അയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല, കുറ്റം ചുമത്താവുന്ന പ്രസ്താവനയല്ലെന്ന് അഡ്വ.കാളീശ്വരം രാജ്

അയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല, കുറ്റം ചുമത്താവുന്ന പ്രസ്താവനയല്ലെന്ന് അഡ്വ.കാളീശ്വരം രാജ്

ചലച്ചിത്രപ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.കാളീശ്വരം രാജ്. 1962ലെ കേദാര്‍നാഥ്സിങ് കേസില്‍ ഭരണഘടനാബെഞ്ചിന്റെ വിധിയും സമീപകാലത്ത് വിനോദ് ദുവാ കേസില്‍ സുപ്രീംകോടതിവിധിയും അനുസരിച്ച് ആയിഷയ്ക്ക് എതിരായ നടപടി നിലനില്‍ക്കില്ലെന്നും കാളീശ്വരം രാജ്.

മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിനെ ജൈവായുധം(ബയോ വെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതിനാണ് അയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിയിലാണ് കവരത്തി പൊലീസിന്റെ കേസ്.

കലാപമോ ആക്രമണമോ ലക്ഷ്യമിട്ടുള്ള ആഹ്വാനം മാത്രമേ രാജ്യദ്രോഹക്കുറ്റമായി മാറുന്നുള്ളൂവെന്നാണ് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ആയിഷ സുല്‍ത്താനയുടെ പ്രസ്താവനയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ലെന്നും അഡ്വക്കേറ്റ് കാളീശ്വരം രാജ്.

അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹക്കുറ്റം ദുരുപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് ആയിഷയ്ക്കെതിരെ കുറ്റം ചുമത്തിയത്. 1962ല്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. എന്നാല്‍, മാറിയ സാഹചര്യത്തില്‍ 124എ വകുപ്പ് നിലനിര്‍ത്തണോയെന്ന് ഗൗവമായ പരിശോധന വേണം. ബ്രിട്ടന്‍ രാജ്യദ്രോഹക്കുറ്റം റദ്ദാക്കി. അമേരിക്ക, ക്യാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ അതിന്റെ ഉപയോഗം പരിമിതപ്പെടുത്തി. മാറിയ കാലത്തിന് അനുസൃതമായി ഇന്ത്യയിലും രാജ്യദ്രോഹക്കുറ്റം റദ്ദാക്കണം. കോടതിക്ക് അകത്തും പുറത്തും അതിന് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണം. എല്ലാ നിയമപോരാട്ടവും രാഷ്ട്രീയമായ പോരാട്ടം കൂടിയാണ്. എന്തിനെയും ഏതിനെയും രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ അതുമാത്രമാണ് പോംവഴി.

പരാമര്‍ശിച്ചത് രാജ്യത്തെയോ സര്‍ക്കാരിനെയോ അല്ലെന്ന് അയിഷ സുല്‍ത്താന

"എൻ്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നിൽക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ)

ഇത് ഇവിടെ പറയാനുള്ള കാരണം എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ "ബയോവെപ്പൻ" എന്നൊരു വാക്ക് പ്രയോഗിച്ചതിൽ ആണ്... സത്യത്തിൽ ആ ചർച്ച കാണുന്ന എല്ലാവർക്കും അറിയാം ഞാൻ ആ വാക്ക് പ്രയോഗിച്ചത് പ്രഫൂൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണു... പ്രഫൂൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ എനിക്ക് തോന്നി... അതിന് കാരണം ഒരു വർഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപിൽ ഈ പ്രഫൂൽ പട്ടേലും, ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്... ഹോസ്പിറ്റൽ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങളുടെ മെഡിക്കൽ ഡയറക്ടർ പ്രഫൂൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടർറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂൽ പട്ടേലിനെ ഞാൻ ബയോവെപ്പൻ ആയി കമ്പൈർ ചെയ്തു.. അല്ലാതെ രാജ്യത്തെയോ ഗവർമെൻ്റ്നെയോ അല്ലാ...

ചാനലിലെ ടെക്നിക്കൽ ഇഷ്യൂ കാരണം പരസ്പരം പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതിൽ ഞാൻ അവസാനം വരെയും പ്രഫൂൽ പട്ടേലിനെ തന്നെയാണു പറഞ്ഞൊണ്ടിരുന്നത്... അല്ലാതെ എൻ്റെ രാജ്യത്തെ അല്ല... കോവിഡ് കേരളത്തിൽ എത്തിയ അന്ന് മുതൽ ഞാൻ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവർമെൻ്റിൻ്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട് അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങൾ നോക്കിയിരുന്ന സർക്കിൾ ഇൻസ്പെക്ടർ എന്നെ പറ്റി പറഞ്ഞൊരു വീഡിയോ ഞാൻ ഇതിൻ്റെ കൂടെ പോസ്റ്റു ചെയ്യുന്നു...

അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകൂവേഷൻ നടക്കുമ്പോൾ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാ സ്ഥലത്ത് എത്തിച്ചത് ഗവർമെൻ്റിനോടുള്ള എൻ്റെ ഉത്തരവാദിത്തമായി കണ്ടത് കൊണ്ടാണ് ഒപ്പം ആ നാട്ടിൽ കൊറോണ വരാതിരിക്കാൻ വേണ്ടിയും കൂടിയാണ്...

അന്ന് അത്രയും റിസ്ക് എടുത്ത ഞാൻ പിന്നിട് അറിയുന്നത് പ്രഫൂൽ പട്ടേൽ കാരണം കൊറോണ നാട്ടിൽ പടർന്നു പിടിച്ചു എന്നതാണ്...

സത്യത്തിൽ നിങ്ങൾ ഒന്ന് മനസ്സിലാക്ക്... ഞാൻ പിന്നേ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക...

The Cue
www.thecue.in