രാജിയില്ലെന്ന് മന്ത്രി ശശീന്ദ്രന്‍, മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു

രാജിയില്ലെന്ന് മന്ത്രി ശശീന്ദ്രന്‍, മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു

പീഡനക്കേസ് ഒതുക്കീതീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജി വെക്കില്ല. എ.കെ ശശീന്ദ്രന്‍ ഇരയെ അപമാനിക്കുന്ന രീതിയില്‍ ഇടപെട്ടില്ലെന്നും രാജി വേണ്ടെന്നുമാണ് എന്‍.സി.പി നിലപാട്. ഇതേ നിലപാടാണ് ഇടതുമുന്നണിക്കും. എ.കെ ശശീന്ദ്രന്‍ ഇന്ന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മുഖ്യമന്ത്രി വിളിപ്പിച്ചതല്ലെന്നും നേരിട്ടെത്തിയതാണെന്നുമാണ് എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കാര്യങ്ങള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. വിശദീകരണം ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും എ.കെ ശശീന്ദ്രന്‍.

പീഡനക്കേസില്‍ മന്ത്രി ഇടപെട്ടിട്ടില്ലെന്നും കുണ്ടറയിലെ രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാനാണ് ശശീന്ദ്രന്‍ ശ്രമിച്ചതെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞു. യുക്തമായ തീരുമാനമെടുക്കാനാണ് മന്ത്രി ഫോണില്‍ നിര്‍ദ്ദേശിച്ചതെന്നും ആക്ഷേപങ്ങള്‍ കഴമ്പുള്ളതല്ലെന്നും പി.സി. ചാക്കോ.

കേസില്‍ ഇരയെ അപമാനിക്കുന്ന വിധത്തിലുള്ള ഇടപെടല്‍ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെ വിലയിരുത്തല്‍. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നും കേസില്‍ ഇടപെടല്‍ ഉണ്ടായില്ലെന്നും മുന്നണി വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ ശശീന്ദ്രന്‍ രാജി വെക്കേണ്ടെന്നാണ് ഇടതുമുന്നണിയുടെയും നിലപാട്.

അതെ ആ കേസ് നല്ല നിലയില്‍ തീര്‍ക്കണം

എന്‍.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടല്‍. പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാണ് പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് പരാതിക്ക് ആസ്പദമായ സംഭവം

എന്‍.സിപി നേതാവ് യുവതിയുടെ കയ്യില്‍ കയറി പിടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് പരാതി ഉന്നയിക്കാന്‍ ധൈര്യമുണ്ടായില്ലെന്നും തുടര്‍ച്ചയായി പത്മാകരന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് പരാതിപ്പെട്ടതെന്നും യുവതി വ്യക്തമാക്കി.

തന്നെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടാകുമോ എന്ന ഭയം പോലും ഉണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. പൊലീസ് ഇതുവരെ എഫ്.ഐ.ആര്‍ ഇട്ടിട്ടില്ലെന്നും മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിക്കാരിയായ യുവതി ബിജെപിക്കാരിയാണ്. പെണ്‍കുട്ടിയുടെ പിതാവ് എന്‍.സി.പിക്കാരനാണ്. യുവതി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

നല്ല രീതിയില്‍ അവസാനിപ്പിക്കണമെന്നാണ് ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ പിതാവിനോട് പറയുന്നത്.

ഫോണ്‍ സംഭാഷണം

ശശീന്ദ്രന്‍: അവിടുത്തെ പാര്‍ട്ടിയില്‍ ചെറിയ വിഷയം ഉണ്ടല്ലോ, അത് നിങ്ങള്‍ ഒന്ന് തീര്‍ക്കണം.

പെണ്‍കുട്ടിയുടെ അച്ഛന്‍: സാറ് പറയുന്ന ഗംഗാ ഹോട്ടലിന്റെ മുതലാളി എന്റെ മകളുടെ കൈയില്‍ കയറി പിടിച്ചു, പീഡിപ്പിക്കാന്‍ ശ്രമിച്ചു.

ശശീന്ദ്രന്‍: അതെ ആ കേസ് നല്ല നിലയില്‍ തീര്‍ക്കണം

പെണ്‍കുട്ടിയുടെ അച്ഛന്‍: നല്ല നിലയില്‍ എങ്ങനെയാണ് തീര്‍ക്കുക. അവര്‍ ബിജെപിക്കാരാണ്, ഞാന്‍ അതെങ്ങനെ തീര്‍ക്കണം എന്നാണ് സര്‍ പറയുന്നത്. സാറെ പത്മാകരന്‍ എന്റെ മകളുടെ കൈക്ക് കയറി പിടിച്ച സംഭവമാണ് സാര്‍ തീര്‍ക്കണമെന്ന് പറയുന്നത്. അതെങ്ങനെ തീര്‍ക്കണമെന്നാണ് സര്‍ പറയുന്നത്.

ശശീന്ദ്രന്‍: അത് പരിഹരിക്കുക എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കറിയാമല്ലോ?

സാര്‍ പറഞ്ഞാല്‍ തീര്‍ക്കാം. അത് എങ്ങനെ എന്ന് സര്‍ പറ,

ശശീന്ദ്രന്‍: ഫോണിലൂടെ വേണ്ട പിന്നെ സംസാരിക്കാം

Related Stories

No stories found.
logo
The Cue
www.thecue.in