വിസ്മയ കേസ്; ഭർത്താവ് കിരൺകുമാറിനെ സർവീസിൽ നിന്നും സർക്കാർ പിരിച്ചുവിട്ടു

വിസ്മയ കേസ്; ഭർത്താവ് കിരൺകുമാറിനെ സർവീസിൽ നിന്നും സർക്കാർ പിരിച്ചുവിട്ടു

സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയയുടെ ഭർത്താവും കേസിൽ പ്രതിയുമായ കിരൺകുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു കിരൺകുമാർ. 1960 ലെ കേരളം സിവിൽ സർവീസ് റൂൾസ് പ്രകാരമാണ് നടപടി. ഇതാദ്യമാണ് ഭാര്യ മരിച്ച കേസിൽ സർക്കാർ സർവീസിൽ ഉള്ള ഭർത്താവിനെതിരെ നടപടി എടുക്കുന്നത്. സ്ത്രീധന പീഡനത്തിനെതിരെയുള്ള സന്ദേശമാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്. 1960-ലെ സർവീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവർത്തനങ്ങൾ നടത്തി സർക്കാരിനും മോട്ടോർ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. അതിനാൽക്കൂടിയാണ് കിരണിനെതിരെ പിരിച്ചുവിടൽ നടപടി വന്നത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി കിരൺകുമാറിന്റെ വിശദീകരണവും കേട്ടിരുന്നു.

നടപടിയിൽ സർക്കാരിനോട് നന്ദിയും കടപ്പാടുമുണ്ടെന്ന് വിസ്മയയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. സഹോദരിക്ക് നീതി കിട്ടിയതിന്റെ ആദ്യ പടിയാണ് കിരൺകുമാറിന്റെ പിരിച്ചുവിടലെന്ന് വിസ്മയയുടെ സഹോദരൻ പറഞ്ഞു. പോലീസ് കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും വിസ്മയയുടെ അച്ഛൻ പറഞ്ഞു. ജൂണ് 21 നാണ് ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ വിസ്മയയെ കാണപ്പെട്ടത്. വിസ്മയ സ്ത്രീധന പീഡനം നേരിട്ടതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിനെ തുടർന്ന് കിരൺകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Related Stories

No stories found.
The Cue
www.thecue.in