കേരളത്തിന്റെ സാമൂഹ്യ ശരീരം മത വര്‍ഗീയ ശക്തികള്‍ വികൃതമാക്കുന്നു; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഗീവര്‍ഗീസ് കൂറിലോസ്

കേരളത്തിന്റെ സാമൂഹ്യ ശരീരം മത വര്‍ഗീയ ശക്തികള്‍ വികൃതമാക്കുന്നു; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ 
ഗീവര്‍ഗീസ് കൂറിലോസ്

കൊച്ചി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതികരണവുമായി ഗീവര്‍ഗീസ് കൂറിലോസ്. കേരളത്തിന്റെ മതനിരപേക്ഷ സാമൂഹ്യ ശരീരം എത്ര വേഗമാണ് മത വര്‍ഗീയ ശക്തികള്‍ വികൃതമാക്കി കൊണ്ടിരിക്കുന്നതെന്ന് ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു.

പരിവര്‍ത്തിത ക്രൈസ്തവരെ ( ദളിത് ക്രൈസ്തവര്‍, ആദിവാസികള്‍, ലത്തീന്‍ ക്രൈസ്തവര്‍, നാടാര്‍ സമൂഹം ) ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ മുഖ്യധാരാ ക്രൈസ്തവ സമൂഹം പിന്നോക്കാവസ്ഥയില്‍ അല്ല എന്ന് ആര്‍ക്കും അറിയാവുന്ന സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഭവങ്ങളിലോ അധികാര ഇടങ്ങളിലോ ഒന്നും ദളിതരെ അടുപ്പിക്കാതെ അവരുടെ അവകാശങ്ങളുടെ കാര്യം വരുമ്പോള്‍ മിക്കവാറും അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്ന മുഖ്യധാരാ സവര്‍ണ്ണ ക്രൈസ്തവസഭകള്‍ ( ഞാന്‍ ഭാഗമായിരിക്കുന്ന സഭ ഉള്‍പ്പെടെ) ഇപ്പോള്‍ ന്യൂനപക്ഷ ( ക്രൈസ്തവ) അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ യേശുക്രിസ്തു ചിരിക്കുന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള സവര്‍ണ്ണ ശ്രമങ്ങളുടെ ചതി കുഴിയില്‍ വീഴാന്‍ വെമ്പുന്ന നേതാക്കളോട് ഒന്നേ പറയാനുള്ളൂ, പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ആരെങ്കിലും വന്നാല്‍ അവരുടെ കരങ്ങള്‍ ഇന്ന് നിങ്ങള്‍ ഉള്ളില്‍ വെറുപ്പ് സൂക്ഷിക്കുന്ന ആളുകളുടെ ആയിരിക്കും എന്ന് മാത്രം ഓര്‍ക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഗീവര്‍ഗീസ് കൂറിലോസിന്റെ പ്രതികരണം.

The Cue
www.thecue.in