത്തും'; ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിച്ച് സര്‍വ്വേ

'യുപിയില്‍ യോഗി വീണ്ടും അധികാരത്തിലെത്തും'; ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിച്ച് സര്‍വ്വേ

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി സീ വോട്ടര്‍ സര്‍വ്വേ. ഉത്തര്‍പ്രദേശിനൊപ്പം ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുപിയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിക്കുന്ന മുഖ്യമന്ത്രിയാകുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ബി.ജെ.പിക്ക് 403ല്‍ 259 മുതല്‍ 267 വരെ സീറ്റുകള്‍ കിട്ടാമെന്നാണ് പ്രവചനം. എസ്.പിക്ക് 107 മുതല്‍ 119 സീറ്റുകള്‍ വരെയാകും ലഭിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് 51 മുതല്‍ 57 വരെ സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസിന് 38-46 സീറ്റുകളും ബി.ജെ.പിക്ക് 0-1 സീറ്റുകളുമാകും ലഭിക്കുകയെന്നാണ് പ്രവചനം.

ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി.ജെ.പിക്കാകും മുന്‍ തൂക്കമെന്നും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നുണ്ട്. 70 അംഗ ഉത്തരാഖണ്ഡ് അസംബ്ലിയില്‍ 46 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കും, എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറവാകും വോട്ട് ശതമാനമെന്നും, ഇതിന്റെ നേട്ടം കോണ്‍ഗ്രസിന് ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

മണിപ്പൂരില്‍ ബി.ജെ.പിക്ക് 40.5 ശതമാനം വോട്ടുകളും, കോണ്‍ഗ്രസിന് 34.5 ശതമാനം വോട്ടുകളും ലഭിച്ചേക്കും. ഗോവയില്‍ ബി.ജെ.പി 39.4, കോണ്‍ഗ്രസ് 15.4, എഎപി 22.2 എന്നിങ്ങനെയാകും വോട്ട് ശതമാനമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 2021 ഓഗസ്റ്റ് വരെ 13,000 പേരില്‍ നിന്നും അഭിപ്രായം ശേഖരിച്ചാണ് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in