കേന്ദ്രത്തിന്റെ വാദങ്ങള്‍ തള്ളി; കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നിര്‍ബന്ധമായും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

കേന്ദ്രത്തിന്റെ വാദങ്ങള്‍ തള്ളി; കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നിര്‍ബന്ധമായും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. പ്രകൃതി ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ നിയമത്തിലെ 12 ാം വകുപ്പ് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കൊവിഡും ദേശീയ ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ മാനദണ്ഡം അനുസരിച്ച് സഹായം നല്‍കണമെന്ന് കോടതി വിധിച്ചത്.

എത്ര തുക വീതം നല്‍കണം എന്നതുമായി ബന്ധപ്പെട്ട് മാനദണ്ഡം തയ്യാറാക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ആറാഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ എത്ര തുക നല്‍കണം എന്നതിന്റെ മാര്‍ഗരേഖ തയ്യാറാക്കാനും കോടതി ആവശ്യപ്പെട്ടു.

നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കണം എന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇതിനെ കേന്ദ്രം എതിര്‍ത്തിരുന്നു.

നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നാല് ലക്ഷം രൂപ വീതം നഷ്പരിഹാരം നല്‍കുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കുമെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നഷ്ടപരിഹാരം നിര്‍ബന്ധമായും നല്‍കണമെന്ന് കോടതി വ്യക്തമാക്കിയത്.

Related Stories

No stories found.
The Cue
www.thecue.in