ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഒറ്റ ഫോണ്‍ കോളില്‍ കിറ്റക്‌സ് പ്രശ്‌നം പരിഹരിച്ചേനെ; തെലങ്കാനയ്ക്ക് പോയത് ഉചിതമെന്ന് സുരേഷ് ഗോപി

ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഒറ്റ  ഫോണ്‍ കോളില്‍ കിറ്റക്‌സ് പ്രശ്‌നം പരിഹരിച്ചേനെ; തെലങ്കാനയ്ക്ക് പോയത് ഉചിതമെന്ന് സുരേഷ് ഗോപി

കൊച്ചി: കിറ്റക്‌സ് കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് പോയത് ഉചിതമായ തീരുമാനമെന്ന് ബിജെപി എം.പിയും നടനുമായ സുരേഷ് ഗോപി. അതിജീവനത്തിനായാണ് കിറ്റക്‌സ് തെലങ്കാനയിലേക്ക് പോകുന്നത്. അതിനെകുറ്റം പറയാനാകില്ല.

ഈ പ്രശ്‌നം നടക്കുമ്പോള്‍ താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഒറ്റ ഫോണ്‍ കോളില്‍ പ്രശ്‌നം പരിഹരിച്ചേനെ. കേവലം രാഷ്ട്രീയ കളികളാണ് കിറ്റക്‌സ് പ്രശ്‌നം വഷളാക്കിയതെന്നും സുരേഷ് ഗോപി ആരോപിച്ചു. പിണറായിയുടെ മൈന്‍ഡ് സെറ്റൊക്കെ വ്യത്യാസമായിരിക്കും. ചെറിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പോലും അവ പരിഹരിക്കാമായിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ചാനല്‍ അയാമിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം

കിറ്റക്‌സ് തെലങ്കാനയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദം നടന്നിരുന്നു. കേരളം വ്യവസായ സൗഹൃദമല്ലെന്നും മൃഗത്തെ പോലെ തന്നെ ആട്ടിയോടിച്ചതാണ് എന്നുമായിരുന്നു സാബു എം ജേക്കബ് ആരോപിച്ചത്.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരാതി കൊടുത്തപ്പോള്‍ തന്നെ റെയ്ഡ് നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. പരാതിക്ക് തെളിവുണ്ടോ എന്ന് നോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് ഗൂഢാലോചനയാണ് കിറ്റെക്‌സിനെതിരെ നടന്നത്.കമ്പനി പൂട്ടിക്കാന്‍ ആരൊക്കെ ശ്രമിച്ചുവെന്നതിനും ആസൂത്രിത ഗൂഢാലോചനക്കും തെളിവുണ്ട്. കഴുത്തിന് പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചാല്‍ സഹിക്കാന്‍ ഞാന്‍ തയ്യാറല്ല, അടച്ചുപൂട്ടണമെങ്കില്‍ പൂട്ടും. മറ്റ് സംസ്ഥാനങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് കേരളം അറിയുന്നില്ലെന്നും സാബു പരിഹസിച്ചിരുന്നു. അതേസമയം കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റക്സ് എംഡിയുടെ ശ്രമമെന്നും നാടിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങളെ തള്ളിക്കളയുമെന്നും കിറ്റക്സ് വിവാദത്തില്‍ വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചിരുന്നു.

ഏത് സര്‍ഗാത്മക വിമര്‍ശനങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ നാടിനെ തകര്‍ക്കാനുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളയുമെന്നും പി രാജീവ് പ്രതികരിച്ചിരുന്നു.

No stories found.
The Cue
www.thecue.in