അവരുടെ ത്യാഗപൂര്‍ണമായ സേവനങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്; നിയമസഭയില്‍ പൊലീസ് സേനയെ ന്യായീകരിച്ച് മുഖ്യമന്ത്രി

അവരുടെ ത്യാഗപൂര്‍ണമായ സേവനങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്; നിയമസഭയില്‍ പൊലീസ് സേനയെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് പൊലീസ് പിഴ ചുമത്തുന്നത് മഹാ അപരാധമായി കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ സേവനങ്ങളെ നിസാരവത്കരിക്കരുതെന്നും അവരുടെ ത്യാഗപൂര്‍ണമായ സേവനങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അട്ടപ്പാടിയിലെ പൊലീസ് അതിക്രമത്തിനെതിരെ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദ്ദീന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പൊലീസിനെതിരെ പ്രതിപക്ഷം നുണ പിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കേരളാ പൊലീസ് ഒരു ജനകീയസേനയെ പോലെ പ്രവര്‍ത്തിക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍. കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ച എല്ലാ ദുരന്തങ്ങളിലും അവരെ സംരക്ഷിക്കുന്നതിന് പൊലീസ് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു.പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സംരക്ഷിക്കുന്നതിന് പൊലീസ് വഹിച്ച സേവനം ആര്‍ക്കും നിഷേധിക്കാവുന്നതല്ല. ജനങ്ങളെ രക്ഷപ്പെടുത്താന്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കാന്‍, മരുന്ന് എത്തിക്കാന്‍ തുടങ്ങി എല്ലാ ഇടങ്ങളിലും സജീവ സാന്നിധ്യമായിരുന്നു പൊലീസ് എന്ന് മറക്കാന്‍ പാടില്ല. സ്വന്തം വീട് പ്രളയത്തില്‍ മുങ്ങിയപ്പോഴും കര്‍ത്തവ്യത്തില്‍ ഉറച്ചുനിന്ന് സഹജീവികളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴുകി.

കൊവിഡ് മഹാമാരി പ്രതിരോധത്തില്‍ പൊലീസ് സേനയുടെ പങ്ക് ഇന്നും തുടരുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവമായി മുഴുകിയ 11 പൊലീസുകാര്‍ ഇന്ന് നമുക്കൊപ്പമില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 17645 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍217 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടേണ്ട സാഹചര്യവുമുണ്ടായി.

ഒന്നര വര്‍ഷക്കാലത്തെ നിതാന്ത ജാഗ്രതയോടുകൂടി കേരള ജനതയെ സംരക്ഷിക്കുന്നതിന് വേണ്ടി പൊലീസിന്റെ ഇടപെടലില്‍ അവര്‍ സഹിച്ച ത്യാഗം കൂടിയാണ് ഇത് ഓര്‍മ്മപ്പെടുത്തുന്നത്. ഇത്തരത്തില്‍ കേരള ജനതയെ സംരക്ഷിക്കുന്നതിനുവേണ്ടി നിലകൊണ്ട സംവിധാനത്തിനെതിരെയാണ് ഇത്തരം പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നതെന്ന് നാം വിസ്മരിക്കരുത്. വിമര്‍ശനം നല്ലതുതന്നെ, എന്നാല്‍ അത് യാഥാര്‍ത്ഥ്യങ്ങളെ കാണാതെയും നടത്തിയ സേവനങ്ങളെ വിസ്മരിച്ചുകൊണ്ടുമാവരുത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമാണ് കേരളം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞതിലും പൊലീസിന് വലിയ പങ്കുണ്ട്. പൊതുസമൂഹത്തിന്റെ പങ്കിനൊപ്പം പൊലീസിന്റെ പങ്കും ഇത്തരം കാര്യങ്ങളില്‍ വിസ്മരിക്കാനാവില്ല. വാട്സാപ്പ് ഹര്‍ത്താലുപോലുള്ളവ സംഘടിപ്പിച്ച് നവമാധ്യമങ്ങള്‍ ഉപയോഗിച്ചുപോലും സംഘര്‍ഷത്തിന് ശ്രമിച്ചവരുണ്ട്. അതിന്റെ ഉറവിടം പോലും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ കേരളാ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്ത് രൂപപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങള്‍വരെ ശരിയായ രീതിയില്‍ കണ്ടെത്തി മുന്നോട്ടുപോകുന്നതിന് കഴിഞ്ഞിട്ടുണ്ട് എന്നത് വിസ്മരിക്കരുത്. തെളിയില്ലെന്നു കണക്കാക്കിയ നിരവധി കേസുകള്‍ തെളിയിച്ച ചരിത്രവും ഇപ്പോഴത്തെ പൊലീസിനുണ്ട്. സിബിഐക്ക് വിട്ട ജലജാസുരന്‍ കേസ് തെളിയിച്ചതും ഇതിന്റെ ഭാഗമാണ്.

നിയമവാഴ്ച സംരക്ഷിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്താനുമാണ് പൊലീസ് നിലകൊള്ളുന്നത്. അതോടൊപ്പം ജനങ്ങളുടെ എല്ലാ പ്രയാസങ്ങളിലും അവരുടെ കണ്ണീരൊപ്പാന്‍ നിലകൊണ്ട സംവിധാനമായി പൊലീസിനെ മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. നാട്ടില്‍ നിയമവാഴ്ച തുടരുന്നതിന് താല്‍പ്പര്യമില്ലാത്ത വിഭാഗങ്ങള്‍ പൊലീസിനെതിരെ രംഗത്ത് വരുന്നുണ്ട്. തീവ്രവാദികളും വര്‍ഗ്ഗീയ ശക്തികളും അരാജകവാദികളും ഈ പ്രവര്‍ത്തനത്തില്‍ ബോധപൂര്‍വ്വം ഇടപെടുന്നുണ്ട്. ഓരോ ദിവസവും പൊലീസിനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ നിറംപിടിപ്പിച്ച നുണകളായി പ്രചരിപ്പിക്കുക എന്നത് ഒരു ശൈലിയായി ഇന്ന് മാറിയിട്ടുണ്ട്.

പൊലീസ് സംവിധാനത്തെ നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന സേനയാക്കി മുന്നോട്ടുകൊണ്ടുപോകാനുള്ള ഇടപെടലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. ആദിവാസി ജനവിഭാഗങ്ങളെക്കൂടി ഉള്‍പ്പടുത്തി ആദിവാസി സൗഹാര്‍ദപരമായി പൊലീസ് സംവിധാനത്തെ കൊണ്ടുപോകാനും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ആദിവാസി ജനവിഭാഗങ്ങളിലെതന്നെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രാഗ്‌ന ഗോത്രത്തില്‍ നിന്ന് 200 പേരെ പൊലീസില്‍ പ്രത്യേക നിയമനം നടത്തിയത് ഈ സര്‍ക്കാരാണ്. അന്താരാഷ്ട്ര ആദിവാസി ഗോത്ര ദിനത്തില്‍ രണ്ട് പദ്ധതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. എക്സൈസ് ഗാര്‍ഡ് തസ്തികയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 25 പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് എക്സൈസ് ഗാര്‍ഡായി നിയമനം നല്‍കിയിട്ടുണ്ട് എന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതാണ്. 200 പേരെ കൂടി ഇത്തരത്തില്‍ നിയമിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.

പട്ടികവര്‍ഗ്ഗ വിഭാഗം കൂടുതലുള്ള അട്ടപ്പാടി മേഖലയില്‍ ചെറുധാന്യ ഫാക്ടറി ഡിസംബറോടെ ആരംഭിക്കും. പുട്ടുപൊടി, രാഗിമാള്‍ട്ട്, എനര്‍ജി ഡ്രിങ്ക് ഉള്‍പ്പെടെ വിപണിയിലെത്തിക്കും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിലയും ഉറപ്പാക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

ആദിവാസികള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയുവാനും അവര്‍ക്ക് നിയമപരായ പരിരക്ഷ ലഭിക്കുവാനും സുസജ്ജമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഈ വിഭാഗത്തില്‍ പെടുന്നവരുടെ പരാതികള്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി ആവശ്യമെങ്കില്‍ ഉടനെതന്നെ കേസുകള്‍ രജിസ്ട്രര്‍ ചെയ്യുവാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം അവര്‍ക്കുള്ള പരിരക്ഷ സംബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ ഊരുകള്‍ കേന്ദ്രീകരിച്ച് നല്‍കി വരുന്നു. ജില്ലാ പൊലീസ് മേധാവികളുടെ അധ്യക്ഷതയില്‍ അതത് ജില്ലകളില്‍ മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടേയും ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളുടേയും യോഗം വിളിച്ച് കേസുകളെ സംബന്ധിച്ച് അവലോകനം നടത്തി വരുന്നുണ്ട്,' മുഖ്യമന്ത്രി പറഞ്ഞു.

ഷോളയൂര്‍ വട്‌ലക്കിയിലിലെ ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.

മുരുകന്റെ 17 വയസായ മകനെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ കുടുംബവഴക്കുമായി ബന്ധപ്പെട്ട പരാതിയില്‍ നടപടിയെടുക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് മുരുകനും കുടുംബവും ചേര്‍ന്ന് മറ്റൊരു കുടുംബത്തിന് നേരെ ആക്രമണം നടത്തിയതായി പരാതി ഉണ്ടായിരുന്നു. സംഭവത്തില്‍ മുരുകനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ക്കായി ചെന്നപ്പോഴാണ് സംഭവമുണ്ടായത്.

അറസ്റ്റ് ചെയ്യാനെത്തിയ പൊലിസിനെ സ്ത്രീകളടക്കം ചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

Related Stories

No stories found.
logo
The Cue
www.thecue.in