ലക്ഷദ്വീപ്: അബ്ദുള്ളക്കുട്ടിയും ബിജെപി നേതാക്കളും ഡല്‍ഹിയിലേക്ക്

ലക്ഷദ്വീപ്: അബ്ദുള്ളക്കുട്ടിയും  ബിജെപി നേതാക്കളും ഡല്‍ഹിയിലേക്ക്

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ബിജെപി നേതാക്കള്‍ ഡല്‍ഹിയിലേക്ക്. ദ്വീപ് ജനതയെ ബാധിക്കുന്ന കരട് നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദ്വീപിന്റെ ചുമതലയുള്ള ബിജെപി നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകുന്നത്.

ബിജെപി വൈസ് പ്രസിഡന്റും ലക്ഷദ്വീപിന്റെ ചുമതലയുള്ള എപി അബ്ദുള്ളക്കുട്ടി, ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, ബിജെപി ലക്ഷദ്വീപ് വൈസ് പ്രസിഡന്റ് മുത്തുക്കോയ എന്നിവര്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും.

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ ദ്വീപിലെ ബിജെപിക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ തീര്‍ത്തിരുന്നു. കരട് നിയമങ്ങള്‍ മാറ്റണമെന്ന ആവശ്യത്തിന് പുറമെ അഡ്മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി ചര്‍ച്ചയില്‍ ഇടംപിടിക്കുമെന്നാണ് സൂചന.

ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.

ഞായറാഴ്ച മുതല്‍ ദ്വീപില്‍ സന്ദര്‍ശക വിലക്ക് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. സന്ദര്‍ശകപാസില്‍ ദ്വീപില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷന്‍ ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍ നിലവില്‍ ലക്ഷദ്വീപിലുള്ള സന്ദര്‍ശകര്‍ നാട്ടിലേക്ക് മടങ്ങി തുടങ്ങും.

അതിനിടെ ലക്ഷദ്വീപില്‍ ഇന്റന്‍നെറ്റ് കണക്ഷന്‍ ശരിയായ രീതിയില്‍ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്റര്‍നെറ്റ് വേഗത കുറയുന്നുവെന്നാണ് ദ്വീപ് നിവാസികള്‍ പരാതി ഉന്നയിക്കുന്നത്.

The Cue
www.thecue.in