മീ റ്റൂ വിവാദവും പ്രതിഷേധവും, ഒഎൻവി അവാർഡ് സ്വീകരിക്കില്ലെന്ന് വൈരമുത്തു

മീ റ്റൂ വിവാദവും പ്രതിഷേധവും, ഒഎൻവി അവാർഡ് സ്വീകരിക്കില്ലെന്ന് വൈരമുത്തു

ചെന്നൈ: ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് മീ റ്റൂ ആരോപണത്തിന് വിധേയനായ ഗാനരചയിതാവ് വൈരമുത്തു.

ഒഎന്‍വി അവാര്‍ഡ് മീ റ്റൂ ആരോപണ വിധേയനായ വൈരമുത്തുവിന് നല്‍കിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അവാര്‍ഡ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുവാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവാര്‍ഡ് തിരിച്ചു നല്‍കുന്നുവെന്ന് വൈരമുത്തു അറിയിച്ചത്.

'' വിവാദങ്ങള്‍ക്കിടയില്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്നില്ല. പുരസ്‌കാര തുകയായ 3 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കും. കേരളത്തിലെ ജനങ്ങളോടുള്ള സ്‌നേഹത്തിന്റെ സൂചനയായി ഞാന്‍ രണ്ട് ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും,'' വൈരമുത്തു പറഞ്ഞു.

ഗായിക ചിന്‍മയി ശ്രീപദ, മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ അവാര്‍ഡ് നിര്‍ണയത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു.ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരമെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കും ഇടവെച്ചിരുന്നു.

ആലങ്കോട് ലീലകൃഷ്ണന്‍, പ്രഭാവര്‍മ്മ, ഡോ.അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.പുരസ്‌കാരം പിന്‍വലിക്കണമെന്ന് അക്കാദമി പാട്രണ്‍ ആയ മുഖ്യമന്ത്രി പിണറായി വിജയനോടും ചെയര്‍മാര്‍ അടൂരിനോടും ട്വിറ്ററില്‍ നിരവധി പേര്‍ ആവശ്യപെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒഎന്‍വി അക്കാദമിയുടെ ഭാഗമായവര്‍ക്ക് ജൂറിയുടെ തീരുമാനം അംഗീകരിക്കാനാകുന്നതാണോ എന്ന് ധന്യ രാജേന്ദ്രന്‍ ട്വീറ്റ് ചെയ്തിരുന്നു.

The Cue
www.thecue.in