വാക്‌സിനേഷനിടയില്‍ കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി ബിജെപിക്കാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

വാക്‌സിനേഷനിടയില്‍ കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി ബിജെപിക്കാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി ബിജെപിക്കാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി പ്രവര്‍ത്തകനായ കിരണിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൃത്തല്ലൂര്‍ ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കുന്നതിനിടെയാണ് സംഭവം.

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ നടപടികള്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം. കാറില്‍ കൊണ്ടുപോയ പണം ബിജെപിയുടേതാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

പണത്തിന്റെ ഉറവിടത്തില്‍ ബിജെപി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ടായിരുന്നു കൊടകരയില്‍ നഷ്ടപ്പെട്ടതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെ ചോദ്യം ചെയ്തിരുന്നു. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുകയും ചെയ്തിരുന്നു.

അന്വേഷണ സംഘം ഇതുവരെ 1.25 കോടി രൂപയോളമാണ് കണ്ടെത്തിയത്. ബാക്കിതുക എവിടെയാണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

തെരഞ്ഞെടുപ്പിന് വേണ്ടി ബിജെപി കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്നതാണ് പണമെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിച്ചിരുന്നു.

The Cue
www.thecue.in