
രമ്യാ ഹരിദാസ് എം പി. യെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തില്‍ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം ധിക്കാരപരമായ നടപടികള്‍ യു ഡി എഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും സതീശന്‍
രമേശ് ചെന്നിത്തലയുടെ പ്രതികരണം
വധഭീഷണി മുഴക്കിയ അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പിക്ക് റോഡിൽ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരമാണ്.
സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയത്. മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണ്. ആലത്തൂരിൽ രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സി.പി.എം അക്രമികളെ അറസ്റ്റ് ചെയ്യണം. കേസിൽ പോലീസ് നടപടി സ്വീകരിക്കണം.
കാലു വെട്ടുമെന്ന് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടിന്റെ ഭീഷണിയെന്ന് രമ്യ ഹരിദാസ്, രണ്ട് പേര്‍ക്കെതിരെ കേസ്
ആലത്തൂരില്‍ കയറിയാല്‍ കാല് വെട്ടുമെന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായി രമ്യ ഹരിദാസ് എം.പി. രമ്യാ ഹരിദാസിന്റെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉച്ചകഴിഞ്ഞ് ആലത്തൂരിലെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകര്‍മസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാന്‍ ചെന്ന തന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാല്‍ അറയ്ക്കുന്ന തെറിയാണെന്നും സാമൂഹ്യ സന്നദ്ധ സേവനത്തിന് നല്‍കിയ പേരാണത്രേ പട്ടി ഷോയെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കാലു വെട്ടൽ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിൻമുറക്കാരിയാണ് ഞാൻ. ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകർമസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാൻ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ സേവനത്തിന് നൽകിയ പേരാണത്രേ പട്ടി ഷോ..സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിൻറെ ജന്മദിനത്തിൽ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരൻ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാർ മാറിക്കഴിഞ്ഞോ?