ബക്രീദിന് ലോക് ഡൗണ്‍ ഇളവ്; കേരളം ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി

ബക്രീദിന് ലോക് ഡൗണ്‍ ഇളവ്; കേരളം ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി

ബക്രീദിന് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെ സംബന്ധിച്ച് ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി കേരളത്തോട് നിര്‍ദേശിച്ചു. ചൊവ്വാഴ്ച ആദ്യം തന്നെ കേരളത്തിലെ ലോക് ഡൗണ്‍ ഇളവുകള്‍ക്ക് എതിരായ അപേക്ഷ പരിഗണിക്കുമെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ബക്രീദിന് മൂന്ന് ദിവസത്തെ ലോക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മലയാളി പികെഡി നമ്പ്യാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ ബക്രീദ് പ്രമാണിച്ച് വലിയ തോതില്‍ ഇളവുകള്‍ അനുവദിച്ചിട്ടില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം 2 ശതമാനം ടി പിആര്‍ ഉള്ള ഉത്തര്‍പ്രദേശില്‍ കാവടി യാത്ര സുപ്രീം കോടതി തടഞ്ഞതായി നമ്പ്യാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിംഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

വാദം കേട്ട കോടതി ജീവിക്കാന്‍ ഉള്ള അവകാശം സംബന്ധിച്ച തങ്ങളുടെ മുന്‍ ഉത്തരവ് എല്ലാവരും ഓര്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളത്തില്‍ ടിപിആര്‍ 10 ശതമാനത്തില്‍ അധികം ആണെന്നും ഇതു കണക്കിലെടുക്കാതെ രാജ്യത്ത് എറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകുള്ള കേരളം മൂന്ന് ദിവസം ഇളവുകള്‍ അനുവദിച്ചിരിക്കുകയാണെന്നും ഹരജിക്കാരന്‍ കോടതിയില്‍ പറഞ്ഞു.

അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ലോക് ഡൗണ്‍ ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

No stories found.
The Cue
www.thecue.in