മോദി ട്വിറ്ററില്‍ ഫോളോ ചെയ്ത് ആര്‍.എസ്.എസ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു; രോഷാകുലയായി മോദിയുടെ പോസ്റ്റര്‍ വലിച്ചു കീറി സഹോദരി

മോദി ട്വിറ്ററില്‍ ഫോളോ ചെയ്ത് ആര്‍.എസ്.എസ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു; രോഷാകുലയായി മോദിയുടെ പോസ്റ്റര്‍ വലിച്ചു കീറി സഹോദരി

ആഗ്ര: പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആര്‍എസ്എസ് നേതാവ് അമിത് ജയ്‌സ്വാള്‍ കൊവിഡ് ബാധിച്ച് മരിച്ചു.

കൊവിഡ് മൂര്‍ച്ഛിച്ച അമിതിന് ഹോസ്പിറ്റലില്‍ ചികിത്സ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ബെഡുകള്‍ ഒഴിവില്ലെന്ന വിവരം അമിതിന്റെ അക്കൗണ്ടില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ടാഗ് ചെയ്ത് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇരുവരും ഇടപെടും എന്ന് കരുതിയാണ് പോസ്റ്റിട്ടതെങ്കിലും കുടുംബത്തിന് സഹായം ലഭിച്ചില്ല. നയാതി ഹോസ്പിറ്റലിലാണ് അമിതിനെ പ്രവേശിപ്പിച്ചിരുന്നത്. കോവിഡ് പോസിറ്റീവായി പത്ത് ദിവസത്തിന് ശേഷമാണ് അമിത് മരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മയും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ച് മരിച്ചു.

പ്രധാനമന്ത്രിയുടെ കടുത്ത ആരാധകനായ അമിതിന്റെ വാട്്‌സ് ആപ്പ് ഡിപിയും മോദിയുടേതാണ്. മോദിയേക്കുറിച്ചോ ആദിത്യനാഥിനെക്കുറിച്ചോ ആരെങ്കിലും എന്തെങ്കിലും മോശമായി പറഞ്ഞാല്‍ പോലും അമിത് അവരെ അടിക്കുമായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹോദരി പറഞ്ഞു.

അമിത് മരിച്ചതിന് തൊട്ടുപിന്നാലെ സഹോദരി അമിത് തന്റെ കാറിന് പുറകില്‍ ഒട്ടിച്ചിരുന്ന മോദിയുടെ പോസ്റ്റര്‍ വലിച്ചു കീറി കളഞ്ഞു. അമിത് തന്റെ ജീവിതം മുഴുവന്‍ മോദിക്ക് വേണ്ടിയാണ് സംസാരിച്ചത്. അയാള്‍ എന്താണ് അമിതിന് വേണ്ടി ചെയ്തത്. സഹോദരി ചോദിച്ചു. ഒരാഴ്ചകൊണ്ട് തന്റെ ജീവിതം മാറിമറഞ്ഞുവെന്നും സഹോദരനേയും അമ്മയേയും ഒരുമിച്ച് നഷ്ടമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in